മാര്‍ യൗസേപ്പിതാവിനും വി. യോഹന്നാനുമൊപ്പം പ്രത്യക്ഷപ്പെട്ട നോക്കിലെ മാതാവ്‌

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

 

1870കളില്‍ ഒരുപാട് കോളിളക്കങ്ങള്‍ അനുഭവിച്ചുവരികയായിരുന്നു അയര്‍ലണ്ട്. ദ്വീപിന്റെ പല ഭാഗങ്ങളിലും ദാരിദ്ര്യം പെരുകി. 1840 കളില്‍ അനേകരുടെ ജീവന്‍ കവര്‍ന്നെടുത്ത ക്ഷാമകാലത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും അയര്‍ലണ്ടിന്റെ തീരത്തടിഞ്ഞു. പട്ടിണിയും, കുടിയൊഴിപ്പിക്കലും, ദേശാന്തരഗമനവുമെല്ലാം അയര്‍ലണ്ടില്‍ സര്‍വ്വസാധരണമായി. നിരവധി ചെറുഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യമായിരുന്നു അയര്‍ലണ്ട്.

1879 ലെ ഓഗസ്റ്റ് മാസം 21 ാം തീയതി. ഒരു വ്യാഴാഴ്ചയായിരുന്നു അന്ന്. വൈകുന്നേരം അയര്‍ലണ്ടിലെ നോക്ക് എന്ന പ്രദേശത്തെ ഒരു ചെറുഗ്രാമത്തിലൂടെ കടന്നുപോവുകയായിരുന്നു മേരി മക്ഫലിനും മേരി ബയോണും. ഗ്രാമത്തിലെ ചെറിയൊരു ഇടവക ദേവാലയത്തിന്റെ മുമ്പിലെത്തി അവര്‍. പെട്ടെന്ന് ദേവാലയത്തിന്റെ മുഖപ്പരപ്പിലൂടെ മൂന്നുപേര്‍ നടക്കുന്നതായി അവര്‍ കണ്ടു. ആ മൂന്നുപേര്‍ ആരൊക്കെയാണെന്ന് അറിയാന്‍ മേരി മക്ഫലിനും മേരി ബയോണും അവരെ സൂക്ഷ്മതയോടെ നോക്കി നിന്നു. ഒരാളുടെ രൂപം പരിശുദ്ധ കന്യാമറിയത്തെപ്പാലെ തോന്നിച്ചു അവര്‍ക്ക്. കൂടെയുള്ള മറ്റ് രണ്ട് പേര്‍ മാര്‍ യൗസേപ്പ് പിതാവും വിശുദ്ധ യോഹന്നാനുമാണെന്ന അനുമാനത്തിലെത്തി ആ രണ്ടു സ്ത്രീകള്‍. തങ്ങള്‍ ദര്‍ശിച്ച പരിശുദ്ധ കന്യാമറിയത്തെയും വിശുദ്ധ യോഹന്നാനെയും മാര്‍ യൗസേപ്പ് പിതാവിനെയുംകുറിച്ച് തങ്ങളുടെ ബന്ധുക്കളോട് പറയാനായി അവര്‍ ദേവാലയത്തിന്റെ മുന്നില്‍നിന്നും തിടുക്കത്തില്‍ മുമ്പോട്ടേക്ക് നടന്നു. പെട്ടെന്ന് എവിടെനിന്നെന്നറിയാതെ അതിശക്തമായ മഴ പെയ്തു അവിടെ. മഴ നനയാതിരിക്കാനായി ഒരു സംഘം ആളുകള്‍ ദേവാലയത്തിനടുത്ത് ഒന്നിച്ചുകൂടി.

ആ സംഘത്തില്‍ അഞ്ചു വയസുള്ള കുട്ടിയും എഴുപത്തിയഞ്ചു വയസുള്ള വൃദ്ധനും പുരുഷന്മാരും സ്ത്രീകളും കൗമാരക്കാരുമുണ്ടായിരുന്നു. ഈ സംഘത്തിനും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ യോഹന്നാന്റെയും മാര്‍ യൗസേപ്പ് പിതാവിന്റെയും ദര്‍ശനമുണ്ടായി. അതിസുന്ദരിയായിരുന്നു അവര്‍ക്ക് പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യാമറിയം. നിലത്തുനിന്നും ഏതാനും അടി മുകളിലായിരുന്നു പരിശുദ്ധ മറിയം നിന്നിരുന്നത്. തൂവെള്ള നിറത്തിലുള്ള മേലങ്കിയായിരുന്നു വേഷം. സ്വര്‍ണ്ണ നിറത്തില്‍ അതിമനോഹരമായി തിളങ്ങുന്ന ഒരു കിരീടവും മാതാവ് ധരിച്ചിരുന്നു. കിരീടത്തിന്റെ മുകള്‍ വശത്തായി തിളങ്ങുന്ന കുരിശുരൂപങ്ങള്‍ ദൃശ്യമായിരുന്നു. കരങ്ങള്‍ അല്‍പം ഉയര്‍ത്തി സ്വര്‍ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി മാതാവ് പ്രാര്‍ത്ഥിച്ചിരുന്നു.

വെള്ള നിറത്തിലുള്ള ഉടയാട തന്നെയായിരുന്നു യൗസേപ്പ് പിതാവും ധരിച്ചിരുന്നത്. മാതാവിന്റെ നേര്‍ക്ക് ശിരസ് താഴ്ത്തി കരങ്ങള്‍ കൂപ്പിയായിരുന്നു യൗസേപ്പ് പിതാവ് നിന്നിരുന്നത്. പരിശുദ്ധ കന്യാമറിയത്തിന്റെ ഇടത്തുവശത്തായിരുന്നു വിശുദ്ധ യോഹന്നാന്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള നിറത്തിലുള്ള മേലങ്കിക്കൊപ്പം പുരോഹിതന്മാര്‍ ധരിക്കുന്ന കിരീടവും അദ്ദേഹം അണിഞ്ഞിരുന്നു. കൈയില്‍ ഒരു തുറന്ന പുസ്തകവും അദ്ദേഹം പിടിച്ചിരുന്നു. ദേവാലയത്തിലെ അള്‍ത്താരയില്‍ കുരിശുരൂപത്തിന്റെ സമീപത്തായി ഒരു ആട്ടിന്‍കുട്ടിയും ഗ്രാമവാസികള്‍ക്ക് ദൃശ്യമായി.

ഈ ദൃശ്യങ്ങള്‍ ഏകദേശം മൂന്നു മണിക്കൂറോളം ദേവാലയത്തിനു പുറത്തുനിന്നവര്‍ക്ക് കാണാന്‍ സാധിച്ചു. ആ സമയങ്ങളില്‍ അവര്‍ ജപമാലകളിലും പരമ്പരാഗത പ്രാര്‍ത്ഥനകളിലും മുഴുകി. മാതാവിന്റെ പ്രത്യക്ഷീകരണ സമയത്ത് പുറത്ത് വെളിച്ചം ഉണ്ടായിരുന്നുവെങ്കിലും അല്പം കഴിഞ്ഞപ്പോള്‍ രാത്രിയായിരുന്നു. ചുറ്റും പരന്ന ഇരുട്ടിലും ഗ്രാമവാസികള്‍ക്ക് പരിശുദ്ധ കന്യാമറിയത്തിന്റെയും മാര്‍ യൗസോപ്പ് പിതാവിന്റെയും വിശുദ്ധ യോഹന്നാന്റെയും രൂപങ്ങള്‍ വ്യക്തമായിരുന്നു.

1879 ഒക്ടോബര്‍ 8 ന് തുവാം ആര്‍ച്ച് ബിഷപ്പ് റവ.ഡോ. ജോണ്‍ മൈക്കിളിന്റെ ആവശ്യപ്രകാരം നോക്കിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് പഠനം നടത്താന്‍ സഭാധികാരത്തില്‍പെട്ട പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. തുടര്‍ന്ന് 1936 ല്‍ മറ്റൊരു സമിതിയും വിശദമായ പഠനം നടത്തുകയും പ്രത്യക്ഷീകരണം ശരി വയ്ക്കുകയും ചെയ്തു.

ഗ്രാമവാസികള്‍ക്ക് പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നോക്കിലെ പരിശുദ്ധ കന്യമാറിയത്തിന്റെ ദേവാലയത്തിലെ അള്‍ത്താര രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാവര്‍ഷവും ഓഗസ്റ്റ് മാസം നടക്കുന്ന ഒമ്പതു ദിവസങ്ങളിലെ മാതാവിന്റെ നൊവേനയില്‍ പങ്കെടുക്കന്‍ പതിനായിരങ്ങളാണ് നോക്കിലെ ദേവാലയത്തില്‍ എത്തിച്ചേരുന്നത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നോക്കിലെ മാതാവിന്റെ ദേവാലയത്തെ ബസിലക്കയായി ഉയര്‍ത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles