വിഭിന്നങ്ങളായ കനത്ത പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: ഫ്രാൻസീസ് പാപ്പാ

ഉത്ഥാനത്തിരുന്നാൾ ദിനത്തിൽ ഞായറാഴ്ച  വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ സമൂഹ ദിവ്യബലി അർപ്പിച്ച ഫ്രാൻസീസ് പാപ്പാ ഉച്ചയ്ക്ക് 12 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മുകളിൽ മദ്ധ്യത്തിലായുള്ള മട്ടുപ്പാവില്‍ നിന്നുകൊണ്ട്, “റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും നല്കി.

പ്രിയ സഹോദരീ സഹോദരന്മാരേ, തിരുവുത്ഥാനത്തിരുന്നാൾ ആശംസകൾ!

പ്രതിക്ഷകളെ അടയ്ക്കുന്ന വലിയ പാറകൾ 

ആഴ്ചയുടെ ആദ്യ ദിവസം പുലർച്ചെ കല്ലറയിങ്കലേക്കു പോയ സ്ത്രീകൾക്കുണ്ടായ വിസ്മയം സഭ പുനർജീവിക്കുകയാണ്. യേശുവിൻറെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു; അതുപോലെ ഇന്ന് അത്യധികം ഭാരമേറിയതും കനത്തതുമായ പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: യുദ്ധത്തിൻറെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിൻറെ പാറ, തുടങ്ങിയവ. യേശുവിൻറെ ശിഷ്യകളായ സ്ത്രീകളെപ്പോലെ നമ്മളും പരസ്പരം ചോദിക്കുന്നു: “നമുക്കുവേണ്ടി ആരാണ് ഈ കല്ലുകൾ ഉരുട്ടിമാറ്റുക?” (മർക്കോസ്16:3 കാണുക).

നമ്മിലും ഉളവാകുന്ന വിസ്മയം

ഉത്ഥാന ഉഷസ്സിലെ കണ്ടെത്തൽ ഇതാ: കല്ല്,  ഇതിനകം ഉരുട്ടിമാറ്റപ്പെട്ട ആ വലിയ കല്ല്. ആ സ്ത്രീകളുടെ വിസ്മയം നമ്മുടെ വിസ്മയമാണ്: യേശുവിൻറെ കല്ലറ തുറക്കപ്പെട്ടിരിക്കുന്നു, അത് ശൂന്യവുമാണ്! ഇവിടെനിന്നാണ് എല്ലാം ആരംഭിക്കുന്നത്. ശൂന്യമായ ആ കല്ലറയിലൂടെയാണ് നമുക്കാർക്കുമല്ല, പ്രത്യുത, ദൈവത്തിനു മാത്രം തുറക്കാൻ കഴിഞ്ഞ പുതിയ പാത കടന്നുപോകുന്നത്: മരണത്തിനിടയിൽ ജീവൻറെ പാത, യുദ്ധത്തിനു നടുവിൽ സമാധാനത്തിൻറെ പാത, വിദ്വേഷത്തിനിടയിൽ  അനുരഞ്ജനത്തിൻറെ പാത, ശത്രുതയുടെ നടുവിൽ സാഹോദര്യത്തിൻറെ പാത.

ജീവിതപാതയിലെ കല്ലുകൾ ആരു ഉരുട്ടിമാറ്റും?

സഹോദരീ സഹോദരന്മാരേ, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു, ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകൾ ഉരുട്ടിമാറ്റാൻ അവനു മാത്രമേ കഴിയൂ. വാസ്‌തവത്തിൽ, ജീവിക്കുന്നവനായ അവൻതന്നെയാണ് മാർഗ്ഗം: ജീവിതത്തിൻറെ, ശാന്തിയുടെ, അനുരഞ്ജനത്തിൻറെ, സാഹോദര്യത്തിൻറെ വഴി. മാനുഷികമായി അസാദ്ധ്യമായ വഴി അവൻ നമുക്ക് തുറന്നുതരുന്നു, കാരണം അവൻ മാത്രമാണ് ലോകത്തിൻറെ പാപം നീക്കുകയും നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യുന്നത്. ദൈവത്തിൻറെ ക്ഷമയില്ലാതെ ആ കല്ല് നീക്കം ചെയ്യാനാവില്ല. പാപമോചനം കൂടാതെ, അടച്ചുപൂട്ടലുകൾ, മുൻവിധികൾ, പരസ്പര സംശയങ്ങൾ, എപ്പോഴും സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഔദ്ധത്യം എന്നിവയിൽ നിന്ന് പുറത്തുകടക്കാനാകില്ല. ഉത്ഥിതനായ ക്രിസ്തു മാത്രമാണ്, നമുക്ക് പാപമോചനമേകിക്കൊണ്ട്,  ഒരു നവീകൃത ലോകത്തിനായുള്ള സരണി തുറക്കുന്നത്.

അടയ്ക്കപ്പെടുന്ന പാതകൾ തുറക്കുന്ന യേശു 

ജീവിതത്തിൻറെ വാതിലുകൾ, ലോകമെമ്പാടും വ്യാപിക്കുന്ന യുദ്ധങ്ങളാൽ നാം നിരന്തരം അടയ്‌ക്കുന്ന ആ വാതിലുകൾ, നമുക്കായി തുറക്കുന്നത് അവിടന്നു മാത്രമാണ്. യേശുവിൻറെ പീഢാസഹനമരണോത്ഥാനങ്ങളുടെ സാക്ഷിയായ വിശുദ്ധനഗരമായ ജറുസലേമിലേക്കും വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹങ്ങളിലേക്കും സർവ്വോപരി, ഇന്ന് നമുക്കു നോക്കാം.

ഉത്ഥിതൻറെ സാന്ത്വനം ആവശ്യത്തിലിരിക്കുന്നവർക്ക് ലഭിക്കട്ടെ 

ഉയിർത്തെഴുന്നേറ്റവൻ കുടിയേറ്റക്കാർക്കും സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നവർക്കും  അവരുടെ ആവശ്യസമയത്ത് സമാശ്വാസവും പ്രത്യാശയും പ്രദാനം ചെയ്തുകൊണ്ട് അവരുട മേൽ അവിടത്തെ വെളിച്ചം ചൊരിയട്ടെ. മെച്ചപ്പെട്ടൊരു ജീവിതത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അന്വേഷണത്തിൽ ഏറ്റം ദരിദ്ര കുടുംബങ്ങൾക്ക് മേൽ വന്നുപതിക്കുന്ന നിരവധി വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാൻ, ഐക്യദാർഢ്യത്തിൽ ഒന്നിക്കുന്നതിലേക്ക് ക്രിസ്തു നല്ല മനസ്സുള്ള സകലരെയും നയിക്കട്ടെ.

ജീവൻ എന്ന അമൂല്യ ദാനം 

പുത്രൻറെ പുനരുത്ഥാനത്തിൽ നമുക്ക് നൽകപ്പെട്ട ജീവൻ നാം ആഘോഷിക്കുന്ന ഈ ദിനത്തിൽ, നമുക്ക്, നാം ഓരോരുത്തരോടും ദൈവത്തിനുള്ള അനന്തമായ സ്നേഹം ഓർക്കാം: എല്ലാ പരിധികളെയും എല്ലാ ബലഹീനതകളെയും മറികടക്കുന്ന ഒരു സ്നേഹം. എന്നിട്ടും ജീവൻ എന്ന അനർഘ ദാനം  പലപ്പോഴും എത്രമാത്രം നിന്ദിക്കപ്പെടുന്നു. വെളിച്ചം പോലും കാണാൻ കഴിയാതെവരുന്ന കുട്ടികൾ എത്രയാണ് ? പട്ടിണി മൂലം മരിക്കുന്നവർ അല്ലെങ്കിൽ അവശ്യ പരിചരണം ലഭിക്കാതെ പോകുന്നവർ അല്ലെങ്കിൽ ചൂഷണംചെയ്യപ്പെടുകയും അക്രമത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നവർ ഏത്രയാണ്? മനുഷ്യക്കച്ചവട വർദ്ധനവിനവുമൂലം എത്രയെത്ര ജീവിതങ്ങളാണ് വാണിജ്യവത്കരിക്കപ്പെടുന്നത്?

പുനരുത്ഥാന വെളിച്ചം

പുനരുത്ഥാനത്തിൻറെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യുകയും സ്വാഗതം ചെയ്യപ്പെടുകയും സംരക്ഷിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യപ്പെടേണ്ട ഓരോ മനുഷ്യജീവൻറെയും മൂല്യത്തെക്കുറിച്ച് നമുക്ക് അവബോധം പകരുകയും  ചെയ്യട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles