ഈശോ സി. ഫൗസ്റ്റീനയക്ക് തന്റെ കരുണാര്‍ദ്രമായ ഹൃദയം കാണിച്ചു കൊടുക്കുന്നു

രാവിലെ ഉണർന്നപ്പോൾ മുതൽ എന്റെ ആത്മാവ് ദൈവസ്നേഹക്കടലിൽ പൂർണ്ണമായും ആഴത്തപ്പെട്ട അവസ്ഥയിലായിരുന്നു. ദൈവത്തിൽ ഞാൻ പൂർണ്ണമായും ലയിച്ചുപോയ അനുഭൂതി. വി. കുർബ്ബാനയുടെ സമയത്ത് അവിടത്തോടുള്ള എന്റെ സ്നേഹം പരമകാഷ്ഠയിലെത്തി. വ്രതനവീകരണത്തിനും കുർബ്ബാനസ്വീകരണത്തിനും ശേഷം പെട്ടെന്ന് ഞാൻ ഈശോനാഥനെ കണ്ടു. അവിടുന്ന് വലിയ അലിവോടെ എന്നോടു പറഞ്ഞു, എന്റെ മകളേ, എന്റെ കരുണാർദ്രമായ ഹൃദയം കാണുക. ഞാൻ അവിടുത്തെ തിരുഹൃദയം വീക്ഷിച്ചപ്പോൾ, രക്തവും വെള്ളവുമായി ചിത്രത്തിൽ വരച്ചിരിക്കുന്നതുപോലെയുള്ള പ്രകാശരശ്മികൾ അതിൽനിന്നു പുറപ്പെട്ടു. കർത്താവിന്റെ കരുണ എത്ര വലുതാണെന്നു ഞാൻ മനസ്സിലാക്കി. കാരുണ്യത്തോടെ ഈശോ വീണ്ടും എന്നോടു പറഞ്ഞു: എന്റെ മകളേ, എന്റെ അഗ്രാഹ്യമായ കരുണയെപ്പറ്റി വൈദികരോടു പറയുക. കരുണയുടെ ജ്വാലകൾ എന്നെ ചുട്ടുപൊള്ളിക്കുന്നു –

വ്യയം ചെയ്യാൻ അത് ആർത്തുവിളിക്കുന്നു; ആത്മാക്കളിലേക്ക് അതു ചൊരിയുവാൻ ഞാൻ അഭിലഷിക്കുന്നു; എന്റെ നന്മയിൽ വിശ്വസിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പെട്ടെന്ന് ഈശോ അപ്രത്യക്ഷനായി. എന്നാൽ ഒരു ധ്യാനം കഴിയുമ്പോൾ ഉണ്ടാകുന്ന ബഹളങ്ങൾക്കിടയിലും, അന്നു മുഴുവനും എന്റെആത്മാവ് യഥാർത്ഥമായ ദൈവസാന്നിധ്യത്തിൽ നിമഗ്നമായിരുന്നു. ഒന്നും എന്നെ അസ്വസ്ഥപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല. എന്റെ ആത്മാവ് ദൈവത്തിലായിരുന്നു. പുറമെ, എല്ലാ സംഭാഷണത്തിലും ഞാൻ പങ്കുകൊണ്ടു. ഡേർഡ് (Derdy) സന്ദർശിക്കാൻ പോകുകയും ചെയ്തു.

ഇന്ന് മൂന്നാമത്തെ പരിശീലനകാലം ആരംഭിക്കുകയാണ്. നൊവിഷ്യറ്റിൽ മറ്റു സിസ്റ്റേഴ്സ് അവരുടെ പരിശീലനത്തിൽ ആയിരുന്നതിനാൽ, ഞങ്ങൾ മൂന്നു പേരും മദർ മാർഗരറ്റിന്റെ അടുത്തെത്തി. മദർ മാർഗരറ്റ് ഒരു പ്രാർത്ഥനയോടെ ആരംഭിച്ചു. മൂന്നാമത്തെ പരിശീലനം എങ്ങനെയായിരിക്കുമെന്നു വിവരിച്ചുതന്നു.

നിത്യവ്രതവാഗ്ദാനം എന്ന കൃപയുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കിത്തന്നു. പെട്ടെന്ന് കർത്താവിന്റെ എല്ലാ കൃപകളും കൺമുന്നിൽ ഞാൻ കണ്ടു. ദൈവസന്നിധിയിൽ ഞാൻ എത്രമാത്രം നികൃഷ്ടയും നന്ദിഹീനയുമാണെന്നു മനസ്സിലാക്കി. ഉടൻ ഞാൻ ഉച്ചത്തിൽ കരയാൻ തുടങ്ങി. മറ്റു സിസ്റ്റേഴ്സ് എന്നെ ഇങ്ങനെ ആക്ഷേപിച്ചു, “എന്തിനാണ് അവൾ പൊട്ടിക്കരഞ്ഞത്?” എന്നാൽ, ഇതത്ര കാര്യമാക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട് മദർ മാർഗരറ്റ് എന്റെ സഹായത്തിനെത്തി.

ആ മണിക്കൂറിന്റെ അവസാനം ഞാൻ ദിവ്യകാരുണ്യസന്നിധിയിൽ അണഞ്ഞ്, ഏറ്റവും വലിയ നികൃഷ്ടയും ദുരിതപ്പെട്ടവളുമായ എന്റെ ആത്മാവിനെ അവിടുത്തെ കരുണയാൽ സൗഖ്യപ്പെടുത്തി വിശുദ്ധീകരിക്കണമേയെന്നു യാചിച്ചു. അപ്പോൾ ഞാനീ വാക്കുകൾ ശ്രവിച്ചു, എന്റെ മകളേ, അലറിവിഴുങ്ങുന്ന അഗ്നിയിലേക്ക് എറിയപ്പെടുന്ന ചുള്ളിക്കമ്പുകൾ പോലെ എന്റെ സ്നേഹാഗ്നിയിൽ നിന്റെ ദുരിതങ്ങൾ എരിഞ്ഞുപോകും. ഇപ്രകാരം എളിമപ്പെടുന്നതുവഴി നീ നിനക്കും മറ്റ് ആത്മാക്കൾക്കും എന്റെ കരുണയുടെ ഒരു കടൽ തന്നെ ഒഴുക്കുന്നു. ഞാൻ പറഞ്ഞു, “ഈശോയേ, എന്റെ എളിയ ഹൃദയത്തെ അവിടുത്തെ ദൈവിക ഇഷ്ടപ്രകാരം രൂപപ്പെടുത്തണമേ”.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles