സന്നദ്ധതയും താഴ്മയും, യേശുവുമായി കണ്ടുമുട്ടുന്നതിനുള്ള അനിവാര്യ വ്യവസ്ഥകൾ! – ഫ്രാന്‍സിസ് പാപ്പ
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
യേശു സ്വന്തം നാടായ നസ്രത്തിൽ നടത്തുന്ന കന്നി പ്രഭാഷണമാണ് ഇന്നത്തെ ആരാധനക്രമത്തിൽ, സുവിശേഷം അവതരിപ്പിക്കുന്നത്. ഫലം കയ്പേറിയതാണ്: അംഗീകാരം ലഭിക്കുന്നതിനുപകരം, യേശുവിന് അവിടെ ഉണ്ടാകുന്നത് തെറ്റിദ്ധാരണയും ശത്രുതയും ആണ് (ലൂക്കാ 4:21-30). അവൻറെ നാട്ടുകാർക്ക്, സത്യത്തിൻറെ ഒരു വാക്കിനേക്കാൾ കൂടുതൽ, അത്ഭുതങ്ങളും വിസ്മയ അടയാളങ്ങളുമാണ് വേണ്ടിയിരുന്നത്. കർത്താവാകട്ടെ അതു ചെയ്യുന്നില്ല, അവരാകട്ടെ അവനെ തിരസ്കരിക്കുകയും ചെയ്യുന്നു, കാരണം അവനെ കുട്ടിക്കാലം മുതലെ അറിയാമെന്ന് അവർ പറയുന്നു, അവൻ ജോസഫിൻറെ മകനാണ് (വാക്യം 22) എന്നിങ്ങനെ. അങ്ങനെ, പഴഞ്ചൊല്ലായി മാറിയ ഒരു വാചകം യേശു ഉച്ചരിക്കുന്നു: “ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല” (ലൂക്കാ,4:24).
ജനത്തിൻറെ മനോഭാവം അറിയാമായിരുന്ന യേശുവും പിന്മാറാത്ത ദൈവവും
യേശുവിൻറെ പരാജയം തികച്ചും അപ്രതീക്ഷിതമായിരുന്നില്ല എന്ന് ഈ വാക്കുകൾ വെളിപ്പെടുത്തുന്നു. അവന് സ്വന്തം ജനത്തെ അറിയാമായിരുന്നു, തൻറ ജനത്തിൻറെ ഹൃദയം അറിയാമായിരുന്നു, അപകടസാദ്ധ്യത അവനറിയാമായിരുന്നു, തിരസ്കരണം അവൻ കണക്കിലെടുത്തിരുന്നു. അതുകൊണ്ട് നമുക്ക് സ്വയം ചോദിക്കാം: പക്ഷേ, കാര്യങ്ങൾ അങ്ങനെയാണെങ്കിൽ, അവൻ പരാജയം മുൻകൂട്ടി കാണുകയാണെങ്കിൽ, പിന്നെ അവൻ എന്തിനാണ് സ്വന്തം നാട്ടിലേക്ക് പോകുന്നത്? നിന്നെ സ്വീകരിക്കാൻ സന്നദ്ധരല്ലാത്ത ആളുകൾക്ക് എന്തിനാണ് നന്മ ചെയ്യുന്നത്? നമ്മൾ പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ ദൈവത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു ചോദ്യമാണിത്. നമ്മുടെ അടച്ചുപൂട്ടലുകൾക്ക് മുന്നിൽ അവൻ പിന്മാറുന്നില്ല: അവൻ തൻറെ സ്നേഹത്തിന് കടിഞ്ഞാണിടുന്നില്ല. നമ്മുടെ അടച്ചുപൂട്ടലുകൾക്ക് മുന്നിൽ, അവൻ മുന്നേറുന്നു. മക്കളുടെ നന്ദികേടിനെക്കുറിച്ച് ബോധവാന്മാരാണെങ്കിലും, അവരെ സ്നേഹിക്കുന്നതും അവർക്ക് നന്മ ചെയ്യുന്നതും അവസാനിപ്പിക്കാത്ത മാതാപിതാക്കളിൽ ഇതിൻറെ പ്രതിഫലനം നാം കാണുന്നു. ദൈവം അങ്ങനെയാണ്, എന്നാൽ വളരെ ഉയർന്ന തലത്തിലാണ്. നന്മയിൽ വിശ്വസിക്കാനും, നന്മ ചെയ്യുന്നതിനുള്ള ഒരവസരവും പാഴാക്കാതിരിക്കാനും ഇന്ന് അവൻ നമ്മെ ക്ഷണിക്കുന്നു.
പ്രവാചകരെ സ്വീകരിക്കുന്ന വിധവയും നാമാനും
എന്നിരുന്നാലും, നസ്രത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ, നാം മറ്റൊന്ന് കണ്ടെത്തുന്നു: “സ്വന്തം നാട്ടുകാരുടെ” ഭാഗത്തുനിന്ന് യേശുവിനോടുണ്ടായ ശത്രുത നമ്മെ പ്രകോപിപ്പിക്കുന്നു: അവർ സ്വീകരണ സന്നദ്ധരായിരുന്നില്ല, നമ്മളോ? ഇത് സ്ഥിരീകരിക്കുന്നതിന്, യേശു ഇന്ന് മുന്നോട്ടുവയ്ക്കുന്ന, സ്വന്തം നാട്ടുകാർക്കും നമുക്കും നൽകുന്ന സ്വാഗത മാതൃകകൾ നോക്കാം. അവർ രണ്ട് വിദേശികളാണ്: സീദോനിൽ സ്റെപ്തെയിലെ വിധവയും സിറിയക്കാരനായ നാമാനും. ഇരുവരും പ്രവാചകന്മാരെ സ്വാഗതം ചെയ്തു: ആദ്യം ഏലിയായും, രണ്ടാമത് എലീഷായും. എന്നാൽ അത് അനായാസകരമായ ഒരു സ്വാഗതംചെയ്യൽ ആയിരുന്നില്ല, അത് പരീക്ഷണങ്ങളിലൂടെ കടന്നുപോയി. ക്ഷാമം ഉണ്ടായിരുന്നെങ്കിലും, പ്രവാചകൻ പീഡിപ്പിക്കപ്പെട്ടവനായിരുന്നെങ്കിലും (1 രാജാക്കന്മാർ 17:7-16) വിധവ ഏലിയായ്ക്ക് ആതിഥ്യമരുളി. രാഷ്ട്രീയമായും മതപരമായും പീഡിപ്പിക്കപ്പെട്ടവനായിരുന്നു ഏലിയാ. നേമാൻ, നേരെമറിച്ച്, ഉന്നതനായിരുന്ന വ്യക്തിയായിരുന്നിട്ടും, എലീഷാ പ്രവാചകൻറെ അഭ്യർത്ഥന സ്വീകരിച്ചു, സ്വയം താഴ്ത്താനും നദിയിൽ ഏഴു പ്രാവശ്യം കുളിക്കാനും ഏലീഷാ അവനെ പ്രേരിപ്പിച്ചു (2 രാജാക്കന്മാർ 5: 1-14), ഒന്നുമറിയാത്ത കുട്ടിയെ പോലെ.. ചുരുക്കത്തിൽ, വിധവയും നാമനും അവരുടെ സന്നദ്ധതയിലൂടെയും വിനയത്തിലൂടെയും പ്രവാചകരെ സ്വാഗതം ചെയ്തു. ദൈവത്തെ സ്വീകരിക്കാനുള്ള വഴി എല്ലായ്പ്പോഴും സന്നദ്ധതയാണ്, അവനെ സ്വാഗതം ചെയ്യുക, താഴ്മയുള്ളവരായിരിക്കുക എന്നതാണ്. ഇവിടെ നിന്നാണ് വിശ്വാസം കടന്നുപോകുന്നത്: സന്നദ്ധതയും എളിമയും. വിധവയും നാമാനും ദൈവത്തിൻറെയും അവൻറെ പ്രവാചകന്മാരുടെയും വഴികൾ തള്ളിക്കളഞ്ഞില്ല; അവർ അനുസരണയുള്ളവരായിരുന്നു, കർക്കശരും അടഞ്ഞവരുമായിരുന്നില്ല.
ദൈവാവിഷ്കരണത്തിൻറെ അപ്രതീക്ഷിത ശൈലി
സഹോദരീ സഹോദരന്മാരേ, യേശുവും പ്രവാചകന്മാരുടെ സരണി പിന്തുടരുന്നു: നാം പ്രതീക്ഷിക്കാത്ത രീതിയിലാണ് അവൻ സ്വയം അവതരിപ്പിക്കുന്നത്. അത്ഭുതങ്ങൾ അന്വേഷിക്കുന്നവർ അവനെ കണ്ടുമുട്ടുന്നില്ല – നമ്മൾ അത്ഭുതങ്ങൾ തേടിയാൽ നമുക്ക് യേശുവിനെ കണ്ടെത്താനാവില്ല – ഉദ്വേഗജനകമായ പുത്തൻ കാര്യങ്ങൾ, ഗാഢാനുഭവങ്ങൾ, വിചിത്രമായ കാര്യങ്ങൾ എന്നിവ തേടുന്നവർ; ശക്തിയും ബാഹ്യമായ അടയാളങ്ങളും കൊണ്ടു തീർത്ത വിശ്വാസം തേടുന്നവർ. ഇല്ല, അവർ അവനെ കണ്ടെത്തില്ല.
എളിയവരിൽ. ദൈനംദിന യാഥാർത്ഥ്യങ്ങളിൽ യേശു സന്നിഹിതൻ
അവൻറെ വഴികളും വെല്ലുവിളികളും പരാതികളില്ലാതെ, സംശയം കൂടാതെ, വിമർശനങ്ങളില്ലാതെ, നിരാശാഭാവം കൂടാതെ, സ്വീകരിക്കുന്നവർക്ക് മാത്രമേ അത് കണ്ടെത്താനാകൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ജീവിക്കുന്ന ദൈനംദിന യാഥാർത്ഥ്യത്തിലേക്ക് തന്നെ സ്വാഗതം ചെയ്യാൻ യേശു നിങ്ങളോട് ആവശ്യപ്പെടുന്നു; ഇന്നത്തെ സഭയിൽ, അതായിരിക്കുന്ന രീതിയിൽ; അനുദിനം നിൻറെ ചാരത്തുള്ളവരിൽ; ദരിദ്രരിൽ, നിൻറെ കുടുംബത്തിൻറെ പ്രശ്നങ്ങളിൽ, മാതാപിതാക്കളിൽ, കുട്ടികളിൽ, മുത്തശ്ശീമുത്തശ്ശന്മാരിൽ, ദൈവത്തെ അവരിൽ സ്വാഗതം ചെയ്യുക. അവിടെ, അവനുണ്ട്, സന്നദ്ധതയുടെ നദിയിലും വിനയത്തിൻറെ നിരവധിയായ ശുദ്ധ സ്നാനങ്ങളിലും നമ്മെത്തന്നെ ശുദ്ധീകരിക്കാൻ അവൻ നമ്മെ ക്ഷണിക്കുന്നു. ദൈവവുമായി കൂടിക്കാഴ്ച നടത്തുന്നതിനും ആ കൂടിക്കാഴ്ചയ്ക്ക് അവൻ നമ്മെ അനുവദിക്കുന്നതിനും താഴ്മ ആവശ്യമാണ്.
യേശുവിനെക്കുറിച്ച് അജ്ഞർ നമ്മൾ
നമ്മൾ സ്വാഗത സന്നദ്ധതയുള്ളവരാണോ അതോ അവനെക്കുറിച്ച് എല്ലാം അറിയാമെന്ന് കരുതിയിരുന്ന അവൻറെ നാട്ടുകാരെപ്പോലെയാണോ? “ഞാൻ ദൈവശാസ്ത്രം പഠിച്ചു, ഞാൻ ആ മതബോധന പാഠ്യപദ്ധതി പഠിച്ചു… എനിക്ക് യേശുവിനെ കുറിച്ച് എല്ലാം അറിയാം!”. അതെ, ഞാൻ ഒരു വിഡ്ഢിയെപ്പോലെയാണ്! വിഡ്ഢികളാകരുത്, നിനക്ക് യേശുവിനെ അറിയില്ല. ഒരുപക്ഷേ, ഒരുപാട് വർഷങ്ങൾ വിശ്വാസികളയിരിക്കുന്നതിനാൽ, നമ്മുടെ ആശയങ്ങളും ധാരണകളും കൊണ്ട് നമുക്ക് കർത്താവിനെ നന്നായി അറിയാമെന്ന് നാം കരുതുന്നു. പലപ്പോഴും അങ്ങനെയാണ്. യേശുവിൻറെ കാര്യത്തിൽ നാം അങ്ങനെ ശീലിക്കുന്ന അപകടസാദ്ധ്യതയുണ്ട്. അങ്ങനെയല്ലേ നമ്മൾ ശീലിക്കുന്നത്? അവൻ നിങ്ങളുടെ വാതിലിൽ മുട്ടി പുതിയ എന്തെങ്കിലും നിങ്ങളോട് പറയുന്ന വേളയിൽ, അവൻ നിന്നിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുമ്പോൾ അവൻറെ പുതുമകളിലേക്ക് നിങ്ങൾ സ്വയം അടച്ചുപൂട്ടുന്നു. ഇതിൽ നിന്ന് നമ്മുടെ ഉറച്ച നിലപാടുകളിൽ നിന്ന്, നാം പുറത്തുവരണം. തുറന്ന മനസ്സും ലളിതമായ ഹൃദയവുമാണ് കർത്താവ് ആവശ്യപ്പെടുന്നത്. ഒരു വ്യക്തിക്ക് തുറന്ന മനസ്സും ലളിത ഹൃദയവുമുണ്ടെങ്കിൽ, അയാൾക്ക് ആശ്ചര്യപ്പെടാനും വിസ്മയഭരിതനാകാനുമുള്ള കഴിവുണ്ട്. കർത്താവ് നമ്മെ എപ്പോഴും ആശ്ചര്യപ്പെടുത്തുന്നു, ഇതാണ് യേശുവുമായുള്ള കൂടിക്കാഴ്ചയുടെ മനോഹാരിത. താഴ്മയുടെയും സന്നദ്ധതയുടെയും മാതൃകയായ നമ്മുടെ മാതാവ് യേശുവിനെ സ്വാഗതം ചെയ്യാനുള്ള വഴി നമുക്ക് കാണിച്ചുതരട്ടെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.