ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇഷ്ടപ്പെട്ട കുരുക്കഴിക്കുന്ന മാതാവിനെ കുറിച്ചറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

ഒരു മരിയന്‍ ഭക്തിമാര്‍ഗത്തിന്റെയും അതിന്റെ
അവതരണമായ ജര്‍മ്മന്‍ ബരോക്ക് ചിത്രത്തിന്റെയും
പേരാണ്
കുരുക്കഴിക്കുന്ന മാതാവ്. (Mary, Undoer of knots).

യോഹാന്‍ ജോര്‍ജ് മെല്‍ക്കിയോര്‍ സ്മിറ്റ്‌ലര്‍ ആണ് ബരോക്ക് ശൈലിയില്‍ വരച്ച കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രകാരന്‍ എന്ന് പറയപ്പെടുന്നു. 1625-1707 കാലഘട്ടത്തിലാണ് ഈ ചിത്രം രചിക്കപ്പെട്ടത്. അമലോത്ഭവമാതാവിന്റെ ചിത്രത്തിലെ മാതൃക പിന്തുടര്‍ന്ന്, മാലാഖമാരുടെ അകമ്പടിയോടെ ചന്ദ്രക്കലയില്‍ നില്‍ക്കുന്നവളായിട്ടാണ് മാതാവിനെ കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാതാവിന്റെ ശിരസ്സിനു മുകളില്‍ പ്രാവിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവും ദൃശ്യമാണ്. ചിത്രത്തില്‍ നക്ഷത്രമാലയുമായി നില്‍ക്കുന്ന മാതാവ് കൈയിലുള്ള കെട്ടുപിണഞ്ഞ നൂല്‍ കെട്ടഴിച്ച് ഒരു നാടയില്‍ ചുറ്റിയെടുക്കുന്നു. മാതാവിന്റെ കാലുകള്‍ കെട്ടുപിണഞ്ഞ സര്‍പ്പത്തെ ചവിട്ടിയമര്‍ത്തുന്നു. സാത്താന്റെ പ്രതീകമായ സര്‍പ്പത്തെ ഇത്തരത്തില്‍ ചവിട്ടിയമര്‍ത്തുന്നത്, ‘നീയും സ്ത്രീയുമായും, നിന്റെ സന്തതിയും അവളുടെ സന്തതിയുമായും ഞാന്‍ ശത്രുതയുണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും’ എന്ന വചനത്തെ അനുസ്മരിപ്പിക്കുന്നു.

ചിത്രത്തിനു താഴെ ഒരു മാലാഖയെ പിന്തുടരുന്ന ഒരു മനുഷ്യനും ഒരു നായയും കാണപ്പെടുന്നു. ഇത് റാഫേല്‍ ദൈവദൂതനെ പിന്തുടര്‍ന്ന് സാറായോടു വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോകുന്ന പഴയനിയമത്തിലെ തോബിയാസിനെ പ്രതിനിധാനം ചെയ്യുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.

കുരുക്കഴിക്കുന്ന മാതാവ് എന്ന സങ്കല്‍പം ലയോണ്‍സിലെ വിശുദ്ധ ഐറേനിയസിന്റെ ‘തത്ത്വവാദങ്ങളുടെ തിരിച്ചറിവും അമര്‍ത്തലും’ എന്ന രചനയെ ആശ്രയിച്ചുള്ളതാണ്. പ്രസ്തുത രചനയില്‍ ഐറേനിയസ് മറിയത്തെയും ആദിമാതാവായ ഹവ്വായേയും താരതമ്യപ്പെടുത്തുകയും ഹവ്വായുടെ അനുസരണക്കേടുമൂലമുണ്ടായ കെട്ടുപിണയല്‍ മറിയത്തിന്റെ അനുസരണം മൂലം അഴിഞ്ഞു എന്നെഴുതുകയും ചെയ്തു. അവിശ്വാസത്തിലൂടെ ഹവ്വാ വരുത്തിയ കുരുക്ക് വിശ്വാസത്തിലൂടെ മറിയം അഴിച്ചു എന്നും അദ്ദേഹം പറയുന്നു.

ചരിത്രം

1641- 1718 കാലഘട്ടത്തില്‍ ഓസ്ബര്‍ഗിലെ വിശുദ്ധ പൗലോസിന്റെ ആശ്രമത്തിലെ പുരോഹിതനായിരുന്ന ഹിരോണിമസ് ലാങ്കന്‍മാന്റല്‍ വരപ്പിച്ചതാണ് കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം എന്നു പറയപ്പെടുന്നു. ലാങ്കന്‍മാന്റലിന്റെ കുടുംബത്തിലെ ഒരു സംഭവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ വോള്‍ഫാങ് ലാങ്കന്‍മാന്റലും ഭാര്യ സോഫിയ റെന്റ്‌സുമായുള്ള വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ഈശോസഭാ വൈദികനായ ജേക്കബ്ബ് റെമ്മിന്റെ സഹായം തേടി. ഇതരബന്ധങ്ങളെല്ലാമഴിച്ച് ദാമ്പത്യബന്ധം ഉറപ്പിക്കുന്നതിനായി മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ വൈദികന്‍ ആവശ്യപ്പെട്ടു. ദമ്പതിമാര്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കപ്പെടുകയും വേര്‍പിരിയല്‍ ഒഴിവാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ അനുസ്മരണമായാണ് കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രം ഹിരോണിമസ് ലാങ്കന്‍മാന്റല്‍ വരപ്പിച്ചത്.

വണക്കം

1989 ല്‍ ഓസ്ട്രിയയിലെ സ്‌റ്റൈറിയയിലാണ് കുരുക്കഴിക്കുന്ന മാതാവിനു പ്രതിഷ്ഠിക്കപ്പെട്ട ആദ്യ ദേവാലയം സ്ഥാപിതമായത്. ഈ ചിത്രത്തിന്റെ പകര്‍പ്പുകള്‍ അര്‍ജന്റീനയിലും ബ്രസീലിലും വണങ്ങപ്പെടുന്നുണ്ട്. കുരുക്കഴിക്കുന്ന മാതാവിന്റെ വണക്കത്തിന് ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലുണ്ടായ പ്രചാരത്തെ ബ്രിട്ടണിലെ ഗാര്‍ഡിയന്‍ പത്രം ഒരു ‘മതപരമായ ഉന്മാദം’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

ബ്യൂണേഴ്‌സ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായിരുന്ന സമയത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ കുരുക്കഴിക്കുന്ന മാതാവിന്റെ ചിത്രമടങ്ങിയ ഒരു കാര്‍ഡ് അര്‍ജന്റീനയില്‍ എത്തിച്ചശേഷമാണ് ഈ മരിയവണക്കം വ്യാപിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈ ഭക്തി ബ്രസീലിലും പ്രചരിച്ചു തുടങ്ങി. റിയോ ഡി ജനീറോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിലെ റെജീന നോവെസിന്റെ അഭിപ്രായത്തില്‍ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളുള്ളവരെയാണ് കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി കൂടുതലായും ആകര്‍ഷിക്കുന്നത്. ഈ ചിത്രം ആലേഖനം ചെയ്ത ഒരു കാസ ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഈ ചിത്രം തന്നെ രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു കാസ അര്‍ജന്റീനക്കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്കും സമ്മാനിച്ചിട്ടുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles