വചനം മാംസം ധരിച്ചു എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് ഫ്രാന്‍സിസ് പാപ്പാ വിശദീകരിക്കുന്നു

“ആദിയിൽ വചനം ഉണ്ടായിരുന്നു” (യോഹന്നാൻ 1,1). ആദിയിൽ എന്നത്, ബൈബിളിലെ ആദ്യ വാക്കാണ്. സൃഷ്ടികർമ്മ വിവരണവും ആരംഭിക്കുന്നത് ഈ വാക്കിലാണ്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”, (ഉൽപ്പത്തി 1,1). ഇന്ന് സുവിശേഷം പരാമർശിക്കുന്നത്, തിരുപ്പിറവിയിൽ നാം ധ്യാനിച്ച, ആ ശിശുവിനെക്കുറിച്ചാണ്, യേശു, മുമ്പുണ്ടായിരുന്നു. സകലവസ്തുക്കളുടെയും ആരംഭത്തിന് മുമ്പ്, പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ്, എല്ലാത്തിനും മുമ്പ് അവിടത്തേക്ക് അസ്തിത്വമുണ്ടായിരുന്നു. സ്ഥലകാലങ്ങൾക്കു മുമ്പുള്ളവനാണ് അവിടന്ന്. ജീവൻ വെളിപ്പെടുന്നതിനു മുമ്പ് “അവനിൽ ജീവനുണ്ടായിരുന്നു” (യോഹന്നാൻ 1,4).

സംവദിക്കുന്ന വചനം നമ്മോടു പറയുന്നത്

വിശുദ്ധ യോഹന്നാൻ ഇതിനെ വിളിക്കുന്നത് “വചനം” അതായത്, വാക്ക് എന്നാണ്. യോഹന്നാൻ ഇതുകൊണ്ട് നമ്മോടു പറയാൻ ഉദ്ദേശിക്കുന്നത് എന്താണ്? സംവേദനം ആണ് വാക്കിൻറെ ഉപയോഗം. ഒരുവൻ തന്നോടു തന്നെയല്ല, മറിച്ച്, മറ്റാരോടെങ്കിലുമാണ് സംസാരിക്കുക. എന്നും അങ്ങനെയാണ്. വഴിയിൽ ആരെങ്കിലും തനിച്ചു സംസാരിക്കുന്നതു കണ്ടാൽ നമ്മൾ പറയും ആ മനുഷ്യന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. നാം എല്ലായ്പോഴും സംസാരിക്കുന്നത് മറ്റൊരാളോടാണ്. ആദിമുതൽ യേശു വചനമാണ് എന്ന വസ്തുതയുടെ പൊരുൾ, ദൈവം തുടക്കം മുതൽ തന്നെ നമ്മോടു ആശയവിനിമയം നടത്താൻ, നമ്മോട് സംസാരിക്കാൻ അഭിലഷിച്ചു എന്നാണ്. ദൈവമക്കളായിരിക്കുന്നതിൻറെ മനോഹാരിതയെക്കുറിച്ച് നമ്മോടു പറയാൻ ദൈവത്തിൻറെ ഏകജാതൻ ആഗ്രഹിക്കുന്നു; അവിടന്ന് “സത്യ വെളിച്ചം ആണ്” (യോഹന്നാൻ 1,9). തിന്മയുടെ അന്ധകാരത്തിൽ നിന്ന് നമ്മെ അകറ്റാൻ അവിടന്നാഗ്രഹിക്കുന്നു; നമ്മുടെ ജീവിതങ്ങൾ അറിയുകയും അവയെ എന്നും സ്നേഹിക്കുന്നു എന്നു നമ്മോടു പറയാനാഗ്രഹിക്കുകയും ചെയ്യുന്ന “ജീവനാണ്” (യോഹന്നാൻ 1,4) അവിടന്ന്. നാമെല്ലാവരെയും അവിടന്ന് സ്നേഹിക്കുന്നു. ഇന്നത്തെ വിസ്മയകരമായ സന്ദേശം ഇതാ: യേശുവാണ് വചനം, എന്നും നമ്മെക്കുറിച്ചു ചിന്തിക്കുകയും നമ്മോട് സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ നിത്യവചനം.

വചനം മാംസം ധരിക്കുന്നു

അപ്രകാരം ചെയ്യുന്നതിന്, അവിടന്ന് വാക്കുകൾക്കപ്പുറം കടന്നു. വാസ്തവത്തിൽ, ഇന്നത്തെ സുവിശേഷത്തിൻറെ ഹൃദയഭാഗത്ത് നമ്മോടു പറയുന്നത് വചനം “മാംസമായിത്തീർന്നു, നമ്മുടെ ഇടയിൽ വസിച്ചു” (യോഹന്നാൻ 14) എന്നാണ്. അവിടന്ന് മാംസം ധരിച്ചു: എന്തുകൊണ്ടാണ് വിശുദ്ധ യോഹന്നാൻ “മാംസം” എന്ന പദം ഉപയോഗിക്കുന്നത്? അവിടന്ന് മനുഷ്യനായിത്തീർന്നു എന്ന കൂടുതൽ മനോഹരമായ പ്രയോഗം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ലേ? ഇല്ല, അദ്ദേഹം മാംസം എന്ന പദം ഉപയോഗിക്കുന്നു, കാരണം അത് നമ്മുടെ മനുഷ്യാവസ്ഥയെ അതിൻറെ എല്ലാ ബലഹീനതയിലും അതിൻറെ എല്ലാ ദുർബ്ബലതയിലും സൂചിപ്പിക്കുന്നു. നമ്മുടെ ബലഹീനതകളെ തൊട്ടറിയാൻ ദൈവം ബലഹീനനായിത്തീർന്നുവെന്ന് അത് നമ്മോട് പറയുന്നു. അതിനാൽ, കർത്താവ് മാംസമായിത്തീർന്ന നിമിഷം മുതൽ, നമ്മുടെ ജീവിതത്തിൽ ഒന്നും അവന് അന്യമല്ലതായി. അവിടന്ന് പുച്ഛിക്കുന്നതായ യാതൊന്നും ഇല്ല, സകലവും നമുക്ക് അവിടന്നുമായി പങ്കിടാൻ കഴിയും, എല്ലാം. പ്രിയ സഹോദരാ സഹോദരീ, ദൈവം മാംസമായിത്തീർന്നത്, അവിടന്ന് നിന്നെ സ്നേഹിക്കുന്നു എന്ന്, നിൻറെ ബലഹീനതകളിൽ നിന്നെ സ്നേഹിക്കുന്നു എന്ന്, നാം കൂടുതലായി ലജ്ജിക്കുന്ന നമ്മുടെ ബലഹീനതകളിൽ നമ്മെ സ്നേഹിക്കുന്നുവെന്ന് നമ്മോടു പറയുന്നതിനാണ്. ഇത് ധീരമാണ്, ദൈവത്തിൻറെ തീരുമാനം ധീരമാണ്: നാം പലപ്പോഴും ലജ്ജിക്കുന്നിടത്ത് അവിടന്ന് മാംസം ധരിച്ചു; നമ്മുടെ സഹോദരനായിത്തീരുന്നതിന്, നമ്മുടെ ജീവിതസരണിയിൽ പങ്കുചേരുന്നതിന് അവിടന്ന് നമ്മുടെ ലജ്ജയിലേക്ക് പ്രവേശിക്കുന്നു.

നമ്മുടെ മദ്ധ്യേ വസിക്കുന്ന വചനം

അവിടന്ന് മാംസം ധരിച്ചു, പിന്നോട്ടു പോകുന്നില്ല. ഉടുക്കുകയും ഊരിമാറ്റുകയും ചെയ്യുന്ന വസ്ത്രമായി അവിടന്ന് നമ്മുടെ മാനവികതയെ കണ്ടില്ല. അവിടന്ന് ഒരിക്കലും നമ്മുടെ ജഡം വിട്ടകന്നില്ല. അവിടന്ന് ഒരിക്കലും അത് ഉപേക്ഷിക്കില്ല; ഇന്നും എന്നേക്കും അവിടുന്ന് മനുഷ്യമാംസമാർന്ന ശരീരവുമായി സ്വർഗ്ഗത്തിൽ ഇരിക്കുന്നു. അവൻ എന്നേക്കും നമ്മുടെ മനുഷ്യത്വവുമായി ഐക്യപ്പെട്ടിരിക്കുന്നു, അവൻ അതിനെ “വിവാഹം കഴിച്ചു” എന്ന് നമുക്ക് പറയാൻ കഴിയും. നമുക്കുവേണ്ടി പിതാവിനോടു പ്രാർത്ഥിക്കുമ്പോൾ കർത്താവ് സംസാരിക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെട്ടുന്നു. അവിടന്ന് ശരീരത്തിൻറെ മുറിവുകൾ നമുക്കുവേണ്ടി ഏറ്റ മുറിപ്പാടുകൾ പിതാവിനെ കാണിക്കുന്നു. ഇതാണ് യേശു: മദ്ധ്യസ്ഥനായ അവിടന്ന് സ്വന്തം ശരീരത്താൽ സഹനത്തിൻറെ അടയാളങ്ങൾ പേറാൻ അഭിലഷിച്ചു. യേശു സ്വന്തം ശരീരത്തോടു കൂടി പിതാവിൻറെ മുന്നിൽ നില്ക്കുന്നു. സുവിശേഷം വാസ്തവത്തിൽ നമ്മോടു പറയുന്നത് അവിടന്നാഗതനാകുന്നത് നമ്മുടെ മദ്ധ്യേ വസിക്കാനാണ് എന്നാണ്. നമ്മെ സന്ദർശിച്ചു തിരിച്ചു പോകാനല്ല അവിടന്ന് വന്നത്. നമ്മുടെ ഇടയിൽ വസിക്കാൻ, നമ്മോടു കൂടെ ആയിരിക്കാനാണ് അവിടന്ന് വന്നത്. ആകയാൽ അവിന്ന് നമ്മിൽ നിന്നാഗ്രഹിക്കുന്നത് എന്താണ്? മഹത്തായ ഒരു ഉറ്റ ബന്ധം അവിടന്നാഗ്രഹിക്കുന്നു. സന്തോഷസന്താപങ്ങളും, ആഗ്രഹങ്ങളും ആശങ്കകളും പ്രത്യാശകളും സങ്കടങ്ങളും വ്യക്തികളും അവസ്ഥകളുമെല്ലാം നമ്മൾ അവിടന്നുമായി പങ്കുവയ്ക്കണമെന്ന് അവിടന്നാഗ്രഹിക്കുന്നു. നമുക്ക് അത് വിശ്വാസത്തോടെ ചെയ്യാം: നമ്മുടെ ഹൃദയം അവിടത്തേക്കായി നമുക്കു തുറക്കാം, സകലവും അവിടത്തോടു പറയാം. നമുക്ക് സമീപസ്ഥനായിത്തീർന്ന ദൈവത്തിൻറെ ആർദ്രത ആസ്വദിക്കാൻ നമുക്കു കഴിയേണ്ടതിന് പുൽക്കൂടിനു മുന്നിൽ മൗനമായി നില്ക്കാം. നമുക്ക് നമ്മുടെ ഭവനത്തിലേക്ക്, നമ്മുടെ കുടുംബത്തിലേക്ക് അവിടത്തെ ഭയലേശമന്യേ ക്ഷണിക്കാം. കൂടാതെ- എല്ലാവർക്കും അത് നന്നായി അറിയാം-നമുക്ക് അവിടത്തെ നമ്മുടെ ബലഹീനതകളിലേക്ക് ക്ഷണിക്കാം. നമ്മുടെ മുറിവുകൾ കാണുന്നതിന് അവിട ത്തെ നമുക്ക് ക്ഷണിക്കാം. അവിടന്നു വരും, ജീവിതം മാറും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles