പരി. മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നത് എന്തു കൊണ്ട്?

യേശു പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രൻ തമ്പുരാനാണ് എന്ന വിശ്വസിക്കുമ്പോൾ തന്നെ യേശുവിന്റെ മാതാവ് ദൈവ മാതാവാണ് എന്ന് വിശ്വസിക്കുന്നത് അനുയോജ്യമാണ്.ആദ്യ നൂറ്റാണ്ടു മുതലേ മറിയത്തെ സംബോധന ചെയ്യാൻ ഗ്രീക്ക് പദമായ ‘തിയോടോക്കോസ് ‘( ദൈവത്തെ വഹിച്ചവൾ) എന്ന പദം ഉപയോഗിച്ചിരുന്നു.

AD 431ൽ നടന്ന എഫേസോസ് കൗൺസിലിൽ പറയുന്നു:”ആരെങ്കിലും ദൈവം ഇമ്മാനുവേൽ ആണെന്നും പരിശുദ്ധ കന്യക തിയോട്ടോക്കോസ് ആണെന്നും ഏറ്റു പറയുന്നില്ലെങ്കിൽ അവൻ പുറത്താക്കപ്പെട്ടവൻ ആകുന്നു”. യേശു ഒരേ സമയം ദൈവവും മനുഷ്യനും ആണെന്നും രണ്ടു പ്രകൃതങ്ങൾ ഒരേ വ്യക്തിയിൽ സമ്മേളിച്ചെന്നും വിശ്വസിക്കാൻ ഈ കൗൺസിൽ പഠിപ്പിക്കുന്നു.

മറ്റുള്ള കടന്നുകയറ്റങ്ങൾ ഒന്നും സഭയിൽ ഉണ്ടാകാതിരിക്കാനും ചിന്താക്കുഴപ്പം ഒഴിവാക്കാനും വേണ്ടിയാണ് എഫേസൂസ് സൂനഹദോസ് ഇങ്ങനെ പഠിപ്പിച്ചത്. കാരണം, കോൺസ്റ്റാന്റിനോപ്പിളിലെ പാർത്രിയാക്കീസായിരുന്ന നെസ്തോറിയസ് മനുഷ്യ വ്യക്തിത്വത്തിന്റെ മാതൃത്വമേ കന്യക മേരിക്ക് അവകാശപ്പെടാനാകൂ എന്നും തന്നിമിത്തം ദൈവമാതാവ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും പഠിപ്പിച്ചു. ഈ അബദ്ധ സിദ്ധാന്തത്തിനെതിരെ പടവെട്ടി വിശ്വാസം സംരക്ഷിക്കാൻ അലക്‌സാൻഡ്രിയയിലെ പാർത്രിയാർകീസായിരുന്ന സിറിൾ മുമ്പോട്ടു വന്നു. അദ്ദേഹം അന്നത്തെ മാർപാപ്പയായിരുന്ന സെലസ്റ്റിൻ ഒന്നാമനെ വിവരം ധരിപ്പിച്ചു. മാർപാപ്പ നെസ്തോറിയസിന് ഇതേ കുറിച്ച് ഒരു കത്ത് അയയ്ക്കുകയും പത്തുദിവസത്തിനകം അബദ്ധ പ്രബോധനം പിൻവലിക്കണമെന്ന് കല്പിക്കുകയും ചെയ്തു. നെസ്തോറിയസ് അതിന് വഴങ്ങുകയുണ്ടായില്ല.

തുടർന്നു നടന്ന എഫേസൂസ് സൂനഹദോസിൽ പങ്കെടുക്കാൻ നെസ്തോറിയസ് വിളിക്കപ്പെട്ടങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ കൗൺസിൽ തീരുമാനം അനുസരിച്ച് നെസ്തോറിയസ് പുറത്താക്കപ്പെട്ടവൻ ആയി. കന്യകമേരി രണ്ടു സ്വഭാവങ്ങളോട് കൂടിയ ഈശോയുടെ അമ്മയാണെന്നും സൂനഹദോസ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അങ്ങനെ മറിയം ദൈവമാതാവ് ആയി പ്രഖ്യാപിക്കപ്പെട്ടു.

മറിയം ദൈവമാതൃത്ത്വം സ്വന്തമാക്കിയത് തന്റെ ഫിയാത്തിലൂടെയാണ്( ദൈവഹിതത്തിനു സമ്മതം നൽകൽ ). ഓരോ ക്രൈസ്തവനും ഈ ദൈവഹിതത്തിനു സമ്മതം നൽകലിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു. മറിയം ദൈവമാതാവ് ആകുമ്പോൾ ‘ഫിയാത്തി’ലൂടെ നാമോരോരുത്തരും ദൈവ മകനും ദൈവമകളും ആകുന്നു. അതുപോലെ, മറിയം ദൈവത്തെ ഉദരത്തിൽ വഹിച്ചത് പോലെ നാമും ദൈവത്തെ ഹൃദയത്തിൽ വഹിച്ച് ‘തിയോട്ടോക്കോസ് ‘ ആകാനും വിളിക്കപ്പെട്ടിരിക്കുന്നു.

മാമോദിസയിലൂടെ ഓരോ ക്രിസ്ത്യാനിയും തന്റെ ‘തിയോടോക്കോസ് ‘ വിളി സ്വീകരിച്ചിരിക്കുന്നു. മറിയത്തിന്റെ ദൈവമാതൃത്ത്വത്തെ ആദരിക്കുന്നതിനോടൊപ്പം നമുക്ക് ലഭിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിച്ച് ദൈവത്തെ മഹത്വപ്പെടുത്താം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles