നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 7/100

കുഞ്ഞുജോസഫ്  നടക്കുവാനും സംസാരിക്കുവാനും തുടങ്ങുന്നു

വളരെ നേരത്തെതന്നെ സംസാരിക്കാനും നടക്കുവാനുമുള്ള ഭാഗ്യം ജോസഫിന് ലഭിച്ചു. അവൻ ആദ്യമായി ഉച്ചരിച്ച വാക്ക് “എന്റെ ദൈവമേ” എന്നായിരുന്നു. അതാണ് മാലാഖ അവനെ പഠിപ്പിച്ചത്. പെട്ടെന്നുണ്ടായ ഉണർവ്വോടെയാണ് അവന്റെ അധരങ്ങളിൽനിന്ന് ഈ വാക്കുകൾ പുറപ്പെട്ടത്. വളരെ വലിയ വിസ്മയത്തോടും ആശ്ചര്യത്തോടുംകൂടിയാണ് മാതാപിതാക്കൾ അതു ശ്രവിച്ചത്. തങ്ങളുടെ മകൻ നേരത്തേ സംസാരിക്കാൻ തുടങ്ങിയതിൽ അവർ ആനന്ദം കൊണ്ടു നിറഞ്ഞു. ദൈവസഹായത്തിനുള്ള ഒരു വിളിയായിട്ട് ദൈവത്തിന്റെ നാമത്തിൽ ആദ്യവാക്ക് ഉച്ചരിച്ചതിൽ അവർ പൂർവ്വാധികം സന്തുഷ്ടരായി. തന്റെ എല്ലാമായ ദൈവത്തിന് തന്നെത്തന്നെ പൂർണ്ണമായും സമർപ്പിച്ചവനായിരുന്നതിനാൽ ഈ വാക്കുകൾ മിക്കപ്പോഴും ജോസഫ് ഉച്ചരിച്ചിരുന്നു. കുട്ടിയുടെമേൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന ഒരു ദൈവവിളിയായിട്ടാണ് അവർ അതിനെ വീക്ഷിച്ചത്.

അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ എന്ന് അവന്റെ മാതാപിതാക്കന്മാർ പറയുന്നതായി കേൾക്കുമ്പോഴെല്ലാം “ജോസഫിന്റെ ദൈവമേ” എന്ന് അവൻ കൂട്ടിച്ചേർക്കുമായിരുന്നു. ചെറുപ്രായത്തിന്റെ മനോഹാരിതയോടെ അവൻ ഇത് പറയുന്നത് കേൾക്കുന്നതിൽ അവന്റെ മാതാപിതാക്കന്മാർ ആനന്ദിച്ചിരുന്നു. ജോസഫ് അങ്ങനെ പറയുന്നതിനിടയാകാനും അങ്ങനെ പറയുന്നതുവഴി അവനു കൃപയും സമാശ്വാസവും ലഭിക്കാനും വേണ്ടി വളരെ ബഹുമാനപുരസരം അവർ ഇടയ്ക്കിടക്ക് അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ എന്ന് പറയുമായിരുന്നു.

“ജോസഫിന്റെ ദൈവമേ” എന്നുള്ള കുഞ്ഞിന്റെ പ്രാർത്ഥന ആഴമായ ഭക്തിയോടും വണക്കത്തോടും കൂടിയായിരുന്നു. പരമനന്മയായ ദൈവം മാത്രമായിരുന്നു അവനെ സംബന്ധിച്ചിടത്തോളം അവന്റെ എല്ലാ ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും ഒരേയൊരു ഉറവിടം എന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് അവൻ സംസാരിച്ചത്. അതിനാൽ ദൈവം എന്ന നാമം കേൾക്കുമ്പോഴെല്ലാം അവൻ വളരെ ഉത്സാഹവാനും അതീവസന്തുഷ്ടനുമായി കാണപ്പെട്ടിരുന്നു.

അവന്റെ ജീവിതയാത്രയിലുടനീളം ദൈവത്തെ ഒരുവിധത്തിലും ഉപദ്രവിക്കാൻ ഇടയാകാതിരിക്കാൻ വേണ്ട കൃപ നൽകണമേ എന്ന പ്രാർത്ഥനയോടെ അവന്റെ ആദ്യത്തെ ചുവടുവയ്പ്പ് അവൻ ദൈവത്തിന് സമർപ്പിച്ചു. മാലാഖയിൽനിന്ന് മുൻകൂട്ടി ലഭിച്ച നിർദ്ദേശമനുസരിച്ചാണ് അവൻ ഇങ്ങനെ പ്രാർത്ഥിച്ചത്. ദൈവം തീർച്ചയായും ആ പ്രാർത്ഥനയ്ക്ക് ഉത്തരമരുളി. കാരണം ജോസഫ് എപ്പോഴും എല്ലാ കാര്യത്തിലും ദൈവത്തിന് മഹത്വം നല്കിയാണ് ജീവിച്ചത്. ഒരിക്കലും വാക്കാലാ പ്രവൃത്തിയാലാ പെരുമാറ്റത്താലോ ദൈവത്തെ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ അവൻ ചെയ്തിട്ടില്ല.

തന്റെ ഓരോ പ്രവർത്തനവും ആരംഭിക്കുതിനുമുമ്പ് ദൈവേഷ്ടപ്പ്രാകാരം അത് പൂർത്തിയാക്കാൻ ആവശ്യമായ കൃപ നൽകി സഹായിക്കണമെന്ന് സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തി പ്രാർത്ഥിക്കുന്ന രീതി അവൻ അനുവർത്തിച്ചുപോന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും സംസാരിക്കുന്നതിനും യാത്ര പുറപ്പെടുന്നതിനുംമുമ്പ് ജോസഫ് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു. താൻ സുകൃതാഭ്യാസങ്ങളെല്ലാം ചെയ്യുവാൻ ചെറുപ്രായത്തിൽ അപ്രാപ്തനായിരുന്നതുകൊണ്ട് തന്റെ നല്ല ആഗ്രഹങ്ങൾ അവൻ ദൈവത്തിന് അർപ്പിച്ചിരുന്നു. അതോടൊപ്പം മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിസ്സാരങ്ങളെന്നു തോന്നുന്ന ചെറിയ കാര്യങ്ങൾപോലും അവൻ ദൈവത്തിന് സമർപ്പിച്ചിരുന്നു.

ദൈവസ്നേഹത്തെപ്രതി എല്ലാം അനുഷ്ഠിക്കുക എന്ന ഉദ്ദേശ്യശുദ്ധിയോടെ ജോസഫ് അവയെല്ലാം വിലയുള്ളതാക്കി. പ്രത്യേകമായി പറഞ്ഞാൽ, തന്റെ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ ദൈവസ്നേഹത്തെപ്രതി അവൻ ത്യാഗംചെയ്തിരുന്നു. ഇതാണ് മാലാഖ അവനോട് ചെയ്യുവാൻ ഉപദേശിച്ചിരുന്നത്. കാരണം ഈ ചെറുപ്രായത്തിൽ ദൈവസ്നേഹത്തെപതി അങ്ങനെയുള്ള ചെറിയ കാര്യങ്ങൾ അവന് ചെയ്യുവാൻ സാധിക്കുമായിരുന്നുള്ളു.

പരിഛേദനത്തെ തുടർന്ന് തന്നെത്തന്നെ ദൈവാലയത്തിൽവച്ച് ദൈവത്തിന് സമർപ്പിച്ചതിനെ അനുസ്മരിച്ചുകൊണ്ട് അവൻ ഇടയ്ക്കിടയ്ക്ക് തന്റെ സമർപ്പണം നവീകരിക്കുമായിരുന്നു. ജോസഫിന്റെ അമ്മ തന്റെ കുഞ്ഞിന്റെമേൽ ചൊരിയപ്പെട്ടിരിക്കുന്ന ഉന്നതമായ ആത്മീയ കൃപകൾ നിരീക്ഷിച്ച് മനസ്സിലാക്കുകയും ഹെബ്രായരുടെ യാമപ്രാർതനകൾ പഠിപ്പിക്കുകയും ചെയ്തു. ഇതിൽ അതീവസന്തുഷ്ടനായ അവൻ ഇത് നന്നായി അഭ്യസിക്കാൻ തുടങ്ങി. അവളെയും അവളോടൊപ്പം ഇതു ശ്രവിക്കാൻ ഇടയായ എല്ലാവരെയും ഇത് അത്ഭുതപ്പെടുത്തി.

വീഴാതെ നടക്കാൻ പ്രാപ്തനായപ്പോൾ അവൻ പോയി മറഞ്ഞിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. തന്റെമേൽ ചൊരിയപ്പെട്ടിരിക്കുന്ന നിരവധിയായ അവകാശങ്ങളെയും അനുഗ്രഹങ്ങളെയുമോർത്ത് ജോസഫ് കരങ്ങൾ ഉയർത്തി ദൈവത്തിന് നന്ദിയർപ്പിച്ചിരുന്നു. മണിക്കൂറുകളോളം മുട്ടിന്മേൽ നിന്ന് അവൻ പ്രാർത്ഥിക്കുമായിരുന്നു. കുട്ടിയെ ഈ നിലയിൽ കാണുകതന്നെ ഒരാനന്ദമായിരുന്നു.

ദൈവികപൂർണ്ണതയിൽ അവന്റെ ആത്മാവ് അന്തർലീനമായിരുന്ന അവസ്ഥ ദർശിക്കുന്നത് കൂടുതൽ ആശ്ചര്യത്തിന് കാരണമായി. അവന്റെ പ്രസാദാത്മകമായ വദനവും തിളക്കമേറിയ നയനങ്ങളും ഈ ആന്തരികത വെളിപ്പെടുത്തുന്ന യാഥാർത്യങ്ങളായിരുന്നു. അവന്റെ അമ്മ മറഞ്ഞുനിന്ന് അവന്റെ പ്രാർത്ഥന കേൾക്കുമായിരുന്നു:

“അനന്തനന്മസ്വരൂപനായ എന്റെ ദൈവമേ, അവിടുത്തെ കൃപാവരങ്ങൾ എത്രയധികമായി എന്റെമേൽ ചൊരിയപ്പെട്ടിരിക്കുന്നു അവിടുത്തോട് എത്രയധികമായി ഞാൻ കടപ്പെട്ടിരിക്കുന്നു.”

അവന്റെ വാക്കുകൾക്ക് അപ്പോഴും ഉച്ചാരണശുദ്ധി വന്നിരുന്നില്ല. എന്നാൽ ദൈവസ്നേഹത്താൽ ജ്വലിക്കുന്ന ഒരു ഹൃദയത്തിൽ നിന്നാണ് അവ പുറപ്പെട്ടിരുന്നത്. അവന്റെ അമ്മ ഇതു ശ്രവിക്കുമ്പോൾ അവന്റെ ഹൃദയത്തോട് ഒന്നായി ചേർന്ന് അതേ സ്നേഹഭാവങ്ങളും നന്ദിയുംകൊണ്ട് അവളുടെ ഹൃദയം കൂടുതൽ കൂടുതൽ ജ്വലിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. ഇത് അവളുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. തന്റെ മകൻ ദൈവത്തിന് എത്ര സംപ്രീതനാണ് എന്നും തന്റെമേൽ ചൊരിയപ്പെട്ടിരിക്കുന്ന കൃപാവരങ്ങളോട് അവൻ എത്ര മാത്രം സഹകരിക്കുന്നുവെന്നും കണ്ടതുമൂലമുണ്ടായ ആനന്ദാശ്രുക്കൾ.

രക്ഷകനെ അയയ്ക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന് അവന്റെ മാതാപിതാക്കന്മാർ ജോസഫിനെ ഈ സമയത്ത് അറിയിച്ചു. എത്രമാത്രം ദാഹത്തോടെ അതിനായി അവൻ ആഗ്രഹിക്കണമെന്നും പൂർവ്വകാലങ്ങളിൽ പിതാക്കന്മാർ അതിനായി ദാഹിച്ച് കാത്തിരുന്നുവെന്നും അവർ അവനോട് പറഞ്ഞു. ഒരു സ്വപ്നത്തിൽ ജോസഫിന്റെ മാലാഖയും ഇത് അവനു വെളിപ്പെടുത്തി. തൽഫലമായി വാഗ്ദാനം നിറവേറുന്നതിന് സജീവവും തീക്ഷണവുമായ അഭിലാഷം അവനിൽ നിറഞ്ഞു. കാത്തിരിപ്പിന്റെ കാലദൈർഘ്യം കുറയുവാൻ തിരുവുള്ളമാകണമെന്ന് അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അന്നുമുതൽ അവന്റെ എല്ലാ പ്രാർത്ഥനകളും ഈ നിയോഗാർത്ഥം അർപ്പിക്കാൻ തുടങ്ങി.

കുഞ്ഞുജോസഫിന്റെ നിഷ്കളങ്കമായ ഈ അർത്ഥനകളിൽ സംപ്രീതനും സന്തുഷ്ടനുമായ ദൈവം അതിനുത്തരമായി പ്രകടമായ തെളിവുകൾ അവനു നല്കിയിരുന്നു. ജോസഫ് ഈ പ്രാർത്ഥന നടത്തുമ്പോഴെല്ലാം അവന്റെ ഹൃദയത്തെ അത്യുന്നതനായ ദൈവം സ്വർഗ്ഗീയ ആനന്ദത്താലും സമാശ്വാസങ്ങളാലും നിറച്ചിരുന്നു. തീർച്ചയായും തന്റെ യാചനകൾ തുടരുന്നതിന് ജോസഫിന് ഇത് കൂടുതൽ പ്രോത്സാഹനമായി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles