വിശ്വാസം വെറും അഡ്ജസ്റ്റ്മെൻ്റോ?

ശത്രു കരങ്ങളിലകപ്പെട്ട ഒരു മെത്രാൻ്റെ കഥ.
“താങ്കൾ ഇപ്പോൾ ഞങ്ങളുടെ അധീനതയിലാണ്.
ഈ വയസുകാലത്ത് ഇനിയുമെന്തിന് ക്രിസ്തുവിൽ വിശ്വസിക്കണം?
നിങ്ങൾ വിശ്വസിക്കുന്ന ക്രിസ്തുവിനുപോലും നിങ്ങളെ രക്ഷിക്കാനാകില്ല.
അതുകൊണ്ട് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ്
ജീവൻ രക്ഷിക്കാൻ നോക്കൂ…”
ചങ്കിൽ തറച്ചു കയറുന്ന
ശത്രുക്കളുടെ വാക്കുകൾക്ക് മുമ്പിൽ തെല്ലും പതറാതെ അദ്ദേഹം മറുപടി നൽകി:
“നിങ്ങൾ പറഞ്ഞത് ശരിതന്നെ,
ഞാനൊരു വയോവൃദ്ധനാണ്.
എന്നാൽ, കഴിഞ്ഞ 86 വർഷത്തെ ജീവിതത്തിൽ ക്രിസ്തു എനിക്കൊരു
ദോഷവും ചെയ്തിട്ടില്ല. അവിടുന്നെന്നെ സംരക്ഷിച്ചു. ഈ വയസുകാലത്ത്,
ശേഷിക്കുന്ന പ്രാണനു വേണ്ടി
അവിടുത്തെ തള്ളിപ്പറയാനോ….
ഒരിക്കലുമില്ല.”
അദേഹത്തിൻ്റെ വാക്കുകൾ
അവരുടെ കോപം വർദ്ധിപ്പിച്ചു:
”നിങ്ങളെ ജീവനോടെ ദഹിപ്പിക്കാനൊരുക്കിയ ചിതയാണിത്. അഗ്നിയിൽ വെന്ത് മരിക്കണോ
അതോ ജീവൻ നിലനിർത്തണോ?”
“ഈ അഗ്നി താത്ക്കാലികമാണ്.
ഇതിലും ഭയാനകമാണ് നരകാഗ്നി എന്നോർക്കണം. നരകാഗ്നിയിൽ നിപതിക്കുന്നതിനേക്കാൾ ഭേദം ഇതിൽ എറിയപ്പെടുന്നതാണ്…
എൻ്റെ കർത്താവിനെ ഞാനൊരിക്കലും തള്ളിപ്പറയില്ല. നിങ്ങൾക്കിഷ്ടമുള്ളത് ചെയ്തുകൊൾക.”
അദ്ദേഹത്തിൻ്റെ മറുപടി അതായിരുന്നു.
അദ്ദേഹം അഗ്‌നിയിലേക്കെറിയപ്പെട്ടു.
എന്നാൽ, ആ ശരീരത്തിനു ചുറ്റും
ഒരു കമാനം പോലെ ഉയർന്ന
അഗ്നിയുടെ നടുവിൽ തിരുവോസ്തി പോലെ ആ മനുഷ്യൻ കാണപ്പെട്ടു.
ശരീരം വെന്തുരുകുന്ന ഗന്ധത്തിനു പകരം അവിടെയെങ്ങും ഒരു അഭൗമിക സൗരഭ്യം നിറഞ്ഞു.
അഗ്നിയ്ക്ക് ആ മെത്രാൻ്റെ ജീവൻ അപഹരിക്കാൻ കഴിഞ്ഞില്ലെന്നു കണ്ടപ്പോൾ ശത്രുക്കൾ അദ്ദേഹത്തെ കഠാരകൊണ്ട് കുത്തി.
“കർത്താവേ….
നിന്നോടുള്ള സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. നിനക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ
എന്നെ നീ തിരഞ്ഞെടുത്തതിന് നന്ദി.
ദൈവമേ നിനക്ക് സ്വസ്തി.
നിൻ്റെ നാമം മഹത്വപ്പെടട്ടെ!” എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ പുണ്യമനുഷ്യൻ പ്രാണൻ വെടിഞ്ഞു.
അദ്ദേഹമാണ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്മിർണായിലെ വിശുദ്ധ പോളിക്കാർപ്പ്.
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ക്രിസ്തുവിനു വേണ്ടി ജീവൻ വെടിഞ്ഞവർ എത്രയധികമാണ്.
സഭയുടെ കെട്ടുറപ്പു തന്നെ ക്രിസ്തുവിനു വേണ്ടി ജീവൻ വെടിയാൻ തക്ക വിശ്വാസമുള്ളവർ ഉണ്ടെന്നതാണ്.
“നിങ്ങള്‍ ലോകമെങ്ങും പോയി,
എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍”
(മര്‍ക്കോ 16 : 15) എന്ന ക്രിസ്തുവിൻ്റെ വാക്കുകളിൽ രക്തസാക്ഷിത്വത്തിൻ്റെ
നിഴലുണ്ട്.
വിശ്വാസം അഡ്ജസ്റ്റുമെൻ്റുകൾക്ക് അധീനപ്പെടുന്ന ഇക്കാലയളവിൽ
ക്രിസ്തുവിനു വേണ്ടി മരണം വരിക്കാൻ വരെ തയ്യാറായ കലർപ്പില്ലാത്ത വിശ്വാസം
നമുക്ക് ലഭിക്കട്ടെ!

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles