ബാലനായിരുന്നപ്പോള്‍ ഇരുമ്പു ചങ്ങല കൊണ്ട് സ്വയം പ്രഹരിക്കുന്ന പാദ്രേ പിയോ

ഫ്രാന്‍സിസ്‌ക്കോ എന്നായിരുന്നു വി. പാദ്രേ പിയോയുടെ യഥാര്‍ത്ഥ പേര്. ബാല്യകാലത്ത് ഫ്രാന്‍സിസ്‌ക്കോ സൗമ്യനും സമാധാനപ്രിയനുമായിരുന്നു. അവന്‍ അധികം സംസാരിക്കാറില്ല. ഏകാന്തമായി ധ്യാനിക്കാനും കൊന്തയും സുകൃതജപങ്ങളും ചൊല്ലാനുമായിരുന്നു താല്പര്യം. അനുസരണം അവന്റെ മുഖമുദ്രയായിരുന്നു.

ഫ്രാന്‍സിസ്‌കോ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ ദേവാലയത്തില്‍ പോയിരുന്നു . പാപികളുടെ മാനസാന്തരത്തിനും പാപപരിഹാരത്തിനുമായി അവന്‍ ബാല്യത്തില്‍ത്തന്നെ നിരവധി പ്രായശ്ചിത്തവൃത്തികള്‍ ചെയ്തു . അഞ്ചാമത്തെ വയസ്സില്‍ത്തന്നെ ഫ്രാന്‍സിസ്‌കോ സ്വയം ബലിയായി കര്‍ത്താവിന് സമര്‍പ്പിച്ചിരുന്നു.

ആഗസ്റ്റ് മാസത്തിലെ തണുത്ത ഒരു പ്രഭാതം. ജ്യൂസേപ്പാ മകനെ വിളിച്ചുണര്‍ത്താനെത്തി. അപ്പോള്‍ അവിടെക്കണ്ട കാഴ്ച അവരെ ഞെട്ടിച്ചു . ഫ്രാന്‍സിസ്‌ക്കോ വെറും തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നു . തലയിണയ്ക്ക് പകരമായി ഇഷ്ടികക്കഷണമാണ് ഉപയോഗിച്ചിരുന്നത് . ‘മോനേ , ഫാന്‍സിസ്‌ക്കോ ‘ . അമ്മ വിളിച്ചു . ‘ ഗുഡ്‌മോര്‍ണിംഗ് മമ്മി ‘ . കണ്ണുകള്‍ തിരുമ്മിക്കൊണ്ട് അവന്‍ എഴുന്നേറ്റിരുന്നു . ‘ എന്തിനാണ് മോനേ , നീ ഈ തണുത്ത തറയില്‍ കിടന്നുറങ്ങിയത് ? ‘ അവര്‍ വ്യസനത്തോടെ ചോദിച്ചു . ‘അമ്മേ , ഞാന്‍ പ്രാര്‍ത്ഥിക്കയായിരുന്നു’ . അവന്‍ മറുപടി പറഞ്ഞു . ‘നീ എപ്പോഴാണ് പ്രാര്‍ത്ഥിക്കാന്‍ എണീറ്റത് ?’ ആ വാക്കുകളില്‍ അമ്മയുടെ ഉല്‍ക്കണ്ഠ പ്രകടമായിരുന്നു. സമയമൊന്നും എനിക്കറിയില്ലമ്മേ . എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ എനിക്ക് പ്രാര്‍ത്ഥിക്കണമെന്നു തോന്നി. ഞാന്‍ എഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിച്ചു . പിന്നെയെപ്പോഴോ ഉറങ്ങിപ്പോയി ‘ അവന്‍ വിശദീകരിച്ചു .

‘നിന്നെ ഞാന്‍ എന്തുചെയ്യണം ? ഈ തണുത്ത തറയില്‍ക്കിടന്നുറങ്ങിയാല്‍ നിനക്ക് ഇനിയും പനി പിടിക്കില്ലേ? കഴിഞ്ഞ പനിയുടെ ക്ഷീണം മാറിവരുന്നതല്ലേയുള്ളു . ഞാന്‍ പറയാതെ തന്നെ നിനക്ക് എല്ലാം അറിയാമല്ലോ ? ‘ , അവള്‍ അക്ഷമയോടെ കൈകള്‍ കൂട്ടിത്തിരുമ്മി.

ഏതാനും നാളുകള്‍ക്കു മുന്‍പ് ഫ്രാന്‍സിസ്‌കോയ്ക്ക് കടുത്ത പനി പിടിപെട്ടു . മരുന്നുകൊണ്ടൊന്നും രോഗം ശമിച്ചില്ല. ആരും കാണാതെ അവന്‍ കുറെ കുരുമുളക് ചവച്ചരച്ചു തിന്നു. അപ്പോള്‍ രോഗം മാറി, ഇനിയും ആ പനി തിരിച്ചുവരുമോയെന്നായിരുന്നു ജൂസേപ്പായുടെ ഭയം.
‘അമ്മേ , അമ്മ പേടിക്കുന്നതുപോലെയൊന്നും സംഭവിക്കില്ല’ ഫ്രാന്‍സിസ്‌ക്കോ നിസ്സാരഭാവത്തില്‍ പറഞ്ഞു .

‘ഒന്നും പേടിക്കാനില്ല പോലും ! രോഗം വന്നാല്‍ ആരു ചികിത്സിക്കും ? ചികിത്സിക്കാന്‍ പണമെവിടെ ? ചികിത്സിച്ചാല്‍ത്തന്നെ അത് ഫലിച്ചില്ലെങ്കിലോ ? ‘. അവള്‍ പിറുപിറുത്തു. അവള്‍ തിരിഞ്ഞ് മൈക്കിളിനോടു പറഞ്ഞു. ‘നീ ഇതേക്കുറിച്ച് ഇവന്റെ കൂട്ടുകാരോടൊന്നും പറയരുത് . അവര്‍ ഇതറിഞ്ഞാല്‍ ഇവനെ കളിയാക്കും’ . മൈക്കിള്‍ അതു സമ്മതിച്ചു. ഫ്രാന്‍സിക്കോയുടെ പാതിരാ പ്രാര്‍ത്ഥന മൈക്കിളിന് ഒരത്ഭുതമായിരുന്നു.

മറ്റൊരിക്കല്‍ ഫ്രാന്‍സിസ്‌ക്കോ അനുഷ്ഠിച്ച പ്രായശ്ചിത്ത പ്രവൃത്തി നേരില്‍ക്കണ്ട് ജ്യൂസേപ്പാ ഭയന്നുവിറച്ചു . ആ സംഭവത്തെക്കുറിച്ച് ന്യൂസേപ്പാ അനുസ്മരിക്കുന്നു … ‘ അന്ന് അവന് ഒന്‍പതു വയസ്സാണ്. ഞാന്‍ യാദൃച്ഛികമായി അവന്റെ മുറിയിലേക്ക് കയറിച്ചെന്നു. അവിടെ കണ്ട കാഴ്ച എന്നെ തളര്‍ത്തി. ഒരു നിമിഷം ഞാന്‍ സ്തബ്ധയായി നിന്നു. വണ്ണം കുറഞ്ഞ ഇരുമ്പുചങ്ങലകൊണ്ട് അവന്‍ സ്വയം പ്രഹരിക്കുന്നു . ഞാന്‍ അവന്റെയടുത്തേക്ക് ഓടിയെത്തി. ‘ ഇങ്ങനെ ചെയ്യരുത് മോനേ’ യെന്ന് ഞാന്‍ കേണപേക്ഷിച്ചു . അവന്‍ എന്റെ വാക്കുകള്‍ ശ്രവിച്ചില്ല . പിന്നെയും അവന്‍ സ്വയം പീഡിപ്പിച്ചുകൊണ്ടിരുന്നു . ‘മോനേ , നീ എന്തിനാണ് ഇങ്ങനെ സ്വയം പീഡിപ്പിക്കുന്നത് ? ‘ ഞാന്‍ കരഞ്ഞുകൊണ്ടു ചോദിച്ചു. അവന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി .

‘റോമന്‍ പടയാളികള്‍ ഈശോയെ പ്രഹരിച്ചപ്പോള്‍ അവിടുത്തെ തിരുശ്ശരീരം പൊട്ടി രക്തമൊഴുകി. പാപികളുടെ മാനസാന്തരത്തിനും രക്ഷയ്ക്കും വേണ്ടി ഞാന്‍ സ്വയം എന്നെത്തന്നെ പ്രഹരിക്കയാണ്’, ഫ്രാന്‍സിസ്‌കോ തന്റെ പ്രവൃത്തിയുടെ ഉദ്ദേശ്യം വിശദീകരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles