വിശുദ്ധ മരിയ ഫൗസ്റ്റീനയുടെ ഡയറി – 1

വിശുദ്ധ മരിയ ഫൗസ്റ്റീനാ കൊവാല്‍സ്‌ക്ക

ദൈവകരുണയുടെ അപ്പസ്‌തോലയായി ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശുദ്ധ മരിയ ഫൗസ്റ്റീനാ കൊവാല്‍സ്‌ക്കയെ സഭയുടെ ശ്രദ്ധേയയായ മിസ്റ്റിക്കായി ദൈവശാസ്ത്രജ്ഞര്‍ പരിഗണിക്കുന്നു.

പോളണ്ടില്‍ ഗ്ലോഗോവിയെക്‌സ് എന്ന ഗ്രാമത്തില്‍ ഭക്തിയുള്ള നിര്‍ധന കര്‍ഷകകുടുംബത്തില്‍, പത്തുമക്കളില്‍ മൂന്നമത്തെ സന്താനമായി ഫൗസ്റ്റീന ഭൂജാതയായി. ഷ്ഫ്‌നിസാ വാര്‍സ്‌ക്യായിലെ ഇടവക ദൈവാലയത്തില്‍ വച്ച് ‘ഹെലന്‍’ എന്നപേരില്‍ മാമ്മോദീസാ സ്വീകരിച്ചു. ചെറുപ്പം മുതല്‍ ഭക്തിയിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും ഉത്സാഹത്തിലും അനുസരണയിലും അവള്‍ വളര്‍ന്നു. ദുരിതം അനുഭവിക്കുന്നവരോട് പ്രത്യേക ഹൃദയാര്‍ദ്രതയും അവള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മൂന്നു വര്‍ഷത്തെ സാധാരണ വിദ്യാഭ്യാസത്തിനു ശേഷം, കൊവാല്‍സ്‌ക്ക കുടുംബത്തിന്റെ ദാരിദ്ര്യം മൂലം, കുടുംബത്തെ സഹായിക്കുവാന്‍, പതിനാലാമത്തെ വയസ്സില്‍, ഹെലന്‍ അടുത്തുള്ള അലക്‌സാണ്ട്രോവ്, വൂജ് എന്നീ പട്ടണങ്ങളില്‍ വീട്ടുവേല ചെയ്തു.

അവള്‍ക്ക് ഏഴു വയസുമാത്രം പ്രായമുള്ളപ്പോള്‍ (ആദ്യകുര്‍ബാന സ്വീകരണത്തിന് രണ്ടു വര്‍ഷം മുമ്പ്) സന്യാസ ജീവിതത്തെ പുല്‍കുവാനുള്ള ആഗ്രഹം അവളില്‍ ജനിച്ചു. പിന്നീട്, ഈ ആഗ്രഹം അവള്‍ മാതാപിതാക്കളെ അറിയിച്ചപ്പോള്‍, മഠത്തില്‍ ചേരുന്ന കാര്യത്തെ അവര്‍ നിരുപാധികം എതിര്‍ത്തു. അതിനാല്‍, ഹെലന്‍ ഈ ദൈവികാഹ്വാനം തന്റെ ഉള്ളിലൊതുക്കി മുന്നോട്ടു നീങ്ങി. പീഡിതനായ മിശിഹായുടെ ദര്‍ശനത്താലും ‘എത്രനാള്‍ ഞാന്‍ നിന്നെ സഹിക്കും? എത്രനാള്‍ നീ എന്നെ മാറ്റിനിര്‍ത്തും?’ (ഡയറി 9) എന്ന ശകാരവാക്കുകളാലും നിര്‍ബന്ധിതയായി അവള്‍ മഠത്തില്‍ ചേരുവാന്‍ സ്ഥലം അന്വേഷിച്ചു തുടങ്ങി. പല മഠങ്ങളുടെ പടിവാതിലുകളില്‍ മുട്ടിയെങ്കിലും, ഒരിടത്തും അവളെ സ്വീകരിച്ചില്ല. അവസാനം 1925 ആഗസ്റ്റ് 1ാം തീയതി വാര്‍സോയിലെ ഷ്ജ്ഞ സ്ട്രീറ്റിലെ കരുണയുടെ മാതാവിന്റെ മിണ്ടാമഠത്തില്‍ എത്തി. ഈ സഭാപ്രവേശത്തെക്കുറിച്ച് അവളുടെ ഡയറിയില്‍ ഇപ്രകാരം രേഖപ്പെടുത്തി. ‘പറുദീസാ ജീവിതത്തിലേക്കു പ്രവേശിച്ചതുപോലെ എനിക്കു തോന്നി. കൃതജ്ഞതയുടെ പ്രാര്‍ത്ഥനമാത്രം എന്റെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരുന്നു.’ (ഡയറി, 17).

എന്നാല്‍, എതാനും ആഴ്ചകള്‍ക്കു ശേഷം കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കു സമയം ലഭിക്കുന്ന മറ്റൊരു സന്യാസസഭയിലേക്കു മാറണമെന്ന തീവ്രമായ ഒരു പ്രലോഭനം അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ പീഡനവും മുറിവുമേറ്റ തന്റെ തിരുമുഖം വെളിപ്പെടുത്തിക്കൊണ്ട്, കര്‍ത്താവീശോമിശിഹാ അവളോടു പറഞ്ഞു, ‘നീ ഈ മഠം വിടുകയാണെങ്കില്‍, നീ മൂലം ഞാനീ വേദന സഹിക്കേണ്ടി വരും. ഇവിടേക്കാണു ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നത്. മറ്റൊരിടത്തേക്കും അല്ല. നിനക്കു വേണ്ടി അനവധി കൃപകള്‍ ഞാന്‍ ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്.’ (ഡയറി, 19)

സി. മരിയ ഫൗസ്റ്റീനാ എന്ന പുതിയ പേരു സ്വീകരിച്ച് ഹെലന്‍ ആ സന്യാസ സമൂഹത്തില്‍ അംഗമായിത്തീര്‍ന്നു. ക്രാക്കോവില്‍ നൊവിഷ്യേറ്റ പൂര്‍ത്തിയാക്കി ബിഷപ്പ് സ്റ്റാന്‍സിലാവോസ് റോസപോണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ആദ്യ സന്യാസ വ്രതം അനുഷ്ഠിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷം കന്യാത്വം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങള്‍ സ്വീകരിച്ചുകൊണ്ട് നിത്യവ്രതാനുഷ്ഠാനം നടത്തി. ഈ സന്യാസസമൂഹത്തിന്റെ പല മഠങ്ങളിലും സിസ്റ്റര്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും, കൂടുതല്‍ കാലം ക്രാക്കോവ്, പോട്‌സ്‌ക്ക്, വില്‍നൂസ് എന്നീ സ്ഥലങ്ങളില്‍ കുശിനിക്കാരിയായും തോട്ടക്കാരിയായും വാതില്‍ സൂക്ഷിപ്പുകാരിയായുമാണ് നിയമനം ലഭിച്ചത്.

അവളുടെ അസാധാരണമായ മിസ്റ്റിക് ജീവിതത്തെപ്പറ്റി ആര്‍ക്കും മനസ്സിലാക്കുക സാധ്യമായിരുന്നില്ല. വളരെ ഉത്സാഹത്തോടെ അവള്‍ തന്റെ ചുമതലകള്‍ ചെയ്തുപോന്നിരുന്നു. സന്യാസജീവിതത്തിന്റെ എല്ലാ നിയമങ്ങളും വിശ്വസ്തതയോടെ പാലിച്ചിരുന്ന സിസ്റ്റര്‍ ഫൗസ്റ്റീനാ ധ്യാനാത്മകതയിലും നിശ്ശബ്ദതയിലും എപ്പോഴും സന്തോഷഭരിതയായി, കാരുണ്യത്തോടെ, നിസ്വാര്‍ത്ഥ സ്‌നേഹത്തോടെ സദാ വ്യാപിച്ചിരുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles