വൈദികരുടെ ലൈംഗിക കുറ്റവിചാരണ ഇനിമേല്‍ പൊന്തിഫിക്കല്‍ രഹസ്യമാവില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി; കുട്ടികളെയും ദൗര്‍ബല്യമുള്ളവരെയും വൈദികര്‍ പീഡിപ്പിച്ചാല്‍ അവരുടെ വിചാരണ രഹസ്യമാക്കി വയ്ക്കുന്ന മുന്‍പതിവ് തിരുത്തി ഫ്രാന്‍സിസ് പാപ്പാ. കുട്ടികളുടെ പോണോഗ്രാഫി കൈവശം വയ്ക്കുന്ന വൈദികര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.
ഡിസംബര്‍ 17 ന് പ്രസിദ്ധീകരിച്ച് ‘ഓണ്‍ ദ കോണ്‍ഫിഡന്‍ഷ്യാലിറ്റി ഓഫ് ലീഗല്‍ പ്രൊസീഡിംഗ്‌സ്’ എന്ന ഉത്തരവിലാണ് ഫ്രാന്‍സിസ് പാപ്പാ ശക്തതമായ നിലപാട് വ്യക്തമാക്കിയത്. പൊന്തിഫിക്കല്‍ സീക്രട്ട് എന്ന പേരില്‍ ഇത്തരം കേസുകള്‍ രഹസ്യമായി വിചാരണ ചെയ്യുന്ന പതിവ് ഇനി മേല്‍ ഉണ്ടാവുകയില്ലെന്ന് മാര്‍പാപ്പാ വ്യക്തമാക്കി.
സഭയുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ സെന്‍സിറ്റീവായ പ്രശ്‌നങ്ങള്‍ രഹസ്യാത്മാകമായി കൈകാര്യം ചെയ്യുന്ന കീഴ് വഴക്കത്തെയാണ് പൊന്തിഫിക്കല്‍ സീക്രട്ട് എന്ന വിശേഷിപ്പിക്കുന്നത്.
റോമന്‍ കൂരിയയില്‍ സേവനം ചെയ്യുന്നവരുടെ കാര്യത്തിലും ഈ പൊന്തിഫിക്കല്‍ രഹസ്യാത്മകത ഉണ്ടായിരിക്കുകയില്ലെന്നും പാപ്പാ പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ അതിനെ കുറിച്ച് നിശബ്ദത പാലിക്കേണ്ട കാര്യമില്ലെന്നും ഈ ഉത്തരവില്‍ പറയുന്നു.
എന്നാല്‍ കാനന്‍ 471 പ്രകാരം കുട്ടികളോ ദുര്‍ബലരോ ദുരുപയോഗം ചെയ്യപ്പെടുന്ന കേസുകളില്‍ ‘സുരക്ഷയും സത്യസന്ധതയും സ്വകാര്യതയും’ ഉറപ്പുവരുത്തണം എന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതില്‍ ഉള്‍പ്പെടുന്നവരുടെ സല്‍പേരും ഇമേജും സ്വകാര്യതയും സംരക്ഷിക്കുന്നതിനു വേണ്ടിയാണിത്.