മാനസാന്തരത്തിനുള്ള സമയമാണ് ആഗമനകാലം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: മാനസാന്തരപ്പെട്ട് ഹൃദയത്തില്‍ യേശുവിന് സ്ഥലം ഒരുക്കുവാനുള്ള സന്ദര്‍ഭമാണ് ആഗമനകാലം എന്ന് ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ, ഞായറാഴ്ച ദിവസം, കുട്ടികളുടെ തിരുപ്പിറവി തിരുസ്വരൂപങ്ങളെ ആശീര്‍വദിച്ച ശേഷം സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
‘ആഗമനകാലം കൃപയുടെ കാലമാണ്. ദൈവത്തില്‍ വിശ്വാസിച്ചാല്‍ മാത്രം പോര, നമ്മുടെ വിശ്വാസം ഓരോ ദിവസവും ശുദ്ധീകരിക്കുകയും വേണം എന്ന് ആഗമനകാലം നമ്മോടു പറയുന്നു’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ദൈവത്തെ എതിരേല്‍ക്കുവാന്‍ വേണ്ടി സ്വയം ഒരുങ്ങുന്ന കാലമാണത്. അല്ലാതെ ഇതൊരു യക്ഷിക്കഥ ഒന്നുമല്ല, ദൈവമാണ് നമ്മെ ക്ഷണിക്കുന്നത്, പാപ്പാ വ്യക്തമാക്കി.
ഇറ്റാലിയന്‍ ഭാഷയില്‍ ബാംബിനെല്ലി എന്നറിയപ്പെടുന്ന തിരുപ്പിറവി തിരുസ്വരൂപങ്ങള്‍ ആശീര്‍വദിക്കാന്‍ എത്തിയ പാപ്പായെ കുട്ടികള്‍ ആരവങ്ങളോടെയാണ് വരവേറ്റത്. പോള്‍ ആറാമന്‍ മാര്‍പാപ്പായാണ് 50 വര്‍ഷം പഴക്കമുള്ള ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്.