കൊടുങ്കാറ്റിനെ ശാന്തമാക്കുന്നവന്‍ നമ്മോടൊപ്പമുണ്ട്!

എവിടെയോ വായിച്ച ഒരു കഥ.
ഒരു സന്യാസ ആശ്രമം. ആർക്കും എപ്പോൾ വേണമെങ്കിലും വിശ്രമിക്കാൻ കയറിച്ചെല്ലാം എന്നതാണവിടുത്തെ പ്രത്യേകത. കിടക്കാൻ മുറിയും ഒരു നേരത്തെ
ഭക്ഷണവും ലഭിക്കും. യാത്രയ്ക്കിടയിൽ ധാരാളംപേർ ആശ്രമം സന്ദർശിക്കുക പതിവായിരുന്നു.
ഒരു ദിവസം വഴിപോക്കരിൽ ഒരാൾ ആശ്രമത്തിൽ കയറിച്ചെന്നു. കോളിങ്ങ് ബെൽ അടിച്ചതിനു ശേഷം ഒരുപാട് സമയം കഴിഞ്ഞപ്പോഴാണ് ഒരു സന്യാസി വാതിൽ തുറന്നത്.
യാത്രക്കാരൻ പറഞ്ഞു:
”തങ്ങാൻ ഒരിടവും ലഭിച്ചില്ല. ഭക്ഷണവും കഴിച്ചിട്ടില്ല. ഈ വൈകിയ വേളയിൽ
തലചായ്ക്കാൻ ഒരിടം ലഭിച്ചാൽ ഉപകാരമായിരുന്നു.”
ആശ്രമ ശ്രേഷ്ഠൻ ഒന്നും പറയാതെ അയാൾക്കായ് മുറിയൊരുക്കുകയും
ചൂടുള്ള സൂപ്പ് തയ്യാറാക്കുകയും ചെയ്തു.
പിറ്റേന്ന് വഴിപോക്കൻ അതിരാവിലെ എണീറ്റ് യാത്ര തുടർന്നു.
യാത്രയ്ക്കിടയിൽ അപരിചിതനായ ഒരാൾ അയാളോടു ചോദിച്ചു:
”സ്നേഹിതാ,
പുലർകാലെ ഉന്മേഷത്തോടെ യാത്ര ചെയ്യുന്ന നിങ്ങൾ
രാത്രി എവിടെയാണ് വിശ്രമിച്ചത്?”
“ഈ തൊട്ടടുത്തുള്ള സന്യാസ ആശ്രമത്തിൽ”
എന്ന് പറഞ്ഞ് അയാൾ പിന്നിലേക്ക് കൈചൂണ്ടി.
ആ അപരിചിതൻ വിടർന്ന മിഴികളോടെ യാത്രക്കാരനെ നോക്കി.
“ഇന്നലെ സന്ധ്യയ്ക്ക് അവിടെ ഒരു മരണം നടന്ന കാര്യം നിങ്ങൾ അറിഞ്ഞില്ലേ?”
കണ്ണുതുറിച്ച് യാത്രക്കാരൻ അപരിചിതനെ നോക്കി:
“മരണമോ? ആരുടെ?”
“ആശ്രമ ശ്രേഷ്ഠൻ്റെ മകൻ്റെ!”
അപരിചിതനും വഴിപോക്കനും അമ്പരപ്പ് വിട്ടുമാറാതെ ഇരുവശങ്ങളിലേക്കും യാത്രയായി.
വഴിപോക്കൻ ഇങ്ങനെ ആത്മഗതം ചെയ്തു:
“സ്വന്തം മകൻ മരിച്ച വിവരം പറഞ്ഞ്
എന്നെ ഒഴിവാക്കാമായിരുന്നിട്ടും
എത്ര സ്നേഹത്തോടെയാണ്
എനിക്കായ് അദ്ദേഹം വാതിൽ തുറന്നതും ഭക്ഷണം നൽകിയതും?
ഉള്ളിൽ കടലിളകുമ്പോഴും ഇത്രമാത്രം ശാന്തമാകുവാൻ ദൈവീക ചൈതന്യമുള്ള
ഒരുവനു മാത്രമേ സാധിക്കുകയുള്ളൂ.”
പലപ്പോഴും അകതാരിൽ തിരയനക്കങ്ങളുമായ് നടന്നു നീങ്ങുന്നവരാണ് നമ്മളെല്ലാം.
അതു കൊണ്ടാകാം ചിലപ്പോഴെങ്കിലും നമ്മൾ പൊട്ടിത്തെറിക്കുന്നതും സ്നേഹംകൊണ്ട് അപരനെ വീർപ്പുമുട്ടിക്കുന്നതും.
ആരോടും പറയാനാഗ്രഹിക്കാത്ത ഒരുപാട് നൊമ്പരങ്ങളുമായ് നടക്കുമ്പോൾ ധ്യാനിക്കാൻ ഒരു ചിത്രം സുവിശേഷം നൽകുന്നുണ്ട്;
തിരമാലകൾക്കും കൊടുങ്കാറ്റിനും മധ്യേ ആടിയുലയുന്ന വഞ്ചിയുടെ അമരത്ത് തലചായ്ച്ചു മയങ്ങുന്ന ക്രിസ്തുവിൻ്റെ ചിത്രം! (Ref മർക്കോ 4:35-41).
നമുക്ക് വിശ്വസിക്കാം:
ജീവിതത്തിലെ കോളിളക്കങ്ങളും
തിരമാലകളും കൊടുങ്കാറ്റുകളും അറിയുന്ന ഒരുവൻ എൻ്റെ അമരത്തുണ്ട്.
തക്ക സമയത്ത് അവൻ ഉണരും. സർവ്വം ശാന്തമാകും.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles