പ്രാർത്ഥന കൊണ്ടു മാത്രമേ ഐക്യം സാധ്യമാകുകയുള്ളൂ എന്ന് ഫ്രാൻസിസ് പാപ്പാ

ഫ്രാന്‍സിസ് പാപ്പാ ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചു നടത്തിയ പ്രഭാഷണം:

ഐക്യം നമുക്ക് ഓരോരുത്തർക്കും ആവശ്യമാണ്. വാസ്തവത്തിൽ, നമ്മിൽപ്പോലും ഐക്യം കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിവില്ലെന്ന് നമുക്കറിയാം. അപ്പോസ്തലനായ പൗലോസിനും പിച്ചിച്ചീന്തുന്നതായ ഒരു ആന്തരിക സംഘർഷം അനുഭവപ്പെട്ടു: നന്മ ആഗ്രഹിക്കുകയും തിന്മയിലേക്ക് ചായുകയും ചെയ്യുന്നു (റോമ 7:19). നമുക്ക് ചുറ്റുമുള്ള അനേകം ഭിന്നതകളുടെ വേരുകൾ, അതായത്, ആളുകൾക്കിടയിൽ, കുടുംബത്തിൽ, സമൂഹത്തിൽ, ജനതകൾക്കിടയിൽ, വിശ്വാസികൾക്കിടയിൽപ്പോലുമുള്ള അനൈക്യത്തിൻറെ വേരുകൾ, നമ്മുടെ ഉള്ളിൽത്തന്നെയാണെന്ന് അങ്ങനെ അദ്ദേഹം മനസ്സിലാക്കി.

മാനവഹൃദയത്തിൽ വേരൂന്നിയ പിളർപ്പ് നീങ്ങാൻ ദൈവത്തോട് യാചിക്കുക

രണ്ടാം വത്തിക്കാൻ സൂനഹദോസ് പറയുന്നു: “ലോകത്തിലുള്ള അസന്തുലിതാവസ്ഥ മാനവഹൃദയത്തിൽ വേരൂന്നിയ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. പല ഘടകങ്ങളും പരസ്പരം പോരടിക്കുന്നത് മനുഷ്യൻറെ ഉള്ളിൽത്തന്നെയാണ്….. ആകയാൽ മനുഷ്യൻ അവനിൽത്തന്നെ ഭിന്നത അനുഭവിക്കുന്നു, അതിൽ നിന്നാണ് സമൂഹത്തിൽ വളരെയധികം ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുന്നത്” (ഗൗദിയും ഏത്ത് സ്പേസ്, 10). അതിനാൽ, ഭിന്നിപ്പുകൾക്കുള്ള പരിഹാരം ആരെയെങ്കിലും എതിർക്കലല്ല, കാരണം വിയോജിപ്പ് മറ്റൊരു വിയോജിപ്പുണ്ടാക്കുന്നു. യഥാർത്ഥ പ്രതിവിധിക്ക് തുടക്കമാകുന്നത് ദൈവത്തോട് സമാധാനം, അനുരഞ്ജനം, ഐക്യം എന്നിവ അപേക്ഷിക്കുന്നതിൽ നിന്നാണ്.

പ്രാർത്ഥന ഐക്യത്തിലേക്കുള്ള വഴി, ലോകം വിശ്വസിക്കേണ്ടതിന് ഐക്യം അനിവാര്യം

ഇത് സർവ്വോപരി ക്രൈസ്തവർക്ക് ബാധകമാണ്: പ്രാർത്ഥനയുടെ ഫലമായി മാത്രമേ ഐക്യം സംജാതമാകൂ. ഇതിന്. നയതന്ത്ര യത്നങ്ങളും സൈദ്ധാന്തിക സംവാദങ്ങളും അപര്യാപ്തങ്ങളാണ്. ഇതറിയാമായിരുന്ന യേശു, പ്രാർത്ഥിച്ചുകൊണ്ട്, നമുക്ക് വഴി തുറന്നിട്ടു. ആകയാൽ ഐക്യത്തിനായുള്ള നമ്മുടെ പ്രാർത്ഥന, അങ്ങനെ, കർത്താവിൻറെ പ്രാർത്ഥനയിൽ താഴ്മയോടും എന്നാൽ വിശ്വാസത്തോടും കൂടിയ നമ്മുടെ പങ്കാളിത്തമായി ഭവിക്കുന്നു. തൻറെ നാമത്തിൽ നടത്തുന്ന എല്ലാ പ്രാർത്ഥനകളും പിതാവ് ശ്രവിക്കുമെന്ന് കർത്താവ് ഉറപ്പു നല്കിയിട്ടുണ്ട് (യോഹന്നാൻ 15,7). ഇത്തരുണത്തിൽ നമുക്ക് സ്വയം  ചോദിക്കാം: “ഞാൻ ഐക്യത്തിനായി പ്രാർത്ഥിക്കുന്നുണ്ടോ?”. അത് യേശുവിൻറെ ഹിതമാണ്, എന്നാൽ നമ്മുടെ പ്രാർത്ഥനാനിയോഗങ്ങൾ നാം പുനരവലോകനം ചെയ്യുകയാണെങ്കിൽ, ഒരു പക്ഷേ, നമുക്ക് മനസ്സിലാക്കാൻ സാധിക്കും, ക്രൈസ്തവൈക്യത്തിനായി നമ്മൾ കുറച്ചു മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ, അല്ലെങ്കിൽ ഒട്ടും പ്രാർത്ഥിച്ചിട്ടില്ല എന്ന്. എന്നിരുന്നാലും, ലോകത്തിൽ വിശ്വാസം ഐക്യത്തെ ആശ്രയിച്ചിരിക്കുന്നു. വാസ്തവത്തിൽ കർത്താവ് നമ്മുടെയിടയിലുള്ള ഐക്യം ആവശ്യപ്പെട്ടത് “ലോകം വിശ്വസിക്കുന്നതിനു വേണ്ടിയാണ്” (യോഹന്നാൻ 17,21). നമ്മെ ഒന്നിപ്പിക്കുകയും എല്ലാവരുമായും അടുപ്പിക്കുകയും ചെയ്യുന്ന സ്നേഹത്തിനുള്ള നമ്മുടെ സാക്ഷ്യം കൊണ്ടല്ലാതെ നാം നല്ല വാദമുഖങ്ങളിലൂടെ ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ ലോകം  വിശ്വസിക്കില്ല.

 സ്നേഹത്തിലും പ്രാർത്ഥനയിലും സ്ഥൈര്യമുള്ളവരാകണം

കടുത്ത പ്രതിസന്ധികളുടെ ഈ വേളയിൽ, ഐക്യം സംഘർഷങ്ങളുടെമേൽ പ്രബലപ്പെടുന്നതിന്, പ്രാർത്ഥന കൂടുതൽ ആവശ്യമാണ്. പൊതുനന്മ പരിപോഷിപ്പിക്കേണ്ടതിന് വൈക്തികവാദം മാറ്റിവയ്ക്കേണ്ടത് അടിയന്തരാവശ്യമാണ്, അതിന് നമ്മുടെ നല്ല മാതൃക മൗലികമാണ്: ക്രിസ്ത്യാനികൾ പൂർണ്ണവും ദൃശ്യവുമായ ഐക്യത്തിലേക്കുള്ള പാതയിൽ മുന്നേറേണ്ടത് സത്താപരമാണ്. ഇക്കഴിഞ്ഞ ദശകങ്ങളിൽ, ദൈവകൃപയാൽ, നിരവധി ചുവടുകൾ മുന്നോട്ടു വയ്ക്കാൻ സാധിച്ചിട്ടുണ്ട്, എന്നാൽ അവിശ്വാസവും മടുപ്പുമരുത്. സ്നേഹത്തിലും പ്രാർത്ഥനയിലും സ്ഥൈര്യമുള്ളവരായിരിക്കണം.  പരിശുദ്ധാത്മാവ് ഉളവാക്കിയ ഒരു പാതയാണിത്, അതിൽ നിന്ന് നാം ഒരിക്കലും പിന്നോട്ട് പോകില്ല.

പ്രാർത്ഥന ഐക്യത്തിനായുള്ള പോരാട്ടം, വിഭജകനായ സാത്താനെതിരെയുള്ള യുദ്ധം

പ്രാർത്ഥിക്കുക എന്നാൽ ഐക്യത്തിനായി പോരാടുക എന്നാണർത്ഥം. അതെ, യുദ്ധം ചെയ്യുക, കാരണം നമ്മുടെ ശത്രു പിശാച് ആണ്, ആ വാക്ക് തന്നെ സൂചിപ്പിക്കുന്നതുപോലെ, വിഭജകൻ. എല്ലായിടത്തും എല്ലാവിധത്തിലും അവൻ ഭിന്നിപ്പുണ്ടാക്കുന്നു, എന്നാൽ പരിശുദ്ധാത്മാവാകട്ടെ, എല്ലായ്പ്പോഴും ഐക്യം സംജാതമാക്കുന്നു. പൊതുവേ, പിശാച് നമ്മെ പരീക്ഷിക്കുന്നത് ഉന്നതമായ ദൈവശാസ്ത്ര മണ്ഡലത്തിലല്ല, പ്രത്യുത, സഹോദരങ്ങളുടെ ബലഹീനതകളിലാണ്. അവൻ തന്ത്രശാലിയാണ്: മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും അവൻ പർവ്വതീകരിച്ചു കാട്ടുകയും, ഭിന്നിപ്പു വിതയ്ക്കുകയും, വിമർശനങ്ങൾ ഉളവാക്കുകയും, ചേരിതരിവുണ്ടാക്കുകയും ചെയ്യുന്നു. ദൈവത്തിൻറെ വഴി മറ്റൊന്നാണ്: നാമായിരിക്കുന്നതു പോലെ നമ്മെ, വ്യതിരിക്തതയോടുകൂടി, പാപികളായി സ്വീകരിക്കുകയും ഐക്യത്തിലേക്ക് നീങ്ങാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നമുക്ക് ആത്മശോധന ചെയ്യുകയും നമ്മൾ വസിക്കുന്നയിടങ്ങളിൽ നാം സംഘർഷങ്ങൾ പരിപോഷിപ്പിക്കുകയാണോ അല്ലെങ്കിൽ ദൈവം നമുക്ക് നൽകിയിട്ടുള്ള ഉപകരണങ്ങളായ പ്രാർത്ഥനയും സ്നേഹവും ഉപയോഗിച്ച് ഐക്യം വർദ്ധമാനമാക്കാൻ പോരാടുകയാണോ എന്ന് സ്വയം ചോദിക്കുകയും ചെയ്യാം. വ്യർത്ഥഭാഷണത്താൽ, പരദൂഷണത്താൽ എന്നും സംഘർഷങ്ങൾ ആളിക്കത്തിക്കുകയാണ് ചെയ്യുക. ക്രൈസ്തവസമൂഹത്തെ ഭിന്നിപ്പിക്കാനും കുടുംബത്തെ പിളർക്കാനും സുഹൃത്തുക്കളെ വിഭജിക്കാനും സാത്താൻറെ കൈയ്യിലുള്ള എളുപ്പമുള്ള ആയുധമാണ് ജല്പനങ്ങൾ.

അത്യന്താപേക്ഷിതമായ പരസ്നേഹം

“എൻറെ സ്നേഹത്തിൽ നിലനിൽക്കുക: നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കും” (യോഹന്നാൻ 15: 5-9). കൂട്ടായ്മയുടെ മൂലം ക്രിസ്തുവിൻറെ സ്നേഹമാണ്, അത് ഒരു സഹോദരനെ അല്ലെങ്കിൽ ഒരു സഹോദരിയെ എല്ലായ്പ്പോഴും സ്നേഹിക്കേണ്ട വ്യക്തിയായി കാണാൻ കഴിയും വിധം  മുൻവിധികളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കും. അപ്പോൾ, തനതായ പാരമ്പര്യങ്ങളും ചരിത്രവുമുള്ള ഇതര ക്രൈസ്തവവിഭാഗങ്ങളിൽപ്പെട്ടവരും ദൈവത്തിൻറെ ദാനങ്ങളാണെന്ന്, അവർ നമ്മുടെ രൂപത, ഇടവകസമൂഹങ്ങളുടെ അതിർത്തികൾക്കുള്ളിലുള്ള സമ്മാനങ്ങളാണെന്ന് നാം മനസ്സിലാക്കും. നാം അവർക്കുവേണ്ടി പ്രാർഥിക്കാൻ തുടങ്ങുന്നു, സാധിക്കുമ്പോൾ അവരോടൊപ്പം പ്രാർത്ഥിക്കാം. അങ്ങനെ നമുക്ക്  അവരെ സ്നേഹിക്കാനും വിലമതിക്കാനും പഠിക്കാം. എക്യുമെനിക്കൽ പ്രസ്ഥാനം മുഴുവൻറെയും ആത്മാവ് പ്രാർത്ഥനയാണെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് ഓർമ്മിപ്പിക്കുന്നു (ഉണിത്താത്തിസ് റെദിന്തെഗ്രാസിയൊ- Unitatis redintegratio, 8). ആകയാൽ, പ്രാർത്ഥന, “എല്ലാവരും ഒന്നായിരിക്കണം” എന്ന യേശുവിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് അവിടത്തെ സഹായിക്കുന്നതിനുള്ള ആരംഭബിന്ദു ആയിരിക്കട്ടെ. നന്ദി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles