നീതിയുടെ അഭാവത്തിൽ സമാധാനം ഉണ്ടാകില്ല, പാപ്പാ!

നന്മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കർത്താവിനു ബലിയേക്കാൾ സ്വീകാര്യം…. ദുഷ്ടരുടെ അക്രമം അവരെ തൂത്തെറിയും; കാരണം, നീതി പ്രവർത്തിക്കാൻ അവർ വിസമ്മതിക്കുന്നു…. നീതിയും കാരുണ്യവും പിന്തുടരുന്നവർ ജീവനും ബഹുമതിയും നേടും.” സുഭാഷിതങ്ങൾ, അദ്ധ്യായം 21, 3.7.21 വാക്യങ്ങൾ.

അതിശ്രേഷ്ഠ സാമൂഹ്യ പുണ്യം – നീതി

ഇന്നു നാം നീതിയെക്കുറിച്ചാണ് സംസാരിക്കുക. ഇത് അതിശ്രേഷ്ഠ സാമൂഹിക പുണ്യമാണ്. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അതിനെ ഇപ്രകാരം നിർവ്വചിക്കുന്നു: “ദൈവത്തിനും അയൽക്കാരനും അർഹതപ്പെട്ടത് നൽകാനുള്ള നിരന്തരമായതും ഉറപ്പുള്ളതുമായ ഇച്ഛാശക്തിയിൽ അടങ്ങിയിരിക്കുന്ന ധാർമ്മിക ഗുണം” (n. 1807). ഇതാണ് നീതി. പലപ്പോഴും, നീതിയെക്കുറിച്ച് പരാമർശിക്കുമ്പോൾ, അതിനെ പ്രതിനിധാനം ചെയ്യുന്ന മുദ്രാവാക്യവും ഉദ്ധരിക്കുന്നു: “ഉണീകുയിക്വെ സുവൂം” “unicuique suum”. ഓരോരുത്തർക്കും  സ്വന്തമായത്”. തുല്യതയുള്ള ആളുകൾ തമ്മിലുള്ള ബന്ധങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന നൈയമിക പുണ്യമാണിത്.

നീതി, വ്യക്തികളുടെ സഹവർത്തിത്വത്തിന് ആവശ്യം

തുലാസ് കൊണ്ട് ഇത് ദൃഷ്ടാന്തപരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു, കാരണം, മനുഷ്യർക്കിടയിൽ, പ്രത്യേകിച്ച്, ചില അസന്തുലിതാവസ്ഥകളാൽ  വികലമാക്കപ്പെടുന്ന അപകടസാധ്യതയുള്ളപ്പോൾ, കണക്ക് തുല്യമാക്കുക ഇതിൻറെ ലക്ഷ്യമാണ്. ഒരു സമൂഹത്തിൽ എല്ലാവർക്കും അവരവരുടെ അന്തസ്സിന് അനുയോജ്യമായ പെരുമാറ്റം ലഭ്യമാക്കുകയെന്ന ലക്ഷ്യം അതിനുണ്ട്. എന്നാൽ ദയാശീലം, ബഹുമാനം, കൃതജ്ഞത, സൗഹാർദ്ദം, സത്യസന്ധത തുടങ്ങിയ മറ്റ് സുകൃത മനോഭാവങ്ങളും ഇതിന് ആവശ്യമാണെന്ന് പുരാതന ആചാര്യന്മാർ പണ്ടേ പഠിപ്പിച്ചിരുന്നു: വ്യക്തികൾ തമ്മിലുള്ള നല്ല സഹവർത്തിത്വത്തിന് സംഭാവനയേകുന്ന പുണ്യങ്ങളാണിവ. നീതി വ്യക്തികളുടെ നല്ല സഹവർത്തിത്വത്തിനും വേണ്ട ഒരു പുണ്യമാണ്.

നീതിയുടെ അഭാവം ബലഹീനൻറെ മേൽ ബലവാൻറെ ആധിപത്യം ഉറപ്പിക്കും

സമൂഹത്തിൽ സമാധാനപരമായ സഹജീവനത്തിന് നീതി എത്രമാത്രം മൗലികമാണെന്ന് നമുക്കറിയാം: അവകാശങ്ങളെ മാനിക്കുന്ന നിയമങ്ങളില്ലാത്ത ഒരു ലോകം ജീവിക്കാൻ കഴിയാത്തതായിരിക്കും, അത് ഒരു കാടിന് സമാനമായിരിക്കും. നീതിയുടെ അഭാവത്തിൽ സമാധാനമില്ല. വാസ്തവത്തിൽ, നീതി മാനിക്കപ്പെട്ടില്ലെങ്കിൽ, സംഘർഷങ്ങൾ ഉണ്ടാകും. നീതിയില്ലാത്ത പക്ഷം, ബലഹീനൻറെ മേൽ ബലവാൻറെ ആധിപത്യ നിയമം ഉറപ്പിക്കപ്പെടുന്നു.

നീതിമാൻ നേരുള്ളവൻ

പക്ഷേ, നീതിയെന്നത്  ചെറുതിലും വലുതിലും പ്രവർത്തിക്കുന്ന ഒരു പുണ്യമാണ്: അത് കോടതിമുറികളെ മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തെ മുദ്രിതമാക്കുന്ന സാന്മാർഗ്ഗികതയെയും സംബന്ധിക്കുന്നതാണ്. അത് മറ്റുള്ളവരുമായി ആത്മാർത്ഥമായ ബന്ധം സ്ഥാപിക്കുന്നു: സുവിശേഷ നിയമം അത് സാക്ഷാത്ക്കരിക്കുന്നു, അതനുസരിച്ച് ക്രൈസ്തവൻറെ സംസാരരീതി ഇങ്ങനെയായിരിക്കണം: “അതേ, അതേയെന്നോ”, “അല്ല അല്ല എന്നോ”; ഇതിനപ്പുറമുള്ളത് ദുഷ്ടനിൽ നിന്ന് വരുന്നു” (മത്തായി 5:37). അർദ്ധസത്യങ്ങളും  മറ്റുള്ളവരെ കബളിപ്പിക്കാനുദ്ദേശിച്ചുള്ള ദുർഗ്രഹ പ്രഭാഷണങ്ങളും യഥാർത്ഥ ഉദ്ദേശ്യങ്ങൾ മറച്ചുവെക്കുന്ന മൗനവും നീതിക്ക് നിരക്കുന്ന മനോഭാവമല്ല. നീതിമാനായ മനുഷ്യൻ നേരുള്ളവനും ലാളിത്യമുള്ളവനും തുറവുള്ളവനുമാണ്, അവൻ മുഖംമൂടി ധരിക്കുന്നില്ല, അവൻ ആയിരിക്കുന്നതുപോലെ പ്രത്യക്ഷപ്പെടുന്നു, അവൻ സത്യസന്ധമായി സംസാരിക്കുന്നു. അവൻറെ അധരത്തിൽ “നന്ദി” എന്ന വാക്ക് പലപ്പോഴും ഉണ്ടായിരിക്കും: നമ്മൾ എത്ര ഉദാരമനസ്കരാകാൻ ശ്രമിച്ചാലും മറ്റുള്ളവരോട് കടപ്പെട്ടിരിക്കുന്നുവെന്ന് അവനറിയാം. നമ്മൾ സ്നേഹിക്കുന്നുവെങ്കിൽ, അത് നമ്മൾ ആദ്യം സ്നേഹിക്കപ്പെട്ടതിനാലാണ്.

നീതിമാൻ പരനന്മ കാംക്ഷിക്കുന്നവൻ

നീതിമാനെക്കുറിച്ചുള്ള എണ്ണമറ്റ വിവരണങ്ങൾ പാരമ്പര്യത്തിൽ കാണാം. അവയിൽ ചിലത് നോക്കാം. നീതിമാനായ മനുഷ്യൻ നിയമങ്ങൾ നിസ്സഹായരെ ശക്തരുടെ ഔദ്ധത്യത്തിൽ നിന്ന് സംരക്ഷിക്കുന്ന ഒരു വേലിക്കെട്ടാണ് എന്ന് അറിഞ്ഞുകൊണ്ട് അവയെ ആദരിക്കുകയും അവ പാലിക്കുകയും ചെയ്യുന്നു, നീതിമാൻ സ്വന്തം വ്യക്തി ക്ഷേമം മാത്രമല്ല, സമൂഹം മുഴുവൻറെയും നന്മ ആഗ്രഹിക്കുന്നു. അതിനാൽ തന്നെക്കുറിച്ച് മാത്രം ചിന്തിക്കാനും, എത്രതന്നെ ന്യായമാണെങ്കിലും, ലോകത്തിൽ ഉള്ള ഏക കാര്യമെന്ന പോലെ, സ്വന്തം കാര്യങ്ങൾ മാത്രം നോക്കാനുമുള്ള പ്രലോഭനത്തിന് അവൻ വഴങ്ങുന്നില്ല. എല്ലാവരുടെയും നന്മ കൂടാതെ എനിക്ക് യഥാർത്ഥ നന്മ ഉണ്ടാകില്ല എന്ന് നീതിയെന്ന പുണ്യം വ്യക്തമാക്കുകയും അത് ഒരു ആവശ്യമായി ഹൃദയത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

നീതിമാൻ ആനുകൂല്യങ്ങളെ വില്പനച്ചരക്കാക്കില്ല

ആകയാൽ നീതിമാൻ തൻറെ പെരുമാറ്റം മറ്റുള്ളവർക്ക് ദോഷകരമാകാതിരിക്കാൻ ശ്രദ്ധിക്കുന്നു: തെറ്റുപറ്റിയാൽ അവൻ ക്ഷമ ചോദിക്കുന്നു. ചില സാഹചര്യങ്ങളിൽ, സമൂഹത്തിന് നന്മ ലഭ്യമാക്കുന്നതിനായി അവൻ വ്യക്തിപരമായ നന്മ ത്യജിക്കുന്നു. സ്ഥാനങ്ങൾ ആളുകൾക്കല്ല, മറിച്ച്, ആളുകൾ സ്ഥാനങ്ങൾക്ക് മാന്യത കല്പിക്കുന്നതായ ക്രമനിബദ്ധമായ ഒരു സമൂഹമാണ് അവൻ ആഗ്രഹിക്കുന്നത്. അവൻ ശുപാർശകളെ വെറുക്കുന്നു, ആനുകൂല്യങ്ങളെ വാണിജ്യവത്ക്കരിക്കുന്നില്ല. അവൻ ഉത്തരവാദിത്വത്തെ സ്നേഹിക്കുകയും നിയമപരമായി ജീവിക്കുകയും നിയമത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിൽ മാതൃകയാകുകയും ചെയ്യുന്നു. കൂടാതെ, പരദൂഷണം, കള്ളസാക്ഷ്യം, വഞ്ചന, കൊള്ളപ്പലിശയെടുക്കൽ, അപഹസിക്കൽ, അവിശ്വസ്തത തുടങ്ങിയ ഹാനികരമായ പെരുമാറ്റങ്ങളിൽ നിന്ന് നീതിമാൻ അകന്നുനിൽക്കുന്നു. അവൻ വാക്ക് പാലിക്കുന്നു, കടം വാങ്ങിയത് തിരിച്ചുകൊടുക്കുന്നു, തൊഴിലാളികൾക്കെല്ലാവർക്കും ശരിയായ വേതനം നൽകുന്നു, തൊഴിലാളികൾക്ക് ന്യായമായ കൂലി നല്കാത്തവൻ നീതിമാനല്ല:അവൻ അന്യായക്കാരനാണ്.

നാം നീതിമാന്മാരാകണം

നമ്മുടെ ലോകത്ത് അസംഖ്യം നീതിമാന്മാരുണ്ടോ അതോ അമൂല്യമായ മുത്തുകൾ പോലെ അവർ വിരളമാണോ എന്ന് നമ്മിൽ ആർക്കും അറിയില്ല. എന്നാൽ അവർ തങ്ങളിലേക്കും തങ്ങൾ ജീവിക്കുന്ന ലോകത്തിലേക്കും കൃപയും അനുഗ്രഹങ്ങളും ആകർഷിക്കുന്ന വ്യക്തികളാണ്. നീതിമാൻമാർ ഗുണദോഷ വിവേചകൻറെ വേഷം ധരിക്കുന്ന സദാചാരവാദികളല്ല, മറിച്ച് “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന” നേരുള്ള മനുഷ്യരാണ് (മത്തായി 5.6), അവർ സാർവ്വത്രിക സാഹോദര്യത്തിനായുള്ള അഭിവാഞ്ഛ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്വപ്നാടകരാണ്. നമുക്കെല്ലാവർക്കും, വിശിഷ്യ, ഇന്ന്, ഈ സ്വപ്നത്തിൻറെ വലിയ ആവശ്യമുണ്ട്. നാം നീതിമാന്മാരായ സ്ത്രീപുരുഷന്മാരായിത്തീരണം, ഇത് നമ്മെ സന്തോഷമുള്ളവരാക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles