ശ്രവണം കർത്താവിൻറെ സ്നേഹം കണ്ടെത്താനുള്ള വഴി!

കർത്താവും നമ്മൾ ഓരോരുത്തരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് (യോഹന്നാൻ 10: 27-30) സുവിശേഷഭാഗം നമ്മോട് പറയുന്നത് . അതിനായി യേശു ആർദ്രതയോലുന്ന ഒരു രൂപം, മനോഹരമായ ഒരു രൂപം, അതായത് ആടുകളോടൊപ്പമുള്ള ഇടയൻറെ രൂപം ഉപയോഗിക്കുന്നു. മൂന്ന് ക്രിയകളാൽ അവിടന്ന് അത് വിശദീകരിക്കുന്നു: “എൻറെ ആടുകൾ – യേശു പറയുന്നു – എൻറെ സ്വരം ശ്രവിക്കുന്നു, എനിക്ക് അവയെ അറിയാം, അവ എന്നെ അനുഗമിക്കുന്നു” (യോഹന്നാൻ 10,27). മൂന്ന് ക്രിയാപദങ്ങൾ: കേൾക്കുക, അറിയുക, പിന്തുടരുക. ഈ മൂന്ന് ക്രിയകളെക്കുറിച്ച് നമുക്കു ചിന്തിക്കാം.

ഇടയൻറെ സ്വരം തിരിച്ചറിയുന്ന അജഗണം 

സർവ്വോപരി, ആടുകൾ ഇടയൻറെ സ്വരം കേൾക്കുന്നു. മുൻകൈ എടുക്കുന്നത് എപ്പോഴും കർത്താവാണ്; സകലവും ആരംഭിക്കുന്നത് അവൻറെ കൃപയിൽ നിന്നാണ്: അവനുമായി കൂട്ടായ്മയിലായിരിക്കാൻ നമ്മെ വിളിക്കുന്നത് അവനാണ്. എന്നാൽ കേൾക്കാനായി നാം നമ്മെത്തന്നെ തുറന്നിട്ടാൽ മാത്രമെ ഈ കൂട്ടായ്മ ജന്മംകൊളളുകയുള്ളൂ; നാം ബധിരരായി തുടരുകയാണെങ്കിൽ ഈ കൂട്ടായ്മ നമുക്കേകാൻ അവനു കഴിയില്ല. ശ്രവണത്തിനായി സ്വയം തുറക്കുക, കാരണം കേൾക്കുക എന്നതിനർത്ഥം സംലഭ്യതയാണ്, അതിനർത്ഥം വിധേയത്വം ആണ്, സംഭാഷണത്തിനായി നീക്കിവച്ചിരിക്കുന്ന സമയം എന്നാണ് അതിൻറെ പൊരുൾ. ഇന്ന് നമ്മൾ വാക്കുകളുടെയും എപ്പോഴും എന്തെങ്കിലും പറയാനും പ്രവർത്തിക്കാനുമുള്ള തിടുക്കത്തിൻറെയും പ്രളയത്തിൽ മുങ്ങിപ്പോകുന്നു. എന്തിനു പറയുന്നു, രണ്ട് പേർ സംസാരിക്കുമ്പോൾ അപരനെ പുർത്തിയാക്കാൻ അനുവദിക്കാതെ ഇടയ്ക്കുകയറി പറയുന്നു, പാതിവഴിയിൽ തടയുന്നു, പ്രതികരിക്കുന്നു, ഇത് എത്രയോ തവണ സംഭവിക്കുന്നു. ഒരുവൻ അപരനെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ അവിടെ ശ്രവണം ഇല്ല. ഇത് നമ്മുടെ ഈ കാലഘട്ടത്തിൻറെ ഒരു തിന്മയാണ്. ഇന്ന് നമ്മൾ വാക്കുകളാൽ എപ്പോഴും എന്തെങ്കിലും പറയണമെന്നുള്ള തിടുക്കത്താൽ ആമഗ്നരാകുന്നു, നാം നിശബ്ദതയെ ഭയക്കുന്നു. ശ്രവിക്കുക എത്രമാത്രം ആയാസകരമാണ്! അവസാനം വരെ പരസ്പരം കേൾക്കുക, സ്വയം ആവിഷ്ക്കരിക്കാൻ മറ്റുള്ളവരെ അനുവദിക്കുക, കുടുംബത്തിൽ പരസ്പരം കേൾക്കുക, വിദ്യാലയത്തിൽ പരസ്പരം ശ്രവിക്കുക, ജോലിസ്ഥലത്ത്, പിന്നെ സഭയിൽ പോലും പരസ്പരം കേൾക്കുക! എന്നാൽ കർത്താവിനെ സംബന്ധിച്ചിടത്തോളം, സർവ്വോപരി, ശ്രവണം ആവശ്യമാണ്. അവൻ പിതാവിൻറെ വചനമാണ്, ക്രിസ്ത്യാനി ശ്രവണത്തിൻറെ സന്തതിയാണ്, അവൻ, ദൈവവചനം കയ്യിൽ കരുതി ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. നാം ശ്രവണത്തിൻറെ മക്കളാണോ, ദൈവവചനത്തിനായി സമയം കണ്ടെത്തുന്നുണ്ടോ, സഹോദരീസഹോദരന്മാർക്ക് ഇടവും കരുതലും നൽകുന്നുണ്ടോ, മറ്റൊരാൾക്ക് അവൻറെ സംസാരം അഭംഗുരം അവസാനം വരെ തുടരാനും സ്വയം ആവിഷ്ക്കരിക്കാനും കഴിയുന്നത് വരെ കേൾക്കാൻ നമുക്കറിയാമോ എന്ന് നമുക്ക് ഇന്ന് സ്വയം ചോദിക്കാം.  മറ്റുള്ളവരെ ശ്രവിക്കുന്നവന് കർത്താവിനെ എങ്ങനെ ശ്രവിക്കണമെന്ന് അറിയാം, തിരിച്ചും. അവന് വളരെ മനോഹരമായ ഒരു അനുഭവമുണ്ടാകുന്നു, അതായത് കർത്താവ് തന്നെ ശ്രവിക്കുന്നു: നാം അവനോട് പ്രാർത്ഥിക്കുമ്പോൾ, നാം അവനിൽ വിശ്വസിക്കുമ്പോൾ, അവനെ വിളിച്ച് അപേക്ഷിക്കുമ്പോൾ അവൻ നമ്മെ കേൾക്കുന്നു.

കർത്താവ് നമ്മെ അറിയുന്നു, സ്നേഹിക്കുന്നു എന്ന തിരിച്ചറിവേകുന്ന ശ്രവണം 

അങ്ങനെ യേശുവിനെ ശ്രവിക്കുന്നത് അവൻ നമ്മെ അറിയുന്നുവെന്ന് കണ്ടെത്താനുള്ള വഴിയായി മാറുന്നു. നല്ല ഇടയനെ സംബന്ധിക്കുന്ന രണ്ടാമത്തെ ക്രിയ ഇതാ: അവൻ തൻറെ ആടുകളെ അറിയുന്നു. എന്നാൽ അതിനർത്ഥം അവന് നമ്മെക്കുറിച്ച് പലതും അറിയാമെന്ന് മാത്രമല്ല: അറിയുക എന്നത്, ബൈബിൾ ഭാഷ്യത്തിൽ, സ്നേഹിക്കുക എന്നും അർത്ഥമാക്കുന്നു. അതിനർത്ഥം കർത്താവ്, “നമ്മുടെ ഉള്ള് വായിക്കുമ്പോൾ”, നമ്മെ സ്നേഹിക്കുന്നു, നമ്മെ കുറ്റംവിധിക്കുന്നില്ല എന്നാണ്. നാം അവനെ ശ്രവിച്ചാൽ, കർത്താവ് നമ്മെ സ്നേഹിക്കുന്നുവെന്ന് നാം മനസ്സിലാക്കും. കർത്താവിൻറെ സ്‌നേഹം കണ്ടെത്താനുള്ള വഴി അവനെ ശ്രവിക്കുക എന്നതാണ്. അപ്പോൾ അവനുമായുള്ള ബന്ധം അമൂർത്തമോ നിർവികാരമോ ബാഹ്യമോ ആയിരിക്കില്ല. ഊഷ്‌മളമായ സൗഹൃദവും വിശ്വാസവും അടുപ്പവുമാണ് യേശു തേടുന്നത്. നമുക്ക് നൂതനവും അതിശയകരവുമായ ഒരു അറിവ് നൽകാൻ അവൻ അഭിലഷിക്കുന്നു: അതായത്, നാം എപ്പോഴും അവനാൽ സ്നേഹിക്കപ്പെടുന്നുവെന്നും അതിനാൽ നമ്മെ ഒരിക്കലും തനിച്ചാക്കില്ലെന്നും അറിഞ്ഞിരിക്കുക. നല്ല ഇടയനോടൊപ്പം ആയിരിക്കുമ്പോൾ, ഒരുവൻ സങ്കീർത്തനം പറയുന്ന അനുഭവം ജീവിക്കുന്നു: “ഞാൻ ഇരുണ്ട താഴ്‌വരയിലൂടെ നടന്നാലും, അവിടന്ന് കൂടെയുള്ളതിനാൽ ഒരു തിന്മയെയും ഞാൻ ഭയപ്പെടില്ല” (സങ്കീർത്തനം 23:4). എല്ലാറ്റിനുമുപരിയായി, അന്ധകാരങ്ങളായ സഹനങ്ങളിൽ, കഷ്ടപ്പാടുകളിൽ, പ്രതിസന്ധികളിൽ: നമ്മോടൊപ്പം അവയിലൂടെ കടന്നുപോയിക്കൊണ്ട് അവൻ നമ്മെ താങ്ങി നിറുത്തുന്നു. അങ്ങനെ, പ്രയാസകരമായ സാഹചര്യങ്ങളിൽ നമുക്കു കണ്ടെത്താൻ സാധിക്കും, നാം കർത്താവിനാൽ അറിയപ്പെടുന്നവരും സ്നേഹിക്കപ്പെടുന്നവരുമാണെന്ന്. അപ്പോൾ നമുക്ക് സ്വയം ചോദിക്കാം: കർത്താവിനാൽ അറിയപ്പെടാൻ ഞാൻ എന്നെത്തന്നെ അനുവദിക്കുന്നുണ്ടോ? എൻറെ ജീവിതത്തിൽ അവനു ഞാൻ ഇടം നൽകുന്നുണ്ടോ, ഞാൻ ജീവിക്കുന്നത് അവനു നല്കുന്നുണ്ടോ? അവൻറെ സാമീപ്യവും, അനുകമ്പയും, ആർദ്രതയും, നിരവധി തവണ അനുഭവിച്ചറിഞ്ഞതിന് ശേഷം, എനിക്ക് കർത്താവിനെക്കുറിച്ച് എന്ത് ആശയമാണ് ഉള്ളത്? കർത്താവ് സമീപസ്ഥനാണ്, കർത്താവ് നല്ല ഇടയനാണ്.

കർത്താവിനെ അനുഗമിക്കൽ

അവസാനമായി, മൂന്നാമത്തെ ക്രിയ: കേൾക്കുകയും തങ്ങൾ അറിയപ്പെട്ടവരാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന ആടുകൾ പിന്തുടരുന്നു: കേൾക്കുകയും കർത്താവിനാൽ അറിയപ്പെടുന്നതായി അനുഭവിക്കുകയും ചെയ്യുന്ന അവ, തങ്ങളുടെ ഇടയനായ കർത്താവിനെ അനുഗമിക്കുന്നു. ആരാണ് ക്രിസ്തുവിനെ അനുഗമിക്കുന്നത്, അവൻ എന്താണ് ചെയ്യുന്നത്? അവൻ ഇടയൻ പോകുന്നിടത്തേക്ക്, അതേ വഴിയിൽ, അതേ ദിശയിൽ പോകുന്നു. ഇടയൻ നഷ്ടപ്പെട്ടതിനെ തേടി പോകുന്നു (ലൂക്കാ 15: 4), അവൻ വിദൂരസ്ഥരുടെ കാര്യത്തിൽ താൽപ്പര്യപ്പെടുന്നു, കഷ്ടപ്പെടുന്നവരുടെ അവസ്ഥ ഹൃദയത്തിൽ പേറുന്നു, കരയുന്നവരോടൊപ്പം കരയാൻ അവന് അറിയാം, അവൻ അയൽക്കാരന് കൈ നീട്ടിക്കൊടുക്കുന്നു അവനെ തോളിലേറ്റുന്നു. ഞാനോ? യേശുവിനാൽ സ്നേഹിക്കപ്പടാൻ ഞാൻ എന്നെ അനുവദിക്കുകയും സ്നേഹിക്കാൻ ഞാൻ  സ്വയം വിട്ടുകൊടുക്കുന്നതിലൂടെ അവിടത്തെ സ്നേഹിക്കുന്നതിലേക്കും അനുകരിക്കുന്നതിലേക്കും കടക്കുകയും ചെയ്യുന്നുണ്ടോ? ക്രിസ്തുവിനെ ഉപരിയുപരി അറിയാനും സേവനത്തിൻറെ സരണിയിൽ അവനെ അനുഗമിക്കാനും കഴിയുന്നതിനായി അവനെ ശ്രവിക്കാൻ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ. ശ്രവിക്കുക, അവനെ അറിയുകയും പിന്തുടരുകയും ചെയ്യുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles