ഹൃദയങ്ങളുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക: ഫ്രാൻസിസ് പാപ്പാ

കാനഡയിലെ തദ്ദേശീയജനത രോഗശാന്തി തേടിയെത്തുന്ന വിശുദ്ധ അന്നയുടെ നാമത്തിൽ അറിയപ്പെടുന്ന് തടാകം സന്ദർശിച്ച വേളയിൽ അവിടെ വച്ച് നടന്ന വചനശുശ്രൂഷയിൽ വായിക്കപ്പെട്ട യോഹന്നാന്റെ സുവിശേഷം ഏഴാം അധ്യായം 37 മുതൽ 39 വരെയുള്ള വചനങ്ങളെ ആധാരമാക്കി പാപ്പാ നൽകിയ സന്ദേശം.
.

ശുദ്ധീകരിക്കുന്ന, ജീവനേകുന്ന ജലം

എസിക്കിയേൽ പ്രവാചകൻ രണ്ടു വട്ടം ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്. ദേവാലയത്തിൽനിന്നൊഴുകുന്ന ജലം, ജീവനേകുന്നു, ശുദ്ധീകരിക്കുന്നു (cfr Ez 47,8-9).

ജീവന്റെ ഉറവകളായ വയോധികർ

ഇവിടെ ധാരാളം മുത്തശ്ശിമാരുണ്ട്. നിങ്ങളുടെ ഹൃദയം ജീവന്റെ ജലമൊഴുകുന്ന ഉറവയാണ്. നിങ്ങളുടെ മക്കളും കൊച്ചുമക്കളും അവിടെനിന്നാണ് ദാഹം തീർത്തത്. തദ്ദേശീയ ജനസമൂഹത്തിൽ സ്ത്രീക്കുള്ള പ്രാധാന്യം എന്നെ ആശ്ചര്യപ്പെടുത്തി. അവർ ശാരീരികമായും ആത്മീയമായും ജീവന്റെ ഉറവകളാണ്.

വിശ്വാസം പുസ്തകങ്ങൾ വായിക്കുന്നതിലൂടെ ജനിക്കുന്നത് വളരെ വിരളമാണ്. എന്നാൽ ഒരു കുടുംബ പശ്ചാത്തലത്തിൽ, അമ്മമാരുടെയും മുത്തശ്ശിമാരുടെയും വാക്കുകളിലൂടെ അത് പകരുന്നു. ഇവിടെ ധാരാളം മുത്തശ്ശിമാരുണ്ടെന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഭവനങ്ങളിൽ വയോധികരുള്ളവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് ഒരു നിധിയാണുള്ളത്. ഏറ്റവും പ്രധാനപ്പെട്ട നിധിപോലെ, ജീവന്റെ ഉറവകളായ അവരെ കാത്തുസൂക്ഷിക്കുക.

ശുദ്ധീകരിക്കുന്ന ജലം

പ്രവാചകൻ ജലത്തെക്കുറിച്ച് പറയുന്ന മറ്റൊരു കാര്യം അത് ശുദ്ധീകരിക്കുന്നു എന്നതാണ്. ഈയൊരു കാര്യം നമ്മെ വീണ്ടും ഗലീലി തടാകത്തിനരികെയെത്തിക്കുന്നുണ്ട്. ഇവിടെയാണ് യേശു ധാരാളം പേരെ സൗഖ്യമുള്ളവരാക്കിയത് (Mk. 1,34). ക്രിസ്തു തന്റെ അടുത്തേക്ക് കൊണ്ടുവന്നവരെ ശരീരത്തിലും മനസ്സിലും സുഖപ്പെടുത്തി. രോഗികളെ മാത്രമല്ല, വിശ്വാസം നഷ്ടപ്പെട്ടവരെയും, മുറിവുകൾ ഉള്ളവരെയും അവൻ സുഖപ്പെടുത്തുന്നുണ്ട്. യേശു വന്നതും, വരുന്നതും നമ്മെ സംരക്ഷിക്കാനും, ആശ്വസിപ്പിക്കാനും ഒറ്റപ്പെട്ട, തളർന്ന നമ്മുടെ മനുഷ്യത്വത്തെ ശുദ്ധീകരിക്കാനുമാണ്. എന്റെ അടുക്കലേക്ക് വരുവിൻ എന്ന് യേശു നമ്മെയും ക്ഷണിക്കുന്നുണ്ട്.

യേശു നൽകുന്ന സൗഖ്യം

സഹോദരീസഹോദരന്മാരെ നമുക്ക് ആത്മാവിന്റെയും ശരീരത്തിന്റെയും വൈദ്യനായ യേശു നൽകുന്ന സൗഖ്യത്തിന്റെ ആവശ്യമുണ്ട്. കർത്താവെ, ഗലീലി തീരത്തെ മനുഷ്യരെപ്പോലെ, ഞങ്ങൾ ഉള്ളിലെ വേദനകളുമായി നിന്റെ മുൻപിൽ വരുന്നു. ഞങ്ങളുടെ തദ്ദേശീയരായ സഹോദരീസഹോദരന്മാർ അനുഭവിച്ച വേദനകളും മുറിവുകളും ഞങ്ങൾ നിന്റെ സന്നിധിയിൽ കൊണ്ടുവരുന്നു. സമാധാനത്തിന്റെയും ശാന്തിയുടെയും ഈ തീരത്ത് അശാന്തമായ ഞങ്ങളുടെ ചരിത്രത്തെയും, കൊളോണിയലിസത്തിന്റെ രൂക്ഷമായ ഫലങ്ങളെയും, നിരവധി കുടുംബങ്ങളുടെയും, വയോധികരുടെയും, ശിശുക്കളുടെയും മായ്ക്കാനാകാത്ത വേദനകളെയും ഞങ്ങൾ കൊണ്ടുവരുന്നു. ഞങ്ങളുടെ മുറിവുകളെ സുഖപ്പെടുത്താൻ ഞങ്ങളെ സഹായിക്കണമേ. ഒറ്റയ്ക്ക് ഞങ്ങൾക്ക് ഇത് ചെയ്യാനാകില്ലെന്ന് ഞങ്ങൾക്കറിയാം. അങ്ങേ അമ്മയുടെയും, മുത്തശ്ശിയുടെയും മാധ്യസ്ഥ്യത്തിൽ ഞങ്ങൾ അങ്ങേക്ക് ഇത് സമർപ്പിക്കുന്നു.

സഭയും അമ്മയും

അമ്മമാരും മുത്തശ്ശിമാരുമാണ് ഹൃദയത്തിന്റെ മുറിവുകൾ സുഖപ്പെടുത്താൻ സഹായിക്കുന്നത്. രാജ്യങ്ങൾ പിടിച്ചടക്കുന്ന സമയത്ത്, ഗുഡലുപ്പേ മാതാവാണ്, തദ്ദേശീയർക്ക്, അവരുടെ ഭാഷ സംസാരിച്ചുകൊണ്ട്, അവരുടെ വസ്ത്രം ധരിച്ചുകൊണ്ട്, അക്രമങ്ങളോ നിബന്ധനകളോ ഇല്ലാതെ വിശ്വാസം പകർന്നത്. പിന്നീട് അച്ചടിവിദ്യ നിലവിൽ വന്നപ്പോൾ, അവരുടെ വ്യാകരണവും, മതവിദ്യാഭ്യാസവും ഒക്കെ തദ്ദേശീയഭാഷയിൽ അവർ തയ്യാറാക്കി. യഥാർത്ഥത്തിലുള്ള സുവിശേഷപ്രഘോഷകരായ മിഷനറിമാർ, അവിടങ്ങളിൽ എന്തുമാത്രം നന്മയാണ് ചെയ്തത്. തദ്ദേശീയരുടെ ഭാഷയും സംസ്കാരവും കാത്തുസൂക്ഷിക്കാൻ അവർ സഹായിച്ചു.

കാനഡയിൽ ഇത്തരമൊരു പ്രവർത്തനം വിശുദ്ധ അന്നയിലൂടെയാണ് നടന്നത്. തദ്ദേശീയരുടെ പാരമ്പര്യങ്ങളുടെ മനോഹാരിതയും വിശ്വാസവും ഒരു മുത്തശ്ശിയുടെ ജ്ഞാനത്തോടെ അവൾ പകർന്നു. സഭയും ഒരു സ്ത്രീയാണ്. സഭയും ഒരു അമ്മയാണ്. മാതൃഭാഷയിലും, അമ്മമാരിലൂടെയും മുത്തശ്ശിമാരിലൂടെയുമല്ലാതെ വിശ്വാസം പകരപ്പെട്ട സമയമില്ല.

നാം നേരിടുന്ന വേദനയുടെ കാരണം മുത്തശ്ശിമാർക്ക് അവരുടെ ഭാഷയിലും സംസ്കാരത്തിലും വിശ്വാസം പകർന്നു കൊടുക്കുന്നത് നിഷേധിക്കപ്പെട്ടതിനാലാണ്. ഇത് ഒരു ദുരന്തം തന്നെയാണ്. എന്നാൽ നിങ്ങളുടെ ഇപ്പോഴത്തെ സാന്നിധ്യം സൗഖ്യത്തിലേക്കുള്ള ഒരു തീർത്ഥാടനമാണ്, ഒരു സാക്ഷ്യമാണ്. സഭയെന്ന നിലയിൽ ഇന്ന് നമുക്കെല്ലാവർക്കും സൗഖ്യത്തിന്റെ ആവശ്യമുണ്ട്. എല്ലാവരെയും മക്കളെപ്പോലെ ആശ്ലേഷിക്കുന്ന, എല്ലാവരിലേക്കും തുറന്ന ഒരു സഭയെ കെട്ടിപ്പടുക്കാൻ വേണ്ട ദൈവസഹായത്തിനായി നമ്മുടെ സഹകരണം നമുക്ക് നൽകാം.

പ്രമുഖരും ഒന്നുമല്ലാത്തവരും

ഗലീലിയയിൽ യേശുവിന് ചുറ്റും കൂടിയവരിൽ പ്രധാനപ്പെട്ടവർ സാധാരണക്കാരായിരുന്നു. നമ്മുടെ മുറിവുകൾ സൗഖ്യപ്പെടണമെങ്കിൽ, നാമും പാവപ്പെട്ടവരിൽനിന്നും തഴയപ്പെട്ടവരിൽനിന്നുമാണ് ആരംഭിക്കേണ്ടത്. ഞങ്ങളെ ഒറ്റയ്ക്കാക്കരുതേ എന്ന അവരുടെ നിലവിളി കേൾക്കാതെ പോകരുത്. അതുപോലെ തന്നെ, വയോധികരുടെയും, കഠിനരോഗികളുടെയും നിലവിളി നിശബ്ദമാക്കരുത്. തങ്ങളുടെ ജീവിതമെന്ന നന്മയെ സ്നേഹിക്കാനും, തങ്ങളിൽത്തന്നെ ആത്മവിശ്വാസം ഉള്ളവരാകാനും യുവജനങ്ങളെ നമുക്ക് സഹായിക്കേണ്ടതുണ്ട്.

ആശ്വാസമേകുന്നവരാകുക

സുവിശേഷത്തിൽ കാണുന്നതുപോലെ, പരിശുദ്ധാത്മാവിനാൽ നമ്മെ ആശ്വസിപ്പിക്കുകയും, സുഖപ്പെടുത്തുകയും ചെയ്യുന്ന യേശു തന്നിൽ വിശ്വസിക്കുന്നവരോട്, ജീവന്റെ ജലത്തിന്റെ ഉറവകളാകാൻ ആവശ്യപ്പെടുന്നു. നമ്മുടെ സഹോദരങ്ങളുടെ ദാഹമകറ്റാൻ നമുക്ക് സാധിക്കുന്നുണ്ടോ? ദൈവത്തിൽനിന്ന് ആശ്വാസം അന്വേഷിക്കുന്ന നാം അത് മറ്റുള്ളവർക്ക് നൽകുന്നുണ്ടോ? മറ്റുള്ളവരെ സൗജന്യമായി സ്നേഹിച്ചു തുടങ്ങുമ്പോൾ എത്രയോ തവണയാണ് നാം, നമ്മുടെ ഉള്ളിലെ ഭാരങ്ങളിൽനിന്ന് സ്വാതന്ത്രരായിട്ടുള്ളത്. നമ്മുടെ ഒറ്റപ്പെടലുകളിലും വേദനകളിലും മറ്റുള്ളവർക്ക് നൽകാനും, മറ്റുള്ളവരെ സ്നേഹിക്കാനും യേശു നമ്മോട് ആവശ്യപ്പെടുന്നു.

തദ്ദേശീയജനതയുടെ വേദനകൾ അറിയുന്ന ഞാൻ എന്താണ് അവർക്കുവേണ്ടി ചെയ്യുന്നത്? അവരുടെ വേദനകളും, അവർക്ക് സംഭവിച്ചവ കേട്ട് മോശമെന്ന് അഭിപ്രായപ്പെടുക മാത്രമാണോ അതോ അവർക്കുവേണ്ടി കാര്യമായി എന്തെങ്കിലും ഞാൻ ചെയ്യുന്നുണ്ടോ? അവർക്കുവേണ്ടി പ്രാർത്ഥിക്കാനും, അവരെ കാണാനും, അവരുടെ ചരിത്രത്താൽ സ്പർശിക്കപ്പെടാനും ഞാൻ എന്നെത്തന്നെ വിട്ടുകൊടുക്കുന്നുണ്ടോ? എന്റെ വേദനകളുടെ മുന്നിൽ മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കാൻ ഞാൻ പരിശ്രമിക്കുന്നുണ്ടോ? മറ്റുള്ളവർക്ക് ചെയ്യുന്ന നന്മകൾ, നമ്മുടെ അമൂല്യതയെ തിരിച്ചറിയാൻ നമ്മെ സഹായിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles