പന്തക്കുസ്താ അനുഭവം ആദ്യം സ്വന്തമാക്കിയ പരിശുദ്ധ അമ്മ

പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയാ മുഴുവനിലും സമരിയയിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികൾ ആയിരിക്കുകയും ചെയ്യും.(അപ്പ. പ്ര. 1:8)
സ്വർഗ്ഗാരോഹണ വേളയിൽ യേശു ശിഷ്യന്മാർ സ്വീകരിക്കാനിരിക്കുന്ന പന്തക്കുസ്താനുഭവത്തെപ്പറ്റി ശ്ലീഹന്മാരോട് പറഞ്ഞ വചനമാണിത്. പറഞ്ഞതുപോലെ തന്നെ പന്തക്കുസ്തായ്ക്ക് ശേഷം ഭീരുക്കൾ ആയിരുന്ന ശ്ലീഹന്മാർ ശക്തി പ്രാപിച്ചു. ഭൂമിയുടെ അതിർത്തികൾ വരെയും യേശുവിന് സാക്ഷികളായി.

ഇത് അനുഭവത്തിലൂടെ ആദ്യം കടന്നു പോയ ഒരാളുണ്ട് ;പരിശുദ്ധ മറിയം. മംഗളവാർത്ത സമയത്ത് ദൂതനെ കണ്ട് ഭയന്ന മറിയത്തോട് ഗബ്രിയേൽ ദൂതൻ പറഞ്ഞു :” മറിയമേ നീ ഭയപ്പെടേണ്ട”(ലൂക്ക 1:30) തുടർന്നുള്ള സംസാരത്തിൽ ദൂതൻ വീണ്ടും പറഞ്ഞു: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും”. (ലൂക്ക 1:35) ദൈവപുത്രനെ ഉദരത്തിൽ സ്വീകരിക്കാൻ സമ്മതം നൽകിയതോടെ പരിശുദ്ധാത്മാവ് പരിശുദ്ധ മറിയത്തിൽ നിറഞ്ഞു. തുടർന്ന്, ശക്തിപ്രാപിച്ച മറിയം തിടുക്കത്തിൽ എലിസബത്തിനെ സന്ദർശിക്കാൻ ഒറ്റയ്ക്ക് യാത്രയാവുകയാണ്.

130 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്കാണ് മറിയം ഒറ്റയ്ക്ക് യാത്ര ചെയ്തതെന്ന് പറയപ്പെടുന്നു. എലിസബത്തിനെ കാണുമ്പോൾ സധൈര്യം തന്റെ പ്രേഷിതദൗത്യം ആരംഭിച്ച് മറിയം കർത്താവിനെ പ്രഘോഷിക്കുകയാണ്. അപ്പ. പ്ര. 1:8ൽ പറഞ്ഞതുപോലെ മറിയം ശക്തിപ്രാപിച്ചു. ദൂരദേശങ്ങളിൽ വരെ കർത്താവിന് സാക്ഷിയായി. മാത്രമല്ല, കർത്താവിനു വേണ്ടി ക്ലേശങ്ങൾ സഹിക്കാനും പരിശുദ്ധ മറിയത്തിന് സാധിച്ചു. പൂർണ്ണ ഗർഭാവസ്ഥയിൽ ബത്ലഹേമിലേക്ക് പോയത്, സത്രത്തിൽ സ്ഥലം ലഭിക്കാത്തതിനാൽ കാലികളെ മേക്കുന്ന ഗുഹയിൽ ഉണ്ണിയെ പ്രസവിച്ചത്, അന്നു രാത്രി തന്നെ ഈജിപ്തിലേക്ക് പലായനം ചെയ്തത്, അറിയപ്പെടാത്ത നാട്ടിൽ ജീവിച്ചത് എല്ലാം കർത്താവിനു വേണ്ടി മറിയം സ്വീകരിച്ച ക്ലേശങ്ങളിൽ ചിലതുമാത്രം.

ഇങ്ങനെ നോക്കുമ്പോൾ യേശു പറഞ്ഞ പന്തക്കുസ്താ അനുഭവം ആദ്യം നേടിയത് പരിശുദ്ധ അമ്മയാണ്. മറിയത്തിന്റെ ഈ പന്തക്കുസ്ത അനുഭവം ജീവിതത്തിലുടനീളം നഷ്ടപ്പെടുത്തിയില്ല എന്നതാണ് മറിയത്തെ വ്യത്യസ്തയാക്കുന്നത്. കാനായിലെ കല്യാണ വിരുന്നിൽ സമയം ആയിട്ടില്ലെങ്കിലും മറിയത്തിന്റെ നിർബന്ധത്താൽ യേശു അദ്ഭുതം പ്രവർത്തിച്ചപ്പോൾ ഉണ്ടായ പ്രേഷിതഫലം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു. (യോഹ. 2:11) കല്യാണ വീട്ടിലെ ദുഃഖമകന്നതിനോടൊപ്പം ശിഷ്യന്മാർക്കു മുന്നിൽ യേശുവിനെ പ്രഘോഷിക്കുക കൂടിയായിരുന്നു പരിശുദ്ധ മറിയം. ഈ പ്രേഷിതദൗത്യം തന്നെയായിരുന്നു കാൽവരിയിൽ കുരിശിൻ ചുവട്ടിൽ വരെ അനുഗമിക്കുവാൻ മറിയത്തെ ശക്തിപ്പെടുത്തിയതും.

തുടർന്ന് ഉത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം ഭയന്ന് സെഹിയോൻ ഊട്ടു ശാലയിൽ കതകടച്ചിരുന്ന ശിഷ്യന്മാർക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുമ്പോൾ അമ്മയ്ക്കറിയാമായിരുന്നു തനിക്ക് ലഭിച്ച അതേ പന്തക്കുസ്ത അനുഭവം ലഭിച്ചാലേ ശിഷ്യന്മാർ യേശുവിനു വേണ്ടി ലോക അതിർത്തികൾ വരെ സാക്ഷ്യം വഹിക്കുകയുള്ളുവെന്ന്. അതിനാൽ മറിയം ശിഷ്യന്മാരെ വിട്ടുപോകാതെ അവരോടൊപ്പം പരിശുദ്ധാത്മാവിന്റെ വരവിനായി മാധ്യസ്ഥം വഹിച്ചു. അങ്ങനെ മറിയത്തിന്റെ മധ്യസ്ഥതയിൽ ഉള്ള പന്തക്കുസ്തായിലൂടെ സഭ വളർന്നു. ലോക അതിർത്തികൾ വരെ സഭ വളർന്നു.

തനിക്കു മംഗള വാർത്തയിലൂടെ ലഭിച്ച പന്തക്കുസ്ത അനുഭവം ശിഷ്യന്മാരിലേയ്ക്ക് പകർന്ന ശ്ലീഹന്മാരുടെ രാജ്ഞിയായ മറിയത്തോട് പന്തക്കുസ്താ അനുഭവം പുതുയുഗ സഭയിലേക്കും പകരാൻ മദ്ധ്യസ്ഥം വഹിക്കണമേയെന്ന് നമുക്ക് അപേക്ഷിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles