ദൈവവിശ്വാസത്തിലൂന്നിയ അനുഗ്രഹദായകമായ ഐക്യം

നൂറ്റിമുപ്പത്തിമൂന്നാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന.

മൂന്ന് വാക്യങ്ങൾ മാത്രമുള്ള നൂറ്റിമുപ്പത്തിമൂന്നാം സങ്കീർത്തനം, ആരോഹണഗീതങ്ങളിൽ പതിനാലാമത്തേതാണ്. മതപരമായ കടമയുടെ ഭാഗമായി ഇസ്രായേൽ ജനം ജെറുസലേമിലേക്ക് നടത്തിയിരുന്ന തീർത്ഥാടനവേളയിൽ ഉപയോഗിച്ചിരുന്ന നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള പതിനഞ്ച് സങ്കീർത്തനങ്ങളെയാണല്ലോ ആരോഹണഗീതങ്ങൾ എന്ന് വിളിക്കുന്നത്. ആരോഹണഗീതങ്ങളിൽ നാലു സങ്കീർത്തനങ്ങളാണ് ദാവീദിന്റെ പേരിൽ അറിയപ്പെടുന്നത്. അവയിൽ നാലാമത്തേതാണ് ഏറെ മനോഹരമായ നൂറ്റിമുപ്പത്തിമൂന്നാം സങ്കീർത്തനം. ഈ സങ്കീർത്തനം രചിക്കപ്പെട്ടത്, ദാവീദ് ഇസ്രായേൽ ഗോത്രങ്ങളുടെയെല്ലാം രാജാവായി അംഗീകരിക്കപ്പെട്ടതിനു ശേഷമാകാമെന്ന് കരുതുന്നു. വിഭജനത്തിന്റെ നാളുകളേക്കാൾ ഐക്യത്തിന്റെ ദിനങ്ങളുടെ മനോഹാരിതയും ഈ സങ്കീർത്തനം വിളിച്ചോതുന്നുണ്ട്. ജ്ഞാനബോധനമുൾക്കൊള്ളുന്ന ഒരു കീർത്തനമായ ഈ സങ്കീർത്തനത്തിലൂടെ, കുടുംബജീവിതവുമായി ബന്ധപ്പെട്ട ഒരു ചിന്തയുടെ പശ്ചാത്തലത്തിൽ, ഇസ്രയേൽ ജനത്തിനെ മുഴുവൻ സഹോദര്യത്തിൽ ഏകമനസ്സോടെ ജീവിക്കാൻ ദാവീദ് ആഹ്വാനം ചെയ്യുന്നു. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ദൈവത്തിൽനിന്ന് അനുഗ്രഹവർഷത്തിനു വരെ കാരണമാകാവുന്നത്ര മാധുര്യമേറിയതാണെന്ന് ദാവീദ് ആലപിക്കുന്നു. കുറച്ച് ആളുകൾക്ക് മാത്രമല്ല, ഇസ്രായേൽ ജനത്തിന് മുഴുവനായുളള ഒരു ഉദ്ബോധനമായിക്കൂടി ഈ വാക്യങ്ങൾ മാറുന്നുണ്ട്. ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തുന്ന ആളുകളുടെയിടയിലും ഈയൊരു ഐക്യം സീയോൻമലയിലേക്കുള്ള അവരുടെ ബുദ്ധിമുട്ടേറിയ യാത്രയെ കുറച്ചുകൂടി ലഘുവും, അവരുടെ ജീവിതങ്ങളെ ദൈവത്തിന് സ്വീകാര്യപ്രദവുമാക്കുന്നുണ്ട്.

ദൈവജനത്തിന്റ  സന്തോഷദായകമായ ഐക്യം

“സഹോദരങ്ങൾ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്! എന്ന ഒന്നാം വാക്യമാണ് ഈ സങ്കീർത്തനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്യമെന്നു പറയാം. തുടർന്നുവരുന്ന വാക്കുകൾ, ഈയൊരു ഉദ്ബോധനമനുസരിച്ചുള്ള ജീവിതത്തിന്റെ സൗന്ദര്യത്തെ വിവിധ രൂപകങ്ങളിലൂടെ വർണ്ണിക്കുകയാണ് ചെയ്യുന്നത്. സൃഷ്ടികർമ്മം വർണ്ണിക്കുന്ന ഉല്പത്തിപ്പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങൾ മുതൽ ഇങ്ങോട്ട്, യാഹ്‌വെ എന്ന ദൈവത്തിലുള്ള വിശ്വാസം പൊതുവായി പങ്കുവയ്ക്കുമ്പോഴും, ചിലപ്പോഴൊക്കെ ഒരുമയിലും എന്നാൽ പലപ്പോഴും പരസ്പരം കലഹിച്ചും, അസൂയപ്പെട്ടും പോന്നിരുന്ന വിവിധ ഗോത്രങ്ങളായാണ് നാം ഇസ്രായേൽ ജനത്തിലെ ആളുകളെ കാണുന്നത്. അങ്ങനെയുള്ള സംഘർഷങ്ങളെക്കാളും വിഭജനത്തെക്കാളും ഏറെ സന്തോഷപ്രദമാണ് ഒരുമയിലുള്ള ജീവിതമെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു.

വിശുദ്ധഗ്രന്ഥചിന്തയിൽ സഹോദരങ്ങൾ എന്നതിലൂടെ, രക്തബന്ധം വഴിയോ, അനുഭവങ്ങളും മൂല്യങ്ങളും പങ്കുവയ്ക്കുന്നതുവഴിയോ ഒരുമിച്ചുനിൽക്കുന്ന ഒരു സമൂഹത്തിലെ സ്ത്രീപുരുഷന്മാരെയാണ് സാധാരണയായി ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഈ സങ്കീർത്തനവാക്യത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാകുവാൻ ഭാഗ്യം ലഭിച്ച, ഇസ്രായേൽ ജനത്തെയാണ് സഹോദരങ്ങൾ എന്ന വാക്കിലൂടെ പരാമർശിക്കപ്പെടുന്നതെന്ന് മനസിലാക്കണം. പൊതുവായ വിശ്വാസം പങ്കിടാത്തവരുമായിപ്പോലും സമാധാനപരമായും ശാന്തമായും സഹവസിക്കാമെന്നിരിക്കെ, ഒരേ വിശ്വാസവും ഒരേ ദൈവവുമുള്ള മനുഷ്യർക്ക് തങ്ങളുടെ ജീവിതതീർത്ഥാടനത്തിൽ ഒരേ മനസ്സോടെ മുന്നോട്ട് പോകാനാകാൻ, സാധിക്കുന്നത് ഏറെ വിശിഷ്ടമാണ്. ചിന്തകളിലും മനോഭാവത്തിലും വ്യത്യസ്തതകൾ ഉള്ളയിടങ്ങളിൽ പരസ്പരകലഹങ്ങൾ സാധാരണമായേക്കാം, എന്നാൽ ഒരേ വിശ്വാസത്തോടെ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നവർക്കിടയിൽ ഈയൊരു സാഹോദര്യം നിലനിൽക്കണമെന്ന് ഒരോർമ്മപെടുത്താൽ കൂടിയാകുന്നുണ്ട് സങ്കീർത്തനത്തിന്റെ ആദ്യവാക്യം.

അഭിഷേകതൈലമാകുന്ന ഐക്യം

സങ്കീർത്തനത്തിന്റെ രണ്ടാം വാക്യം, ഇസ്രായേൽ ജനത്തിന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന ഒരു ചിത്രമാണ് വരച്ചുചേർക്കുന്നത്. സഹോദരരുടെ ഐക്യം “അഹറോന്റെ തലയിൽനിന്നു താടിയിലേക്ക് ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലം പോലെയാണ് അത്” എന്നാണ് ദാവീദ് എഴുതിച്ചേർക്കുക. ശിരസ്സിൽ തൈലം ഒഴിച്ചുള്ള അഭിഷേകമെന്നതിലൂടെ, ദൈവവിശ്വാസവുമായും, ജീവിതസമർപ്പണവുമായും ബന്ധപ്പെട്ടുകിടക്കുന്ന ഒരു ചിന്തയാണ്. പുറപ്പാടുപുസ്തകത്തിന്റെ മുപ്പതാം അദ്ധ്യായം ഇരുപത്തിരണ്ടുമുതൽ മുപ്പത്തിമൂന്നുവരെയുള്ള വാക്യങ്ങളിൽ, പ്രത്യേകമായി തയ്യാറാക്കപ്പെട്ട വിശുദ്ധമായ അഭിഷേകതൈലത്താൽ, സമാഗമകൂടാരവും, സാക്ഷ്യപേടകവും, ബലിപീഠവും, അഹറോനും പുത്രന്മാരുമൊക്കെ അഭിഷേകം ചെയ്യപ്പെടണമെന്ന് കർത്താവ് മോശയോട് കൽപ്പിക്കുന്നത് നാം കാണുന്നുണ്ട്. സാധാരണ ആളുകളുടെമേൽ ഈ തൈലം ഒഴിക്കരുതെന്ന് യാഹ്‌വെ താക്കീതുനൽകുന്നുണ്ട്.

അഹറോന്റെ തലയിൽനിന്ന് താഴേക്കൊഴുകുന്ന അഭിഷേകതൈലമെന്നത്, സാഹോദര്യത്തിന്റെ ദൈവികമൂല്യത്തെയും, വിശുദ്ധിയെയുമാണ് സങ്കീർത്തകൻ എടുത്തുകാണിക്കുന്നത്. ഏകമനസ്സോടെ ജീവിക്കാനാവുക, അത്രയേറെ പവിത്രമായ, ആഴമേറിയ വിശ്വാസത്തിലും വിശ്വസ്തതയിലും അടിത്തറയിട്ട് വളരുന്ന, ബന്ധങ്ങൾ ഉള്ളവർക്കാണ് സാധിക്കുക. ഓരോ ഇസ്രായേൽക്കാരനെയും ദാവീദ് ആഹ്വാനം ചെയ്യുന്നതും അതുപോലെ ആഴമേറിയ സഹോദര്യചിന്തകൾ മനസ്സിൽ സൂക്ഷിക്കാനും വിശുദ്ധിയുടെ നറുമണമുള്ള ബന്ധങ്ങൾ അനുദിനം ജീവിക്കാനുമാണ്. സഹോദരങ്ങളായ ദൈവജനം ജീവിക്കുന്ന ആഴമേറിയ സാഹോദര്യം, പ്രധാനപുരോഹിതന്റെയും, ദൈവസാന്നിദ്ധ്യമുള്ള ഇടങ്ങളുടേയും അത്ര പവിത്രതയും പ്രാധാന്യവുമുള്ളതാണെന്ന് ദാവീദ് ഓർമ്മിപ്പിക്കുന്നു.

ഹെർമോനിലെ മഞ്ഞുതുള്ളി

ഹെർമോനിലെ മഞ്ഞുതുള്ളിയുടെ മനോഹാരിതയോടാണ് സഹോദരർ ഏകമനസ്സായി വസിക്കുന്നതിനെക്കുറിച്ച് ദാവീദ് ആലങ്കാരികമായി ഉപമിച്ചിരിക്കുന്നത്. സീയോൻ പർവ്വതത്തിന്റെ ഉയരങ്ങൾക്ക് ദൈവസാന്നിദ്ധ്യത്തിന്റെ വിശുദ്ധിയുണ്ട്. ഉണങ്ങിവരണ്ടയിടങ്ങളിൽ ഒരൽപം ഈർപ്പമേകുന്നത് പ്രഭാതത്തിൽ കാണപ്പെടുന്ന മഞ്ഞുതുള്ളികളാണ്. ഭൂമിയുടെ ഊഷരതയിലും ജീവിതത്തിന്റെ പരുപരുത്ത അനുഭവങ്ങളിലും, ഒരുമയോടെയും ഏകമനസ്സോടെയും മുന്നേറാൻ കഴിയുക എന്നത്, വരണ്ട കുന്നിൻചെരുവുകളിൽ പ്രഭാതത്തിലെ മഞ്ഞുതുള്ളി നൽകുന്ന കുളിർമയും ആശ്വാസവും പോലെ മനോഹരമാണ്. മൂന്നാം വാക്യം ഇതാണ് വ്യക്തമായി പറയുന്നത്. “സീയോൻ പർവ്വതങ്ങളിൽ പൊഴിയുന്ന ഹെർമോൻ തുഷാരം പോലെയാണത്; അവിടെയാണ് കർത്താവ് തന്റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്”. പലസ്തീനയുടെ വടക്കുഭാഗത്ത് കാണുന്ന ഹെർമോൻ മലയിൽ പച്ചപ്പ്‌ നിലനിറുത്തുവാൻ സഹായിക്കുന്ന മഞ്ഞിൻതുള്ളികളുടെ ചിത്രം മനസ്സിൽ കണ്ടായിരിക്കണം ദാവീദ് ഈ വരികൾ എഴുതിയത്. ഹെർമോൻ മലയിൽനിന്നുള്ള ഈ തുഷാരമാണ് സീയോനിലേക്ക് അനുഗ്രഹമായി പെയ്യുന്നത്. ഇസ്രയേലിന് ആരാധനാകേന്ദ്രമായി മാറിയ, വിശ്വാസസമൂഹത്തിന് ദൈവാനുഗ്രഹം പെയ്യുന്ന സീയോനിലേക്ക്, ജെറുസലേമിലേക്കാണ് ഹെർമോനിലെ തുഷാരം പെയ്തിറങ്ങുന്നത്.

മൂന്നാം വാക്യത്തിന്റെ അവസാനഭാഗത്ത്, നിത്യജീവനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു പരാമർശമാണ് നാം കാണുന്നത്. സഹോദരർ ഏകമനസ്സായി ജീവിക്കുന്നയിടത്താണ് കർത്താവ് തന്റെ അനുഗ്രഹങ്ങൾ മഞ്ഞുതുള്ളികൾ പോലെ വർഷിക്കുന്നത്. ആളുകൾ, ദൈവത്തിന്റെ വാസസ്ഥലത്തോട് ചേർന്ന് നിൽക്കുമ്പോൾ, ഏകമനസ്സോടെ സാഹോദര്യത്തിൽ ജീവിക്കുമ്പോൾ, അവിടെയാണ് കർത്താവ് അനന്തമായ ജീവൻ പ്രദാനം ചെയ്യുന്നത്. സാഹോദര്യവും വിശ്വാസവും ജീവിക്കുന്നത് നിത്യജീവിതത്തിന് എന്തുമാത്രം പ്രധാനപ്പെട്ടതാണെന്ന ഒരു ചിന്തയോടെയാണ് ഈ സങ്കീർത്തനം അവസാനിക്കുന്നത്.

നൂറ്റിയിരുപത്തിമൂന്നാം സങ്കീർത്തനം ഇന്നത്തെ ജീവിതത്തിൽ

കുടുംബങ്ങളിലും, സമൂഹങ്ങളിലും, രാഷ്ട്രത്തിലും ഭിന്നിപ്പുകളുണ്ടാക്കുന്നവർ സൃഷ്ടിയുടെ സൗന്ദര്യത്തെയും നന്മയെയുമാണ് ഇല്ലാതെയാക്കുന്നത്. ക്ഷമയും, നന്മയും, സ്നേഹവുമായ ഒരു ദൈവസങ്കല്പത്തെ ഇനിയും തങ്ങൾ മനസ്സിലാക്കുകയോ, അനുധാവനം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് തങ്ങളുടെ പ്രവൃത്തികളിലൂടെ, അവർ ലോകത്തോട് ഏറ്റുപറയുകയാണ്. ഭിന്നിപ്പുകളുണ്ടാക്കുന്ന ചിന്തകളെയും വ്യക്തികളെയും നല്ല മനുഷ്യരാക്കി മാറ്റിയെടുക്കുവാനും, മറ്റുള്ളവരെ ഉൾക്കൊള്ളുന്ന, കുറച്ചുകൂടി തുറന്ന മനസ്സുള്ള വ്യക്തികളാക്കുവാനും പരിശ്രമിക്കാൻ ഈ സങ്കീർത്തനവിചാരങ്ങൾ നമ്മെ സഹായിക്കണം. ഒരുമയെ ഇല്ലാതാക്കുന്ന വസ്തുതകളെയും, ആശയങ്ങളെയും, മത, രാഷ്ട്രീയ ചിന്തകളെയും ദൈവവിശ്വാസത്തിലധിഷ്‌ഠിതമായി പരിവർത്തനം ചെയ്യാനും, സാഹോദര്യത്തിന്റെ ചിന്തയിലേക്ക് നയിക്കുന്ന അസ്ഥിത്വങ്ങളും യാഥാർഥ്യങ്ങളുമായി എല്ലാവരെയും എല്ലാത്തിനെയും മാറ്റിയെടുക്കുവാനും ഈ സങ്കീർത്തനവരികൾ നമ്മെ ക്ഷണിക്കുന്നുണ്ട്. അഹറോന്റെ ശിരസ്സിൽനിന്നൊഴുകുന്ന സുഗന്ധമാർന്ന അഭിഷേകതൈലം പോലെയും, സീയോൻ മലമുകളിൽ പൊഴിയുന്ന ഹെർമോനിലെ തുഷാരം പോലെയും മനോഹരമാകട്ടെ നമ്മുടെ ഐക്യചിന്തകളും ജീവിതവും. അവിടെ ദൈവം തന്റെ അനുഗ്രഹം നിരന്തരമായി വർഷിക്കട്ടെ, നിത്യമായ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവകാരുണ്യം അളവുകളില്ലാതെ ഒഴുകട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles