വിശ്വാസം ദൈവവുമായുള്ള ക്രയവിക്രയോപാധിയല്ല, അത് ദാനമാണ്: ഫ്രാന്‍സിസ് പാപ്പ
“പ്രഥമതഃ, വാണിജ്യപരവും യാന്ത്രികവുമായ ഒരു വിശ്വാസത്തിൽ നിന്ന് നാം മുക്തരാകണം . അത്തരത്തിലുള്ള ഒരു വിശ്വാസം, ദൈവം പിതാവല്ല, മറിച്ച്, കണക്കു പറയുകയും പരിശോധിക്കുകയും ചെയ്യുന്നവനാണ് എന്ന തെറ്റായ രൂപം അവതരിപ്പിക്കുന്നു.” ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.
വിശ്വാസം, ദൈവവുമായുള്ള “കച്ചവട ബന്ധമല്ല”, ഒരു ദാനം
ആ മനുഷ്യൻ ഒരു ചോദ്യത്തോടെ തുടങ്ങുന്നു: “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” (മർക്കോസ് 10,17). ചെയ്യേണ്ടതുണ്ട് – അവകാശമാക്കാൻ എന്നീ അയാൾ ഉപയോഗിക്കുന്ന ക്രിയാപദങ്ങൾ ശ്രദ്ധേയങ്ങളാണ്. ഇതാ അവൻ്റെ മതബോധം: ഒരു കടമ, കൈവശമാക്കുന്നതിനുള്ള പ്രവർത്തി; “എനിക്ക് ആവശ്യമുള്ളത് ലഭിക്കാൻ ഞാൻ എന്തെങ്കിലും ചെയ്യുന്നു”. എന്നാൽ ഇത് ദൈവവുമായുള്ള ഒരു വാണിജ്യ ബന്ധമാണ്, ദൊ ഉത്ത് ദെസ് (un do ut des)- ആണ്, പരസ്പരം കൊടുക്കൽ വാങ്ങൽ ആണ്. മറിച്ച്, വിശ്വാസം ഒരു തണുത്തതും യാന്ത്രികവുമായ ആചാരമല്ല, “ഞാൻ ചെയ്യണം – ചെയ്യുന്നു – നേടുന്നു”. അത് സ്വാതന്ത്ര്യത്തിൻറെയും സ്നേഹത്തിൻറെയും പ്രശ്നമാണ്. വിശ്വാസം സ്വാതന്ത്ര്യത്തിൻ്റെ പ്രശ്നമാണ്, അത് സ്നേഹത്തിൻ്റെ പ്രശ്നമാണ്. ഇതാ ഒരു ആദ്യ പരീക്ഷണം: എന്നെ സംബന്ധിച്ച് എന്താണ് വിശ്വാസം? ഇത് പ്രധാനമായും ഒരു കടമയോ, അതോ, ക്രയവിക്രയത്തിനുള്ള ഒരു നാണയമോ ആണെങ്കിൽ, നാം വഴിയ്ക്കു പുറത്താണ്, കാരണം രക്ഷ ഒരു ദാനമാണ്, അത് ഒരു കടമയല്ല, അത് സൗജന്യമാണ്, അത് വാങ്ങാൻ കഴിയില്ല. ആദ്യം ചെയ്യേണ്ടത് വാണിജ്യപരവും യാന്ത്രികവുമായ ഒരു വിശ്വാസത്തിൽ നിന്ന് മുക്തി നേടുക എന്നതാണ്, അത്തരത്തിലുള്ള ഒരു വിശ്വാസം, ദൈവം പിതാവല്ല, മറിച്ച്, കണക്കു പറയുകയും പരിശോധിക്കുകയും ചെയ്യുന്നവനാണ് എന്ന തെറ്റായ രൂപം അവതരിപ്പിക്കുന്നു. ജീവിതത്തിൽ പലതവണ നാം “വാണിജ്യ”പരമായ വിശ്വാസത്തിൻ്റെ ഈ ബന്ധം ജീവിക്കുന്നു: അതായത്, ദൈവം ഇത് എനിക്ക് നൽകുന്നതിനു വേണ്ടി ഞാൻ ഇത് ചെയ്യുന്നു.
യേശുവിൻറെ കടാക്ഷവും സ്നേഹവും വിശ്വാസത്തിൻ്റെ ഉറവിടം
രണ്ടാമത്തെ ഭാഗത്ത്, യേശു, ദൈവത്തിൻ്റെ യഥാർത്ഥ മുഖം അവതരിപ്പിച്ചുകൊണ്ട് ആ മനുഷ്യനെ സഹായിക്കുന്നു. വാസ്തവത്തിൽ – സുവിശേഷ ഭാഗം ഇപ്രകാരം പറയുന്നു – “അവിടന്ന് അവൻ്റെ മേൽ കടാക്ഷിച്ചു”, “അവനെ സ്നേഹിച്ചു” (വാക്യം 21): ഇതാണ് ദൈവം! ഇതാ ഇവിടെ നിന്നാണ് വിശ്വാസം ജനിക്കുകയും പുനർജനിക്കുകയും ചെയ്യുന്നത്: ഒരു കടമയിൽ നിന്നല്ല, ചെയ്യേണ്ടതോ വിലനല്കേണ്ടതോ ആയ എന്തിലെങ്കിലും നിന്നല്ല, മറിച്ച് സ്വാഗതം ചെയ്യേണ്ട സ്നേഹപൂർവ്വമായ ഒരു നോട്ടത്തിൽ നിന്നാണ്. അങ്ങനെ, നമ്മുടെ കഴിവുകളിലും നമ്മുടെ പദ്ധതികളിലുമല്ല, പ്രത്യുത, ദൈവത്തിൻറെ കടാക്ഷത്തിലാണ് അടിസ്ഥാനമിടുന്നതെങ്കിൽ ക്രിസ്തീയ ജീവിതം സുന്ദരമാകും. നിൻ്റെ വിശ്വാസം, എൻ്റെ വിശ്വാസം തളർന്നതാണോ? നിങ്ങൾക്കതിനെ ഉത്തേജിപ്പിക്കണോ? ദൈവത്തിൻ്റെ കടാക്ഷം തേടുക: നീ ആരാധനയിൽ മുഴുകുക, കുമ്പസാരത്തിലൂടെ പാപമോചിതനാകുക, ക്രൂശിതരൂപത്തിന് മുന്നിൽ നിൽക്കുക. ചുരുക്കത്തിൽ, അവിടന്നിനാൽ സ്നേഹിക്കപ്പെടാൻ നീ നിന്നെത്തന്നെ അനുവദിക്കുക. ഇതാണ് വിശ്വാസത്തിൻ്റെ ആരംഭം: പിതാവായ അവിടന്നിനാൽ സ്നേഹിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കുക.
നമ്മിൽ കുറവുള്ളത് എന്താണ്?
ചോദ്യത്തിനും നോട്ടത്തിനും ശേഷം – മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം – യേശുവിൻ്റെ ക്ഷണം ആണ്, അവിടന്ന് പറയുന്നു: “നിനക്ക് ഒരു കുറവുണ്ട്”. ആ ധനികനിൽ എന്താണ് കുറവുള്ളത്? ദാനം, സൗജന്യം: “പോയി, നിനക്കുള്ളതെല്ലാം വിറ്റ്, ദരിദ്രർക്ക് കൊടുക്കുക” (വാക്യം. 21). ഒരു പക്ഷെ ഇതാണ് നമുക്കുമുള്ള കുറവ്. മിക്കപ്പോഴും നമ്മൾ ഏറ്റവും അനിവാര്യമായ ചുരുങ്ങിയ കാര്യങ്ങൾ ചെയ്യുന്നു, അതേസമയം യേശുവാകട്ടെ സാധ്യമായത്ര എറ്റവും കൂടുതൽ ചെയ്യാൻ നമ്മെ ക്ഷണിക്കുന്നു. നമുക്ക് ജീവൻ പ്രദാനം ചെയ്യുന്ന ദൈവം നമ്മോട് ജീവൻ്റെ കുതിപ്പ് ആവശ്യപ്പെടുമ്പോൾ നാമാകട്ടെ എത്രയോ തവണ കർത്തവ്യങ്ങളും പ്രമാണങ്ങളും പാലിക്കുന്നതിലും ചില പ്രാർത്ഥനകളിലും നിരവധിയായ അത്തരം കാര്യങ്ങളിലും തൃപ്തിയടയുന്നു, കടമയിൽ നിന്ന് ദാനത്തിലേക്കുള്ള കടക്കൽ ഇന്നത്തെ സുവിശേഷത്തിൽ വ്യക്തമായി കാണാം; “കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത് …” (വാക്യം. 19) എന്നിങ്ങനെയുള്ള കൽപ്പനകൾ ഓർമ്മിച്ചുകൊണ്ട് ആരംഭിക്കുന്ന യേശു, ഭാവാത്മകമായ നിർദ്ദേശത്തിൽ എത്തിച്ചേരുന്നു: “പോയി, വിൽക്കുക, കൊടുക്കുക, എന്നെ അനുഗമിക്കുക!” (വാക്യം. 21). വിശ്വാസം “അരുതിൽ” പരിമിതപ്പെടുത്താനാകില്ല, കാരണം ക്രിസ്തീയ ജീവിതം ഒരു “സമ്മതം”, സ്നേഹത്തിൻ്റെ “സമ്മതം” ആണ്.
യേശുവിൻ്റെ കടാക്ഷത്തിനും നോട്ടത്തിനും നമ്മെ വിട്ടുകൊടുക്കുക
പ്രിയ സഹോദരീ സഹോദരന്മാരേ, ദാനമില്ലാത്ത ഒരു വിശ്വാസം, സൗജന്യഭാവരഹിത വിശ്വാസം, അപൂർണ്ണ വിശ്വാസമാണ്, അത് ദുർബ്ബല വിശ്വാസമാണ്, രോഗഗ്രസ്ത വിശ്വാസമാണ്. സമ്പന്നവും പോഷകഗുണമുള്ളതും എന്നാൽ രുചിയില്ലാത്തതുമായ ആഹാരത്തോടോ, ഒരുവിധം വാശിയേറിയതും എന്നാൽ ഗോൾ രഹിതവുമായ കളിയോടോ, നമുക്കതിനെ താരതമ്യം ചെയ്യാം: പക്ഷേ, അത് ശരിയാകില്ല, “ഉപ്പ്” ഇല്ല. ദാനവും, സൗജന്യഭാവവും, ഉപവിപ്രവർത്തനങ്ങളുമില്ലാത്ത വിശ്വാസം അവസാനം നമ്മെ ദുഃഖിതരാക്കുന്നു: യേശു നേരിട്ട് സ്നേഹത്തോടെ നോക്കിയിട്ടും “ദുഃഖിതനായി” “മ്ലാനവദനനായി” (വാക്യം 22) വീട്ടിലേക്കു തിരിച്ചു പോയ ആ മനുഷ്യനെപ്പോലെ. ഇന്ന് നമുക്ക് നമ്മോടുതന്നെ ചോദിക്കാം: “എൻറെ വിശ്വാസം ഏതു തലത്തിൽ എത്തിയിരിക്കുന്നു? ദൈവത്തോടുള്ള കടമയുടേതൊ താൽപ്പര്യത്തിൻറേതോ ആയ ഒരു ബന്ധമെന്ന നിലയിൽ യാന്ത്രികമായിട്ടാണോ ഞാൻ അത് ജീവിക്കുന്നത്? എന്നെ നോക്കാനും സ്നേഹിക്കാനും യേശുവിനെ അനുവദിച്ചുകൊണ്ട് ഞാൻ അതിനെ പോഷിപ്പിക്കണമെന്ന് ഓർക്കാറുണ്ടോ? യേശു നമ്മെ നോക്കുന്നതിനും സ്നേഹിക്കുന്നതിനും നാം നമ്മെത്തന്നെ വിട്ടുകൊടുക്കുക; യേശു നമ്മെ നോക്കട്ടെ, സ്നേഹിക്കട്ടെ. “കൂടാതെ, അവനാൽ ആകർഷിക്കപ്പെട്ട്, ഞാൻ, സൗജന്യഭാവത്തോടും ഉദാരതയോടും പൂർണ്ണഹൃദയത്തോടും കൂടി പ്രത്യുത്തരിക്കുന്നുണ്ടോ?”
പരിശുദ്ധ അമ്മയുടെ സഹായം
ദൈവത്തോട് നിരുപാധികം, പൂർണ്ണസമ്മതമരുളിയ, കന്യകാമറിയം, അപ്രകാരം സമ്മതം പറയുക അത്ര എളുപ്പമല്ല, പക്ഷേ, കന്യക അങ്ങനെ ചെയ്തു, ജീവിതത്തെ ഒരു ദാനമാക്കിത്തീർക്കുന്നതിൻ്റെ മനോഹാരിത ആസ്വദിക്കാൻ നമ്മെ പ്രാപ്തരാക്കട്ടെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.