നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 6/100

ദൈവത്തോടും മാതാപിതാക്കളോടുള്ള അവന്റെ മനോഭാവം – 2/2

ജോസഫിന്റെ ശൈശവകാലഘട്ടം അവന്റെ മാതാപിതാക്കന്മാർക്ക് വലിയൊരു അനുഗ്രഹത്തിന്റെ സമയമായിരുന്നു. ശിശുപ്രായത്തിൽത്തന്നെ അവൻ പാപികൾക്കായി തീക്ഷണതയോടെ പ്രാർത്ഥിച്ചിരുന്നു. അതിനാൽ അതിനേക്കാൾ എത്രയോ പതിന്മടങ്ങു തീക്ഷ്ണതയോടെ തന്റെ മാതാപിതാക്കൾക്കായി അവൻ പ്രാർത്ഥിച്ചിരിക്കണം. ദൈവം തീർച്ചയായും ആ യാചനകൾ സ്വീകരിച്ചിരിക്കണം, കാരണം അവർ സുകൃതാഭ്യാസത്തിലും ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളരെയധികം വളർച്ച നേടി.

ജോസഫിനെ അമ്മ കരങ്ങളിൽ വഹിക്കുന്ന സമയങ്ങളിൽ നീലാകാശം ദൃശ്യമാകുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ ഉത്സാഹത്തോടെ സ്വർഗീയ ഇടങ്ങളിലേക്ക് അവൻ ഉറ്റുനോക്കുമായിരുന്നു. തന്റെയെല്ലാ സന്തോഷവും അമൂല്യനിധികളും ഉന്നതങ്ങളിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു അവന്റെ വീക്ഷണവും ആത്മനിർവൃതിയും. കുട്ടിയുടെ ഭാവപ്രകടനങ്ങൾ ദർശിച്ച അവന്റെ അമ്മ ശൂന്യാകാശം ദൃശ്യമാകുന്ന ഒരു സ്ഥലത്ത് അവനെ ഇടയ്ക്കിടെ കൊണ്ടുപോകുമായിരുന്നു. അവനെ ദുഖിതനായി കാണുമ്പോൾ അവന്റെ അരൂപിയെ ഉണർത്തുന്നതിനായും ഇങ്ങനെ അവൾ കൊണ്ടുപോകുമായിരുന്നു. ആ സമയങ്ങളിൽ ദൈവമഹത്വം അത്ഭുതകരമായി പ്രകടമാകുന്നത് ദർശിച്ച് ആത്മാവിൽ അവളും ആനന്ദിച്ചിരുന്നു. 

ജോസഫിൽ നിറഞ്ഞുനിൽക്കുന്ന കൃപാവരങ്ങളെക്കുറിച്ചും വാഗ്ദാനങ്ങളെക്കുറിച്ചും സാത്താന് അറിയാമായിരുന്നു. അതുപോലെതന്നെ ജോസഫിന്റെ മാതാപിതാക്കന്മാർക്ക് സുകൃതാഭ്യസനത്തിൽ ഉണ്ടാകുന്ന അത്ഭുതാവഹമായ പുരോഗതിയും അവനിൽ ഭയമുളവാക്കി. അനേകർ തനിക്കെതിരായി പടവെട്ടുവാൻ ഉണർന്നെഴുന്നേൽക്കുന്നതിന് ഈ കുഞ്ഞ് കാരണമായിത്തീരുമെന്നും അനേകർ ഭക്തിമാർഗ്ഗത്തിലേക്കു തിരിയാൻ ഈ കുഞ്ഞ് മാതൃകയായിത്തീരുമെന്നും സാത്താൻ ഭയപ്പെട്ടിരുന്നു. പലപ്രാവശ്യം ജോസഫിന്റെ ജീവനെ നശിപ്പിക്കുവാൻ സാത്താൻ ശ്രമിച്ചു. എന്നാൽ അവന്റെ പദ്ധതികൾ വിഫലമായി. കാരണം, അത്യുന്നതനായ ദൈവത്തിന്റെ കരങ്ങൾ ജോസഫിനെ എപ്പോഴും സംരക്ഷിച്ചിരുന്നു.

ദൈവത്താൽ നിയുക്തരായ രണ്ട് മാലാഖമാർ എപ്പോഴും ജോസഫിനു കാവലുണ്ടായിരുന്നു. തന്റെ പദ്ധതികൾ നിറവേറ്റുവാൻ സാധിക്കാത്തതിനാൽ ശത്രു ഉഗ്രമായി രോഷംപൂണ്ടു. അവൻ മറ്റൊരു തന്ത്രം പ്രയോഗിച്ചു. ജോസഫിന്റെ മാതാപിതാക്കന്മാരുടെ ഇടയിൽ സംശയവും സ്പർദ്ധയും ഉണ്ടാക്കുവാൻ പ്രയത്നിച്ചു. എങ്കിലും പരാജയപ്പെട്ടു. കാരണം, അവരിലുള്ള ദൈവഭക്തിയും വിവേകവും പൊതുശത്രുവിന്റെ കെണികളെ തിരിച്ചറിയാൻ സഹായിച്ചു. അവരുടെ തീക്ഷ്ണമായ പ്രാർഥനയാൽ സാത്താൻ ഭയപ്പെട്ട് അവരിൽനിന്ന് ഓടിയൊളിച്ചു.

അടുത്തതായി സാത്താൻ കുടുംബത്തിലെ മറ്റ് അംഗങ്ങളെ വശീകരിക്കുവാൻ പദ്ധതിയിട്ടു. എന്നാൽ അതും വിഫലമായി. കാരണം ജോസഫ് അവർക്കുവണ്ടിയെല്ലാം പ്രാർത്ഥിക്കുകയും ദൈവം അതിന് ഉത്തരമരുളുകയും ചെയ്തു. അവൻ മിക്കപ്പോഴും ഉപവാസത്തോടുകൂടിയാണ് പ്രാർത്ഥിച്ചിരുന്നത്. അതിനാൽ ശത്രുവിന്റെ ശക്തി നിഷ്പ്രഭമായിത്തീർന്നു. ജോസഫിനെതിരെ പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുവാനും അത് നടപ്പിലാക്കാൻ നല്ലൊരവസരം ലഭിക്കുവാനുമായി പിശാച് തന്റെ ആക്രമണങ്ങളിൽനിന്ന് തൽക്കാലത്തേക്ക് പിൻമാറി. എന്നാൽ ജോസഫിന്റെ പ്രാർത്ഥനകൾ വളരെ ശക്തിമത്തായിരുന്നതിനാൽ ദുഷ്ടന് തിരിച്ചടിയും പരാജയങ്ങളുമായിരുന്നു നേരിടേണ്ടിവന്നത്.

ജോസഫിനോട് സംസാരിക്കാനായി നിയുക്തനായിരുന്ന മാലാഖ, പിശാചിനെ കീഴടക്കേണ്ട വഴികൾ സ്വപ്നദർശനത്തിലൂടെ വെളിപ്പെടുത്തിക്കൊടുത്തിരുന്നു. ജോസഫിന്റെ കുടുംബാംഗങ്ങളിൽ ഉപദ്രവം വരുത്തുവാനുള്ള പദ്ധതികൾ പിശാച് ആസൂത്രണം ചെയ്യുന്നത് കാണുമ്പോൾത്തന്നെ മാലാഖ ജോസഫിനെ അത് അറിയിച്ചിരുന്നു. മാലാഖ ഉദ്ബോധിപ്പിക്കുന്നവ പ്രാവർത്തികമാക്കുന്നതിൽ ജോസഫ് ഒരിക്കലും ഉപേക്ഷ വരുത്തിയിരുന്നില്ല.

കുട്ടിക്കു പ്രായമായപ്പോൾ ജോസഫിനെ അവന്റെ അമ്മ പിള്ളക്കച്ചകൾ മാറ്റി യഥാക്രമം വസ്ത്രം ധരിപ്പിക്കാൻ തുടങ്ങി. ജോസഫ് ഇതിൽ അതീവസന്തുഷ്ടനായി. അവൻ തീവ്രാഭിലാഷത്തോടെ തന്റെ കരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി. അതു കാണുമ്പോൾ തന്റെ അഭിലാഷങ്ങളുടെയെല്ലാം ഉറവിടം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പറന്നുപോകുവാൻ അവൻ ആഗ്രഹിക്കുന്നതുപോലെ തോന്നുമായിരുന്നു. ഈ ഭാവപ്രകടനം മിക്ക സമയങ്ങളിലും കാണപ്പെട്ടിരുന്നു. മറ്റവസരങ്ങളിൽ തന്നിലേക്ക് എല്ലാ കൃപാവരങ്ങളും സന്നിവേശിപ്പിക്കുന്ന ദൈവത്തെ ആശ്ലേഷിക്കുംവിധം തന്റെ കൈകൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്ത് അമർത്തിപ്പിടിച്ചിരിക്കുന്ന ജോസഫിനെയാണ് മിക്കവാറും അവർ കണ്ടിരുന്നത്.

ഒരവസരത്തിൽ ജോസഫിന്റെ മാതാപിതാക്കന്മാർ അവനെ കൈകൾ കൂട്ടിപ്പിടിച്ച് പ്രാർത്ഥിക്കുന്നവനായി കണ്ടു. തന്റെ ചുറ്റുമുള്ള ലോകത്തെപ്പറ്റിയുള്ള ബോധം നഷ്ടപ്പെട്ട് പൂർണ്ണമായും ദൈവത്തിൽ ലയിച്ചതുപോലെയാണ് അവൻ പ്രാർത്ഥിച്ചിരുന്നത്. ഇങ്ങനെയുള്ള എല്ലാ അവസരങ്ങളിലും അവന്റെ അമ്മ അവനെ ശല്യപ്പെടുത്താതെ തനിയെയായിരിക്കുവാൻ വിട്ടിരുന്നു. ദിവസം മുഴുവനും പൂർണ്ണമായും ദൈവത്തിൽ മുഴുകിയിരിക്കാനും ദൈവിക രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുവാനും അവൻ അഭിലഷിച്ചിരുന്നു. അവന്റെ മാലാഖ പ്രാർത്ഥിക്കുവാൻ അവനെ പഠിപ്പിച്ചിരുന്നു; എന്നാൽ അതിനേക്കാളുപരിയായി തന്റെ ആത്മാവിൽ ലയിച്ചിറങ്ങി അവനോട് യഥേഷ്ടം സംസർഗ്ഗം ചെയ്തിരുന്ന ദൈവംതന്നെയാണ് അവനെ നയിച്ചിരുന്നത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles