അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ് നോമ്പുകാലം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി: നാല്പതു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന നോമ്പാചരണം പാപത്തിന്റെ അടിമത്തത്തിൽ നിന്ന് ദൈവവുമായുള്ള അനുരഞ്ജനം വഴി സ്വന്തമാകുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണെന്ന് ഫ്രാൻസിസ് പാപ്പാ. വിഭൂതിബുധനാഴ്ച സന്ദേശം നൽകുകയായിരുന്നു പരിശുദ്ധ പിതാവ്.

‘അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പുറപ്പാടാണ് നോമ്പുകാലം. നാം നോമ്പാചരിക്കുന്ന ഈ നാല്പതു ദിവസം മരുഭൂമിയിലൂടെയുള്ള ഇസ്രായേൽ ജനത്തിന്റെ സ്വന്തനാട്ടിലേക്കുള്ള യാത്രയുടെ അനുസ്മരണമാണ്. എങ്കിലും ഈജിപ്തു വിട്ടു പോകാൻ എന്തൊരു പ്രയാസമാണ്!’ പാപ്പാ പറഞ്ഞു.

മരുഭൂമിയിലൂടെ അലഞ്ഞു നടന്ന 40 വർഷങ്ങളിൽ ഇസ്രായേൽക്കാർക്ക് പലതരം പ്രലോഭനങ്ങൾ നേരിടേണ്ടി വന്നു. നമുക്കും അതു പോലെ പ്രലോഭനങ്ങൾ നേരിടേണ്ടി വരുന്നു. അനാരോഗ്യകരമായ നമ്മുടെ ബന്ധങ്ങൾ ദൈവത്തിലേക്കുള്ള നമ്മുടെ മടക്കയാത്രയ്ക്ക് തടസ്സം നിൽക്കുന്നു. പാപത്തിന്റെ കുരുക്കുകളും, ധനവും മറ്റും നൽകുന്ന തെറ്റായ സുരക്ഷിതത്വവും എല്ലാം നമ്മുടെ യാത്രയ്ക്ക് തടസ്സമാകുന്നു, പാപ്പാ വിശദീകരിച്ചു.

100 വിശ്വാസികളും 50 കർദിനാൾകമാരും പങ്കെടുത്ത വിഭൂതി തിരുനാൾ ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പിച്ചു.

‘അനുരഞ്ജനപ്പെടുക. ഈ യാത്ര നമ്മുടെ ശക്തിയിൽ ആശ്രയിച്ചുള്ളതല്ല. പ്രവർത്തികളിലും അനുശീലനങ്ങളിലും പ്രകടമാകുന്ന ഹൃദയപൂർവകമായ മാനസാന്തരം സാധ്യമാകണമെങ്കിൽ ദൈവത്തിന് നമ്മിൽ പ്രവർത്തിക്കാൻ അവസരം നൽകണം. തിരികെ ദൈവത്തിലേക്കു നടക്കാൻ നമുക്ക് ശക്തി നൽകുന്നത് നമ്മുടെ കഴിവല്ല, ദൈവത്തിന്റെ കൃപയാണ്’ പാപ്പാ വ്യക്തമാക്കി.

‘ദൈവത്തിനു വേണ്ടിയും അവിടുത്തെ കരുണയ്ക്കു വേണ്ടിയുമുള്ള നമ്മുടെ ആവശ്യം അംഗീകരിക്കുമ്പോളാണ് നാം ദൈവത്തിലേക്ക് മടങ്ങാൻ സജ്ജരാകുന്നത്. എളിമയുടെ വഴിയാണ് ശരിയായ വഴി’ പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles