യഥാര്‍ത്ഥ സന്തോഷം പരിശുദ്ധാത്മാവിന്റെ ദാനമാണ്; ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി:ആഹ്ലാദം തോന്നുന്ന ക്രിയാത്മകമായ ഒരു വികാരം മാത്രമല്ല ആനന്ദം, അത് ഒരു കൃപയും പരിശുദ്ധാത്മാവിന്റെ ദാനവുമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.
‘അത്ഭുതകരമായൊരു കാര്യം കാണുമ്പോള്‍ പൊട്ടിവിരിയുന്ന വികാരങ്ങളുടെ ഒരു ചങ്ങലയല്ല ആനന്ദം, അത് അതിനുമപ്പുറമാണ്. നമ്മുടെ ഉള്ളില്‍ നിറയുന്ന ആനന്ദം പരിശുദ്ധാത്മാവിന്റെ ദാനമാണ്. പരിശുദ്ധമാവില്ലാതെ ഈ ആനന്ദം നമുക്ക് സ്വന്തമാക്കാന്‍ സാധിക്കുകയില്ല’ പാപ്പാ പറഞ്ഞു.
‘ആനന്ദം കൊണ്ടു നിറയുക എന്നു പറഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമാശ്വാസമാണ്. കേവലം ആഹ്ലാദവാനായിരിക്കുക, പോസിറ്റീവായിരിക്കുക, പ്രസാദത്തോടെയിരിക്കുക എന്നതിനൊക്കെ അപ്പുറമാണത്. ആനന്ദം മറ്റൊന്നാണ്. നിറഞ്ഞു കവിയുന്ന സന്തോഷമാണത്’ പാപ്പാ വിശദീകരിച്ചു.
‘പരിശുദ്ധാത്മാവിന്റെ ആനന്ദം സ്വീകരിക്കുക എന്നത് ഒരു കൃപയാണ്’ പാപ്പാ പറഞ്ഞു.
യേശുവിന്റെ ഉത്ഥാന ശേഷം ജറുസലേമില്‍ വച്ച് യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്ന സംഭവം വായിച്ചു കൊണ്ട് വിശദീകരിക്കുകയായിരുന്നു മാര്‍പാപ്പാ. ശിഷ്യന്മാര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു എന്ന് ലൂക്കാ സുവിശേഷകന്‍ പറയുന്ന വചനഭാഗം പാപ്പാ ഉദ്ധരിച്ചു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വചനഭാഗങ്ങളിലൊന്നാണിതെന്നും പാപ്പാ പറഞ്ഞു.