സഭ ദൈവത്തിന്റെ നീതിയിലും കരുണയിലും ആശ്രയിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സഭ ദൈവത്തിന്റെ നീതിയിലും കരുണയിലും ആശ്രയിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ഓരോരുത്തര്‍ക്കും അവരവരുടെ കഥയുണ്ട്. നമുക്ക് ഓരോരുത്തര്‍ക്കും പാപങ്ങളുണ്ട്. അത് എന്താണെന്ന് ഓര്‍മിക്കുന്നില്ലെങ്കില്‍ അല്‍പനേരം ധ്യാനനിരതരായി നിന്ന് ഒന്ന് ആലോചിച്ചു നോക്കുക.’ പാപ്പാ പറഞ്ഞു.

‘നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ സന്നിധിയിലേക്ക് നമുക്ക് മിഴിയുയര്‍ത്താം. അതേ സമയം ദൈവം കാരുണ്യവാനുമാണ്. തിരുസഭയില്‍ ആയിരിക്കുന്നതോര്‍ത്ത് നമുക്ക് ലജ്ജിക്കാതിരിക്കാം. പാപികളാണെന്നോര്‍ത്ത് നാം ലജ്ജിക്കണം. തിരു സഭ എല്ലാവരുടെയും മാതാവാണ്’ പാപ്പാ പറഞ്ഞു.

പഴയ നിയമത്തിലെ സൂസന്നയുടെയും പുതിയ നിയമത്തില്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെയും കുറിച്ച് പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം പകര്‍ന്നത്.

ദാനിയേലിന്റെ പുസ്തകത്തിലാണ് സൂസന്നയുടെ കഥ പറയുന്നത്. അവള്‍ സുന്ദരിയും ദൈവഭയമുള്ളവളുമായിരുന്നു. തെറ്റായി അവള്‍ കുറ്റം വിധിക്കപ്പെട്ടപ്പോള്‍ ദാനിയേല്‍ വഴി ദൈവം അവള്‍ക്ക് നീതി നടത്തി കൊടുത്തു.

യോഹന്നാന്റെ സുവിശേഷത്തില്‍ വിവരിക്കുന്ന വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീക്ക് യേശു കാരുണ്യം വച്ചു നീട്ടുകയാണ്. അതോടൊപ്പം യേശു അവള്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കുന്നു, മേലില്‍ പാപം ചെയ്യരുത്.

ഒരുവള്‍ വിശുദ്ധയും മറ്റൊരുവള്‍ പാപിയുമാണ്. പിതാക്കന്മാര്‍ ഇവര്‍ രണ്ടിലും സഭയെ കാണുന്നു. ഒരേ സമയം വിശുദ്ധയായ സഭയുടെ മക്കളെല്ലാവരും പാപികളാണ്. വിശുദ്ധയായി സൂന്നന്നയ്ക്ക് ദൈവം നീതി നടത്തി കൊടുക്കുമ്പോള്‍ പാപിനിക്ക് യേശു കാരുണ്യം പകര്‍ന്നു കൊടുക്കുന്നു, പാപ്പാ വിശദമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles