കുരിശില്ലാത്ത ക്രിസ്തുമതം ലൗകീകവും വന്ധ്യവുമാണ്: ഫ്രാന്‍സിസ് പാപ്പ

കുരിശിന്റെ മഹത്വീകരണത്തിരുനാളിൽ സ്ലൊവാകിയയിലെ പ്രെസോവിൽ കുരിശിനെയും കുരിശിന്റെ സാക്ഷ്യത്തെക്കുറിച്ചുമാണ് ഫ്രാൻസിസ് പാപ്പാ സംസാരിച്ചത്.

കുരിശിന്റെ മഹത്വീകരണത്തിരുനാൾ

വി. പൗലോസ് അപ്പോസ്തലന്റെ കൊറിന്തോസുകാർക്കുള്ള ഒന്നാം ലേഖനത്തിൽ 23 – 24 വാക്യങ്ങളെ ഉദ്ധരിച്ചും വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ 19, 35 “ഇത് കണ്ടവനാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്”എന്ന വാക്യത്തിലെ  യോഹന്നാന്റെ കാഴ്ചയും സാക്ഷ്യവുമായിരുന്നു പാപ്പയുടെ വചനപ്രഘോഷത്തിന് ആധാരം. ക്രൂശിതനായ ക്രിസ്തുവിനെ ദൈവത്തിന്റെ ശക്തിയും വിജ്ഞാനവുമായി പ്രഘോഷിക്കുന്ന വി. പൗലോസപ്പോസ്തലൻ കുരിശ് മനുഷ്യതലത്തിൽ വിജ്ഞാനത്തിൽ അത് അപവാദവും വിഡ്ഡിത്തവുമാണ് എന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. മരണത്തിന്റെ ഉപകരണമായ കുരിശ് ജീവന്റെ ഉറവയായാകുന്നതിനാലും ആ ഭയാനകദൃശ്യം ദൈവസ്നേഹം വെളിപ്പെടുത്തുന്നതിനാലുമാണ് ദൈവജനം കുരിശിന്റെ മഹത്വീകരണത്തിരുനാളിൽ കുരിശിനെ വണങ്ങുന്നതും, അരാധനക്രമത്തിൽ അത് ആഘോഷിക്കുന്നതും എന്ന് ആമുഖമായി പറഞ്ഞു കൊണ്ടും കുരിശിന്റെ ചുവട്ടിൽ നിന്ന വിശുദ്ധ യോഹന്നാൻ ജീവനില്ലാതെ തൂങ്ങിക്കിടക്കുന്ന യേശുവിനെ കണ്ടു സാക്ഷ്യപ്പെടുത്തി എന്ന് വ്യക്തമാക്കികൊണ്ട് നമ്മെ കൈ പിടിച്ചു കൊണ്ടു പോകുന്ന കുരിശിന്റെ രഹസ്യത്തിലേക്ക് പരിശുദ്ധ പിതാവ് പ്രവേശിച്ചു. കാണുന്നു – സാക്ഷ്യപ്പെടുത്തുന്നു എന്ന  രണ്ടു പദങ്ങളിലൂടെയാണ്  ഫ്രാൻസിസ് പാപ്പാ കുരിശിന്റെ രഹസ്യങ്ങളുടെ ആഴം വിശദീകരിച്ചത്.

കാണൽ

കാഴ്ചകൾ തമ്മിലുള്ള വ്യത്യാസമുണ്ട്. രണ്ടു കുറ്റവാളികൾക്ക് നടുവിൽ നല്ലവനും നിഷ്കളങ്കനുമായ യേശു ക്രൂരമായ മരണശിക്ഷയേറ്റു വാങ്ങുന്നു, നിരവധി അനീതികളിൽ ചരിത്രത്തെ മാറ്റാത്ത നിരവധി രക്തരൂക്ഷിതമായ ത്യാഗങ്ങൾ ഏറ്റെടുക്കുന്നു. നന്മയെ മാറ്റിനിർത്തുകയും ദുഷ്ടർ വിജയിക്കുകയും അഭിവൃദ്ധിപ്രാപിക്കുകയും ചെയ്യുന്നു എന്നത്  നമ്മുടെ ലോകത്തിലെ സംഭവങ്ങളുടെ ഗതി മാറുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ്, പാപ്പാ ചൂണ്ടിക്കാണിച്ചു. ലോകത്തിന്റെ കണ്ണിൽ കുരിശ് തോൽവിയുടെ അടയാളമാണ്. ആദ്യത്തെ ഉപരിപ്ലവമായ നോട്ടത്തിൽ നിന്ന് മുന്നോട്ടു പോകാൻ കഴിയാതെ ദൈവം നമ്മുടെ ലോകത്തിലെ എല്ലാ തിന്മകളും തന്റെ മേൽ ഏറ്റെടുത്ത് നമ്മെ രക്ഷിക്കുകയായിരുന്നു എന്ന കുരിശിന്റെ സന്ദേശം പിടികിട്ടാത്ത അപകടം നമുക്കും വരാം. വാക്കുകളിലല്ലാതെ ദുർബലനും ക്രൂശിതനുമായ ഒരു ദൈവത്തെ അംഗീകരിക്കാൻ നാം പരാജയപ്പെട്ട് ശക്തനും വിജയിയുമായ ഒരു ദൈവത്തെ സ്വപ്നം കാണാൻ ഇഷ്ടപ്പെടാം. ഇത് ഒരു വലിയ പ്രലോഭനമാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. പലപ്പോഴും വിജയവും മഹത്വവും സ്വാധീനവുമുള്ള ഒരു ക്രൈസ്തവത്വം നാം ആഗ്രഹിക്കുന്നു. എങ്കിലും കുരിശില്ലാത്ത ക്രിസ്തുമതം ലൗകീകവും വന്ധ്യവുമാണ് എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവസാന്നിധ്യത്തെയും ദൈവത്തിന്റെ പ്രവർത്തനത്തെയും വി. യോഹന്നാൻ കുരിശിൽ കണ്ടു. ക്രൂശിതനിൽ ദൈവത്തിന്റെ മഹിമയും തിരിച്ചറിഞ്ഞു. പുറംകാഴ്ചകൾക്കപ്പുറം ഓരോ മനുഷ്യനും വേണ്ടി  സന്മനസ്സോടെ സ്വയം തന്നെത്തന്നെ നൽകുന്ന ദൈവത്തെ കണ്ടു. സ്വയം രക്ഷിക്കാമായിരുന്നിട്ടും ഏറ്റം ബുദ്ധിമുട്ടേറിയ കുരിശിന്റെ മാർഗ്ഗം അവൻ തിരഞ്ഞെടുത്തത് നിരാശയുടെയും, ആകുലതയുടേയും, തഴയപ്പെടലിന്റെയും, സ്വന്തം ദുരിതങ്ങളുടേയും തെറ്റുകളുടേയും അപവാദങ്ങൾക്കിടയിൽ ഭൂമിയിൽ ആർക്കും അവനെ കണ്ടെത്താൻ കഴിയാതെ വരരുത് എന്നതിനാണ്. ദൈവം ഉണ്ടാവില്ല എന്ന് നമ്മൾ കരുതിന്നിടത്ത് അവൻ വന്നു. നിരാശനെ രക്ഷിക്കാൻ നിരാശ രുചിച്ചും, നമ്മുടെ കഠിനമായ മനോവേദനകൾ സ്വയം ഏറ്റെടുത്ത്  ” എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനെന്നെ ഉപേക്ഷിച്ചു ”  എന്ന് കുരിശിൽ നിലവിളിച്ചു. അതിനാൽ അവനോടൊപ്പം നമ്മൾ ഒരിക്കലും തനിച്ചല്ല,  പാപ്പാ വിശദീകരിച്ചു.

കുരിശിന്റെ മഹത്വം കാണാൻ പഠിക്കേണ്ടത് കുരിശാകുന്ന പുസ്തകം തുറന്ന് വായിക്കുന്നതിലൂടെയാണ് എന്ന് ചില വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നുണ്ട്. ക്രൂശിതനായ യേശുവിനെ നോക്കിനിൽക്കാതെ, നമ്മുടെ ഹൃദയം അവനായി തുറക്കാതെ പള്ളികളിൽ ക്രൂശിതരൂപം കൊത്തിയും വരച്ചും വച്ചിട്ടും കഴുത്തിലും, വീട്ടിലും, കാറിലും,പോക്കറ്റിലും കൊണ്ടുനടന്നിട്ടും എന്താണ് കാര്യം എന്ന് പാപ്പാ ചോദിച്ചു. നമുക്കായി മുറിവേറ്റ ദൈവത്തിന്റെ മുന്നിൽ ഹൃദയങ്ങൾ വികാരഭരിതമായി വിങ്ങിപ്പൊട്ടണം. ഇല്ലെങ്കിൽ  ശീർഷകവും രചയിതാവും നമുക്കറിയാവുന്ന വായിക്കാത്ത ഒരു പുസ്തകമായി കുരിശ് മാറുന്നു. കുരിശിനെ ഒരു വെറും വണക്ക വസ്തുവോ, അതിനേക്കാൾ മോശമായി ഒരു രാഷ്ട്രീയ, മതസാമൂഹ്യ പദവിയുടെ അടയാളമോ ആക്കി തരം താഴ്ത്തരുതെന്ന് ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പ് നൽകി.

സാക്ഷ്യം വഹിക്കൽ

ക്രൂശിതനായ കർത്താവിനെ ധ്യാനിക്കുന്നത് നമ്മെ രണ്ടാം ഘട്ടമായ സാക്ഷ്യം വഹിക്കലിലെത്തിക്കും. യേശുവിൽ നമ്മുടെ നോട്ടം വയ്ക്കുമ്പോൾ അവന്റെ മുഖം നമ്മിൽ പ്രതിഫലിക്കും, അവന്റെ വിശേഷഗുണങ്ങൾ നമ്മുടേതാവുകയും ക്രിസ്തുവിന്റെ സ്നേഹം നമ്മെ കീഴടക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യും പാപ്പാ പറഞ്ഞു. സ്ലോവാകിയയിൽ എല്ലാം നിശബ്ദമാക്കിയപ്പോഴും, പിടിച്ചടക്കപ്പെട്ടപ്പോഴും, വിശ്വാസം പ്രഖ്യാപിക്കുന്നത് നിരോധിച്ചപ്പോഴും സാക്ഷ്യം വഹിക്കാൻ മടിക്കാതെ ക്രിസ്തുവിന്റെ നാമത്തിൽ രക്തം ചിന്തിയ രക്തസാക്ഷികളെ പാപ്പാ അനുസ്മരിച്ചു. നീണ്ട നാൾ ധ്യാനിച്ചയാളോടുള്ള സ്നേഹത്തിന്റെ സാക്ഷ്യമായിരുന്നു അവരുടേത്. അവരുടെ മരണം പോലും യേശുവിന്റെതിന് തുല്യമായിരുന്നുവെന്നും പാപ്പാ വിവരിച്ചു.

നമ്മുടെ ഈ കാലത്തും സാക്ഷ്യം നൽകാൻ പറ്റുന്ന അവസരങ്ങൾക്ക് പഞ്ഞമില്ല. ഈ നാട്ടിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നില്ല എന്നതിന് ദൈവത്തിന് നന്ദി പറഞ്ഞ പാപ്പാ നമ്മുടെ സാക്ഷ്യം ലൗകീകവും ഇടത്തരവുമായി ദുർബ്ബലമായേക്കാം എന്ന സൂചനയും നൽകി. കുരിശ് സുതാര്യമായ സാക്ഷ്യമാണാവശ്യപ്പെടുന്നതെന്നും അത് വീശാനുള്ള പതാകയല്ല മറിച്ച് വിശുദ്ധ ഗ്രന്ഥത്തിലെ സുവിശേഷ ഭാഗ്യങ്ങളിലെ പുത്തൻ ജീവതരീതിയുടെ ശുദ്ധമായ ഉറവിടമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഹൃദയത്തിൽ കുരിശ് കൊണ്ടു നടക്കുന്ന സാക്ഷി ഒരുവനെയും ശത്രുവായി കാണുന്നില്ല മറിച്ച് യേശു ജീവൻ നൽകിയ ഒരു സഹോദരനേയും സഹോദരിയേയുമാണ് കണ്ടെത്തുകയെന്നും പഴയ തെറ്റുകളെ ഉയർത്തിപ്പിടിക്കയോ ഇന്നിനെക്കുറിച്ച് വിലപിക്കുകയോയില്ലയെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. കുരിശിന്റെ സാക്ഷികൾക്ക്  ഒരു നയം മാത്രമേയുള്ളൂ ഗുരുവിന്റെ എളിമയാർന്ന സ്നേഹം. അനുദിന ജീവിത സംഭവങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹം ഫലം നൽകുന്നതിനാൽ ഈ ലോകവിജയമല്ല അവർ നോക്കുക. എല്ലാം ഉള്ളിൽ നിന്ന് നവീകരിച്ച് മണ്ണിൽ വീണ് അഴുകുന്ന വിത്ത് ധാരാളം ഫലം പുറപ്പെടുവിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സ്ലോവാക്യയിൽ ഇത്തരം സാക്ഷികളെ കണ്ടിട്ടുള്ളവരാണവരെന്നും അവരുടെ വിശ്വാസത്തെ വളർത്താനും സംരക്ഷിക്കാനും സഹായിച്ച അത്തരം സാക്ഷികളെ  അനുസ്മരിക്കാനും പാപ്പാ അവരോടു ആവശ്യപ്പെട്ടു. സാക്ഷികൾ ജീവൻ നൽകുന്നവരാകയാൽ മറ്റു സാക്ഷികളെ സൃഷ്ടിക്കുമെന്നും, ലൗകീകമായ ശക്തി കൊണ്ടോ ഘടനാ സംവിധാനങ്ങൾ കൊണ്ടോ അല്ല മറിച്ച് കുരിശിലെ വിജ്ഞാനവും സാക്ഷ്യവും കൊണ്ടാണ്  വിശ്വാസം പരക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ ഉറപ്പിച്ചു പറഞ്ഞു. ഇന്ന് കുരിശിന്റെ വാചാലമായ നിശബ്ദതയിൽ ഓരോരുത്തരോടും നീ എന്റെ സാക്ഷിയാകാൻ ആഗ്രഹിക്കുന്നുവോ എന്ന ചോദ്യം ഉയർത്തുന്നു.

കുരിശിന്റെ ചുവട്ടിൽ യോഹന്നാനോടൊപ്പം നിന്ന ദൈവത്തിന്റെ പരിശുദ്ധ അമ്മ കുരിശിന്റെ പുസ്തകം ആരേക്കാളും കൂടുതൽ  വിശാലമായി തുറന്നു വായിക്കുകയും എളിമയാർന്ന സ്നേഹത്തിൽ അതിന് സാക്ഷ്യം വഹിച്ചവളുമായിരുന്നു. അവളുടെ മദ്ധ്യസ്ഥതയാൽ നമ്മുടെ ഹൃദയ മിഴികൾ കുരിശിലെ യേശുവിനു നേരെ തുറക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാം. അപ്പോൾ നമ്മുടെ വിശ്വാസം പരിപൂർണ്ണമായി പുഷ്പിക്കുകയും നമ്മുടെ സാക്ഷ്യം അതിന്റെ സമ്പൂർണ്ണ ഫലം പുറപ്പെടുവിക്കുകയും ചെയ്യും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles