അമേരിക്കയുടെ നാഥ ആരാണെന്നറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

മില്‍ഡ്രഡ് മേരി ന്യൂസില്‍ ജനിച്ചത് 1916 ആഗസ്റ്റ് 2 ാം തീയതി ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലാണ്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മില്‍ഡ്രഡിന്റെ പിതാവ് ഓഹിയോയിലെ ക്ലീവ്‌ലാന്‍ഡിലേക്ക് കുടുംബമൊന്നിച്ച് യാത്രയായി.

വളരെ ചെറുപ്പത്തിലേ തന്നെ ആത്മീയകാര്യങ്ങളില്‍ തീക്ഷണമതിയായിരുന്നു മില്‍ഡ്രഡ്. ഓഹിയോയിലെ സിസ്‌റ്റേഴ്‌സ് ഓഫ് പ്രഷ്യസ് ബ്ലഡ് എന്ന സന്ന്യാസ സഭയില്‍ അവള്‍ അംഗത്വമെടുത്തു. പതിനേഴാം വയസ്സില്‍ അവള്‍ തന്റെ പ്രഥമ വ്രതവാഗ്ദാനം ചെയ്ത്
സിസ്റ്റര്‍ മേരി എഫ്രേം എന്ന പേര് സ്വീകരിച്ചു.

21 ാം വയസ്സില്‍ അവള്‍ ഓഹിയോയിലെ സിന്‍സിനാറ്റിയിലേക്ക് അയക്കപ്പെട്ടു. അവിടെ വച്ച് അവള്‍ കണ്ടുമുട്ടിയ വിശുദ്ധനായ ഒരു വൈദികന്‍ അവളുടെ കുമ്പസാരക്കാരനും ഗുരുവും ആയി മാറി. അദ്ദേഹം പില്‍ക്കാലത്ത് ഒരു ആര്‍ച്ച്ബിഷപ്പായി. പോള്‍ ലെയ്‌ബോള്‍ഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

1940 ല്‍ സിസ്റ്റര്‍ മേരിക്ക് ദൈവാനുഭവങ്ങള്‍ ലഭിക്കാന്‍ ആരംഭിച്ചു. ആന്തരിക സന്ദേശങ്ങളും വെളിപാടുകളും അവള്‍ക്ക് ലഭിച്ചു. യേശുവില്‍ നിന്ന് നേരിട്ടു ലഭിച്ച വെളിപാടുകളായിരുന്നു അവ. കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനുള്ള ദൗത്യം അവളെ ഏല്‍പിച്ചിരിക്കുന്നു എന്ന് അവള്‍ക്ക് സന്ദേശം ലഭിച്ചു. തനിക്ക് ലഭിക്കുന്ന എല്ലാ സന്ദേശങ്ങളും അവള്‍ ഒരു ഡയറിയില്‍ രേഖപ്പെടുത്തി വച്ചു.

അവളുടെ ഡയറിയില്‍ രേഖപ്പെടുത്തിയ ഒരു സന്ദേശം ഇപ്രകാരമായിരുന്നു: പ്രാര്‍ത്ഥിക്കൂ, പ്രാര്‍ത്ഥിക്കൂ, പ്രാര്‍ത്ഥിക്കൂ എന്റെ കുഞ്ഞിപ്രാവേ, പാവപ്പെട്ട പാപികളുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കൂ. ആരും പ്രാര്‍ത്ഥിക്കാനില്ലാത്തതിനാലും ത്യാഗം ചെയ്യാനില്ലാത്തതിനാലും എത്രയോ ആത്മാക്കളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.!

ഫാദര്‍ ലെയ്ബാള്‍ഡിന് വേണ്ടിയും യേശു ഒരു സന്ദേശം സി. മേരിക്ക് നല്‍കി. തന്നെ കാത്തിരിക്കുന്ന കുരിശുകളില്‍ നിരാശനാകരുതെന്നായിരുന്നു ആ സന്ദേശം. എന്തെന്നാല്‍ മഹാപുരോഹിതനായ ഞാന്‍ മുമ്പേ പോയി ഏറ്റവും ഭാരമേറിയ കുരിശ് ചുമന്നു. എളിമയുള്ളവരെയാണ് ഞാന്‍ അന്വേഷിക്കുന്നത്.

1956 സെപ്തംബര്‍ 25 ാം തീയതി അവള്‍ക്ക് പരിശുദ്ധ അമ്മയുടെ ദര്‍ശനം ഉണ്ടായി. ലൂര്‍ദ് മാതാവിന്റേതു പോലെ വെള്ളയും നീലയും വസ്ത്രം ധരിച്ചാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. അമേരിക്കയിലെ മക്കള്‍ക്ക് വലിയ ആത്മീയ അത്ഭുതം വാഗ്ദാനം ചെയ്തു കൊണ്ടാണ് പരിശുദ്ധ അമ്മ പ്രത്യക്ഷയായത്. മാനസാന്തരപ്പെടുമെങ്കില്‍ അമേരിക്ക വലിയൊരു ആത്മീയ അത്ഭുതത്തിന് സാക്ഷികളാകും എന്ന് അമ്മ പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു ദേശീയ തീര്‍ത്ഥാടന കേന്ദ്രം തന്റെ നാമത്തില്‍ പ്രതിഷ്ഠച്ചതില്‍ അമ്മ സന്തുഷ്ടി പ്രകടിപ്പിച്ചു.

അടുത്ത ദിവസം തന്റെ വലതു കൈയില്‍ ഒരു ലില്ലിപ്പൂവും പിടിച്ചു കൊണ്ട് അമ്മ വീണ്ടും പ്രത്യക്ഷപ്പെട്ടു. അന്ന് അമ്മ ധരിച്ചിരുന്നത് യാതൊരു തൊങ്ങലുകളും ഇല്ലാത്ത തൂവെള്ള വസ്ത്രമായിരുന്നു. ശിരോവസ്ത്രം വെള്ള നിറമുള്ളതും അര വരെ നീളുന്നതും ആയിരുന്നു. ഒരു സ്വര്‍ണക്കീരിടവും അമ്മ ധരിച്ചിരുന്നു. അമ്മയുടെ ഹൃദയം റോസാപ്പൂക്കളാല്‍ ചുറ്റപ്പെടുകയും അവയില്‍ നിന്ന് അഗ്നിജ്വാലകള്‍ പുറപ്പെടുകയും ചെയ്തു.

അമ്മ പറഞ്ഞ വാക്കുകള്‍ സിസ്റ്റര്‍ മേരി എഴുതി വച്ചു: ‘ഞാന്‍ അമേരിക്കയുടെ നാഥയാണ്. ജീവിതവിശുദ്ധി കൊണ്ട് എന്റെ മക്കള്‍ എന്നെ ആദരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു!’

പരിശുദ്ധ അമ്മ അവള്‍ക്ക് ഒരു മെഡല്‍ നല്‍കി. അമേരിക്കയുടെ നാഥയുടെ മെഡല്‍ ആയിരുന്നു അത്. അത് ധരിച്ച് അമേരിക്കക്കാര്‍ തന്നെ ആദരിക്കണം എന്ന് അമ്മ ആവശ്യപ്പെട്ടു. സി. മേരി അതിന്റെ ഒരു രേഖാചിത്രം ബിഷപ്പ് ലെയ്ബാള്‍ഡിന് നല്കി. അത് നിര്‍മിക്കാന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തു. അദ്ദേഹം ഈ മരിയഭക്തി പ്രോത്സാഹിപ്പിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തു. 2007 ല്‍ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക് ഇക്കാര്യം യുഎസ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിനെ ഒരു ഔദ്യോഗിക കത്തു മുഖേന അറിയിച്ചു. ലെയ്ബാള്‍ഡ് ബിഷപ്പിനു ശേഷം വന്ന മെത്രാന്‍മാരും അമേരിക്കയുടെ നാഥയോടുളള ഭക്തി പ്രോത്സാഹിപ്പിച്ചിരുന്നതായി ബിഷപ്പ് ബര്‍ക്ക് സാക്ഷ്യപ്പെടുത്തുന്നുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles