പോളിയോ ബാധിച്ചയാള്‍ എഴുന്നേറ്റു നടന്നപ്പോള്‍!

മെഡിസിന് പഠിക്കാനയക്കുമ്പോൾ
മകനെ ഒരു കാര്യം മാത്രമെ
അമ്മ ഓർമപ്പെടുത്തിയുള്ളു:
”ഡോക്ടറായാലും,
നീ ദൈവത്തെ മറക്കരുത്.
അവിടുന്നാണ്
ഏറ്റവും വലിയ വൈദ്യൻ.”
മകൻ പഠിച്ച് ഡോക്ടറായി,
മെഡിക്കൽ രംഗത്ത് അനേകം സംഭാവനകൾ നൽകി.
എന്നാൽ യാത്രയിൽ എപ്പോഴോ സുഹൃത്തുക്കളുടെ സ്വാധീനത്തിൽപ്പെട്ട്
അവൻ ദൈവത്തിൽ നിന്നും അകന്നു.
മകനെയോർത്ത് അമ്മ കരഞ്ഞുകൊണ്ടിരുന്നു.
ഒരു ദിവസം അവർ പറഞ്ഞു:
”നമുക്ക് ലൂർദിലേക്കൊരു
തീർത്ഥാടനത്തിനു പോകാം.
അരുതെന്ന് പറയരുത്.”
ലൂർദ്ദിലെ ദൈവാലയത്തിൽ
അമ്മയും മകനും
ദിവ്യകാരുണ്യ ആരാധനയിൽ
പങ്കെടുക്കുന്ന സമയം.
തിരുവോസ്തിയിലേക്ക് നോക്കി
വൈദികൻ പറയുന്നത് അവർ കേട്ടു:
”ഈ അപ്പത്തിൽ ദൈവ സാന്നിധ്യമുണ്ട്.”
ഉടനെ ആ മകൻ തൻ്റെ മനസിൽ
ഇങ്ങനെ പറഞ്ഞു:
“എങ്കിൽ, എൻ്റെ അരികിലിരിക്കുന്ന,
പോളിയോ ബാധിച്ച കാലുകളുള്ള
ഈ വ്യക്തി എഴുന്നേറ്റു
നടക്കുകയാണെങ്കിൽ
ഞാൻ വിശ്വസിക്കാം.”
ഇങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ഭുന്നമെന്നു പറയട്ടെ
ദൈവാലയത്തിലെ ആളുകൾ
ദിവ്യകാരുണ്യനാഥനു മുമ്പിൽ
കീർത്തനം പാടാൻ എഴുന്നേറ്റപ്പോൾ,
ശരീരം തളർന്ന ഈ രോഗിയും
വിറയലോടെ എഴുന്നേൽക്കുന്നത്
അമ്മയും മകനും കണ്ടു.
പ്രാർത്ഥിക്കാൻ മറന്ന ആ ഡോക്ടർ മിഴിചലിപ്പിക്കാതെ അയാളെ തന്നെ ഉറ്റുനോക്കുകയായിരുന്നു.
തുടർന്ന് ദൈവാലയത്തിൽ
നടന്ന തിരുക്കർമ്മങ്ങളിൽ
അദ്ദേഹം സജീവമായി പങ്കെടുത്തു. ദിവ്യബലിക്കു ശേഷം
ആളുകൾ ദൈവാലയം വിട്ടിട്ടും
ഏറെ വൈകിയാണ് അവരിരുവരും പുറത്തിറങ്ങിയത്.
തിരികെ വീട്ടിലെത്തിയ ആ മകൻ
അമ്മയോടു പറഞ്ഞു:
“അമ്മേ, ഞാൻ എൻ്റെ ഡോക്ടർ ഉദ്യോഗം രാജിവയ്ക്കുകയാണ്. ദൈവം സത്യമായും പരിശുദ്ധ കുർബാനയിൽ ഉണ്ടെന്ന്
എനിക്ക് വ്യക്തമായിരിക്കുന്നു.
ഇനി ഒറ്റ ചിന്തയേ ഉള്ളു,
എനിക്ക് ക്രിസ്തുവിൻ്റെ പുരോഹിതനായിത്തീരണം.”
ഉറച്ച ബോധ്യത്തോടെ അദ്ദേഹം
സന്യാസസഭയിൽ ചേർന്നു.
പഠനം പൂർത്തിയാക്കി.
വൈദികനായി.
അദ്ദേഹത്തിൻ്റെ ആത്മീയ
തീക്ഷ്ണത മൂലം
ആ സഭയിലെ
സുപ്പീരിയർ ജനറാളുമായി.
പറഞ്ഞു വരുന്നത് ഈശോസഭയുടെ ഇരുപത്തിയെട്ടാമത് സുപ്പീരിയർ ജനറൽ ആയിരുന്ന പെദ്രോ അരുപ്പെ
എന്ന പുരോഹിതനെക്കുറിച്ചാണ്.
ഈശോസഭയുടെ ചരിത്രത്തിൽ
സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ
സുപ്പീരിയർ ജനറലും അദ്ദേഹമാണ്.
താൻ പഠിച്ച വൈദ്യശാസ്ത്രം വച്ച്
തളർവാത രോഗി എഴുന്നേറ്റു നടക്കുക അസാധ്യമായിരുന്നു. എന്നാൽ അതിനും അതീതമാണ് ദൈവീക ശക്തിയെന്ന് അദ്ദേഹത്തിന് ലൂർദിൽ വച്ച് ബോധ്യമായി.
മാനുഷിക ബുദ്ധിയാൽ മറിയവും
ഇങ്ങനെ ചോദിക്കുന്നുണ്ട്:
”ഇതെങ്ങനെ സംഭവിക്കും?
ഞാന് പുരുഷനെ അറിയുന്നില്ലല്ലോ”.
അതിനുള്ള ദൈവദൂതൻ്റെ മറുപടി ഇപ്രകാരമായിരുന്നു:
”പരിശുദ്‌ധാത്‌മാവ് നിന്റെ മേല് വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല് ആവസിക്കും… “
(ലൂക്കാ 1 : 34-35)
ജീവിതത്തിലെ എത്ര വലിയ
പ്രതിസന്ധികൾക്കു നടുവിലും
പരിശുദ്ധാത്മാവ് ഇടപെടുമെന്ന്
വിശ്വസിക്കുക.
ആ കൃപയ്ക്കായ് പ്രാർത്ഥിക്കാം.
ഫാദർ ജെൻസൺ ലാസലെറ്റ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.