ദൈവവിളികൾക്കായുള്ള പ്രാർത്ഥനാദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

ദൈവവിളികൾക്കായുള്ള അൻപത്തിയൊൻപതാമത് ആഗോള പ്രാർത്ഥനാദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.

മെയ് 8-ന് ദൈവവിളികൾക്കായുള്ള പ്രാർത്ഥനാദിനം ആചരിക്കാനിരിക്കെ ഇന്നത്തെ സാഹചര്യത്തിൽ ദൈവവിളിയുടെ പ്രത്യേകതകളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഇതുസംബന്ധിച്ച സന്ദേശം നൽകി. ദ്രുവീകരണത്തിന്റെയും അടിച്ചമർത്തലുകളുടെയും യുദ്ധങ്ങളുടെയും ഇക്കാലത്ത്, സഭ ഒരു സിനഡൽ പ്രക്രിയയാണ് ആരംഭിച്ചതെന്ന് തന്റെ സന്ദേശത്തിൽ പാപ്പാ എടുത്തു പറഞ്ഞു. പരസ്പര സഹകരണത്തിലൂടെയും, പങ്കുവയ്ക്കലിലൂടെയും, മറ്റുള്ളവരെ ശ്രവിക്കുവാനും, ഒരുമിച്ച് നടക്കുവാനുമുള്ള ആവശ്യമാണ് സഭയെ ഇതിന് പ്രേരിപ്പിക്കുന്നത്. നന്മയുള്ള സ്ത്രീപുരുഷന്മാർക്കൊപ്പം ചേർന്ന് മാനവികകുടുംബം കെട്ടിപ്പടുക്കാനായും, മനുഷ്യകുലത്തിന്റെ മുറിവുകൾ സുഖപ്പെടുത്താനും, മെച്ചപ്പെട്ട ഒരു ഭാവിയിലേക്ക് അതിനെ നയിക്കാനും സഭ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ വ്യക്തമാക്കി. ദൈവത്തെയും ലോകത്തെയും ശ്രവിക്കുന്ന ഒരു സിനഡൽ സഭ എന്ന നിലയിൽ, ദൈവവിളിയുടെ ആഴമേറിയ അർത്ഥത്തെക്കുറിച്ചാണ് പാപ്പായുടെ സന്ദേശം വിചിന്തനം ചെയ്യുന്നത്.

സമർപ്പിതരും അല്മയരും എന്ന വേർതിരിവുകൾക്കപ്പുറം, എല്ലാ സഭാതനായരും സുവിശേഷവത്കരണമെന്ന സഭയുടെ പൊതുവായ ദൗത്യത്തിൽ പങ്കുകാരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മാമ്മോദീസായാൽ എല്ലാ ദൈവജനവും മിഷനറിയാണ്.

നാമെല്ലാവരും പരസ്പരവും, അതുപോലെതന്നെ സൃഷ്ടപ്രപഞ്ചത്തിന്റെയും കാവൽക്കാരാകുവാൻ വിളിക്കപ്പെട്ടവരെണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മനുഷ്യവർഗ്ഗത്തെ ദൈവവുമായി അനുരഞ്ജിപ്പിക്കുവാനുള്ള ക്രിസ്തുവിന്റെ ദൗത്യത്തിൽ പങ്കുകാരാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സ്നേഹത്തിലൂടെയും പരസ്പരം അംഗീകരിക്കുന്നതിലൂടെയും മാനുഷികതയെയും നമ്മിൽ വസിക്കുന്ന ദൈവികസാന്നിദ്ധ്യത്തെയും വളർത്തിയെടുക്കുവാനും നമുക്ക് കടമയുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നമ്മിലേക്കെത്തുന്ന ദൈവത്തിന്റെ നോട്ടത്തെ സ്വീകരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വിളി എന്നത് ചിലർക്ക് മാത്രമുള്ളതല്ല, മറിച്ച് എല്ലാവരും ദൈവത്താൽ നോക്കപ്പെട്ടവരും, വിളിക്കപ്പെട്ടവരുമാണ്. ദൈവം നമ്മിലെ സാധ്യതകളെയാണ് കാണുന്നത്. പൊതുവായ നന്മയ്ക്കുവേണ്ടി, ദൈവം നമ്മിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്കുവേണ്ടി അക്ഷീണം പരിശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മെ സ്വാതന്ത്രരാക്കുന്ന ദൈവവചനം ശ്രവിക്കുക വഴി ദൈവം നമുക്കേൽപ്പിച്ചിരിക്കുന്ന വിളിയിലേക്ക് നമ്മെത്തന്നെ തുറക്കാനാകണം.

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിൽ കാണുന്നതുപോലെ (10, 21) യേശു നമ്മെയും സ്നേഹത്തോടെ നോക്കുന്നുണ്ട്. ആ നോട്ടത്താൽ സ്പരിശിക്കപ്പെട്ട് പരസ്പരം സ്നേഹപൂർവ്വം നോക്കുവാനും പരസ്പരം വളർത്തുവാനും നമുക്ക് പരിശ്രമിക്കാമെന്ന് പാപ്പാ എഴുതി. ദൈവത്തിന്റെ നോട്ടത്തെ നമ്മിൽ സ്വീകരിക്കുമ്പോൾ, എല്ലാം, നാമും ദൈവവുമായും, നമ്മൾ തമ്മിലുമുള്ള ദൈവവിളിയുടേതായ ഒരു സംഭാഷണമായി മാറുമെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു. വൈദിക, സമർപ്പിത, വിവാഹ വിളികളിലൂടെയെല്ലാം, മറ്റുള്ളവരെയും ലോകത്തെയും, ദൈവത്തിന്റെ കണ്ണുകൾകൊണ്ട് നോക്കുവാനും, നന്മ ചെയ്യുവാനും, സ്നേഹം പരത്തുവാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

സഹോദര്യത്തിന്റേതായ ഒരു ലോകം കെട്ടിപ്പടുക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. നാം വ്യക്തിപരമായി വിളിക്കപ്പെട്ടവർ മാത്രമല്ല, ഒരുമിച്ചായിരിക്കുവാൻ വിളിക്കപ്പെട്ടവരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഓരോ നക്ഷത്രങ്ങൾപോലെ തിളങ്ങുന്നു എങ്കിലും, ഒരുമിച്ച് ചേർന്ന് മനുഷ്യരുടെ വഴികളെ പ്രകാശിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന നക്ഷത്രക്കൂട്ടങ്ങളാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വ്യത്യസ്തതകൾ ഒരുമിച്ച് വസിക്കുന്ന സഭ മാനവരാശി മുഴുവൻ വിളിക്കപ്പെട്ടതിന്റെ അടയാളവും ഉപകാരണവുമാണ്. അതുകൊണ്ടുതന്നെയാണ് സഭ,  വൈവിധ്യങ്ങളുടെ ഒരുമയിൽ സഞ്ചരിക്കാൻ, കൂടുതൽ സിനഡൽ സഭയാകേണ്ടത്.

ദൈവവിളിയെക്കുറിച്ച് പറയുമ്പോൾ ഓരോരുത്തരും അവരവരുടെ പ്രത്യേക വിളിയെ തിരഞ്ഞെടുക്കുകയോ, ഓരോ പ്രത്യേക സന്ന്യാസസമൂഹത്തിന്റെയും സിദ്ധികളെ പിഞ്ചെല്ലുകയോ മാത്രമല്ല, മറിച്ച്, “അവരെല്ലാവരും ഒന്നായിരിക്കട്ടെ” (യോഹ. 17, 21) എന്ന പ്രാർത്ഥനപോലെ, ദൈവത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനും, സഹോദര്യത്തിനായുള്ള ദൈവികപദ്ധതിയോട് ചേർന്ന് പ്രവർത്തിക്കുക എന്നുകൂടിയാണ് അർത്ഥമാക്കുന്നത്. എല്ലാ ദൈവവിളികളും, ഒരേ ലക്ഷ്യത്തിലേക്കാണ്: പരിശുദ്ധാത്മാവ് പൂർത്തീകരിക്കുന്ന ദാനങ്ങൾ മനുഷ്യരുടെയിടയിൽ പ്രതിധ്വനിപ്പിക്കുക എന്നതാണത്. വൈദികരും, സമർപ്പിതരും, അൽമായരും ഒരുമിച്ച് പ്രവർത്തിച്ച്, സ്നേഹത്താൽ ഒന്നായ വലിയ ഒരു മാനവികകുടുംബം എന്നത് ഒരു അസാധ്യചിന്തയല്ല എന്നും, ദൈവം നമ്മെ അതിനായാണ് സൃഷ്ടിച്ചതെന്നും തെളിയിക്കുക എന്നതുമാണ് വിളിയുടെ ലക്‌ഷ്യം.

ചരിത്രത്തിലെ ഓരോ നാടകീയസംഭവങ്ങൾക്കിടയിലും ദൈവജനം ദൈവവിളികളോട് പ്രതികരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കാനും, ഓരോരുത്തരും തങ്ങളുടെ സ്ഥാനങ്ങൾ കണ്ടെത്തി, വിളിയനുസരിച്ച് ദൈവികപദ്ധതിയിൽ, തങ്ങളെക്കൊണ്ടാകുന്നതിൽ ഏറ്റവും നല്ലത് നൽകുവാൻവേണ്ടി പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിനായി പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്താണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles