ഓരോ ജീവനും വിലമതിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. എൻ്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനോ നിങ്ങളോ ഈ ഭൂമുഖത്ത് ഉണ്ടാകില്ലായിരുന്നു. ലോകത്തിലുള്ള മറ്റ് ഏതൊരു രാജ്യങ്ങളെക്കാളും കൂടുതൽ ഭ്രൂണഹത്യകളുടെ എണ്ണം വളരെ കൂടുതലായ ഇന്ത്യയിൽ ഇനിയും ആ എണ്ണം കൂട്ടാൻ വേണ്ടി മാത്രമേ ഇങ്ങനെ ഉള്ള ചിത്രങ്ങൾ സഹായിക്കൂ…

ചോരക്കുഞ്ഞിനെ ചപ്പുചവറുകൾക്കിടയിൽ ഉപേക്ഷിച്ചതിൻ്റെ പേരിൽ ഒരു സ്ത്രീ ജയിലിൽ കഴിയുകയും ആ നവജാതശിശുവിൻ്റെ മരണത്തിന് കാരണക്കാർ ആയ രണ്ട് സ്ത്രീകൾ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പ്രധാന വാർത്ത ആയിരുന്നു… ഒരു നവജാത ശിശുവിനെ കൊല്ലുന്നവർക്ക് കഠിനശിക്ഷ നൽകുകയും മറിച്ച് ഒരു ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നവർക്ക് “കൂൾ” ആയി സമൂഹമധ്യത്തിൽ ഇറങ്ങി നടക്കാൻ അവകാശം കൊടുക്കുന്നത് ശരിയാണോ?

ഒരു സ്ത്രീയുടെ ഉദരത്തിൽ ഒരു കുഞ്ഞ് രൂപം കൊള്ളുന്ന ആദ്യ ദിനങ്ങളിൽ തന്നെ ഭ്രൂണം എന്ന് വിളിച്ച് ശീലിക്കാതെ “ഗർഭസ്ഥശിശു” എന്ന് പറഞ്ഞ് പഠിച്ചാൽ ഒരു പക്ഷേ നമ്മുടെ ഒക്കെ മനസ്ഥിതി മാറാൻ സാധ്യതയുണ്ട്… തൻ്റെ അല്ലെങ്കിൽ അവളുടെ ഉദരത്തിൽ വളരുന്നത് ഒരു കുഞ്ഞ് ജീവൻ ആണ് എന്ന അവബോധം സൃഷ്ടിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഓരോ ജീവനും ദൈവത്തിൻ്റെ ദാനം ആണ്. ആ ജീവൻ്റെ മേൽ കൈകൾ വയ്ക്കാൻ ഈ ഭൂമിയിൽ ആർക്കും അവകാശം ഇല്ല… ഒരു ജീവൻ ഉരുവാകുന്ന ആദ്യനിമിഷം മുതൽ അവസാന നിശ്വാസം വരെ ഓരോ ജീവനും വിലമതിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം…

ഓമനത്തം നിറഞ്ഞ ഈ കുഞ്ഞ് ഭ്രൂണഹത്യയ്ക്ക് ഇരയായി ചവറ്റുകുട്ടയിൽ എറിയപ്പെടേണ്ടത് ആയിരുന്നു. “വേഗം പോയി ഡോക്ടറെ കണ്ട് അതിനെ ഇല്ലാതാക്കാൻ” ആക്രോശിക്കുന്ന ബന്ധുക്കളുടെ മുമ്പിൽ ഈ കുഞ്ഞിൻ്റെ അമ്മയുടെ ദൃഢനിശ്ചയം മാത്രമാണ് ഇന്ന് ജിയന്നാ എന്ന കൊച്ച് പെൺകുട്ടി ഇങ്ങനെ കളിച്ച് ചിരിക്കാൻ ഇടയാക്കിയത്. ഭ്രൂണഹത്യയ്ക്ക് ഇരയാകുന്ന ഓരോ കുഞ്ഞും ഈ കുഞ്ഞ് മാലാഖായെപ്പോലെ പാറി പറന്ന് നടക്കേണ്ടതാണ്…

ഇറ്റലിയിൽ ജീവിക്കുന്ന ഈ കുഞ്ഞ് മാലാഖാ മരണത്തിൻ്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് കടന്നുവരാൻ ഇടയാക്കിയ കഥ:

കയ്പ്പേറിയതും തകർന്നുപോയതുമായ ഒരു ദാമ്പത്യ ജീവിതത്തിൻ്റെ അവസാനം ലിൻഡ എന്ന യുവതിയുടെ ജീവിതത്തിൽ അവശേഷിച്ച ഉദരഫലത്തെ ഉൾക്കൊള്ളാൻ ലിൻഡയുടെ പ്രിയപ്പെട്ടവർക്ക് കഴിഞ്ഞില്ല. മാതാപിതാക്കന്മാരും ബന്ധുക്കളും എല്ലാം ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കൊന്നു കളയുവാൻ ലിൻഡയെ നിർബന്ധിച്ചപ്പോൾ ധീരതയോടെ മനസാക്ഷിയുടെ സ്വരം ശ്രവിച്ച ലിൻഡ തൻ്റെ ഇടവകയിൽ ഉള്ള സന്യസ്തരുടെ സഹായത്താൽ ആ കുഞ്ഞു ജീവനെ സംരക്ഷിക്കുവാൻ കഠിനപരിശ്രമം നടത്തി… മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുമ്പിൽ അബോർഷൻ നടത്താൻ എന്ന വ്യാജേന ആശുപത്രിയിൽ ഡേറ്റ് ഫിക്സ് ചെയ്തു. ഡോക്ടറും ലിൻഡയുടെ ആഗ്രഹത്തിന് എതിര് നിന്നില്ല. ഓപ്പറേഷൻ തിയേറ്ററിൽ വരെ കയറ്റി അബോർഷൻ നടത്തിയതായി ബന്ധുക്കളെ ധരിപ്പിച്ചു.. നേരത്തെ പ്ലാൻ ചെയ്ത പ്രകാരം പഠനത്തിൻ്റെ ഭാഗമായിട്ട് എന്ന വ്യാജേന സൗത്ത് ഇറ്റലിയിൽ നിന്ന് നോർത്ത് ഇറ്റലിയിലുള്ള ഒരു കോൺവെൻ്റിൽ ഏഴു മാസം ആരും കാണാതെ ഒളിച്ചു ജീവിച്ചു.

മരണത്തെ മുഖാമുഖം കണ്ടാണ് ലിൻഡ തൻ്റെ കുഞ്ഞിന് ജന്മം നല്കിയത്. സ്വന്തം കുഞ്ഞിനു വേണ്ടി ജീവൻ ബലിയായി നൽകിയ വി. ജിയന്നാ ബറേത്തയുടെ പേര് ലിൻഡ തൻ്റെ കുഞ്ഞിന് നൽകി. മാസങ്ങൾക്ക് ശേഷം ഈ വാർത്ത അറിഞ്ഞ ഫ്രാൻസിസ് പാപ്പാ ലിൻഡയെയും കുഞ്ഞിനെയും നേരിൽ കാണാനും അഭിനന്ദിക്കാനും ആഗ്രഹം പ്രകടിപ്പിച്ചു, അപ്പോഴാണ് ലിൻഡ തനിക്ക് ഒരു കുഞ്ഞുണ്ട് എന്ന സത്യം തൻ്റെ മാതാപിതാക്കളെ അറിയിക്കുന്നത്. ആകാശത്തു നിന്ന് പറന്നിറങ്ങിയ ഒരു കുഞ്ഞ് മാലാഖായെപ്പോലെ ആണ് ബന്ധുക്കൾക്ക് ഇപ്പോൾ കുഞ്ഞ് ജിയന്നാ…

ഓരോ ദിവസവും കുഞ്ഞ് ജിയന്നായെപ്പോലെ എത്ര ലക്ഷം കുഞ്ഞുങ്ങൾ ആണ് അമ്മമാരുടെ ഉദരത്തിൽ വച്ച് കൊലചെയ്യപ്പെടുന്നത്. ലോകത്തുള്ള ഒരു മൃഗവും സ്വന്തം കുഞ്ഞിനെ ഉദരത്തിൽ വച്ച് കൊല്ലാറില്ല… മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്ന രണ്ടുകാര്യങ്ങളാണ് ബുദ്ധിശക്തിയും വിവേചനശക്തിയും… പരിപൂർണ്ണരാണെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ പക്ഷേ പലപ്പോഴും മൃഗങ്ങളെക്കാളും പൈശാചികമായി പെരുമാറുന്നു…

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles