സ്വാതന്ത്ര്യത്തിന്റെ കാതല്‍ പരസേവനോന്മുഖത! ഫ്രാന്‍സിസ് പാപ്പ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഈ ദിവസങ്ങളിൽ നമ്മൾ ഗലാത്തിയക്കാർക്കുള്ള ലേഖനം ശ്രവിച്ചുകൊണ്ട് വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പരാമർശിക്കുന്നത്. ഒരു കുട്ടി സ്വഭവനത്തിലെന്നപോലെ ഈ വേദിയിലേക്കു വരികയും സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്തതു കണ്ടപ്പോൾ എൻറെ മനസ്സിലേക്കു കടന്നുവന്നത് യേശു  കുട്ടികളുടെ സ്വതസിദ്ധതയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് പറഞ്ഞ കാര്യമാണ്. യേശു നമ്മോട് പറയുന്നു: “നിങ്ങളും ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. കർത്താവിൻറെ പക്കലേക്കു ചെല്ലാൻ, കർത്താവിനോടു തുറവുള്ളവരായിരിക്കാൻ, കർത്താവിനെ ഭയപ്പെടാതിരിക്കാൻ ധൈര്യം ഉള്ളവരാകുക: ഈ കുട്ടി നമുക്കെല്ലാവർക്കും നൽകിയ ഈ പാഠത്തിന് ഞാൻ നന്ദി പറയുന്നു. അവൻറെ പരിമിതികളിലും വളർച്ചയിലും കർത്താവ് അവനെ സഹായിക്കട്ടെ. എന്തെന്നാൽ അവനേകിയ ഈ സാക്ഷ്യം അവൻറെ ഹൃദയത്തിൽ നിന്ന് വന്നതാണ്. കുട്ടികൾക്ക് ഹൃദയത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള സ്വയമേവ പ്രവർത്തിക്കുന്ന വിവർത്തകൻ ഇല്ല: ഹൃദയം മുന്നോട്ടുപോകുന്നു.

സ്നാനത്തിലൂടെ ലഭിച്ച നവജീവൻറെ അഗാധതയും സ്വാതന്ത്ര്യവും

ഗലാത്യക്കാർക്കുള്ള തൻറെ  കത്തിലൂടെ പൗലോസപ്പോസ്തലൻ നമ്മെ ക്രമേണ വിശ്വാസത്തിൻറെ മഹത്തായ പുതുമയിലേക്ക് ആനയിക്കുന്നു. തീർച്ചയായും ഇത് ഒരു വലിയ നവീനതയാണ്, കാരണം ഇത് ജീവിതത്തിൻറെ ചില വശങ്ങളെ നവീകരിക്കുക മാത്രമല്ല, മാമ്മോദീസായിലൂടെ നമുക്കു ലഭിച്ച “പുതിയ ജീവിതത്തിൻറെ” ഉള്ളറകളിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യുന്നു. ദൈവമക്കളായിരിക്കുകയെന്ന ഏറ്റവും വലിയ ദാനം  മാമ്മോദീസായിൽ, നമ്മുടെ മേൽ ചൊരിഞ്ഞിരിക്കുന്നു. ക്രിസ്തുവിൽ വീണ്ടും ജനിച്ച നാം അനുശാസനങ്ങളാൽ രൂപീകൃതമായ ഒരു മതാത്മകതയിൽ നിന്ന് സജീവ വിശ്വാസത്തിലേക്കു കടന്നിരിക്കുന്നു. ഈ വിശ്വാസത്തിൻറെ കേന്ദ്രം  ദൈവത്തോടും സഹോദരങ്ങളോടുമുള്ള കൂട്ടായ്മയിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഭയത്തിൻറെയും പാപത്തിൻറെയും അടിമത്തത്തിൽ നിന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നാം കടന്നിരിക്കുന്നു.

സ്വാതന്ത്ര്യത്തിൻറെ സത്ത

അപ്പോസ്തലനെ സംബന്ധിച്ച്, ഈ സ്വാതന്ത്ര്യത്തിൻറെ കാതൽ എന്താണെന്ന് കൂടുതൽ മനസ്സിലാക്കുന്നതിന് ഇന്ന് നമുക്ക് ശ്രമിക്കാം. പൗലോസ് അത് “ജഡികസുഖത്തിനു വേണ്ടിയുള്ളതാകരുത്” (ഗലാത്തിയർ 5:13) എന്ന് വ്യക്തമാക്കുന്നു: അതായത്, ജഡികാഭിലാഷാനുസൃതം, അല്ലെങ്കിൽ, സഹജവാസന അനുസരിച്ച്, വ്യക്തിപരമായ ആഗ്രഹങ്ങളും സ്വാർത്ഥ താൽപ്പര്യങ്ങളും അനുസരിച്ച്, തോന്ന്യാസം ജീവിക്കലല്ല സ്വാതന്ത്ര്യം; നേരെമറിച്ച്, യേശുവിൻറെ സ്വാതന്ത്ര്യം നമ്മെ നയിക്കുന്നത് – അപ്പോസ്തലൻ എഴുതുന്നു – “പരസ്പര സേവനത്തി”ലേക്കാണ് (ഗലാത്തിയർ 5:13). ഇത് അടിമത്തമാണോ? അതെ, ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിന് ചില “അടിമത്തം”, പരസേവനത്തിലേക്ക് നമ്മെ നയിക്കുന്ന, മറ്റുള്ളവർക്കായി ജീവിക്കുന്ന മാനം ഉണ്ട്. മറ്റു വാക്കുകളിൽ പറയുകയാണെങ്കിൽ, യഥാർത്ഥ സ്വാതന്ത്ര്യം, ഉപവിയിൽ പൂർണ്ണമായി ആവിഷ്കൃതമാകുന്നു. സുവിശേഷവൈരുദ്ധ്യത്തിനു മുന്നിൽ നാം ഒരിക്കൽക്കൂടി എത്തുന്നു: സേവനത്തിൽ നാം സ്വതന്ത്രരാകുന്നു;  നാം സ്വയം നൽകുന്നതിനാനുപാതികമായി നാം പൂർണ്ണരാക്കപ്പെടുന്നു; ജീവൻ നഷ്ടപ്പെടുത്തുമ്പോൾ അത് നമുക്ക് ഉണ്ടാകുന്നു (മർക്കോസ് 8:35).

സുവിശേഷത്തിൽ തെളിയുന്ന വൈരുദ്ധ്യത്തിന് ഒരു വശദീകരണം

എന്നാൽ ഈ വിരോധാഭാസം എങ്ങനെ വിശദീകരിക്കാനാകും? അപ്പോസ്തലൻറെ ഉത്തരം ലളിതവും ഒപ്പം ശ്രമകരവുമാണ്: അതായത് “സ്നേഹത്തിലൂടെ” (ഗലാത്തിയർ 5:13). ക്രിസ്തുവിൻറെ സ്നേഹമാണ് നമ്മെ മോചിപ്പിച്ചത്, ഇനിയും സ്നേഹം തന്നെയാണ്, ഏറ്റവും മോശമായ അഹംഭാവത്തിൻറെ അടിമത്തത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത്; അതിനാൽ സ്നേഹത്തോടൊപ്പം സ്വാതന്ത്ര്യം വളരുന്നു. എന്നാൽ സൂക്ഷിക്കുക: ഇത് ടെലെവിഷൻ കഥകളിൽ കാണുന്നതു പോലുള്ള പ്രണയത്തോടൊപ്പമല്ല, നമുക്ക് പറ്റിയതും നമുക്ക് ഇഷ്ടമുള്ളതും മാത്രം തേടുന്നതായ വികാരാവേശത്തോടപ്പമല്ല,  മറിച്ച് ക്രിസ്തുവിൽ നമ്മൾ കാണുന്ന സ്നേഹത്തോടുകൂടിയാണ്, ഉപവിയോടുകൂടിയാണ്: ഇതാണ് യഥാർത്ഥത്തിൽ സ്വതന്ത്രവും വിമോചനദായകവുമായ സ്നേഹം. സ്വശിഷ്യരുടെ പാദങ്ങൾ കഴുകുകയും “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃകയേകിയിരിക്കുന്നു” (യോഹന്നാൻ 13:15) എന്നു പറയുകയും ചെയ്ത യേശുവിൻറെ ആ മാതൃകയിൽ വാർത്തെടുത്ത സൗജന്യ സേവനത്തിൽ വിളങ്ങുന്ന സ്നേഹമാണത്.

തോന്ന്യാസമല്ല സ്വാതന്ത്ര്യം 

പൗലോസിനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് “ഒരാൾക്ക് തോന്നുന്നതും ഇഷ്ടമുള്ളതും” ചെയ്യുന്നതല്ല. ഒരു ലക്ഷ്യവും, ഒരു സംശോധകബിന്ദുവുമില്ലാത്ത ഇത്തരം സ്വാതന്ത്ര്യം പൊള്ളയായിരിക്കും. വാസ്തവത്തിൽ അത് ആന്തരിക ശൂന്യത അവശേഷിപ്പിക്കുന്നു: സ്വാഭാവിക പ്രവണതകളെ മാത്രം പിൻചെന്നതിനുശേഷം, നമ്മുടെ ഉള്ളിൽ വലിയൊരു ശൂന്യതയാണ് ഉള്ളതെന്നും, നമ്മുടെ സ്വാതന്ത്ര്യമാകുന്ന നിധി, നമുക്കും മറ്റുള്ളവർക്കും യഥാർത്ഥ നന്മയായത് തിരഞ്ഞെടുക്കാൻ കഴിയുന്ന ആ മനോഹാരിത, നാം ദുരുപയോഗം ചെയ്തുവെന്നും നാം എത്ര തവണ  മനസ്സിലാക്കിയിരിക്കുന്നു. ഈ സ്വാതന്ത്ര്യം മാത്രമാണ് പൂർണ്ണവും സമൂർത്തവും യഥാർത്ഥ ദൈനംദിന ജീവിതത്തിൽ നമ്മെ ഉൾച്ചേർക്കുന്നതും.

യഥാർത്ഥ സ്വാതന്ത്ര്യത്തിൻറെ ചാലക ശക്തി സ്നേഹം

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തെറ്റായ ആശയത്തെ പിന്തുണയ്ക്കുന്നവരോട് അപ്പോസ്തലൻ മറ്റൊരു ലേഖനത്തിൽ, കൊറീന്ത്യർക്കുള്ള ആദ്യത്തെ കത്തിൽ, പ്രതികരിക്കുന്നു. “എല്ലാം നിയമാനുസൃതമാണ്!” എന്ന് അവർ പറയുന്നു. “അതെ, പക്ഷേ എല്ലാം പ്രയോജനകരങ്ങളല്ല” പൗലോസ് പ്രതികരിക്കുന്നു. “എല്ലാം നിയമാനുസൃതമാണ്!” – “അതെ, പക്ഷേ എല്ലാം പടുത്തുയർത്തുന്നില്ല”, അപ്പോസ്തലൻ മറുപടി നൽകുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഏതൊരുവനും സ്വന്തം നന്മ കാംക്ഷിക്കാതെ, അയൽക്കാരൻറെ നന്മ കാംക്ഷിക്കട്ടെ” (1 കോറിന്തോസ് 10:23-24). സ്വാതന്ത്ര്യത്തെ സ്വന്തം ഇഷ്ടങ്ങളിൽ ഒതുക്കാൻ പ്രലോഭിപ്പിക്കപ്പെടുന്നവർക്കു മുന്നിൽ പൗലോസ്, സ്നേഹത്തിൻറെ അവശ്യവ്യവസ്ഥ അവതരിപ്പിക്കുന്നു. സ്നേഹത്താൽ നയിക്കപ്പെടുന്ന സ്വാതന്ത്ര്യം മാത്രമാണ് മറ്റുള്ളവരെയും നമ്മെയും സ്വതന്ത്രരാക്കുന്നത്, അതിന്, അടിച്ചേൽപ്പിക്കാതെ കേൾക്കാൻ അറിയാം, നിർബന്ധിക്കാതെ സ്നേഹിക്കാൻ അറിയാം,  അത് പടുത്തുയർത്തുന്നു, നശിപ്പിക്കുന്നില്ല, സ്വന്തം സൗകര്യങ്ങൾക്കായി മറ്റുള്ളവരെ ചൂഷണം ചെയ്യില്ല, സ്വന്തം ലാഭം അന്വേഷിക്കാതെ അവർക്ക് നന്മ ചെയ്യുന്നു. ചുരുക്കത്തിൽ, സ്വാതന്ത്ര്യം നന്മയുടെ സേവനത്തിനല്ലെങ്കിൽ,  അത് വന്ധ്യമാകുന്ന അപകടമുണ്ട്, അത് ഫലം പുറപ്പെടുവിക്കില്ല. പകരം, സ്നേഹത്താൽ സജീവമായ സ്വാതന്ത്ര്യം ദരിദ്രരുടെ വദനങ്ങളിൽ ക്രിസ്തുവിനെ തിരിച്ചറിഞ്ഞുകൊണ്ട് അവരിലേക്കു നയിക്കുന്നു. അതിനാൽ, പരസ്പര സേവനം, ഒരുവിധത്തിലും അപ്രധാനമല്ലാത്തതായ ഒരു അടിവരയിടലിന് ഗലാത്യക്കാർക്കുള്ള ലേഖനത്തിൽ പൗലോസിനെ പ്രാപ്തനാക്കുന്നു: മറ്റ് അപ്പോസ്തലന്മാർ തങ്ങൾക്ക് സുവിശേഷവത്കരിക്കാൻ നൽകിയ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അവർ ഒരു കാര്യം മാത്രമാണ് തങ്ങളോടു ശുപാർശ ചെയ്തതെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു: പാവങ്ങളെപ്പറ്റി ചിന്തവേണം (ഗാലത്തിയർ  2:10).

സകലരെയും ആശ്ലേഷിക്കുന്ന സ്വാതന്ത്ര്യം 

മറിച്ച്, നമുക്കറിയാവുന്ന, സ്വാതന്ത്ര്യത്തിൻറെ ഏറ്റവും വ്യാപകമായ ആധുനിക സങ്കൽപ്പങ്ങളിലൊന്ന് ഇതാണ്: “നിൻറെ സ്വാതന്ത്ര്യം ആരംഭിക്കുന്നിടത്ത് എൻറേത് അവസാനിക്കുന്നു”. പക്ഷേ ഇവിടെ ബന്ധം കാണാനില്ല! അത് വൈക്തിക കാഴ്ചപ്പാടാണ്. മറിച്ച്, യേശു പ്രവർത്തിച്ച വിമോചന സമ്മാനം സ്വീകരിച്ചവർക്ക് സ്വാതന്ത്ര്യം എന്നത് മറ്റുള്ളവരെ ശല്യമായി കരുതി അവരിൽ നിന്ന് അകന്നുനിൽക്കലാണെന്ന് ചിന്തിക്കാനാകില്ല,  മനുഷ്യനെ തന്നിൽത്തന്നെ ചേക്കേറിയിരിക്കുന്നവനായി കാണാനാകില്ല, അവൻ ഒരു സമൂഹത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സാമൂഹിക മാനം ക്രിസ്ത്യാനികൾക്ക് മൗലികമാണ്, മാത്രമല്ല അവരെ സ്വന്തം കാര്യമല്ല, മറിച്ച്, പൊതുനന്മ നോക്കാൻ പ്രാപ്തരാക്കുന്നു.

സ്വാതന്ത്ര്യത്തിൻറെ സാമൂഹ്യ മാനം

സർവ്വോപരി, ഈ ചരിത്രനിമിഷത്തിൽ, നാം, സ്വാതന്ത്ര്യത്തിൻറെ വൈക്തികമല്ല, സാമൂഹ്യ മാനം വീണ്ടും കണ്ടെത്തേണ്ടതുണ്ട്: നമുക്ക് പരസ്പരം ആവശ്യമുണ്ടെന്ന് മഹാമാരി പഠിപ്പിച്ചു, പക്ഷേ ആ അവബോധം മാത്രം പോരാ, അനുദിനം നാം അത് സുവ്യക്തം തിരഞ്ഞെടുക്കേണ്ടതുണ്ട്, ആ പാതയിൽ ചരിക്കാൻ തീരുമാനിക്കേണ്ടതുണ്ട്. മറ്റുള്ളവർ എൻറെ സ്വാതന്ത്ര്യത്തിന് തടസ്സമല്ല, പ്രത്യുത, അവർ,  അത് പൂർണ്ണമായി സാക്ഷാത്ക്കരിക്കുന്നതിനുള്ള അവസരമാണെന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്തെന്നാൽ നമ്മുടെ സ്വാതന്ത്ര്യം ദൈവസ്നേഹത്തിൽ നിന്ന് ജനിക്കുകയും ഉപവിയിൽ വളരുകയും ചെയ്യുന്നു. നന്ദി.

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു. ഈ ഒക്ടോബർ മാസത്തിൽ, പ്രേഷിതമേഖലകൾക്കായി പ്രാർത്ഥിക്കാനും ക്രിസ്തുവിൻറെ സജീവ സഹകാരികളാകാനുള്ള ക്ഷണം സ്വീകരിക്കാനും സഭ നമ്മെ ഉദ്ബോധിപ്പിക്കുന്നുവെന്നു പറഞ്ഞ പാപ്പാ തങ്ങളുടെ ഉദാരമായ സന്നദ്ധത കർത്താവിനേകാനും സ്വർഗ്ഗീയ പിതാവിൻറെ പദ്ധതിയുടെ പൂർത്തീകരണത്തിനായി തങ്ങളുടെ കഷ്ടപ്പാടുകളെ സമർപ്പിക്കാനും  അവരെ ക്ഷണിച്ചു. തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles