കര്‍മെല നാഥയോടുള്ള ഭക്തിയുടെ കാലിക പ്രസക്തി

വടക്കന്‍ ഇസ്രായേലില്‍ മെഡിറ്ററേനിയന്‍ കടല്‍തീരത്തേക്ക് നീളുന്ന തീരദേശ മലനിരകളാണ് കാര്‍മല്‍ മല എന്നറിയപ്പെടുന്നത്. ഈ മലയുടെ പശ്ചാത്തലത്തില്‍ ഏതാനും പട്ടണങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രസിദ്ധമായത് ഹൈഫ എന്ന നഗരമാണ്. ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവും ഇതാണ്. ഹെബ്രായ ഭാഷയില്‍ പുതിയത് എന്നും മുന്തിരിത്തോപ്പ് എന്നുമാണ് കാര്‍മല്‍ എന്ന വാക്കിന്റെ അര്‍ത്ഥം.

ഇവിടെ വച്ചാണ് ഏലിയാ പ്രവാചകന്‍ ബാല്‍ ദേവന്റെ പ്രവാചകരെ ദൈവനാമത്തില്‍ വെല്ലുവിളിച്ചതും ദൈവം അഗ്നിയിലൂടെ ഇറങ്ങി വന്ന് ഏലിയായുടെ ബലി സ്വീകരിച്ചതും. ഏലിയായുടെ തീക്ഷണത പിന്‍ചെല്ലുന്നവരാണ് കര്‍മലീത്താ സന്ന്യാസ സഭക്കാര്‍. പരിശുദ്ധ കന്യാമറിയത്തെയാണ് അവര്‍ തങ്ങളുടെ മധ്യസ്ഥയായി വണങ്ങുന്നത്. പരിശുദ്ധ അമ്മ കര്‍മല മാതാവ് എന്നും അറിയപ്പെടുന്നു.

ജൂലൈ മാസം 16 ാം തീയതി കര്‍മല മാതാവിന്റെ തിരുനാളാണ്. കര്‍മലീത്ത സഭക്കാര്‍ പരിശുദ്ധ കന്യാമാതാവിനെ തങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥയായി വണങ്ങാന്‍ പ്രധാന കാരണങ്ങള്‍ ഇവയാണ്. കര്‍മലീത്താസഭക്കാരുടെ ജീവിതാരൂപി പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയുമാണ്. ഇക്കാര്യത്തില്‍ ജീവിതകാലം മുഴുവന്‍ പ്രാര്‍ത്ഥനാരൂപിയിലും ധ്യാനാരൂപിയിലും ജീവിച്ച പരിശുദ്ധ കന്യാമറിയമാണ് ഏറ്റവും പരിപൂര്‍ണയായ മാതൃക.

ചരിത്രം പറയുന്നതനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടില്‍ കര്‍മലീത്താ സഭയുടെ പ്രയോര്‍ ജനറലായിരുന്ന വി. സൈമണ്‍ സ്റ്റോക്ക് സഭയുടെ വലിയൊരു പ്രതിസന്ധിഘട്ടത്തില്‍ പരിശുദ്ധ അമ്മയുടെ മധ്യസ്ഥം വിളിച്ചു പ്രാര്‍ത്ഥിച്ചു. അതിന്‍ പ്രകാരം 1261 ജൂലൈ 16 ാം തീയതി വിശുദ്ധന് പരിശുദ്ധ അമ്മയുടെ ദര്‍ശനം ഉണ്ടായി. ദര്‍ശനത്തില്‍ പരിശുദ്ധ അമ്മ തന്റെ പ്രത്യേക സംരക്ഷണത്തിന്റെ അടയാളമായി തവിട്ടു നിറമുള്ള ഉത്തരീയം വിശുദ്ധന് നല്‍കി. ഇതാണ് പില്‍ക്കാലത്ത് പ്രസിദ്ധമായി തീര്‍ന്ന കര്‍മലീത്താ ഉത്തരീയം.

കര്‍മലോത്തരീയത്തിന്റെ സംരക്ഷണശക്തിയെ കുറിച്ച് നിരവധി വിശുദ്ധരും വിശ്വാസികളും പല കാലങ്ങളില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉത്തരീയം ഒരു മരിയന്‍ വസ്ത്രമാണ്. അത് ഒരു അടയാളവും പ്രതിജ്ഞയുമാണ്. ഞാന്‍ മാതാവിന്റെ സ്വന്തമാണ് എന്നാണ് ഉത്തരീയം ധരിക്കുന്ന ഒരാള്‍ പ്രഖ്യാപിക്കുന്നത്. അമ്മയുടെ സംരക്ഷണം ജീവിതകാലത്തും മരണനേരത്തും മരണശേഷവും ഉത്തരീയം ധരിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കും.

ഉത്തരീയം, ജപമാല തുടങ്ങിയ മരിയന്‍ ഭക്തികള്‍ നമ്മുടെ പുതിയ തലമുറയോട് പറഞ്ഞു കൊടുക്കാനും അവരെ മരിയഭക്തിയില്‍ വളര്‍ത്താനും ക്രിസ്ത്യാനികളായ നമുക്ക് വലിയ ഉത്തരവാദിത്വമുണ്ട്. നമുക്ക് മുമ്പേ പോയ തലമുറകള്‍ ഉത്തരീയത്തെ വളരെ ആദരവോടെ കണക്കാക്കിയിരുന്നവരും പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തിന്റെ അടയാളമായി ഉത്തരീയം ധരിച്ചിരുന്നവരുമാണ്. ഈ ഭക്തി നമുക്ക് മുറുകെ പിടിക്കാം. സ്‌നേഹാദരങ്ങളോടെ നമ്മുടെ പിന്‍തലമുറയ്ക്ക് കൈമാറാം. കോവിഡ് മഹാമാരിയില്‍ നിന്ന് ഞങ്ങള്‍ക്കു സംരക്ഷണം നല്‍കണമേ എന്ന് നമുക്ക് കര്‍മെല നാഥയോട് പ്രാര്‍ത്ഥിക്കാം.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles