പ്രാര്‍ത്ഥനയുടെ മനുഷ്യനായ ഏലിയാ പ്രവാചകനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം !

സൃഷ്ടിയെക്കുറിച്ചുള്ള പരിചിന്തനത്തിനായി ഇടയ്ക്കു നാം നിറുത്തിവച്ച പ്രാർത്ഥനയെക്കുറിച്ചുള്ള പ്രബോധന പരമ്പര ഇന്ന് നാം പുനരാരംഭിക്കുകയാണ്. അതിൽ നമ്മൾ, വേദപുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയരായ കഥാപാത്രങ്ങളിൽ ഒരാളുമായി കണ്ടുമുട്ടുന്നു: ഏലിയാ പ്രവാചകൻ. സ്വന്തം കാലഘട്ടത്തിൻറെ അതിരുകളെ അദ്ദഹം ഉല്ലംഘിക്കുന്നു.

ചില സുവിശേഷ സംഭവങ്ങളിലും അദ്ദേഹത്തിൻറെ സാന്നിധ്യം നാം തിരിച്ചറിയുന്നു. യേശുവിൻറെ രൂപാന്തരീകരണ വേളയിൽ എലിയ യേശുവിൻറെ ചാരെ മോശയോടൊപ്പം പ്രത്യക്ഷപ്പെടുന്നു (മത്താ 17,3). സ്നാപക യോഹന്നാൻറെ സാക്ഷ്യത്തിന് സ്ഥിരീകരണമേകാൻ യേശു തന്നെ ഏലിയായോട് സ്വയം സാദൃശപ്പെടുത്തുന്നുണ്ട് (മത്താ 17: 10-13).

ബൈബിളിൽ, ഏലിയാ അപ്രതീക്ഷിതമായി, നിഗൂഢമാം വിധം പ്രത്യക്ഷപ്പെടുന്നു, തീർത്തും പ്രാന്തീയമായ ചെറിയൊരു ഗ്രാമത്തിൽ നിന്നാണ് ഏലിയാ പ്രവാചകൻ വരുന്നത്. (1 രാജാക്കന്മാർ 17,1); അവസാനം അദ്ദേഹം ശിഷ്യനായ എലീഷായുടെ കൺമുന്നിൽ വച്ച്, അരങ്ങത്തു നിന്ന് അപ്രത്യക്ഷനാകുന്നു. ഒരു ആഗ്നേയരഥം ഏലിയായെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നു (2 രാജാക്കന്മാർ 2,11-12). അതിനാൽ ഏലിയാ കൃത്യമായ ഉറവിടമില്ലാത്ത മനുഷ്യനാണ്, സർവ്വോപരി, സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതിനാൽ ഒരു അന്ത്യമില്ലാത്തവനാണ്. ഇക്കാരണത്താൽ മിശിഹായുടെ വരവിനു മുമ്പായി, ഒരു മുന്നോടിയെന്ന നലയിൽ, അവൻറെ പുനരാഗമനം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അങ്ങനെ ഏലീയായുടെ പുനരാഗമനം പാർത്തിരുന്നു.

വിശ്വാസത്തിൻറെ മനുഷ്യൻ

സുതാര്യമായ ഒരു വിശ്വാസമുള്ള മനുഷ്യനായി തിരുലിഖിതം ഏലിയായെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു: “യഹോവ ദൈവം ആകുന്ന” എന്നർഥമുള്ള അവൻറെ നാമത്തിൽ, അവൻറെ ദൗത്യത്തിൻറെ രഹസ്യം അടങ്ങിയിരിക്കുന്നു. അദ്ദേഹത്തിൻറെ ജീവിതത്തിലുടനീളം അപ്രകാരമായിരിക്കും: സത്യസന്ധനായ മനുഷ്യൻ, നീചമായ തരത്തിലുള്ള വിട്ടുവീഴ്ചകൾക്ക് സന്നദ്ധനല്ലാത്തവൻ. ശുദ്ധീകരിക്കാൻ ദൈവത്തിനുള്ള ശക്തിയുടെ പ്രതിരൂപമായ അഗ്നിയാണ് അവൻറെ ചിഹ്നം. അവൻ ആദ്യം കഠിന പരീക്ഷണത്തിന് വിധേയനാക്കപ്പെടും, അവൻ വിശ്വസ്തനായി നിലകൊള്ളും. പ്രലോഭനങ്ങളും സഹനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും തങ്ങൾ എന്തിനു വേണ്ടി ജനിച്ചുവോ ആ ആദർശങ്ങളെ മുറുകെ പിടിക്കുന്ന സകല വിശ്വാസികളുടെയും മാതൃകയാണ് ഏലീയാ.

പ്രാർത്ഥന ജീവരസമാക്കിയ പ്രവാചകൻ

അദ്ദേഹത്തിൻറെ അസ്തിത്വത്തിന് നിരന്തരം പോഷണമേകുന്ന ജീവരസം പ്രാർത്ഥനയാണ്. അതുകൊണ്ടാണ് ഏലീയാ താപസജീവിത പാരമ്പര്യത്തിന് ഏറ്റം പ്രിയപ്പെട്ടവരായവരിൽ ഒരാളായിരിക്കുന്നത്. സമർപ്പിതജീവിതത്തിൻറെ ആദ്ധ്യാത്മിക നിയന്താവായി പോലും ചിലർ അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു. പരമോന്നതൻറെ പ്രാഥമ്യത്തിൻറെ സംരക്ഷകനായി നിലകൊള്ളുന്ന ദൈവത്തിൻറെ മനുഷ്യനാണ് ഏലീയാ. എന്നിരുന്നാൽത്തന്നെയും, സ്വന്തം ബലഹീനതകളോടു പൊരുതാൻ അവനും നിർബന്ധിതനാകുന്നു. കർമ്മല മലയിൽ വച്ച് വ്യാജപ്രവാചകന്മാർക്കേറ്റ പരാജയമോ, (1 രാജാക്കന്മാർ 18: 20-40) അല്ലെങ്കിൽ, തൻറെ പിതാക്കന്മാരെക്കാൾ മെച്ചമല്ല താൻ എന്ന തിരിച്ചറിവിനാലുള്ള ശൂന്യതാബോധമോ (1രാജാക്കന്മാർ 19,4) എന്നിങ്ങനെയുള്ള ഏത് അനുഭവങ്ങളായിരുന്നു ഏലിയായ്ക്ക് കൂടുതൽ ഉപകാരപ്രദമായി ഭവിച്ചതെന്ന് പറയാനാകില്ല. പ്രാർത്ഥിക്കുന്നവൻറെ ആത്മാവിൽ സ്വന്തം ബലഹീനതയെക്കുറിച്ചുള്ള അവബോധം, ജീവിതം വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഒരു കുതിരയോട്ടമാണെന്ന പ്രതീതിയുളവാക്കുന്ന ഉയർച്ചയുടെ നിമിഷങ്ങളെക്കാൾ അനർഘമാണ്. പ്രാർത്ഥനയിൽ സദാ സംഭവിക്കുന്നത് ഇതാണ്: പ്രാർത്ഥനയിൽ നമ്മെ മേലോട്ടുയർത്തുന്നതായ, ഉത്സാഹത്തിൻറെതായ നിമിഷങ്ങളുണ്ട്. വേദനയുടെയും, വരൾച്ചയുടെയും പരീക്ഷണങ്ങളുടെയും വേളകളുണ്ട്. പ്രാർത്ഥന അങ്ങനെയാണ്. അത് ദൈവത്താൽ സംവഹിക്കപ്പെടാനും മോശമായ സാഹചര്യങ്ങളാലും പ്രലോഭനങ്ങളാലും പ്രഹരിക്കപ്പെടാനും അനുവദിക്കലാണ്. ഈ യാഥാർത്ഥ്യം ബൈബിളിൽ, പുതിയ നിയമത്തിലും മറ്റനേകരുടെ വിളികളിലും കാണപ്പെടുന്നുണ്ട്. ഉദാഹരണമായി വിശുദ്ധരായ പത്രോസിൻറെയും പൗലോസിൻറെയും ജീവിതം അങ്ങനെയായിരുന്നു. ഉയർച്ചയുടെയും താഴ്ചയുടെയും സഹനത്തിൻറെയും നിമിഷങ്ങൾ ഉണ്ടായിരുന്നു.

മനനവും കർമ്മവും സമ്യക്കായി സമ്മേളിച്ച ജീവിതം

ഏലിയാ ധ്യാനാത്മകവും, ഒപ്പം, കർമ്മനിരതവുമായ ജീവിതത്തിൻറെ മനുഷ്യനാണ്. തൻറെ കാലഘട്ടത്തിലെ സംഭവിവികാസങ്ങളിൽ അസ്വസ്ഥനായിരുന്ന അദ്ദേഹം, നാബോത്തിൻറെ മുന്തിരത്തോട്ടം തട്ടിയെടുക്കുന്നതിന് അദ്ദേഹത്തെ വധിച്ച രാജാവിനും രാജ്ഞിക്കുമെതിരെ പ്രതികരിക്കാൻ പ്രാപ്തനായിരുന്നു, രാജാക്കന്മാർ 21: 1-24). “ഇത് ചെയ്യാൻ പാടില്ല! ഇത് കൊലപാതകമാണ്!” എന്ന് ഭരണോത്തരവാദിത്വമുള്ളവരോടു എലിയായെപ്പോലെ ധീരതയോടെ പറയാൻ കഴിയുന്ന, അങ്ങനെ പ്രവർത്തിക്കാൻ കഴിയുന്ന തീക്ഷ്ണമതികളായ ക്രൈസ്തവരെ, വിശ്വാസികളെ നമുക്ക് എത്രയേറെ ആവശ്യമാണ്. ഏലിയായുടെ ചൈതന്യം നമുക്കാവശ്യമാണ്. പ്രാർഥിക്കുന്നവരുടെ ജീവിതത്തിൽ ഒരു ദ്വന്ദ്വാവസ്ഥ ഉണ്ടാകരുതെന്ന് ഏലിയ കാണിച്ചുതരുന്നു. അവൻ കർത്താവിൻറെ മുമ്പാകെ നിൽക്കുകയും അവിടന്ന് അയക്കുന്ന സഹോദരന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു. പ്രാർത്ഥന, ആത്മാവിനെ ചായം പൂശുന്നതിന്, കർത്താവിൻറെ കൂടെ അടച്ചുപൂട്ടി ഇരിക്കലല്ല, ഇല്ല, ഇതൊരിക്കലും പ്രാർത്ഥനയാകില്ല. അത് കപട പ്രാർത്ഥനയാണ്. പ്രാർത്ഥനയെന്നത് ദൈവവുമായുള്ള കണ്ടുമുട്ടലും സഹോദരങ്ങളെ ശുശ്രൂഷിക്കുന്നതിന് സന്നദ്ധതയുള്ളവരായിരിക്കലുമാണ്. അയൽക്കാരനോടുള്ള സമൂർത്ത സ്നേഹമാണ് പ്രാർത്ഥനയുടെ പരിശോധനാ മാനദണ്ഡം. ലോകത്തിൽ വിശ്വാസികൾ പ്രവർത്തിക്കുന്നത്, ആദ്യം മൗനം പാലിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനുശേഷമാണ്. അല്ലെങ്കിൽ അവരുടെ ചെയ്തി വൈകാരികവും വിവേകരഹിതവുമാകും. അത് ലക്ഷ്യമില്ലാത്ത ഓട്ടമാകും. ഇങ്ങനെ ചെയ്യുന്ന വിശ്വാസികൾ നിരവധി അനീതികൾ ചെയ്യുന്നു, കാരണം അവർ ആദ്യം പ്രാർത്ഥിക്കുന്നതിന്, എന്താണ് ചെയ്യേണ്ടതെന്ന് വിവേചിച്ചറിയുന്നതിന്, കർത്താവിൻറെ പക്കൽ അണയുന്നില്ല.

വിശ്വാസ വളർച്ച

ഏലിയായുടെ വിശ്വാസവും അഭിവൃദ്ധിപ്പെട്ടുവെന്ന് വേദപുസ്തകത്താളുകൾ നമുക്കു കാണിച്ചുതരുന്നു. അദ്ദേഹവും പ്രാർത്ഥനയിൽ വളർന്നു, ക്രമേണ അവനെ സ്ഫുടം ചെയ്തെടുത്തു. അവൻറെ ആ പ്രയാണത്തിൽ അവന് ദൈവത്തിൻറെ വദനം കൂടുതൽ തെളിമയാർന്നതായി ഭവിച്ചു. മലമുകളിൽ വച്ച് ദൈവം ഏലിയായ്ക്ക് സ്വയം വെളിപ്പെടുത്തുന്ന ആ അസാധാരണാനുഭവം വരെ അത് എത്തിച്ചേരുന്നു….. പരിക്ഷീണിതനും സകലത്തിലും പരാജിതനായി എന്ന് ചിന്തിക്കുന്നവനുമായ ഒരു മനുഷ്യനുമായി ദൈവം കൂടിക്കാഴ്ച നടത്തുന്നു. ആ മന്ദമാരുതൻ വഴി, മൃദുസ്വനത്തിലൂടെ അവൻറെ ഹൃദയത്തിൽ പ്രശാന്തതയും സമാധാനവും അവിടന്നു തിരികെ കൊണ്ടുവരുന്നു.

ഏലിയാ നമുക്കേകുന്ന ജീവിത മാതൃക

ഇത് ഏലിയായുടെ കഥയാണ്, എന്നാലിത് നമുക്കെല്ലാവർക്കും വേണ്ടി എഴുതിയതാണെന്ന് തോന്നുന്നു. ചില സായാഹ്നങ്ങളിൽ നമുക്ക് നാം പ്രയോജനശൂന്യരും ഏകരുമായി അനുഭവപ്പെടും. അപ്പോഴാണ് പ്രാർത്ഥന വന്ന് നമ്മുടെ ഹൃദയത്തിൻറെ വാതിലിൽ മുട്ടുക. നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്താലും, അല്ലെങ്കിൽ നമുക്ക് ഭീഷണിയുണ്ടാകുകയും ഭയം തോന്നുകയും ചെയ്താലും പ്രാർത്ഥനനാപൂർവ്വം ദൈവസന്നിധിയിലണഞ്ഞാൽ പ്രശാന്തതയും ശാന്തിയും അത്ഭുതകരമായി മടങ്ങിവരും. ഇതാണ് ഏലിയായുടെ ജീവിതമാതൃക നമ്മെ പഠിപ്പിക്കുന്നത്. നന്ദി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles