പ്രകാശത്തിന്റെ വക്താക്കളാകുവാനുള്ള ഈശോയുടെ വിളി

വി.യോഹനാന്റെ സുവിശേഷത്തിൽ ഒന്നാം അദ്ധ്യായത്തിൽ നഥാനിയേലിന് മുന്നിൽ ഈശോ മിശിഹാ തന്നെ തന്നെ വെളിപ്പെടുത്തുന്നു. വി.യോഹന്നാന്റെ സുവിശേഷം തന്നെ ദൈവപുത്രനായ ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നതാണ്. വി യോഹാന്നാന്റെ  സുവിശേഷത്തിൽ ചേർത്തിരിക്കുന്ന  ഈശോ പ്രവൃത്തിക്കുന്ന ഓരോ അടയാളങ്ങളും, ഈശോയുടെ അടുത്ത് വരുന്ന ഓരോ വ്യക്തികളും ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്നതാണ്.

“റബ്ബീ നീ ദൈവപുത്രനാകുന്നു; നീ ഇസ്രയേലിന്റെ രാജാവാകുന്നു എന്ന് പ്രഘോഷിക്കുന്ന നഥാനിയേലും ഈശോയുടെ മഹത്വം തന്നെയാണ് പ്രഘോഷിക്കുന്നത്. സമാന്തര സുവിശേഷങ്ങളിൽ അപ്പസ്തോലൻമാരുടെ ഗണത്തിൽ കാണുന്ന ബർത്തലോമിയോ ശ്ലീഹാ തന്നെയാണ് വി.യോഹന്നാന്റെ സുവിശേഷത്തിലെ നഥാനിയേൽ എന്ന് ബൈബിൾ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. ഇന്നത്തെ സുവിശേഷത്തിൽ, ഈശോയെ അനുഗമിക്കുവാൻ പീലിപ്പോസ് തീരുമാനിച്ചപ്പോൾ, തന്റെ കൂടെയുള്ള നഥാനായിയേലിനെയും ക്രിസ്തുവിനെ കാണാൻ ക്ഷണിക്കുന്നുണ്ട്. സ്നേഹമുള്ളവരെ നമ്മുടെ ദൗത്യവും നാം അനുഭവിക്കുന്ന ക്രിസ്തുവിനെ മറ്റുള്ളവരുമായി പങ്കുവെക്കുക എന്നതാണ്. ബെഞ്ചമിൻ ഫ്രാങ്ക്ളിൻ പറയുന്നത് പോലെ ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഒരിക്കലും നാളേക്ക് മാറ്റി വയ്ക്കരുത്. പീലിപ്പോസ് നഥാനിയേലിനോട് പറയുന്നത് ശ്രദ്ധേയമാണ്: മോശയുടെ നിയമത്തിലും, പ്രവാചക ഗ്രന്ഥങ്ങളിലുമുള്ളവനെ നേരിട്ടു കാണാനാണ് നഥാനിയേലിനെ ക്ഷണിക്കുന്നത്. തന്റെ സുഹൃത്തിന് അത് ഇഷ്ടമാകുമോ എന്നോ, തങ്ങളുടെ സൗഹൃദം അതുവഴി തകരാറിലാകുമോ എന്നോ, തന്നെ നഥാനിയേൽ വിലകുറച്ചു കാണുമോ എന്നോ  പീലിപ്പോസിന്റെ ചിന്തയിലേ ഇല്ല.

ക്രിസ്തുവിനെ മറ്റുള്ളവരുടെ മുൻപിൽ ഏറ്റുപറയുവാൻ നമ്മുടെ പേരോ പെരുമയോ തടസമാകരുത്.  നമ്മുടെ ജീവിതം തന്നെ ക്രിസ്തുവിനെ പങ്കുവെക്കാനുള്ളതാണ്.  അങ്ങനെയാണ് പീലിപ്പോസിന്റേത് പോലെ നാമും ക്രിസ്തുവിന് വേണ്ടി ജീവിക്കേണ്ടത്.

ആദിമസഭ ഏറ്റവും ആദ്യം ആഘോഷിച്ചു തുടങ്ങിയത് ഈശോയുടെ ഉയിർപ്പു തിരുന്നാൾ ആയിരുന്നു. അതിനു ശേഷം  ദനഹാ തിരുന്നാളും ആഘോഷിക്കാൻ ആരംഭിച്ചു. ഈശോയുടെ മാമോദീസായും ഉത്ഥാനവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. നമ്മുടെ കർത്താവ് ഈശോ മിശിഹാ തന്നെ ലൂക്കായുടെ സുവിശേഷത്തിൽ 12 അദ്ധ്യായത്തിൽ പറയുന്നു . “എനിക്കൊരു മാമോദീസാ മുങ്ങുവാനുണ്ട്. അത് നിറവേറുവോളം ഞാൻ വളരെ ഞെരുങ്ങുന്നു”  (12 : 50 ) . ഈശോയുടെ മാമോദീസാ യോർദ്ദാനിൽ അവസാനിച്ച ഒന്നല്ല . കാരണം മാമോദീസാ എന്നത് കേവലം ഒരു വെള്ളമൊഴിക്കൽ പ്രക്രിയ മാത്രമല്ല. അത് ഒരു ജീവിത സമർപ്പണം തന്നെയാണ്. മനുഷ്യരെ ദൈവികാരാക്കാനുള്ള മിശിഹായുടെ പ്രതിഷ്ഠ തന്നെയാണ് ഈഹോയുടെ മാമോദീസായിലുടെ പ്രതിഫലിപ്പിക്കുന്നത്. പാപമില്ലാതിരിക്കെ പാപികൾക്കായുള്ള മാമ്മോദീസാ സ്വീകരിച്ച ഈശോ ലോകത്തിന്റെ പാപങ്ങൾക്ക് വേണ്ടി സ്വയം വിശുദ്ധീകരിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഈശോയുടെ പീഡാ സഹനവും മരണവും ഉത്ഥാനവും ആ ദൗത്യത്തിന്റെ പൂർത്തീകരണം ആയിരുന്നു.

സഭയുടെ ആരാധനക്രമത്തോട് പരിപൂർണ്ണമായി ചേർന്ന് നിന്നുകൊണ്ട് ആലാഹായെ ആരാധിച്ച്‌ ആരാധനവത്സര ചൈതന്യത്തിനു യോജിച്ച വിധത്തിൽ ആധ്യാത്മിക ജീവിതം ക്രമപ്പെടുത്തി കൂടുതൽ സഭാത്മക ആധ്യാത്മികയിൽ നമുക്ക് നമ്മുടെ ജീവിതം തുടരാൻ നമുക്ക് സാധിക്കണം.

ഈശോയും നഥാനിയേലും കണ്ട് മുട്ടുമ്പോൾ പൂർവ്വ പിതാവായ യാക്കോബിലേക്കാണ് നമ്മെ കൊണ്ട് പോകുന്നത്. ബൈബിളിൽ അത്തിമരം തന്നെ ഇസ്രയേലിനെ സൂചിപ്പിക്കുന്നതാണ്. ആദ്യ കാഴ്ച്ചയിൽ തന്നെ കറയില്ലാത്ത ഇസ്രയേൽക്കാരൻ എന്നാണ് വിളിക്കുന്നത്. പിന്നീട് വരുന്ന വചനഭാഗം തന്റെ കൂടെയുള്ള ശ്ലീഹൻമാരെല്ലാവർക്കും സ്വർഗദർശനം ഉണ്ടാകുമെന്നതാണ് പ്രവചിക്കുന്നത്. നാം ഓരോരുത്തരും സ്വർഗ്ഗോന്മുഖരായി ജീവിക്കാനുള്ളവരാണ്. ദനഹാ തിരുനാളിൽ ഏൽ പയ്യാ ഗീതം പാടി കൊണ്ടാണ് നാം പ്രകാശമായ മിശിഹായെ വരവേറ്റത്. നമുക്ക് നമ്മുടെ ജീവിതത്തിൽ തിരുവചനം വഴിയായി വരവേൽക്കാം. അങ്ങനെ ഈ വർഷത്തിൽ തിരുവചന പ്രകാശം വഴി പ്രകാശ പൂരിതമാകാനായി ശ്രമിക്കാം.

ഈ ഒരു പുതുവർഷത്തിൽ നമുക്ക് പുതിയ തീരുമാനവുമായി മുന്നോട്ട് പോകാം.. അത്തിമരച്ചുവട് യഹൂദനെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനയുടെയും തിരുവചന പഠനത്തിന്റെയും ഇടമാണ്.  അത്തിമരച്ചുവട്ടിൽ നഥാനയേൽ അത്രയധികം തീഷ്ണമായി രക്ഷകന് വേണ്ടി ആഗ്രഹിച്ചത് കൊണ്ടാണ് അത്തിമരത്തെക്കുറിച്ച് കർത്താവ് പറഞ്ഞപ്പോൾ തന്നെ അവന് മിശിഹായെ ഓർമ്മ വന്നത്. മിശിഹായ്ക്കു വേണ്ടിയുള്ള നഥാനിയേലിനെ ആഗ്രഹം അത്ര ശക്തമാണെന്ന് അറിയാവുന്നത് കൊണ്ടാണ് പീലിപ്പോസ് താൻ കണ്ടുമുട്ടിയ മിശിഹായെക്കുറിച്ച് ഏറ്റവും ആദ്യം നഥാനയേലിനോട്‌ പറഞ്ഞതും. അത്രമാത്രം ശക്തമായിരുന്നു നഥാനയേലിന്റെ ആഗ്രഹം. ആഗ്രഹിക്കുന്നവരെ തേടിയെത്തുന്നവനാണ് ക്രിസ്തു.  ഈ വർഷം വചനം പഠിക്കാനും വ്യക്തിപരമായി പ്രാർത്ഥനയിൽ വളരാനും നമുക്ക് ശ്രമിക്കാം.

ഞാൻ ഭാവമാണ് പലപ്പോഴും നമ്മുടെ പരാജയങ്ങൾക്ക് കാരണം. ഭൂമിയിൽ ആദ്യപാപം പിറന്നത് ഞാനും ദൈവതുല്യനാകേണ്ടവനാണ് എന്ന ചിന്തയിൽ നിന്നായിരുന്നു. ആദ്യകൊലപാതകം നടന്നത്, അനുജന് മുമ്പിൽ ചെറുതായിപ്പോയി എന്ന ജ്യേഷ്‌ഠന്റെ ‘ഈഗോ’ കാരണമായിരുന്നു. ദുരാത്മാവിനാൻ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന സാവൂളിന് ആശ്വാസമായി ദാവീദ് വരുന്ന സംഭവം സാമുവൽ പ്രവാചകന്റെ പുസ്‌തകത്തിൽ നാം വായിക്കുന്നുണ്ട്. ദാവീദ് സാവൂളിന് പ്രിയങ്കരനായി തീരുന്നുമുണ്ട്.

എന്നാൽ ഇതേ ദാവീദിനെ സംശയദൃഷ്ടിയോടെ നോക്കാനും അവനെ കൊല്ലാൻ ആളയയ്ക്കാനും മാത്രം ശത്രുത സാവൂളിൽ ജനിപ്പിച്ചതും, ദാവീദ് ജനങ്ങൾക്ക് തന്നെക്കാൾ പ്രിയങ്കരനായി മാറിയെന്ന കാരണത്താലാണ്.

ക്രിസ്തുവിനൊപ്പം നടന്ന ശിഷ്യന്മാരും തിരിച്ചല്ലായിരുന്നു. അവൻ്റെ ഇടവും വലവും ഇരിക്കാൻ അവരും മത്സരിച്ചു. തങ്ങളിലാരാണ് വലിയവൻ എന്നറിയാൻ അവർ തർക്കിച്ചു. ഒടുവിൽ ഈ ശിഷ്യർക്ക് മുന്നിലും ആ തമ്പുരാൻ മുട്ടികുത്തി അവരുടെ പാദങ്ങൾ കഴുകി, ചുംബിച്ച് ‘വിനയം പഠിക്കാനും, എളിമപ്പെടാനും’ വീണ്ടും അവരെ ഓർമ്മിപ്പിച്ചു.

എപ്പോഴോ കേട്ടിട്ടുള്ള ഒരു കഥ ഓർക്കുകയാണ്.

എന്തു കണ്ടാലും ‘ഇപ്പം ശരിയാക്കാമെന്ന്’ പറഞ്ഞ്, ശരിയാക്കാൻ തുനിഞ്ഞിറങ്ങുന്ന ഒരു സന്യാസിയുണ്ടായിരുന്നു. മറ്റു സന്യാസിമാരെല്ലാം പുള്ളികാരന്റെ ഈ ‘ശരിയാക്കൽ’ കൊണ്ടു സഹികെട്ട് അവസാനം അവർ അവനെയും കൂട്ടി ഗുരുവിന്റെ അടുത്തേക്ക് എത്തി. ശ്രദ്ധാപൂർവ്വം അവരുടെ പ്രശ്‍നം കേട്ടശേഷം ഗുരു പറഞ്ഞു:

“ഒരിക്കൽ നമ്മുടെ നാട്ടിൽ നിന്നും ഒരു പ്ലംബർ അമേരിക്കയിലെത്തി. കുട്ടുകാരെല്ലാം കൂടി അവനെ നയാഗ്ര വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ടുപോയി. വെള്ളച്ചാട്ടം മുഴുവൻ സൂക്ഷ്മമായി വീക്ഷിച്ചശേഷം നാടൻ പ്ലംബർ ചിന്താമഗ്നനായി. അൽപനേരം കഴിഞ്ഞ് അയാൾ കൂട്ടുകാരോട് പതിവില്ലാത്ത ഗൗരവത്തിൽ പറഞ്ഞു: ‘എനിക്കിതു ശരിയാക്കാൻ പറ്റുമെന്നാണ് തോന്നുന്നത്” എന്ന്.

സ്നേഹമുള്ളവരെ പലപ്പോഴും നാം തന്നെ നമ്മുടെ കഴിവുകൾക്കപ്പുറമുള്ളവയിൽ പരിഹാരം കാണാൻ ശ്രമിക്കുന്നു. എന്നാൽ ഇന്നത്തെ സുവിശേഷത്തിൽ പീലിപ്പോസ് നഥാനിയേലിന്റെ അന്വേഷണത്തിനായി ക്രിസ്തുവിന്റെ അടുത്തേക്ക് കൊണ്ട് പോകുകയാണ്. നമുക്കും ചുറ്റുമുള്ളവരെ ക്രിസ്തുവിലേക്ക് കൊണ്ട് പോകാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles