‘ആന്തരിക ബധിരത’ മാറ്റിയെടുക്കേണ്ടത് അനിവാര്യം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ‘ആന്തരിക ബധിരത’ മാറ്റിയെടുക്കേണ്ടതിന്റെ അനിവാര്യത ലോകം തിരിച്ചറിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശാരീരിക ബധിരതയേക്കാള്‍ മോശമാണു ഹൃദയത്തിന്റെ ബധിരത. ദിവ്യവചനത്തിലേക്കു മനസ് ചായിക്കുന്നതിലൂടെ ഹൃദയത്തിന്റെ രോഗശാന്തി ആരംഭിക്കുന്നു- ഞായറാഴ്ച പ്രസംഗത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

ബധിരനെ സുഖപ്പെടുത്തുന്ന യേശുവിനെ അവതരിപ്പിച്ചുള്ള സുവിശേഷ വായനയുടെ അനുബന്ധമായി ഫ്രാന്‍സിസ് മാര്‍പാപ്പ യേശു സുഖപ്പെടുത്താന്‍ അവലംബിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ആ മനുഷ്യന്റെ ചെവിയില്‍ വിരല്‍ വച്ചു. അവന്റെ നാവില്‍ ഉമിനീര്‍ തൊട്ട് സ്വര്‍ഗത്തിലേക്ക് നോക്കി ‘എഫ്ഫാത്ത’, അതായത്, ‘തുറക്കുക!’ എന്നു പറഞ്ഞു. ബധിരതയുടെ അവസ്ഥയ്ക്കുള്ള പ്രത്യേക പ്രതീകാത്മക മൂല്യമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. നമുക്കെല്ലാവര്‍ക്കും എന്തെങ്കിലും പറയാന്‍ കഴിയും.നമുക്കെല്ലാവര്‍ക്കും ചെവികളുണ്ട്. പക്ഷേ പലപ്പോഴും നമുക്ക് കേള്‍ക്കാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യവുമുണ്ട്.
.
സുഖപ്പെടുത്തണമെന്ന് യേശുവിനോട് നിരന്തരം ആവശ്യപ്പെടാന്‍ സാഹചര്യമുള്ള ‘ആന്തരിക ബധിരത’ എങ്ങും തീവ്രമാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. നമ്മുടെ തിടുക്കത്തിലും തിരക്കിലും എല്ലാവരേയും അവഗണിക്കുക എളുപ്പമാണ്. ചിലപ്പോള്‍ കര്‍ത്താവിനോടും നമ്മുടെ സഹോദരീസഹോദരന്മാരോടുമുള്ള രീതിയും അവഗണനയുടേതു തന്നെ. ഇതു മാറ്റി മറ്റുള്ളവരെ കേള്‍ക്കുന്നതിലൂടെയും ആളുകളുടെ ജീവിതത്തില്‍ സ്പര്‍ശിക്കുന്നതിലൂടെയും നമുക്ക് ജീവിതം സാര്‍ത്ഥകമാക്കാാും വിശ്വാസത്തില്‍ വളരാനും പഠിക്കാം.

കേള്‍ക്കാനുള്ള നമ്മുടെ ശേഷി എങ്ങനെ മുന്നേറുന്നുവെന്നും നമ്മള്‍ അടുത്തിടപഴകുന്നവരുമായി എങ്ങനെ സമയം ചെലവഴിക്കുന്നുവെന്നും ചിന്തിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. കുടുംബജീവിതത്തില്‍ പ്രത്യേകിച്ചും, ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കാത്തവരുണ്ട്. എപ്പോഴും ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് സംസാരിക്കുന്നതാണു പലര്‍ക്കും ശീലം. ‘ഒരു സംഭാഷണം ആരംഭിക്കുന്നത് പലപ്പോഴും വാക്കുകളിലൂടെയല്ല, മ ൗനത്തിലൂടെയാണ്’- മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി, മറ്റുള്ളവരെ ശ്രദ്ധിക്കാനും അവരുടെ വെല്ലുവിളികളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും കേള്‍ക്കാനും ക്ഷമ ആവശ്യമാണ്.

കര്‍ത്താവിനോടുള്ള ആശയവിനിമയത്തിന്റെ കാര്യത്തിലും ഇത് സത്യമാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. എപ്പോഴും അവന്റെ സഹായം ചോദിക്കുന്നത് നല്ലതു തന്നെ. പക്ഷേ, നമ്മള്‍ ആദ്യം അവനെ ശ്രദ്ധിക്കുന്നുവെന്നുറപ്പാക്കണം. ‘കര്‍ത്താവിനെ ശ്രദ്ധിക്കാന്‍’ നമ്മള്‍ ഓര്‍ക്കുന്നുണ്ടോ എന്നു സ്വയം ചോദിക്കണം. പ്രത്യേകിച്ചും സുവിശേഷ വചനം കേള്‍ക്കാന്‍ സമയം കണ്ടെത്തണം. അങ്ങനെയാകണം യേശുവിന്റെ സ്വരം നമ്മില്‍ മുഴങ്ങുക. സുവിശേഷം കേള്‍ക്കാന്‍ സമയം ചെലവഴിക്കുന്നതിലൂടെ നമ്മുടെ ആത്മീയ ആരോഗ്യത്തിന്റെ രഹസ്യം നമുക്കു കണ്ടെത്താനാകും. താന്‍ നിര്‍ദ്ദേശിക്കുന്ന ‘മരുന്ന്’ ഇതാണ്: എല്ലാ ദിവസവും കുറച്ച് നിശബ്ദത, കുറച്ച് ശ്രവണം, കുറച്ച് സംസാരം, കൂടുതല്‍ ദൈവവചനം.

‘എഫ്ഫാത്ത, തുറക്കപ്പെടുക!’ എന്ന യേശുവിന്റെ വാക്കുകള്‍ നമ്മുടെ നേരെ എപ്പോഴുമുണ്ടാകാനുള്ള പ്രാര്‍ത്ഥന നിര്‍ണ്ണായകമാണ്.നമ്മുടെ അടഞ്ഞ ഹൃദയങ്ങള്‍ തിടുക്കത്തില്‍ നിന്നും അക്ഷമയില്‍ നിന്നും ദിവ്യ വചനത്തിലൂടെ സുഖപ്പെടാന്‍ അതുപകരിക്കും. തന്റെ പുത്രനെയും നമ്മുടെ സഹോദരീസഹോദരന്മാരെയും ക്ഷമാപൂര്‍വം, ശ്രദ്ധയോടെ കേള്‍ക്കാന്‍ ദിവ്യ ജനനിയുടെ സഹായം തേടാം- മാര്‍പ്പാപ്പ ഉപസംഹരിച്ചതിങ്ങനെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles