സെൽഫിയുടെ ലോകത്തിൽ നിന്നും കൂടിക്കാഴ്ച്ചയുടെ സംസ്കാരത്തിലേക്ക്…

സെൽഫിയുടെ ലോകത്തിൽ…

ലോകത്തിന്റെ ഭാവിയിൽ യുവജനങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് നല്ല അവഗാഹമുള്ള ഫ്രാൻസിസ് പാപ്പാ ഇന്നത്തെ യുവജനങ്ങൾക്ക് സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയായിരുന്നു ഈ അദ്ധ്യായം മുഴുവൻ. അതുകൊണ്ടു തന്നെ അവരുടെ നന്മയും വളർച്ചയും ഒരു പിതാവിനെ പോലെ ആഗ്രഹിക്കുന്നയാളാണ് ഫ്രാൻസിസ് പാപ്പാ. ഒരു പക്ഷേ ഇന്നത്തെ യുവജന സമൂഹത്തെ അതിന്റെ ആഴങ്ങളിൽ അറിയാൻ പരിശ്രമിക്കുന്ന പരിശുദ്ധ പിതാവ് യുവതീയുവാക്കളുടെ പ്രശ്നങ്ങളെ ഈ അദ്ധ്യായത്തിൽ വളരെ വിശദമായി വിശകലനം ചെയ്തിരുന്നു. ആധുനികതയുടെ ചുവടുകളിൽ ലോകത്തോടൊപ്പം അതിവേഗം നീങ്ങാൻ ശ്രമിക്കുന്ന യുവതലമുറ കണ്ടുപിടുത്തങ്ങളുടെയും അറിവിന്റെയും സാമ്രാജ്യം തീർക്കുന്ന ഡിജിറ്റൽ തലത്തിൽ മുഴുകി സമയം ചിലവഴിക്കുമ്പോൾ വന്നു പോകാവുന്ന ഒരു വലിയ അപജയമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. നമ്മൾ മറ്റുള്ളവരിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറി ഒരുതരം ഏകാന്തതയിലേക്ക് അടച്ചുപൂട്ടുന്നു. സന്തോഷത്തിനായുള്ള മനുഷ്യന്റെ ഒടുങ്ങാത്ത അഭിവാഞ്ച പലപ്പോഴും അവനെ സ്വാർത്ഥതയിലേക്കും ഏകാന്തതയിലേക്കും നയിക്കുന്നു. ഈ അപകങ്ങളിൽപ്പെടുന്ന യുവജനങ്ങളുടെ എണ്ണം നിസ്സാരമല്ല.

ഇന്ന് സെൽഫിയുടെ ലോകമാണ്. സ്വയം തന്നെത്തന്നെ ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ് സെൽഫി. ആരും വേണ്ട; ആരേയും വേണ്ട; സ്വയം എനിക്ക് തന്നെ എന്നെ ചിത്രീകരിക്കാനാവും, രൂപപ്പെടുത്താനാവും എന്ന ചിന്ത അപകടം പിടിച്ചത് തന്നെയാണ്. അറിയാതെ നാം സ്വന്തമാക്കുന്ന സെൽഫി സംസ്കാരം വെറും ഒരു സെൽഫിക്കപ്പുറം കാണുകയായിരുന്നു ഫ്രാൻസിസ് പാപ്പാ തായ്ലന്റിലേക്കും ജപ്പാനിലേക്കും നടത്തിയ അപ്പോസ്തോലീക സന്ദർശനത്തിൽ. പല കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആത്മാവിന്റെ സെൽഫിയെടുക്കാനുള്ളത് ഉണ്ടായിട്ടില്ല എന്നു പറഞ്ഞ ഫ്രാൻസിസ് പാപ്പാ ഇവിടെ യുവജനങ്ങളോടു പറയുന്നത് അവർ ഒന്നിച്ചു കൂടുമ്പോൾ, സംഘടിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന ശക്തിയെക്കുറിച്ചാണ്. ഒറ്റയ്ക്ക് ജയിക്കാൻ കഴിയാത്ത പലതും ജയിക്കാൻ യുവജനങ്ങളുടെ ഐക്യത്തിനു കഴിയും എന്ന് പാപ്പാ ഓർമ്മിപ്പിക്കുകയാണ്.

ചെകുത്താന്റെയും ലോകത്തിന്റെയും പലവക തട്ടിപ്പുകളും ജയിക്കാൻ ഏകാന്തമായ ഉൾവലിയിൽ നിന്ന് പുറത്തു വന്ന് പരസ്പരം കൈകോർത്താൽ നേടാവുന്ന ശക്തിയിലേക്ക് ഉണരാനുള്ള ഒരു ആഹ്വാനമാണ് പാപ്പാ നൽകുന്നത്. മാനുഷീകതയുടെ ബലഹീനതകൾ ഇടയ്ക്കിടയ്ക്ക് തല പൊക്കാറുണ്ട് എന്ന തിരിച്ചറിവും ഫ്രാൻസിസ് പാപ്പാ നമ്മുടെ മുന്നിൽ ഇവിടെ അവതരിപ്പിക്കുന്നു. നമ്മുടെ ഉള്ളിൽ ഉയരാറുള്ള അക്രമവാസനകളെയും സ്വാർത്ഥമായ ആഗ്രഹങ്ങളെയും സൂക്ഷിക്കാനും അവ യുവജനങ്ങളിൽ വേരൂന്നാതിരിക്കാനും പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ഇവയെ എങ്ങനെ നേരിടണമെന്ന് തന്റെ  പല പ്രബോധനങ്ങളിലും വിശദീകരിക്കുന്നുണ്ട്.  ഒരു വലിയ മനശ്ശാസ്ത്രജ്ഞനെപ്പോലെയല്ല സ്നേഹമുള്ള കരുണയുള്ള പിതാവിനെ പോലെയാണ് പാപ്പാ യുവജനങ്ങളോടു പങ്കുവയ്ക്കുന്നത്.

ഏകാന്തത അനുഭവിക്കുന്ന യുവജന സമൂഹം

ഇന്ന് യുവജന സമൂഹം അഭിമുഖികരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഏകാന്തത. ഏകാന്തതയുടെ മൂർദ്ധന്യാവസ്ഥയിൽ മുന്നോട്ടുള്ള വഴികാണാതെ ഇവർ പലപ്പോഴും ആത്മഹത്യയിലാണ് അഭയം തേടുക. അതിന്റെ പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. അതിൽ ഇന്ന് ഏറ്റവും പ്രാധാന്യമർഹിക്കുന്ന പരിഗണന നൽകേണ്ട ഒന്നായി മാറുകയാണ് സാങ്കേതിക വിദ്യകളുടെ അമിത ഉപയോഗം. ഇന്ന് യുവജനങ്ങളിൽ നാം പൊതുവെ കണ്ടു വരുന്ന സ്ഥായിയല്ലാത്ത വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്. അഞ്ചു പേരടങ്ങുന്ന ഒരു വീട്ടിൽ നാം കാണുന്നത് പത്തു മൊബൈൽ ഫോണുകളാണ്. ഓരോരുത്തരും അവരുടെ മൊബൈൽ ലോകത്തിൽ സജീവമായി മാറുമ്പോൾ കൂടെയുള്ളവരെ കേൾക്കാനോ അവരുമായി സംസാരിക്കാനോ സമയമില്ലാതായി തീരുന്നു. മാതാപിതാക്കൾക്കും മക്കൾക്കും ബന്ധുക്കൾക്കും തമ്മിലുള്ള അകലം ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചുവരുന്നു. ഇങ്ങനെ ഓരോരുത്തരും അവരവരിലേക്കുതന്നെ ഉൾവലിഞ്ഞു ഏകരായി ജീവിക്കുമ്പോൾ അപരനെ കുറിച്ചുള്ള തന്റെ അയൽക്കാരനെക്കുറിച്ചു തന്നെയുള്ള അറിവോ അറിയാനുള്ള ആഗ്രഹമോ പോലും  നഷ്ടപ്പെടുന്നു. ഒരു ബുദ്ധിമുട്ടിൽ സഹായം തേടാനോ നൽകാനോ മെനക്കെടാത്ത ഒരു തരം നിസ്സംഗതാ മനോഭാവം വളരുന്നു. ഇത്തരം ജീവിതം മനുഷ്യന്റെ അത്യന്തീകമായ അന്തസ്സിനെ വീണ്ടെടുക്കാനാവാത്ത വിധം അധ:പതിക്കുകയും അത് നിരാശയിലേക്ക് നയിക്കുകയും ചെയ്യും. നന്നേ ചെറുപ്പത്തിൽ യഥാർത്ഥബന്ധങ്ങളുടെ ധന്യതയും ഊഷ്മളതയും അറിയാതെ “വിർച്വൽ” ബന്ധങ്ങളുടെ പൊള്ളത്തരങ്ങൾ യുവജനങ്ങളിൽ സൃഷ്ടിക്കുന്ന ജീവിത നൈരാശ്യം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു എന്നു തന്നെ വേണം പറയാൻ. ഈ നിരാശ ആത്മഹത്യയിലേക്കു നയിക്കുന്നതായാണ് അനുഭവങ്ങൾ കാണിക്കുന്നത്. അതിനു ഈ കഴിഞ്ഞ ചില നാളുകളിൽ നാം വായിക്കുകയും കേൾക്കുകയും ചെയ്ത വാർത്തകൾ തന്നെ നല്ല ഉദാഹരണങ്ങളാണ്. കാരണമെന്തെന്ന് കണ്ടെത്താനാവാത്ത വിധം ആത്മഹത്യകൾ. സ്വന്തം മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, കൂട്ടുകാർക്കു പോലും അറിയാത്ത ഏകാന്തത ഉള്ളിലൊതുക്കുന്ന ഇന്നത്തെ യുവജനങ്ങൾ.

ഐക്യത്തിന്റെ കൂടിക്കാഴ്ച

രസ്പരം പങ്കുവയ്ക്കാത്ത സ്നേഹം, കൈമാറപ്പെടാത്ത നല്ല ആചാരങ്ങൾ, ജീവിക്കപ്പെടാതെയും ആഘോഷിക്കപ്പെടാതെയും പോകുന്ന സംസ്കാരം ഇവയെല്ലാം നവമായി രൂപം കൊണ്ട ആഗോളവത്കരത്തിന്റെ അഭിനിവേശത്തിൽ പരിഷ്കാരത്തിന്റെ പരിവേഷമണിയുകയും ചെയ്യുന്നു.   സ്നേഹത്തിന്റെ ആനന്ദം എന്ന ചാക്രിക ലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പ്രബോധിപ്പിക്കുന്നു. തുറവില്ലാത്ത, ശ്രവണമില്ലാത്ത ഒരു സംസ്കാരത്തിന്റെ ബാക്കിപത്രമാണ് ഇവയെന്ന് നമുക്ക് കാണാൻ കഴിയും. അത് കൊണ്ടാണ് പാപ്പാ ഐക്യത്തിന്റെ കൂടിക്കാഴ്ചയുടെ സംസ്കാരത്തിലേക്ക് നമ്മെ എപ്പോഴും വിളിക്കുന്നത്.

ശ്രവിക്കാനുള്ള ഒരു സന്നദ്ധതയിൽ നിന്നാണ് പ്രാർത്ഥനാനിർഭരമായ വിവേചറിയൽ ജനിക്കേണ്ടത് എന്നു നാം ഓർക്കണമെന്ന് GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ രണ്ടാം അദ്ധ്യായത്തിലും പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്നു യുവജന ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് ഈ ശ്രവണമാണ്. സ്വയം ശ്രവിക്കാനും മറ്റുള്ളവരെ ശ്രവിക്കാനുമുള്ള സമയമില്ലായ്മയോ താൽപ്പര്യക്കുറവോ ഒക്കെയാവാം ഇതിന്റെ പിന്നിൽ.

ഇക്കാര്യത്തിൽ പരിശുദ്ധ പിതാവ് ഓർമ്മിപ്പിക്കുന്ന ഒരു പുതിയ സംസ്കാര രൂപീകരണം യുവജനങ്ങൾക്കും ലോകത്തിന്റെ ഭാവിക്കും ഉപകാരപ്രദമാകും. അത് മറ്റൊന്നുമല്ല കൂടികാഴ്ചയുടെ സംസ്കാരമാണ്. ഈ ഒരു സംസ്കാരീക രൂപീകരണം നടത്താൻ ഫ്രാൻസിസ് പാപ്പായുടെ സംരംഭമായ “സ്കോളാസ് ഒക്കുറെന്തിസ്” പോലുള്ള പ്രവർത്തനങ്ങൾ ആഗോളതലത്തിൽ നടക്കുന്നു എന്നതും നാം ഓർമ്മിക്കണം. കണ്ടുമുട്ടലും, ശ്രവണവും, സൗഹൃദവും ഓരോ വ്യക്തിയുടെയും സംസ്കാര ചക്രവാളത്തിന്റെ വിപുലീകരണമാണ്. ഇത് ഏകാന്തതയിൽ നിന്ന് യുവതലമുറയെ രക്ഷിക്കുക മാത്രമല്ല കൂട്ടായ്മകളിലൂടെ സ്വന്തം കുറവുകളിൽ ബലമേകാനും അപരനെ കൈ പിടിച്ചുയർത്തുവാനും ഉപകരിക്കും.

കൂടികാഴ്ച്ചയുടെ സംസ്കാരം

പല അവസരങ്ങളിലും തന്റെ സന്ദേശങ്ങളിൽ ഫ്രാൻസിസ് പാപ്പാ  കൂടികാഴ്ച്ചയ്ക്ക് കാരണമാകുന്ന സംവാദം പരിശീലിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിദ്യാഭ്യാസം നേടിയ പുതിയ തലമുറ ക്ലാസ് മുറികളെയും സർവകലാശാലകളെയും പാലങ്ങൾ പണിയാൻ പ്രേരിപ്പിക്കുകയും അങ്ങനെ നമ്മുടെ കാലത്തെ നിരവധി വെല്ലുവിളികൾക്ക് പുതിയ ഉത്തരം കണ്ടെത്തുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സ്വാർത്ഥതയും ഭിന്നതയും നിറഞ്ഞ ഒരു ലോകത്തിൽ, കലര്‍പ്പില്ലാതെ സ്വയം നൽകുന്ന സ്നേഹത്തിന്റെ ശ്രേഷ്ഠമായ സുഗന്ധം ആവശ്യമാണെന്നും നമ്മുടെ മനസ്സിനെയും ഹൃദയത്തെയും നമ്മുടെ അസ്തിത്വത്തിന്റെ ശ്രേഷ്ഠമായ അര്‍ത്ഥതലങ്ങളിലേക്ക് തുറക്കാന്‍  നമുക്ക് സാധിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ആഗ്രഹിക്കുന്നു .

ജീവനും ജീവിതവും ദൈവത്തിന്റെ ദാനമാണ്. മണ്ണിൽ നിന്നുമെടുത്ത മനുഷ്യൻ മണ്ണിലേക്ക് മടങ്ങിപോകുന്നു. പുല്ലുപോലെ വാടുകയും, പുഷ്പം പോലെ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. സ്വന്തം ജീവിതാന്ത്യത്തെ നിർണ്ണയിക്കാൻ കഴിയാത്ത മനുഷ്യജീവിതം അത്യന്തികമായും ദൈവദാനമാണെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ഭൂമിയിൽ ജീവിക്കാൻ നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഒരു കൃപയാണെന്ന് തിരിച്ചറിയാൻ ആവശ്യപ്പെടുന്നു. ഈ തിരിച്ചറിവ് നമ്മെ നയിക്കേണ്ടത് മറ്റുള്ളവരിലേക്കാണ്. എന്നാൽ തനിക്ക് വേണ്ടി മാത്രം ദൈവം നൽകിയ സ്വാതന്ത്ര്യത്തിന്റെ ഫലങ്ങൾ സൂക്ഷിക്കാൻ കഴിയും എന്ന് കരുതുന്ന ഇന്നത്തെ ലോകത്തിൽ ദൈവവും, സഭയും ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കുകയില്ലെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഏതൊരു ചിന്തയ്ക്കും പ്രവർത്തനത്തിനും മുമ്പ് ജീവിതത്തെക്കുറിച്ചും, ജീവിതം നൽകിയ ദൈവത്തെക്കുറിച്ചുള്ള ധ്യാനവും, ഒരിടവേളയും ആവശ്യമാണ്. ഈ ഇടവേളയില്‍ നമുക്ക് നമ്മെ വ്യക്തമായി കാണുവാൻ കഴിയും. നമ്മെക്കുറിച്ചുള്ള നമ്മുടെ അമിതമായ ആശ്രയം ദൈവത്തിന്റെ  നന്മയെ പാഴാക്കുന്നതോടൊപ്പം നമ്മിലൂടെ ദൈവം ഒഴുക്കുന്ന കൃപയുടെ ചാലുകൾ വറ്റിപോകാനിടയാക്കുകയും ചെയ്യുന്നു. ആത്മാവിന്റെ ഒരു സെൽഫിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം – അതിന് പരിശുദ്ധാത്മാവാകുന്ന ക്യാമറ നമ്മെ സഹായിക്കട്ടെ – പരിശുദ്ധത്രീത്വം നമ്മെ കാണിക്കുന്ന കൂട്ടായ്മയുടെ പ്രവർത്തനം നമ്മുടെ ജീവിതത്തിനും മാതൃകയാവട്ടെ – ഏകാന്തയിൽ നിന്ന് കൂട്ടായ്മയുടെ തീരത്തെത്താൻ കൂടിക്കാഴ്ചയും ക്രിയാത്മകമായ സംവാദവും നമ്മെ സഹായിക്കട്ടെ!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles