ഒരു പാത്രം വെള്ളംകൂടി
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
പശുക്കളെ കറന്ന് പാല്‍ വില്‍ക്കുന്ന ഒരാള്‍. വില്‍പ്പനയ്ക്ക് മൂമ്പ് പാലില്‍ വെള്ള ചേര്‍ക്കുക അയാളുടെ സ്ഥിരം പരിപാടിയാണ്. ഒരു ദിവസം അയാള്‍ പാലില്‍ വെള്ളം ചേര്‍ത്തുകൊണ്ടിരിക്കേ ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു ചോദിച്ചു: ‘നിങ്ങള്‍ എന്തിനാണ് പാലില്‍ വെള്ളം ചേര്‍ക്കുന്നത്?’ ദൈവദൂതനെ കണ്ടപ്പോള്‍ അയാള്‍ പകച്ചുപോയി. എങ്കിലും വിക്കിവിക്കി അയാള്‍ പറഞ്ഞു. ‘പാലില്‍ വെള്ളം ചേര്‍ത്താല്‍ കൂടുതല്‍ പാല്‍ വില്‍ക്കാന്‍ പറ്റും അങ്ങനെ എനിക്ക് ലാഭം ഉണ്ടാക്കാം.’ ‘അതാണോ കാര്യം?’ ദൈവദൂതന്‍ പറഞ്ഞു. ‘എങ്കിലിതാ ഒരുപാത്രം നിറയെ പാല്‍. അതുകൂടി വിറ്റ് നീ ലാഭം ഉണ്ടാക്കിക്കൊള്ളു.’
ദൈവദൂതന്‍ ഇത്രയും പറഞ്ഞപ്പോഴേയ്ക്കും ഒരു പാത്രം നിറയെ പാല്‍ അവിടെ പ്രത്യക്ഷപ്പെട്ടു. പാല്‍ക്കാരന് വലിയ സന്തോമായി. അയാള്‍ പാല്‍പ്പാത്രമെടുത്തു ദൈവദൂതന് നന്ദി പറഞ്ഞു. അടുത്ത നിമിഷം അയാള്‍ ചിന്തിച്ചങ്ങനെ നിന്നുപോയി. ‘എന്താണ് കാര്യം?’ ദൈവദൂതന്‍ അയാളുടെ നില്‍പ്പു കണ്ടപ്പോള്‍ ചോദിച്ചു.
‘ഞാന്‍ ആലോചിക്കുകയായിരുന്നു.’ അയാള്‍ മടിച്ചുമടിച്ചു പറഞ്ഞുതുടങ്ങി. ‘ഒട്ടും മടിക്കേണ്ട. കാര്യം പറഞ്ഞുകൊള്ളു.’ ദൈവദൂതന്‍ അയാളെ പ്രോത്സാഹിപ്പിച്ചു. ‘എന്താ, ഒരു പാത്രം പാലുകൂടി വേണോ?’ ‘അല്ല ഞാന്‍ അത്യാഗ്രഹിയൊന്നുമല്ല്.’ അയാള്‍ പറഞ്ഞു. ‘എനിക്ക് ഒരു പാത്രം വെള്ളംകൂടി തന്നാല്‍ മതി..’
എന്താ, ഈ കഥ കേട്ടിട്ടു ചിരിവരുന്നുണ്ടോ? ഒരു പാത്രം പാല്‍ വെറുതെ കിട്ടിയപ്പോള്‍ അതിലുംകൂടി വെള്ളം ചേര്‍ത്ത് ലാഭമുണ്ടാക്കാമോ എന്നാണ് പാല്‍ക്കാരന്‍ ആലോചിച്ചത്. വെള്ളം ചേര്‍ക്കാതെ പാല്‍ വില്‍ക്കുന്ന കാര്യം ചിന്തിക്കാനേ അയാള്‍ക്ക് സാധിക്കില്ലായിരുന്നു.
അത്യാഗ്രഹം അത്രമാത്രം അയാളുടെ സ്വഭാവത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരുന്നു. സത്യവു്ം നീതിയും എന്നും അയാള്‍ക്ക് പ്രശ്‌നമല്ലായിരുന്നു. സ്വന്തം ലാഭം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.
സത്യവും നീതിയും മറന്ന് സ്വന്തം ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന എത്രയോ പേരുണ്ട് നമ്മുടെയിടയില്‍. ഒരു പക്ഷേ, ഒരു പരിധിവരെയെങ്കിലും നാം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവരായിരിക്കും. അങ്ങെയെങ്കില്‍ നാമും മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ പാല്‍ക്കാരനെപ്പോലെയാണെന്നതില്‍ സംശയം വേണ്ട.
സത്യവും നീതിയും മറന്നു പ്രവര്‍ത്തിച്ചാല്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും നേട്ടം ഉണ്ടാകുമോ? ചിലപ്പോള്‍ ചില താല്‍ക്കാലിക നേട്ടങ്ങള്‍ ഉണ്ടായി എന്നുവരാം. എന്നാല്‍ സ്ഥായിയായ നേട്ടങ്ങള്‍ ഒരിക്കലും ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നുമാത്രമല്ല സത്യവും നീതിയും മറന്നു പ്രവര്‍ത്തിക്കുകവഴി നമുക്ക് നഷ്ടമേയുണ്ടാകൂ. പല കുറ്റങ്ങളിലും മുഴുകിയിരുന്ന ഒരാള്‍, മാനസാന്തരപ്പെട്ട് ഒരു ഗുരുവിനെ സമീപിച്ചു ചോദിച്ചു’ഗുരോ, എനിക്കു പല കുറ്റങ്ങളും കുറവുകളുമുണ്ട്. അവയില്‍ ഏതാണ് ആദ്യം ഞാന്‍ ഉപേക്ഷിക്കേണ്ടത്?’ ഗുരു പറഞ്ഞു: ‘സത്യം മാത്രം പറയുക. കള്ളം പറയാതിരിക്കുക.’
ഗുരുവിന്റെ നിര്‍ദ്ദേശം അനുസരിക്കാമെന്നു പറഞ്ഞ് അയാള്‍ വീട്ടിലേക്ക് മടങ്ങി. രാത്രിയായപ്പോള്‍ പതിവുപോലെ മോഷണത്തിന് ഇറങ്ങുവാന്‍ അയാള്‍ക്കു മോഹം തോന്നി. അപ്പോള്‍ ഗുരുവിന്റെ വാക്കുകള്‍ അയാള്‍ക്ക് ഓര്‍മവന്നു.
അയാള്‍ ഇപ്രകാരം ചിന്തിച്ചു: മോഷ്ടിച്ച ശേഷം ഞാന്‍ ഗുരുവിനെ കാണാന്‍ ഇടയായാല്‍ അദ്ദേഹത്തോട് എന്തു പറയും? മോഷ്ടിച്ചോ എന്ന് അദ്ദേഹം ചോദിച്ചാല്‍ ‘ഇല്ല’ എന്നി പറഞ്ഞാല്‍ അതു കള്ളമാകും. മോഷ്ടിച്ചു എന്നുപറഞ്ഞാല്‍ ഞാന്‍ കള്ളനായി അറിയപ്പെടുകയും ചെയ്യും.
ചിന്ത ഇത്തരത്തില്‍ പോയപ്പോള്‍ മോഷണം അവസാനിപ്പിച്ചുകളയാം എന്നയാള്‍ തീരുമാനിച്ചു. അടുത്ത ദിവസം അയാള്‍ക്ക് മദ്യപിക്കണമെന്നു തോന്നി. സത്യം പറയണമെന്നുള്ള ഗുരുവിന്റെ ഉപദേശം അപ്പോഴും അയാള്‍ ഓര്‍മിച്ചു.
‘നീ കുടിച്ചോ?’ എന്നു ഗുരു ചോദിച്ചാല്‍ എന്തുപറയും? അയാള്‍ സ്വയം ചോദിത്തു. കുടിച്ചില്ലാ എന്നു പറഞ്ഞാല്‍ അതു കള്ളമാവും. എന്നാല്‍ കുടിച്ചു എന്നുപറഞ്ഞാലോ? അപ്പോള്‍ ഞാന്‍ വീണ്ടും കുടിയനായി മുദ്രകുത്തപ്പെടും. ഇപ്രകാരം ചിന്തിച്ച് അയാള്‍ അന്നു മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചു.
പിന്നീട് എപ്പോഴൊക്കെ തെറ്റുചെയ്യാന്‍ അയാള്‍ക്ക് പ്രലോഭനം ഉണ്ടായോ അപ്പോഴൊക്കെ സത്യം പറയണമെന്നും കള്ളം പറയാതിരിക്കണമെന്നമുള്ള കാര്യത്തില്‍ അയാള്‍ ഉറച്ചു നിന്നു. സത്യം പറയാനും പ്രവര്‍ത്തിക്കുവാനുമുള്ള തീരുമാനം വഴി എല്ലാ തെറ്റുകുറ്റങ്ങളിലും നിന്ന് അയാള്‍ മോചിതനായി.
സത്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു നാം സ്വയം നിര്‍ബന്ധം പിടിച്ചാല്‍ നാം അറിയാതെതന്നെ പല ദുശീലങ്ങളില്‍നിന്നും മോചിതരാകും. സത്യം പറയുന്നതില്‍ നിര്‍ബന്ധമുള്ള ഒരു പാല്‍ക്കാരന്‍ പാലില്‍ വെള്ളം ചേര്‍ക്കുമോ? ഒരിക്കലുമില്ല, കള്ളം പറയാത്ത ഒരാള്‍ക്ക് മോഷ്ടിക്കാനുമാവില്ല.
സത്യം പറയുന്നതിനോടും പ്രവര്‍ത്തിക്കുന്നതിനോടും നമുക്ക് എത്രമാത്രം താല്‍പര്യമുണ്ടോ അത്രമാത്രം കുറ്റങ്ങളും കുറവുകളും നമ്മുടെ ജീവിതത്തില്‍ കുറവായിരിക്കും എന്നതാണ് വസ്തുത.
സത്യത്തെ നമുക്ക് മുറുകെപ്പിടിക്കാം. നമ്മുടെ വാക്കും പ്രവൃത്തിയുമൊക്കെ സത്യത്തില്‍ അധിഷ്ഠിതമായിരിക്കട്ടെ. എങ്കില്‍ നമ്മുടെ ജീവിതം അഭിമാനത്തിനും ആനന്ദത്തിനും വക നല്‍കുമെന്നു തീര്‍ച്ച.