സദുപദേശത്തിന്റെ മാതാവിന്റെ ചരിത്രം അറിയാമോ?

റോമിൽ നിന്നും ഏകദേശം 30 മൈൽ അകലെ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പട്ടണമാണ് ഗെനസാനോ. 1356ൽ സദുപദേശത്തിന്റെ മാതാവിന്റെ നാമധേയത്തിലുള്ള ഒരു ദേവാലയം ഇവിടെ സ്ഥാപിതമായി. എന്നാൽ 1467 ഏപ്രിൽ 25ന് നടന്ന അത്ഭുതകരമായ ഒരു സംഭവത്തോടെയാണ് സദുപദേശത്തിന്റെ മാതാവിന്റെ ഭക്തി പ്രചരിക്കാൻ തുടങ്ങിയത്.

1450 ആയപ്പോഴേക്കും പള്ളി ഏകദേശം ശോച്യാവസ്ഥയിൽ ആയിരുന്നു. പള്ളി പുതുക്കി പണിയണമെന്ന് ആവശ്യം ഉയർന്നെങ്കിലും അതിനുള്ള പണം കണ്ടെത്താൻ കഴിഞ്ഞില്ല. ഇവിടെ ജീവിച്ചിരുന്ന പെട്രൂചിയ ഡി ജെനെവോ എന്ന ഒരു സാധു വിധവ തന്റെ സ്വത്തെല്ലാം വിറ്റ് കിട്ടിയ പണം ദേവാലയ നിർമ്മാണത്തിന് നൽകി. നിർമ്മാണത്തിനാവശ്യമായ പണം ഇനിയുമായിട്ടില്ലന്നറിഞ്ഞ് ഈ സ്ത്രീ വീടുവീടാന്തരം ഭിക്ഷ യാചിച്ച് പണം കണ്ടെത്താൻ ശ്രമം തുടങ്ങി.

ഭിക്ഷ യാചിച്ചാൽ പള്ളി പണിയാൻ പറ്റുമോ? എന്ന് ചോദിച്ച് പലരും അവരെ കളിയാക്കി. (ഇന്ന് ഈ സ്ത്രീ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടവളാണ്.)

അങ്ങനെയിരിക്കെ വിശുദ്ധ മാർക്കോസ് ശ്ലീഹായുടെ തിരുനാൾ വന്നെത്തി.ഏകദേശം ഉച്ചതിരിഞ്ഞ് നാലുമണിയോടെ പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് ആരംഭിച്ചു.പെട്ടെന്ന് ആകാശത്തിൽ നിന്ന് ഒരു മേഘം വാദ്യമേളങ്ങളോടെ താഴേക്കിറങ്ങി വരാൻ തുടങ്ങി.പള്ളിമണികൾ താനേ മുഴങ്ങി.എല്ലാവരും അത്ഭുതപ്പെട്ടു നോക്കി നിന്നു. മേഘം താഴെ എത്താറായപ്പോൾ തിരശ്ശീല മാറ്റുന്നത് പോലെ ഇരുവശങ്ങളിലേക്കും മാറി മുകളിലേക്ക് ഉയർന്നു പോയി.എന്നാൽ അപ്പോൾ മേഘത്തിനുള്ളിൽനിന്ന് പരിശുദ്ധ മറിയം ഉണ്ണിയേശുവിനെ എടുത്തു നിൽക്കുന്ന ഒരു ചുമർചിത്രം കാണായി.

ഈ ചിത്രം അതിന്റെ പ്ലാസ്റ്റർ ഏതോ ഒരു ചുമരിൽ നിന്ന് സസൂക്ഷ്മം അടർത്തിയെടുത്തതു പോലെ ആയിരുന്നു.
എന്നാൽ ഒരു മുട്ടത്തോടിന്റെ അത്രയും മാത്രം കനവും.ഈ ചിത്രം വായുവിൽ തന്നെ നിന്നു. 15 ഇഞ്ച് വീതിയും 17 ഇഞ്ച് ഉയരവുമുള്ള ഈ ചിത്രം ഏവരെയും സാക്ഷിയാക്കി പള്ളിയുടെ ചുമരിൽ താനേ ഒട്ടിപ്പിടിച്ചു നിന്നു. ഇന്നും അതേ സ്ഥലത്തുതന്നെ ആ ചിത്രം നിൽക്കുന്നു. ഈ ചിത്രം വന്ന സമയം ദൃക്സാക്ഷികളായ നിരവധിപേരുടെ രോഗങ്ങൾ സുഖപ്പെട്ടു. അത് ഒരു അത്ഭുതചിത്രം ആണെന്ന് അങ്ങനെ ഏവർക്കും ബോധ്യമായി.ഈ സംഭവത്തോടെ പള്ളി പണിയാനുള്ള പണം ഈ ദേവാലയത്തിലേക്ക് ഒഴുകി. അങ്ങനെ പള്ളി പണി പൂർത്തിയായി. പള്ളി ഒരു തീർഥാടന കേന്ദ്രമായി മാറുകയും ചെയ്തു.

പോൾ രണ്ടാമൻ പാപ്പാ ഈ ചിത്രത്തെ പറ്റി ഒരു അന്വേഷണം നടത്തി. ഇപ്രകാരം ഒരു ചുമർചിത്രം അടർത്തിയെടുക്കാൻ മനുഷ്യർക്ക് അസാധ്യമാണെന്ന് വിലയിരുത്തപ്പെട്ടു.മാത്രമല്ല,ഈ ചിത്രം പറന്നിറങ്ങിയതിനു ശേഷം രണ്ടു പട്ടാളക്കാർ ഇവിടെ വന്നു. അൽബേനിയയിലെ സ്‌ക്യൂട്ടറി എന്ന സ്ഥലത്തുനിന്നാണ് അവർ വന്നത്. അവരുടെ നാട്ടിൽ തുർക്കികളുടെ ആക്രമണം ഉണ്ടായി എന്നും ജീവൻ കൊടുത്തും ദേവാലയം സംരക്ഷിക്കണം എന്ന ആഗ്രഹത്തോടെ ഈ രണ്ടു പട്ടാളക്കാരും ദേവാലയത്തിൽ എത്തിയപ്പോൾ അവരുടെ ദേവാലയത്തിലെ മാതാവിന്റെ ചുമർചിത്രം താനേ അടർന്നു സ്വർഗീയ വാദ്യമേളങ്ങളോടെ ആകാശത്തിലൂടെ പറന്നു പോയെന്നും അതിനെ പിന്തുടർന്നാണ് അവർ ഇവിടെ എത്തിയത് എന്നും പറഞ്ഞു. അന്വേഷണത്തിൽ അതും സത്യമാണെന്ന് തെളിഞ്ഞു.

1628ൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഒരു ബോംബ് സ്ഫോടനം പള്ളിയുടെ തൊട്ടടുത്തായി നടന്നു. പള്ളിയ്ക്ക് കേടുപാടുകൾ പറ്റിയെങ്കിലും സദുപദേശ മാതാവിന്റെ ഈ അത്ഭുത ചിത്രത്തിന് യാതൊരു കുഴപ്പവും സംഭവിച്ചില്ല. ഇന്നും തീർഥാടകർക്ക് സമാശ്വാസം അരുളി സദുപദേശനാഥ ഗെനസനോയിൽ വാണരുളുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles