ജപ്പാനിലെ അകിതയും മാതാവിന്റെ കണ്ണീരും

1973 ലെ ജൂണ്‍ മാസം. അന്ന് 12 ാം തീയതി ആയിരുന്നു. സി. ആഗ്നസ് കത്സുക്കോ സസഗാവ ജപ്പാനിലെ യുസവാഡേ മഠത്തില്‍ ചേര്‍ന്നിട്ട് കൃത്യം ഒരു മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കലും ഇനി കേള്‍ക്കാന്‍ സാധിക്കില്ല എന്ന് വൈദ്യന്മാര്‍ വിധിയെഴുതിയ ജീവിതമായിരുന്നു, ബുദ്ധമതക്കാരിയായി ജനിച്ച് ക്രിസ്തുമതവിശ്വാസം സ്വീകരിച്ച 42 കാരിയായ ആഗ്നസിന്റേത്. 1973 മാര്‍ച്ച് 16 നാണ് അവര്‍ക്ക് കേള്‍വിശക്തി പൂര്‍ണമായും നഷ്ടമായത്.

ജൂണ്‍ 12 ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന സി. ആഗ്നസ് അസാധാരണമായ ഒരു പ്രകാശം സക്രാരിയില്‍ നിന്ന് പ്രസരിക്കുന്നത് കണ്ടു. അതു വരെ കാണാത്ത ആ പ്രഭാ വലയത്തിന്റെ അലൗകിക ഭംഗിയില്‍ വിസ്മയിച്ചു പോയ സിസ്റ്റര്‍ അതേ കാഴ്ച അടുത്ത ദിവസവും കണ്ടു. അതിനടുത്ത ദിവസവും. അള്‍ത്താരയക്കു ചുറ്റിനും വിശുദ്ധമായ ധൂമം പോലെ ഒന്ന് പ്രസരിച്ചു കൊണ്ടിരുന്നു. തിരുവോസ്തിയെ ആരാധിച്ചു കൊണ്ടു നില്‍ക്കുന്ന ഒരു കൂട്ടം ദൈവദൂതന്മാരെയാണ് മറ്റൊരു ദിവസം സിസ്റ്റര്‍ കണ്ടത്.

ആദ്ധ്യാത്മിക പ്രഭാഷണത്തിനായി മഠത്തിലെത്തിയ ബിഷപ്പ് ഇറ്റോയോട് സിസ്റ്റര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് ബിഷപ്പും കന്യമഠത്തിലെ ആത്മീയ നിയന്തമാവുമായ ഫാ. തെയ്ജി യസുദയും ഈ അസാധരണ ദൃശ്യങ്ങള്‍ നേരിട്ടു കണ്ടു.

കാവല്‍ മാലാഖ സംസാരിക്കുന്നു

തന്റെ കാവല്‍ മാലാഖയെ കാണാനും ബധിരയായിരുന്ന സിസ്റ്റര്‍ ആഗ്നസിന് ഭാഗ്യമുണ്ടായി. ‘വട്ട മുഖമുള്ള, മധുരതരമായ മുഖഭാവമുള്ള, മഞ്ഞു പോലെ വെണ്‍മയാര്‍ന്ന പ്രഭയുള്ള ഒരാള്‍’ എന്നാണ് സിസ്റ്റര്‍ തന്റെ കാവാല്‍മാലാഖയുടെ രൂപത്തെ വിശേഷിപ്പിച്ചത്. ഈ കാവല്‍ മാലാഖ പല രഹസ്യങ്ങും സിസ്റ്ററിന് വെളിപ്പെടുത്തി കൊടുത്തു.

ജൂണ്‍ 28 ാം തീയതി തന്റെ കരതലത്തില്‍ അസഹനീയമായ വേദനയാര്‍ന്ന ഒരു മുറിവുള്ളതായി ആഗ്നസ് തിരിച്ചറിഞ്ഞു. ആ മുറിവിന് കുരിശിന്റെ ആകൃതിയായിരുന്നു. ജൂലൈ 5 ന് ആ മുറിവില്‍ നിന്ന് രക്തമൊഴുകാന്‍ ആരംഭിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വേദന അസഹ്യമാംവിധം വര്‍ദ്ധിച്ചു. അതു കഴിയുമ്പോള്‍ അത് കുറഞ്ഞു വരികയും ചെയ്തു.

ജൂലൈ 6 ന് കാവല്‍മാലാഖ പ്രത്യക്ഷപ്പെട്ട് ആഗ്നസിനോട് പറഞ്ഞു: മറിയത്തിന്റെ മുറിവ് നിന്റേതിനേക്കാള്‍ ആഴമുള്ളതാണ്. വാ. നമുക്ക് ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കാം. ചാപ്പലില്‍ മൂന്നടിയോളം ഉയരമുള്ള പരി. മറിയത്തിന്റെ ഒരു രൂപമുണ്ടായിരുന്നു. കുരിശിന്റെ മുന്നില്‍ നില്‍ക്കുന്ന വിധമായിരുന്നു, അത്.

മാതാവ് സംസാരിക്കുന്നു

ആഗ്നസ് ആ രൂപത്തിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ പെട്ടെന്ന്് ആ രൂപത്തിന് ജീവന്‍ വയ്ക്കുകയും അതില്‍ നിന്ന് ഒരു സ്വരമുണ്ടാവുകയും ചെയ്തു. ‘അമ്മ അതീവ ശോഭയാല്‍ നിറഞ്ഞു നിന്നു. എന്റെ ബധിരമായ കര്‍ണങ്ങളില്‍ അതിമധുരമായ ഒരു സ്വരം കേള്‍ക്കുമാറായി’ ആ നിമിഷം തന്റെ ബധിരത നീങ്ങിപ്പോയെന്ന് സി. ആഗ്നസ് സാക്ഷ്യപ്പെടുത്തുന്നു. യേശു സത്യമായും ദിവ്യകാരുണ്യത്തില്‍ സന്നിഹിതനാണെന്ന് ഉറപ്പിച്ചു പറഞ്ഞ ശേഷം മാതാവ് സിസ്റ്ററിനോട് മാര്‍പാപ്പയ്ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അപ്രത്യക്ഷയായി.

പിറ്റേന്ന്, പുലര്‍കാല പ്രാര്‍ത്ഥനയ്ക്കായി ചാപ്പലില്‍ എത്തിയ കന്യാസ്ത്രീകള്‍
അമ്പരന്നു. കന്യാമാതാവിന്റെ തിരുസ്വരൂപത്തില്‍ വലതു കൈയില്‍ നിന്ന് രക്തം ഒഴുകുന്നു. നാല് തവണ ഈ രക്ത പ്രവാഹം ആവര്‍ത്തിച്ചു. കൈയിലെ ആ മുറിവിന് സിസ്റ്റര്‍ ആഗ്നസിന്റെ കൈയിലെ മുറിവിനോട് നല്ല സാദൃശ്യം ഉണ്ടായിരുന്നു.

‘മാംസത്തിലെ മുറിവ്് പോലെയായിരുന്നു, രൂപത്തിലെ ആ മുറിവ്’ അതിന് സാക്ഷ്യം വഹിച്ച ഒരു കന്യാസ്ത്രീ എഴുതി.

ജൂണ്‍ 28 ന് വ്യാഴാഴ്ച സിസ്റ്ററുടെ കൈയില്‍ മുറിവ് കഠിനമായ വേദനയോടെ പ്രത്യക്ഷമായി. പിറ്റേന്ന് വെള്ളിയാഴ്ച അത് ഒരു കല പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായി.

അതേ വര്‍ഷം ആഗസ്റ്റ് 3ന് വീണ്ടും മാതാവ് തിരുസ്വരൂപത്തില്‍ നിന്ന് സംസാരിച്ചു. ‘ഈ ലോകത്തില്‍ അനേകര്‍ കര്‍ത്താവിന്റെ പീഡിപ്പിക്കുന്നു. അവിടുത്തെ കോപം ലോകം അറിയുന്നതിനായി സകല ജനത്തിന്റെ മേലും സ്വര്‍ഗ പിതാവ് വലിയ ശിക്ഷ അയക്കാനിരിക്കുന്നു. പുത്രന്‍ കുരിശില്‍ അനുഭവിച്ച പിഢകള്‍ പിതാവിന് സമര്‍പ്പിച്ച് ആ ശിക്ഷയെ ഞാന്‍ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. പ്രാര്‍ത്ഥന, പ്രായശ്ചിത്തം, ത്യാഗം എന്നിവ കൊണ്ടേ പിതാവിന്റെ കോപം ശമിപ്പിക്കാന്‍ സാധിക്കൂ…’

സെപ്തംബര്‍ 29 ന് മാതാവിന്റെ രൂപത്തില്‍ നിന്ന് അതിശോഭയാര്‍ന്ന ഒരു വെളിച്ചം നിര്‍ഗളിക്കുന്നത് ആ മഠത്തിലെ എല്ലാവരും നഗ്നനേത്രങ്ങാല്‍ കണ്ടു. അതിനെ തുടര്‍ന്ന് വിയര്‍ത്താലെന്ന പോലെ ആ രൂപം നനവാര്‍ന്നു. അന്നേരം കാവല്‍ മാലാഖ സിസ്റ്റര്‍ ആഗ്നസിനോട് പറഞ്ഞു: രക്തം വാര്‍ന്നപ്പോഴെന്നതിനേക്കാള്‍ ദുഖിതയാണ് മേരി. അമ്മയുടെ വിയര്‍പ്പ് ഒപ്പിയെടുക്കുക. കന്യാസ്ത്രീകള്‍ പഞ്ഞിയെടുത്ത് വെള്ളം ഒപ്പിയെടുത്തു.

1974 മെയ് മാസം അവസാനം മറ്റൊരു പ്രതിഭാസം കൂടി സംഭവിച്ചു. രൂപത്തിലെ വസ്ത്രത്തിന്റെ ഭാഗങ്ങളെല്ലാം അതു പോലെ തന്നെ ഇരുന്നപ്പോള്‍ മുഖം, കൈ, പാദം എന്നിവയ്ക്കു രൂപമാറ്റം സംഭവിച്ചു. എട്ടു വര്‍ഷത്തിനു ശേഷം ആ രൂപം പണിത ശില്പി സബുറോ വകാസ കാണാനെത്തിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടു. കാരണം, അയാളുണ്ടാക്കിയപ്പോഴുണ്ടായിരുന്ന മുഖഭാവമല്ലായിരുന്നു, ആ രൂപത്തിന് അപ്പോള്‍. അത്ര മാറ്റം അതിന് സംഭവിച്ചിരുന്നു!

മിഴിനീരുമായ് അമ്മ വീണ്ടും

1975 ജനുവരി 4ന് ഫാ. യസുദയും കന്യാസ്ത്രീകളും കാണ്‍കെ പരിശുദ്ധ മറിയത്തിന്റെ രൂപം മിഴി നീരൊഴുക്കി. മൂന്നു തവണയാണ് അന്ന്് മാതാവിന്റെ മിഴികള്‍ നിറഞ്ഞൊഴുകിയത്. പുതുവത്സര ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയവരും ബിഷപ്പ് ഇറ്റോയും ഈ അത്ഭുതത്തിന് സാക്ഷികളായി. ശാസ്ത്രം കിണഞ്ഞു പരിശോധിച്ചിട്ടും ഈ മിഴിനീരിന് സ്വാഭാവികമായ ഒരു കാരണവും കണ്ടെത്താനായില്ല. ടിയേഴ്‌സ് ആന്‍ഡ് ദ് മെസേജ് എന്ന പുസ്തകത്തില്‍ ഫാ. യസുദ ഇവയെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.

വീണ്ടും സൗഖ്യങ്ങള്‍

1981 ആഗസ്റ്റ് 4 ന് അകിതയിലെ മാതാവിന്റെ മാധ്യസ്ഥം തേടിയ തെരേസ ചുന്‍ സുന്‍ ഹോ എന്ന കൊറിയന്‍ വനിതയുടെ മാരകമായ ബ്രെയിന്‍ ട്യൂമര്‍ സൗഖ്യപ്പെട്ടു. അത്ഭുത സൗഖ്യത്തിന് മുമ്പുള്ള ദിവസങ്ങളില്‍ അകിതയില്‍ സംഭവിച്ചതു പോലെ മാതാവിന്റെ ദിവ്യ അനുഭവങ്ങള്‍ തനിക്കും ഉണ്ടായെന്ന് തെരേസ സാക്ഷ്യപ്പെടുത്തുന്നു. ഈ സൗഖ്യം ദക്ഷിണ കൊറിയയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു സ്ഥിരീകരിച്ചു. തെരേസയുടെ സൗഖ്യം കൊറിയന്‍ സഭയും അത്ഭുത രോഗശാന്തിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗോള സഭയുടെ അംഗീകാരം

1984 ഏപ്രില്‍ 22 ന് അകിതയിലെ പരിശുദ്ധ അമ്മ വണക്കത്തിന് യോഗ്യയാണെന്ന് ബിഷപ്പ് ജോണ്‍ ഇറ്റോ ഇടയലേഖനത്തിലൂടെ പ്രഖ്യാപനം നടത്തി. സി. ആഗ്നസിനെ താന്‍ പത്തു വര്‍ഷമായി നേരിട്ട് അറിയുമെന്നും അവര്‍ സുബോധവും വിവേകവുമുള്ള സ്ത്രീയാണെന്നും ആയതിനാല്‍ ദര്‍ശനങ്ങള്‍ വെറും മനോവിഭ്രാന്തി എന്ന് തള്ളിക്കളയാന്‍ ആവില്ല എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. 1988 ജൂണ്‍ 20 ന് വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഈ ഇടയലേഖനത്തിന് അംഗീകാരം നല്‍കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles