ഈശോ ഫൗസ്റ്റീനയുടെ ഹൃദയം എടുക്കുന്നു

42
ഒരിക്കല്‍ ക്രിസ്മസ് ദിനത്തില്‍ (1928) ദൈവത്തിന്റെ ശക്തിയും സാന്നിദ്ധ്യവും എന്നെ വലയംചെയ്യുന്നതായി തോന്നി. കര്‍ത്താവുമായുള്ള കണ്ടുമുട്ടലില്‍നിന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ ഓടിയകലാന്‍ ശ്രമിച്ചു. യോസേഫിനേക്കിലെ സിസ്റ്റേഴ്‌സിനെ സന്ദര്‍ശിക്കാന്‍ ഞാന്‍ മദര്‍ സുപ്പീരിയറിനോട് അനുവാദം ചോദിച്ചു. മദര്‍ ഞങ്ങള്‍ക്ക് അനുവാദവും തന്നു. ഊണുകഴിഞ്ഞ ഉടനെ ഞങ്ങള്‍ യാത്രയ്‌ക്കൊരുങ്ങി. മഠത്തിന്റെ വാതില്‍ക്കല്‍ മറ്റു സിസ്‌റ്റേഴ്‌സ് എന്നെ കാത്തുനില്‍ക്കുകയായിരുന്നു. പുറംകുപ്പായം എടുക്കാന്‍ ഞാന്‍ മുറിയിലേക്കോടി. മടങ്ങിവരുമ്പോള്‍, ആ ചെറിയ ചാപ്പലിന്റെ പടിവാതില്‍ക്കല്‍ ഈശോ നില്‍ക്കുന്നതു കണ്ടു. അവിടുന്ന് എന്നോടു പറഞ്ഞു: പൊയ്‌ക്കൊള്ളുക, പക്ഷേ ഞാന്‍ നിന്റെ ഹൃദയം എടുത്തിരിക്കുന്നു. പെട്ടെന്ന് എന്റെ ഹൃദയം നഷ്ടപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി. എന്നാല്‍, ഇപ്പോള്‍ത്തന്നെ സമയം വൈകിയെന്നു പറഞ്ഞുകൊണ്ട്, ആ സിസ്റ്റേഴ്‌സ് ഞാന്‍ വൈകുന്നതില്‍ എന്നെ വഴക്കു പറഞ്ഞുകൊണ്ടിരുന്നതിനാല്‍, ഞാന്‍ വേഗം അവരുടെകൂടെ പോയി. എന്നാല്‍, എന്തോ ഒരു വലിയ അസ്വസ്ഥത എന്നെ അലട്ടിക്കൊണ്ടിരുന്നു, ഒരു പ്രത്യേകമായ ദാഹം എന്റെ ആത്മാവിനെ ഗ്രസിച്ചു. എന്നാല്‍, ദൈവമല്ലാതെ മറ്റാരും ഇതേപ്പറ്റി അറിഞ്ഞില്ല.

യോസേഫിനേക്കല്‍ എത്തി കുറച്ചുകഴിഞ്ഞപ്പോള്‍ ‘നമുക്കു മടങ്ങിപ്പോകാം’ എന്ന് ഞാന്‍ സിസ്‌റ്റേഴ്‌സിനോടു പറഞ്ഞു. സിസ്റ്റേഴ്‌സ് അല്പം വിശ്രമിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, എന്റെ ആത്മാവിന് ഒട്ടും സ്വസ്ഥത ലഭിച്ചില്ല. ഇരുട്ടാകുന്നതിനു മുമ്പ് നാം മടങ്ങണം എന്നു ഞാന്‍ പറഞ്ഞു. വളരെ ദൂരം പോകേണ്ടിയിരുന്നതുകൊണ്ട് ഞങ്ങള്‍ ഉടനെതന്നെ മഠത്തിലേക്ക് മടങ്ങി. നടപ്പുരയില്‍വച്ച് മദര്‍ സുപ്പീരിയര്‍ ഞങ്ങളെ കണ്ടപ്പോള്‍ എന്നോടു ചോദിച്ചു: ‘ഇതുവരെ സിസ്‌റ്റേഴ്‌സ് പോയില്ലേ? അതോ ഇത്രവേഗം മടങ്ങിവന്നോ?’ ‘വൈകി വരേണ്ടെന്നു കരുതി ഞങ്ങള്‍ നേരത്തെ മടങ്ങിപ്പോന്നു’ എന്ന് ഞാന്‍ മറുപടി നല്‍കി. പുറംകുപ്പായം മാറ്റിയിട്ട് ഉടനെതന്നെ ഞാന്‍ ചാപ്പലിലേക്കു പോയി.

ചാപ്പലില്‍ കയറിയ ഉടനെ തന്നെ ഈശോ എന്നോടു പറഞ്ഞു: വൈകി വരേണ്ട എന്നു കരുതിയല്ല, ഞാന്‍ നിന്റെ ഹൃദയം എടുത്തതുകൊണ്ടാണ് നീ മടങ്ങിവന്നത് എന്ന് മദര്‍ സുപ്പീരിയറിനോട് ഉടനെതന്നെ ചെന്നു പറയുക. എനിക്കു വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെങ്കിലും, സുപ്പീരിയറുടെ അടുക്കല്‍ പോയി (17) എന്തുകൊണ്ടാണ് ഞാന്‍ വേഗം മടങ്ങിവന്നതെന്ന സത്യം തുറന്നു പറഞ്ഞു. കര്‍ത്താവിന് അനിഷ്ടം തോന്നിച്ച എല്ലാക്കാര്യങ്ങള്‍ക്കും ഞാന്‍ അവിടുത്തോടു ക്ഷമ ചോദിച്ചു. അപ്പോള്‍ ഈശോ വലിയ സന്തോഷത്താല്‍ എന്നെ നിറച്ചു. കര്‍ത്താവിലല്ലാതെ ഒരിടുത്തും സംതൃപ്തി ലഭിക്കുകയില്ലെന്നു ഞാന്‍ മനസ്സിലാക്കി.

43
ഒരവസരത്തില്‍ രണ്ടു സിസ്റ്റേഴ്‌സ് നരകത്തിലേക്കു പ്രവേശിക്കാന്‍ പോകുന്നതായി ഞാന്‍ കണ്ടു. തീവ്രവേദനയാല്‍ എന്റെ ആത്മാവ് കഠിനമായി മുറിപ്പെട്ടു. അവര്‍ക്കുവേണ്ടി ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ഈശോ എന്നോടു പറഞ്ഞു: മാരകമായ പാപത്തില്‍ വീഴാന്‍ തക്ക അവസ്ഥയിലാണ് ഈ രണ്ടു സിസ്റ്റേഴ്‌സ് എന്നു മദര്‍ സുപ്പീരിയറിന്റെ അടുത്തുചെന്നു പറയുക. പിറ്റേദിവസം ഈ വിവരം ഞാന്‍ സുപ്പീരിയറിനോടു പറഞ്ഞു. അവരിലൊരാള്‍ വലിയ തീക്ഷ്ണതയോടെ അനുതപിച്ചു കഴിഞ്ഞിരുന്നു. മറ്റേയാള്‍ വലിയ ക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles