ഇന്നത്തെ വിശുദ്ധന്‍ – മഹാനായ വി. ബേസില്‍

January 2 – മഹാനായ വി. ബേസില്‍

എ‌ഡി 330-ലാണ് വിശുദ്ധ ബേസില്‍ ജനിച്ചത്‌. വിശുദ്ധന്റെ കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനായിരുന്നു വിശുദ്ധ ബേസില്‍. അദേഹത്തിന്റെ മൂന്ന്‍ സഹോദരന്മാരും മെത്രാന്മാര്‍ ആയിരുന്നു, നിസ്സായിലെ വിശുദ്ധ ഗ്രിഗറി അവരില്‍ ഒരാളാണ്. വിശുദ്ധന്റെ അമ്മൂമ്മയും ദൈവഭക്തയുമായിരുന്ന മാക്രിനാ വിശുദ്ധന്റെ മതപരമായ വിദ്യാഭ്യാസത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “ആദരണീയയായ ആ അമ്മയുടെ വാക്കുകളുടെ അഗാധമായ പ്രതിഫലനവും, അവരുടെ മാതൃകയും എന്റെ ആത്മാവില്‍ ചെലുത്തിയ സ്വാധീനത്തെ എനിക്കൊരിക്കലും മറക്കുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധന്‍ തന്നെ പറഞ്ഞിട്ടുണ്ട്. യുവത്വം മുതല്‍ പ്രായമാവുന്നത് വരെ വിശുദ്ധ ബേസിലും, നാസിയാന്‍സെന്നിലെ വിശുദ്ധ ഗ്രിഗറിയും തമ്മില്‍ അഗാധമായ സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. പാശ്ചാത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ പിതാവ്‌ വിശുദ്ധ ബെര്‍ണാര്‍ഡ് ആണെങ്കില്‍, പൗരസ്ത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ പിതാവ്‌ വിശുദ്ധ ബേസില്‍ ആണ്.

ഒരു മെത്രാനെന്ന നിലയില്‍ നാസ്ഥികവാദത്തിനെതിരെ പോരാടി കത്തോലിക്കാ വിശ്വാസത്തെ സംരക്ഷിച്ച ധീര യോദ്ധാവായിരുന്നു വിശുദ്ധ ബേസില്‍. AD 372-ല്‍ വലെന്‍സ്‌ ചക്രവര്‍ത്തി നാസ്ഥികവാദത്തെ ഔദ്യോഗിക മതമാക്കി അവതരിപ്പിക്കുവാനായി ബൈസന്‍റൈന്‍ ചക്രവര്‍ത്തിയുടെ വലതുകൈ ആയിരിന്ന മോഡെസ്റ്റ്സിനെ കാപ്പാഡോസിയയിലേക്കയച്ചു. മോഡെസ്റ്റ്സ് മെത്രാനെ സമീപിച്ച് അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ പ്രതി അദ്ദേഹത്തെ ശാസിക്കുകയും, അദ്ദേഹത്തെ നശിപ്പിക്കുമെന്നും, നാടുകടത്തുമെന്നും, രക്തസാക്ഷിയാക്കുമെന്നും, ഭീഷണിപ്പെടുത്തി. ബൈസന്റൈന്‍ സ്വേച്ഛാധിപതിയുടെ ഈ ഭീഷണികള്‍ക്കൊന്നും വിശുദ്ധനെ തടയുവാന്‍ കഴിഞ്ഞില്ല.

ദൈവ വിശ്വാസത്താലുള്ള സമാധാനത്തോടു കൂടി വിശുദ്ധന്‍ പറഞ്ഞു “ഇത്രയേ ഉള്ളൂ? നിങ്ങള്‍ പറഞ്ഞതൊന്നും എന്നെ സ്പര്‍ശിക്കപോലും ചെയ്തിട്ടില്ല. കാരണം ഞങ്ങളുടെ കൈവശം ഒന്നുമില്ല, ഞങ്ങളുടെ കയ്യില്‍ നിന്നും ഒന്നും കൊള്ളയടിക്കുവാന്‍ കഴിയുകയില്ല. നാടുകടത്തുവാന്‍ സാധ്യമല്ല, കാരണം ദൈവത്തിന്റെ ഈ ഭൂമിയില്‍ എവിടെയായിരുന്നാലും ഞാന്‍ എന്റെ ഭവനത്തിലാണ്. പീഡനങ്ങള്‍ക്ക് എന്നെ തളര്‍ത്തുവാന്‍ കഴിയുകയില്ല, കാരണം എനിക്ക് ശരീരമില്ല. എന്നെ വധിക്കുകയാണെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യുന്നു, കാരണം എനിക്ക് ദൈവത്തെ എത്രയും പെട്ടെന്ന് കാണുവാന്‍ സാധിക്കും. ഒരു പരിധിവരെ ഞാന്‍ ഇതിനോടകം തന്നെ മരിച്ചവനാണ്; വളരെ കാലമായി ഞാന്‍ കല്ലറയിലേക്ക്‌ പോകുവാന്‍ ധൃതികൂട്ടുകയായിരുന്നു.” വിശുദ്ധന്റെ ഈ മറുപടിയില്‍ ആശ്ചര്യം പൂണ്ട മുഖ്യന്‍ ഇപ്രകാരം പറഞ്ഞു “ഇതുവരെ ആരും എന്നോടു ഇത്രയും ധൈര്യമായി സംസാരിച്ചിട്ടില്ല.” “ഒരു പക്ഷെ നിങ്ങള്‍ ഇതിനു മുന്‍പൊരു മെത്രാനെ കണ്ടിട്ടുണ്ടാവില്ല” എന്നാണ് വിശുദ്ധ ബേസില്‍ മറുപടി കൊടുത്തത്‌. ഉടന്‍തന്നെ വലെന്‍സ്‌ ചക്രവര്‍ത്തിയുടെ പക്കല്‍ തിരിച്ചെത്തിയ മോഡെസ്റ്റ്സ് ഇപ്രകാരം ഉണര്‍ത്തിച്ചു “സഭാനായകന്റെ അടുത്ത്‌ ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ അദ്ദേഹം ഭീഷണിക്കു മേലെ ശക്തനും, വാക്കുകളില്‍ ദൃഡതയുള്ളവനും, പ്രലോഭനങ്ങള്‍ക്കും മേലെ സമര്‍ത്ഥനുമായിരുന്നു.”

വിശുദ്ധ ബേസില്‍ ശക്തമായ സ്വഭാവ ഗുണങ്ങളോട് കൂടിയവനും, ആ കാലഘട്ടത്തിലെ ജ്വലിക്കുന്ന ദീപവുമായിരുന്നു. പക്ഷെ ആ ദീപത്തില്‍ നിന്നുമുള്ള അഗ്നി ലോകത്തിനു പ്രകാശവും ചൂടും നല്‍കിയത്‌ പോലെ അത് സ്വയം ദഹിപ്പിക്കുകയും ചെയ്തു; വിശുദ്ധന്റെ അധ്യാത്മിക ഉന്നതി കൂടുംതോറും, ശാരീരികമായി അദ്ദേഹം തളര്‍ന്നിരുന്നു, അദ്ദേഹത്തിന് 49 വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം ഒരു വയസ്സന്റേതിനു സമാനമായിരുന്നു. സഭാപരമായ എല്ലാ പ്രവര്‍ത്തികളിലും അദ്ദേഹം അപാരമായ കഴിവും അത്യുത്സാഹവും പ്രകടിപ്പിച്ചിരുന്നു. മഹാനായ ഒരു ദൈവശാസ്ത്രജ്ഞന്‍, ശക്തനായ സുവിശേഷകന്‍, ദൈവീക ദാനമുള്ള എഴുത്ത്കാരന്‍ എന്നീ നിരവധി പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടിരിന്നു. ആശ്രമ ജീവിതത്തിന്റെതായ രണ്ടു നിയമങ്ങള്‍ എഴുതിയുണ്ടാക്കിയത് വിശുദ്ധനാണ്, പൗരസ്ത്യ ആരാധനക്രമത്തിന്റെ പരിഷ്കര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ് വിശുദ്ധന്‍. എ‌ഡി 379-ല്‍ അദ്ദേഹത്തിന് 49 വയസ്സുള്ളപ്പോള്‍ വിശുദ്ധന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 

വി. ബേസില്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles