വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 4

ദൈവകരുണ എന്ന ദിവ്യരഹസ്യത്തെ കൂടുതല്‍ ആഴത്തില്‍ അനുഭവിച്ചപ്പോള്‍, ദൈവമായ കര്‍ത്താവിലുള്ള പരിപൂര്‍ണ്ണ ശരണത്തിന്റഎ മനോഭാവവും, ഈ മനോഭാവത്തെ സ്വന്തം ഹൃദയത്തിലും പ്രവൃത്തിയിലും പ്രതിഫലിപ്പിക്കുവാനും വളരെ പ്രത്യേകമായി സഹോദരങ്ങളോട് കരുണയോടെ വര്‍ത്തിക്കുവാനുമുള്ള അഭിലാഷവും സിസ്റ്റര്‍ ഫൗസ്റ്റീനായില്‍ ഉണര്‍ച്ച നേടുകയും വര്‍ദ്ധിച്ചുവരികയും ചെയ്തു. അവളുടെ ആന്തരിക ജിവിതത്തെ നേരിട്ടു സ്വാധീനിക്കുകയും നയിക്കുകയും ചെയ്തിരുന്ന ഈശോമിശിഹാതന്നെ, ഈ മനോഭാവം, ദൈവത്തോടും മനുഷ്യരോടും സിസ്റ്റര്‍ ഫൗസ്റ്റീനാതന്നെ സ്വയം ആദ്യം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിടുന്ന് അവളോടു പറഞ്ഞു. ‘ എന്റെ മകളേ, എന്റെ കരുണയില്‍ ആശ്രയം അര്‍പ്പിക്കുന്നവരില്‍, നീ തന്നെ ആദ്യം സമുന്നതയാകണം. എന്നോടുള്ള സ്‌നേഹത്താല്‍ പ്രേരിതയായി, കാരുണ്യപ്രവൃത്തികള്‍ നീ ചെയ്യണം. എപ്പോഴും എവിടെയും നിന്റെ സഹോദരങ്ങളോട് നീ കരുണയോടെ വര്‍ത്തിക്കണം. നീ ഇതില്‍നിന്നു പിന്മാറുകയോ വിമുക്തയാകാന്‍ ആഗ്രഹിക്കുകയോ നിന്നെത്തന്നെ നീതീകരിക്കുകയോ ചെയ്യരുത്.’ (ഡയറി 742)
സിസ്റ്റര്‍ ഫൗസ്റ്റീനായുടെ ഈ ആശ്രയഭാവം അതിഭക്തിയിലോ സത്യവിശ്വാസങ്ങളുടെ ബൗദ്ധികമായ അറിവിലോ അല്ല പ്രതിഫലിക്കുന്നത്, മറിച്ച് ഒരു മനുഷ്യവ്യക്തിയുടെ ജീവിതകാലം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന, ദൈവമായ കര്‍ത്താവിനോടുള്ള മനോഭാവമാണിത. നിയമാനുഷ്ഠാനത്തിലൂടെയും, തന്റെ ജീവിതാവസ്ഥയ്ക്കടുത്ത ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിലൂടെയും, പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോടു വിശ്വസ്തത പുലര്‍ത്തുന്നതിലൂടെയുമാണ് അവളില്‍ ഈ മനോഭാവം വെളിപ്പെട്ടിരുന്നത്. ദൈവകരുണയെന്ന ദിവ്യരഹസ്വത്തിലേക്കു കടന്നുവരുന്ന വ്യക്തി, ദൈവഹിതം, നിത്യതയെ ലക്ഷ്യംവച്ചുകൊണ്ട്, മനുഷ്യന്റെ ആത്യന്തികമായ നന്മ മാത്രമാണു കാംക്ഷിക്കുന്നതെന്നു മനസ്സിലാക്കുന്നു. അതിനാല്‍ ദൈവത്തില്‍ നിന്നുള്ള ഒരു ദാനമായിക്കണ്ട് പരിപൂര്‍ണ്ണമായ ശരണത്തോടെ ദൈവഹിതത്തെ സ്വീകരിക്കുന്നു. സിസ്റ്റര്‍ ഫൗസ്റ്റീനാ തന്റെ ഡയറിയില്‍ എഴുതി, ‘ ഒരു വാക്കു മാത്രമേ ഞാന്‍ കാര്യമാക്കുന്നുള്ളു. ഇതുമാത്രമാണ് എനിക്കു സര്‍വ്വസ്വവും, ഞാന്‍ ഇതിനായി മാത്രമാണ് ജീവിക്കുന്നത്, ഇതിനായി മാത്രമാണ് മരിക്കുന്നത്. – ഇതു ദൈവത്തിന്റെ തിരുമനസ്സാണ്. ഇതാണ് എന്റെ അനുദിനഭോജ്യം. ദൈവേഷ്ടം അറിയുവാനായി എന്റെ അന്തരാത്മാവ് സാകൂതം കാത്തിരിക്കുകയാണ്. എന്റെ മനുഷ്യപ്രകൃതി ഭയപ്പെട്ടാലും, ദൈവതിരുമനസ്സ് എന്റെ ശക്തിക്കതീതമായി എനിക്കനുഭവപ്പെട്ടാലും, ദൈവം എന്നില്‍നിന്ന് ആവശ്യപ്പെടുന്നതു ഞാന്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നു.’ (ഡയറി 652)
(തുടരും)