തുണയാകുന്ന ഹൃദയസാന്നിദ്ധ്യം

ഭാരം കുറയ്ക്കുന്ന സ്നേഹം

പോളിയോ പിടിപെട്ട് കാലുകള്‍ തളര്‍ന്ന അയല്‍വാസിയായ കൊച്ചുകൂട്ടുകാരനെ എന്നും മുതുകില്‍ ചുമന്നുകൊണ്ട് ഗ്രാമത്തിലെ സ്ക്കൂളില്‍ പോയിരുന്ന പയ്യന്‍റെ കഥ കേട്ടിട്ടുണ്ടാകാം. ഒന്നാം ക്ലാസ്സില്‍ തുടങ്ങിയതായിരുന്നു ആ ചുമട്. പത്താം ക്ലാസ്സായപ്പോഴും അവന്‍ ആ ചുമടു ചുമക്കുന്നതു കണ്ട് നാട്ടുകാര്‍ ചോദിക്കുമായിരുന്നു. എന്താ ജോണീ, നിനക്ക് അവന്‍ ഭാരമല്ലേ? ജോണി മറുപടി പറയും, അവന്‍ എനിക്ക് ഭാരമല്ല. കാരണം എന്‍റെ സഹോദരനാണവന്‍! He’s not heavy for me, because he is my brother! ജീവിതത്തില്‍ എന്നും ഓര്‍ക്കാവുന്ന സൂക്തമാണിത്. സ്നേഹത്തോടെ ഒരുവനെ സഹോദരനായി കാണാന്‍ സാധിച്ചാല്‍ അപരന്‍ എനിക്ക് ഭാരമല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരും. എന്‍റെ ഉത്തരവാദിത്തങ്ങള്‍ എന്‍റെ ജീവിത നുകമാണെന്ന ദര്‍ശനവും പ്രകാശവും കാര്യങ്ങള്‍ കുറെക്കൂടി എളുപ്പത്തിലാക്കാന്‍ സഹായിക്കും.

 

സാന്ത്വനമാകുന്ന സ്നേഹസാമീപ്യം

നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ ചിലപ്പോഴെങ്കിലും നാം മറ്റുള്ളവര്‍ക്ക് നുകം പണിയാറുണ്ട്. അപരര്‍ക്കായി നാം വച്ചുനീട്ടുന്ന നുകങ്ങളെ വേണ്ടെന്നുവയ്ക്കാനോ, അവയെ ലഘൂകരിക്കാനോ ഉള്ള നന്മ നമുക്കുണ്ടാകാറുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ജീവിതം ഇനിയും മെച്ചപ്പെട്ടേനേ! ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവിന്‍റെ കാല്പാദങ്ങള്‍ കഴുകി വൃത്തിയാക്കുന്ന പതിവ് വടക്കെ ഇന്ത്യയിലെ ചില ഗിരിവര്‍ഗ്ഗക്കാരുടെ ഇടയിലുണ്ട്. പതിവുപോലെ ഭാര്‍ത്താവ് ഒരു ദിവസം ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഭാര്യ അയാളുടെ പാദങ്ങള്‍ കഴുകുകയായിരുന്നു. ആദ്യമായി അയാള്‍ അവളെ ശ്രദ്ധിച്ചു. ഇതാ, വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഭാര്യയും താനും വൃദ്ധരായിരിക്കുന്നു. ഈ പ്രായത്തിലും വെറും ആചാരത്തിനുവേണ്ടി അവള്‍ തന്‍റെ കാലുകഴുകുന്നല്ലോ! അയാളുടെ മനം നൊന്തു! കുറ്റബോധം അയാളെ അലട്ടി. യൗവ്വനത്തോടും പ്രസാദത്തോടുംകൂടെ തന്‍റെ ജീവിതത്തിലേയ്ക്കു കടന്നുവന്നവള്‍ അടിമയായിരിക്കാന്‍ പാടില്ല. അവള്‍ എന്‍റെ പ്രഭ്വിയാണ്, ജീവിതപങ്കാളിയാണ്! വേണമെന്നുവച്ചാല്‍ മോശമായ കാര്യങ്ങള്‍ വൈകിയാണെങ്കിലും വേണ്ടെന്നും വയ്ക്കാവുന്നതാണ്. ഇനിയൊരിക്കലും ഭാര്യ തന്‍റെ കാലുകഴുകരുതെന്ന് അയാള്‍ തീരുമാനിച്ചു.

 

പങ്കുവയ്ക്കപ്പെടേണ്ട ജീവിതനുകങ്ങള്‍

സമൂഹജീവിതത്തിലെ തിന്മയുടെ നുകം ലഘൂകരിക്കാനും, വേണമെങ്കില്‍ എടുത്തു മാറ്റാനും നമുക്കു സാധിക്കും. നുകത്തിന് രണ്ട് ഉരുക്കളുണ്ട്. അത് ഒറ്റയ്ക്കെടുക്കേണ്ടതല്ല, പങ്കുവയ്ക്കേണ്ടതാണ്. നമ്മുടെ കാലത്തിലെ മിക്കവാറും മനുഷ്യരുടെ ശിരോലിഖിതമെല്ലാം നുകം ഒറ്റയ്ക്കു ചുമക്കേണ്ടി വരുന്ന അവസ്ഥയാണ്. ചരിത്രത്തില്‍ കഠിനമായ നുകവുമായി ഇടറിനീങ്ങുന്ന നസ്രത്തിലെ ചെറുപ്പക്കാരന്‍റെ ചിത്രം ഓര്‍മ്മിക്കാമല്ലോ. ഭാരമേറിയ കുരിശുമായി ആയാള്‍ ഓറ്റയ്ക്കാണ് ഇടറി നീങ്ങിയത്. പാതയോരത്തുനിന്ന് എല്ലാവരും അനുതാപത്തോടും കരുണയോടുംകൂടെ അത് കണ്ടുനില്ക്കുന്നു. ഒരാള്‍ മാത്രം മുന്നോട്ടുവന്നു നുകത്തിന്‍റെ മറുവശത്തു പിടിച്ചു. അത് സൈറീന്‍ കാരന്‍ ശിമയോനായിരുന്നു. അപ്പോള്‍ കുരിശ് രണ്ടു ഉരുക്കളുടെ മദ്ധ്യത്തിലായി. അങ്ങനെ അത് വഹിക്കാന്‍ എളുപ്പവുമായി. സഹായിക്കാന്‍ ആരുമില്ലാത്തതുകൊണ്ടുമാത്രം കഠിനമാകുന്ന നുകങ്ങളും പേറി എത്രയോ പേരാണ് ജീവിതത്തില്‍ വലയുന്നത്, അലയുന്നത്, തളരുന്നത്! എനിക്ക് ഒരു കൈത്താങ്ങു നല്കാനാകില്ലേ!?

 

തുണയാകുന്ന ഹൃദയസാന്നിദ്ധ്യം

സുവിശേഷമായ ക്രിസ്തുവിന്‍റെ ജീവിതം നിരീക്ഷിക്കുമ്പോള്‍, പ്രത്യേകിച്ച് പീഡകള്‍ കാണുമ്പോള്‍, അവിടുന്ന് ‘സുവിശേഷ’മല്ലെന്നു തോന്നിപ്പോകാം. എന്നാല്‍ മാനുഷിക യാതനകള്‍ക്ക് അതീതമായ ഒരു രക്ഷാകര മൂല്യമുണ്ട് അവിടുത്തെ സഹനങ്ങള്‍ക്കെന്ന് തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യകുലത്തോടും പിതാവിനോടും അവിടുത്തേയ്ക്കുള്ള സമഗ്രമായ സ്നേഹത്തിന്‍റെ പ്രതീകങ്ങളാണവ. മനുഷ്യന്‍റെ സകല ജീവിതാവസ്ഥകളോടും ദൈവത്തിനുള്ള സഹാനുഭാവവും കരുണയും കരുണാര്‍ദ്രമായ സ്നേഹവും പ്രകടമാക്കപ്പെടുന്നത് ക്രിസ്തുവിലാണ്. അവിടുന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്, “മക്കളെപ്പോലെ നമ്മെ സദാ കാത്തുപാലിക്കുന്നൊരു പിതാവു നമുക്കുണ്ട്.” “ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്” (ഏശയ 43, 5)! ഏറ്റം ചെറിയ കാര്യങ്ങള്‍ക്കു പിന്നില്‍പ്പോലും നമ്മുടെ ഹൃദയ സാന്നിദ്ധ്യമുണ്ടാവട്ടെ! എന്തും ഹൃദയപൂര്‍വ്വം ചെയ്യാനും, അപരനെ സഹായിക്കാനും കെല്പേകണേ! ഈ പ്രാര്‍ത്ഥനകൂടി ജൂണ്‍ മാസത്തില്‍, ഈശോയുടെ തിരുഹൃദയ സന്നിധേ നമുക്കു സമര്‍പ്പിക്കാം.

വ്യക്തി വികാരങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും കേന്ദ്രമാണ് ഹൃദയം. അങ്ങനെ ദൈവത്തിന്‍റെ മനുഷ്യരോടുള്ള സ്നേഹത്തിന്‍റെയും സാര്‍വ്വലൗകിക രക്ഷയുടെയും അനന്തമായ സ്രോതസ്സാണ് ക്രിസ്തുവിന്‍റെ ദിവ്യഹൃദയം. ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തോട് ഏറ്റവും അനുരൂപപ്പെട്ട ഹൃദയമാണ് മറിയത്തിന്‍റേത്. അതിനാലാണ് മറിയത്തിന്‍റെ വിമലഹൃദയത്തിന്‍റെ അനുസ്മരണം ഈശോയുടെ തിരുഹൃദയ തിരുനാള്‍ കഴിഞ്ഞ പിറ്റേന്നു കൊണ്ടാടുന്നത്.

ഫാത്തിമായില്‍ പരിശുദ്ധ കന്യകാനാഥ നിരന്തരമായി നല്കിയ മാനസാന്തരത്തിനുള്ള ആഹ്വാനം അനുസ്മരിച്ചുകൊണ്ട് ലോകത്തെ മുഴുവനും നമുക്ക് മറിയത്തിന്‍റെ വിമലഹൃദയത്തിലൂടെ ക്രിസ്തുവിന് സമര്‍പ്പിക്കാം, അതുവഴി ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും സമാധാനവും ലോകം അനുഭവിക്കാന്‍ ഇടയാവട്ടെ!

ദൈവം പ്രദാനംചെയ്യുന്ന രക്ഷയുടെ അതിരറ്റ അടയാളമാണ് ക്രിസ്തുവിന്‍റെ മുറിപ്പെട്ട ഹൃദയമെങ്കില്‍, ഈ ഭക്തി കടന്നുപോകുന്ന വണക്കമല്ല. ഈ ഭൂമിയില്‍നിന്നും മനുഷ്യഹൃദയങ്ങള്‍ ദൈവത്തിങ്കലേയ്ക്ക് നിരന്തരമായി ഉയര്‍ത്തുന്ന ചരിത്രത്തിലുള്ള ആരാധനയുടെ ഭാവാവിഷ്ക്കാരമാണ് യേശുവിന്‍റെ തിരുഹൃദയം. നമ്മുടെ ജീവിതപരിസരങ്ങള്‍, സമൂഹങ്ങള്‍, കുടുംബങ്ങള്‍ സ്നേഹമുള്ളതാക്കണേ! സമാധാനപൂര്‍ണ്ണമാക്കണേ, എന്ന് ദിവ്യഹൃദയത്തോട് എന്നും നമുക്കു പ്രാര്‍ത്ഥിക്കാം

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles