കാവല്‍മാലാഖയോടൊപ്പം ശുദ്ധീകരണ സ്ഥലത്തേക്ക് പോയ വി. ഫൗസ്റ്റീന

 

ദൈവവും ആത്മാക്കളും

20
ഈ സംഭവത്തിനുശേഷം ഞാന്‍ രോഗാതുരയായി (പൊതുവെയുള്ള ക്ഷീണം). സ്‌നേഹമുള്ള മദര്‍ സുപ്പീരിയര്‍ സ്‌കോലിമൂവിലേക്ക് മറ്റു രണ്ടു സിസ്‌റ്റേഴ്‌സിന്റെ കൂടെ എന്നെ വിശ്രമത്തിനായി അയച്ചു. ആ സ്ഥലം വാര്‍സോയില്‍ നിന്ന് അകലെയായിരുന്നില്ല. ആ സമയത്താണ് ഇനി ആര്‍ക്കെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ഈശോയോടു ചോദിച്ചത്. ആര്‍ക്കെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കണമെന്നുള്ളത് അടുത്ത രാത്രി എന്നെ അറിയിക്കാമെന്ന് ഈശോ പറഞ്ഞു.

(പിറ്റെദിവസം രാത്രി) എന്റെ കാവല്‍മാലാഖയെ ഞാന്‍ കണ്ടു. തന്നെ അനുഗമിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു നിമിഷനേരം കൊണ്ട് തീ നിറഞ്ഞതും പുകകൊണ്ട് മൂടിയതുമായ ഒരു സ്ഥലത്ത് ഞാന്‍ എത്തി. അവിടെ പീഡയനുഭവിക്കുന്ന അനേകം ആത്മാക്കളെ ഞാന്‍ കണ്ടു. അവര്‍ വളരെ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് അവര്‍ക്കു യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല. നമുക്കു മാത്രമേ അവരെ സഹായിക്കാന്‍ സാധിക്കുമായിരുന്നുള്ളു. അവരുടെ ചുറ്റിലും എരിഞ്ഞുകൊണ്ടിരുന്ന ജ്വാലകള്‍ എന്നെ ഒട്ടും തന്നെ സ്പര്‍ശിച്ചില്ല. ഒരു നിമിഷത്തേക്കുപോലും എന്റെ കാവല്‍മാലാഖ എന്നെ വിട്ടുപിരിഞ്ഞില്ല.

എന്താണ് അവരുടെ ഏറ്റവും വലിയ പീഡയെന്ന് ഞാന്‍ അവരോട് ചോദിച്ചു. ദൈവത്തിനായുള്ള ദാഹമാണ് അവരുടെ ഏറ്റവും വലിയ പീഡയെന്ന് അവര്‍ ഏകസ്വരത്തില്‍ എനിക്കു മറുപടി നല്‍കി. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ മാതാവ് സന്ദര്‍ശിക്കുന്നത് ഞാന്‍ കണ്ടു. ‘സമുദ്രതാരം’ എന്നാണ് മാതാവിനെ ആത്മാക്കള്‍ വിളിച്ചിരുന്നത്. അമ്മ അവര്‍ക്ക് സമാശ്വാസം നല്‍കുന്നു. അവരോട് കുറച്ചുസമയം കൂടി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍, എന്റെ കാവല്‍മാലാഖ അവിടെനിന്നു പോകാന്‍ സമയമായി എന്ന അടയാളം കാണിച്ചു. പീഡനത്തിന്റെ ആ പാറാവില്‍നിന്ന് ഞങ്ങള്‍ പുറത്തുകടന്നു. (ഞാന്‍ അന്തരാത്മാവില്‍ ഒരു സ്വരം കേട്ടു.) അത് ഇങ്ങനെ പറഞ്ഞു: എന്റെ കരുണ ഇതാഗ്രഹിക്കുന്നില്ല, എന്നാല്‍ എന്റെ നീതി ഇതാവശ്യപ്പെടുന്നു. ആ ദിവസം മുതല്‍ പീഡയനുഭവിക്കുന്ന ആത്മാക്കളുമായി ഞാന്‍ ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു.

21
പോസ്റ്റുലന്‍സിയുടെ അന്ത്യത്തില്‍ (1926, ഏപ്രില്‍ 29) – എന്റെ അധികാരികള്‍ (മദര്‍ ലിയോനാര്‍ഡും മദര്‍ ജയിനും ആയിരിക്കണം) ക്രാക്കോവിലെ നൊവിഷ്യറ്റിലേക്ക് എന്നെ അയച്ചു. എന്റെ ആത്മാവ് പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷംകൊണ്ട് നിറഞ്ഞു. നൊവിഷ്യറ്റില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ സിസ്റ്റര്‍ (ഹെന്‍ട്രി) മരിച്ചു. കുറച്ചു ദിവസത്തിനുശേഷം സിസ്റ്റര്‍ (മരണാനന്തരം, ആത്മാവില്‍) എന്റെ അടുക്കല്‍ വന്നു. നോവിസ് മിസ്ട്രസ്സിന്റെ (സിസ്റ്റര്‍ മാര്‍ഗരറ്റ്) അടുക്കല്‍ ചെന്ന്, തനിക്കുവേണ്ടി ഒരു ദിവ്യബലിയും മൂന്ന് സുകൃതജപങ്ങളും അര്‍പ്പിക്കാന്‍ തന്റെ കുമ്പസാരക്കാരന്‍ ഫാ. റോസ്‌പോണ്ടിനോട് ആവശ്യപ്പെടാന്‍ പറഞ്ഞു. ആദ്യം ഞാന്‍ സമ്മതിച്ചെങ്കിലും, പിറ്റെദിവസം നോവീസ് മിസ്ട്രസ്സിനെ സമീപിക്കേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. ഇതെല്ലാം എന്റെ സ്വപ്‌നത്തില്‍ സംഭവിച്ചതാണോ, അതോ സത്യമാണോ എന്ന് എനിക്കു തീര്‍ച്ചയില്ലായിരുന്നു. അതിനാല്‍ ഞാന്‍ പോയില്ല.

പിറ്റെരാത്രി ഇതു കൂടുതല്‍ വ്യക്തമായി ആവര്‍ത്തിക്കപ്പെട്ടു. പിന്നെ എനിക്ക് ഒരു സംശയവും തോന്നിയില്ല. എന്നുട്ടും, പിറ്റേന്നു രാവിലെ നോവീസ് മിസ്ട്രസ്സിനോട് ഇതേപ്പറ്റി പറയണ്ട എന്നുതന്നെ ഞാന്‍ തീരുമാനിച്ചു. പകല്‍ സമയം എപ്പോഴെങ്കിലും കാണുമ്പോള്‍ പറഞ്ഞാല്‍ മതി എന്നുറച്ചു. താമസിയാതെ ഇടനാഴിയില്‍ വച്ചു ഞാന്‍ അവരെ (സി. ഹെന്‍ട്രി) കണ്ടുമുട്ടി. ഉടനെതന്നെ ഞാന്‍ കാര്യങ്ങള്‍ പറയാതിരുന്നതില്‍ അവര്‍ എന്നെ കുറ്റപ്പെടുത്തി, എന്റെ ആത്മാവ് വളരെ അസ്വസ്ഥമായി. അതിനാല്‍ ഞാന്‍ നോവീസ് മിസ്ട്രസ്സിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് മദര്‍ പ്രതിവചിച്ചു. ഉടനെതന്നെ എന്റെ ആത്മാവ് സ്വസ്ഥമായി. മൂന്നാംദിവസം ആ സിസ്റ്റര്‍ എന്റെ അടുക്കല്‍ വന്ന് ‘ ദൈവം നിനക്കു പ്രതിഫലം തരട്ടെ’ എന്നു പറഞ്ഞു.

22
എന്റെ സഭാവസ്ത്ര സ്വീകരണ ദിവസം, ഞാന്‍ എത്രമാത്രം സഹിക്കേണ്ടിവരുമെന്നുള്ളത് ദൈവം എനിക്കു മനസ്സിലാക്കിത്തന്നു. എന്തിനുവേണ്ടിയാണു എന്നെ സമര്‍പ്പിക്കുന്നതെന്ന എനിക്കു വ്യക്തമായി. ആ പിഡകള്‍ ഞാന്‍ ഒരു നിമിഷം അനുഭവിച്ചു. എന്നാല്‍ ദൈവം എന്റെ ആത്മാവിനെ അതീവ സാന്ത്വനത്താല്‍ വീണ്ടും നിറച്ചു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles