ഫോണ്‍ മാറ്റി വച്ച് ബൈബിള്‍ കൈയിലെടുക്കൂ; ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: നോമ്പുകാലം വിശുദ്ധമായി ആചരിക്കാന്‍ ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ടിവി കാണലും ഫോണ്‍ ഉപയോഗവും മാറ്റിവച്ച് കൂടുതല്‍ സമയം നിശബ്ദതയില്‍ ദൈവത്തോടുള്ള സംഭാഷണത്തില്‍ മുഴുകാന്‍ ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാ വിശ്വാസികളോട് ആവശ്യപ്പെട്ടു.
‘ദൈവവചനത്തിന് ഇടം കൊടുക്കാനുള്ള ഉചിതമായ സമയമാണ് നോമ്പുകാലം. ടിവി ഓഫ് ചെയ്ത് ബൈബിള്‍ തുറക്കാനുള്ള കാലമാണത്. ഫോണ്‍ ഡിസ്‌കണക്ട് ചെയ്ത് സുവിശേഷവുമായി കണക്ട് ചെയ്യുക’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
ഇത് പ്രായശ്ചിത്തത്തിന്റെ കാലമാണ്. കുറ്റംപറച്ചിലും പരദൂഷണവും ഉപേക്ഷിച്ച് സമ്പൂര്‍ണമായി നമ്മെ തന്നെ ദൈവത്തിന് സമര്‍പ്പിക്കേണ്ട കാലമാണിത്. 40 ദിവസം മരുഭൂമിയില്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചെലവഴിച്ച യേശുവിന് നാം സ്വയം നല്‍കേണ്ട സമയമാണിത്.
നോമ്പുകാലത്ത് യേശു നമ്മെ മരുഭൂമിയിലേക്ക് ക്ഷണിക്കുകയാണ്. ഗൗരവമുളള കാര്യങ്ങള്‍ ശ്രവിക്കാന്‍ അവിടുന്ന് നമ്മെ ക്ഷണിക്കുകയാണ്. തന്നെ പ്രലോഭനത്തില്‍ വീഴ്ത്താന്‍ ശ്രമിച്ച സാത്താനോട് യേശു പറഞ്ഞു: മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്, ദൈവത്തിന്റെ വായില്‍ നിന്നു വരുന്ന വചനത്താലാണ്.
അപ്പം പോലെ മാത്രമല്ല. അപ്പത്തേക്കാള്‍ നമുക്ക് ദൈവവചനം ആവശ്യമാണ്. ദൈവത്തോട് നാം സംസാരിക്കണം, പ്രാര്‍ത്ഥിക്കണം, പാപ്പാ പറഞ്ഞു.