അത്ഭുത ഉറവയുടെ മാതാവ്

വടക്കന്‍ ഫ്രാന്‍സിലെ ഒരു പഴയ കാല നഗരമാണ് വലെന്‍സീനസ്. ഷെല്‍ജ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലാണ് ഔവര്‍ ലേഡി ഓഫ് ദ ഫൗണ്ടന്‍ എന്ന സുപ്രസിദ്ധമായ മരിയഭക്തിയുടെ സ്ഥാനം.

1008 എഡിയില്‍ ഈ പ്രദേശത്ത് കടുത്ത ക്ഷാമവും വരള്‍ച്ചയും ഉണ്ടായി. അതിനെ തുടര്‍ന്നുണ്ടായ മഹാമാരിയില്‍ 8000 ത്തോളം ആളുകള്‍ ഈ വരള്‍ച്ചയില്‍ മരണമടഞ്ഞു. മരിച്ചവരുടെ എണ്ണം ജീവിച്ചിരിക്കുന്നവരേക്കാള്‍ അധികമായിരുന്നു എന്നാണ് ഇതിനെ കുറിച്ച് എഴുതിയിരിക്കുന്നത്. മനസ്സു തകര്‍ന്ന ജനം കരുണയുടെ മാതാവിന്റെ പാദാന്തികത്തില്‍ അഭയം തേടി.

അക്കാലത്ത് അവിടെ ബെര്‍ത്തോളിന്‍ എന്ന ഒരു വിശുദ്ധനായ സന്ന്യാസി കന്യാമറിയത്തിന്റെ ജല ഉറവയുടെ സമീപം താമസിക്കുന്നുണ്ടായിരുന്നു. ജനങ്ങളുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ അദ്ദേഹം തന്റെ പ്രാര്‍ത്ഥനയും പരിത്യാഗവും പൂര്‍വാധികം ശക്തമാക്കി.

വിശുദ്ധന്റെ പ്രാര്‍ത്ഥന കേട്ട് സംപ്രീതയായ മാതാവ് സെപ്തംബര്‍ 5ാം തീയതി രാത്രി പ്രത്യക്ഷയായി. സൂര്യനെക്കാള്‍ വെണ്‍മയുള്ള പ്രകാശധാരയില്‍ അവിടം പ്രശോഭിച്ചു. അടുത്ത ദിവസം ആ നഗരത്തിലുള്ളവരെല്ലാവരും ഉപവാസമനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കണം എന്നും മാതാവ് ആവശ്യപ്പെട്ടു. അതിനുശേഷം താന്‍ അവര്‍ക്കു സംരക്ഷണമേകി എത്തുമെന്ന് മാതാവ് ഉറപ്പു കൊടുത്തു.

അതിന്‍ പ്രകാരം വലെന്‍സീനസിലെ ജനം ഉപവാസം അനുഷ്ഠിച്ചു. സെപ്തംബര്‍ 7 ന് രാത്രിയില്‍ വെലെന്‍സീനസുകാര്‍ മാതാവിന്റെ അത്ഭുതം കാണാന്‍ ഗോപുരങ്ങളുടെയും കോട്ടയുടെയും മുകളില്‍ കയറി നിലയുറപ്പിച്ചു.

രാത്രി പെട്ടെന്ന് പകല്‍ പോലെ വെണ്‍മയുള്ളതായി. സ്വര്‍ഗ രാജ്ഞിയായ മറിയം സര്‍വ പ്രതാപങ്ങളോടെ പ്രത്യക്ഷയായി. അസംഖ്യം മാലാഖമാര്‍ അമ്മയ്ക്ക് ചുറ്റും പാറി നടന്നു. അമ്മയുടെ മാലാഖമാരും നഗരത്തിന് ചുറ്റും പ്രദക്ഷിണം വച്ചു. അനേകര്‍ പരിശുദ്ധ അമ്മയുടെ അനുഗ്രഹത്താല്‍ സൗഖ്യം പ്രാപിച്ചു. അതിനു ശേഷം ഒരിക്കലും ആ പകര്‍ച്ചവ്യാധി അവിടെ ഉണ്ടായിട്ടില്ല!

അന്നു മതുല്‍ എല്ലാ വര്‍ഷവും അവിടെ ഒരു പ്രദക്ഷിണം നടത്താന്‍ സന്യാസി വഴി പരിശുദ്ധ അമ്മ നഗരവാസികളോട് ആവശ്യപ്പെട്ടു. ജനം അമ്മയുടെ കല്‍പന അക്ഷരം പ്രതി അനുസരിച്ച് പ്രദക്ഷിണം നടത്തി പോരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles