പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ കന്യക

മണവാളൻ:” എന്റെ മാടപ്രാവ്, എന്റെ പൂർണ്ണവതി, ഒരുവൾ മാത്രം. അമ്മയ്ക്ക് അവൾ ഓമനയാണ്; ഉദരത്തിൽ വഹിച്ചവൾക്ക് അവൾ അവികലയാണ്. കന്യകമാർ അവളെ കണ്ട് ഭാഗ്യവതി എന്നു വിളിച്ചു. രാജ്ഞിമാരും ഉപനാരികളും അങ്ങനെ തന്നെ അവളെ പുകഴ്ത്തി.(ഉത്തമഗീതം 6:9)

നമ്മുടെ കഥ തുടങ്ങുന്നത് സ്വർഗ്ഗത്തിലാണ്. സ്വർഗ്ഗത്തിലെ പിതാവായ ദൈവത്തിന് ഒരു പുത്രി ഉണ്ടായിരുന്നു. ദൈവപുത്രി ആയതിനാൽ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ പരിശുദ്ധയും ആയിരുന്നു. അവളുടെ പേര് മേരി.അവൾ വളർന്നു. കന്യക പ്രായമെത്തിയപ്പോൾ അവളുടെ വീട്ടുകാർ വിവാഹാലോചന നടത്തി ഒരു വരനെ കണ്ടെത്തി. പക്ഷേ, പരിശുദ്ധയായ തന്റെ മകൾക്ക് ദൈവ പിതാവ് പരിശുദ്ധനായ ഒരു മണവാളനെ കണ്ടു വച്ചിട്ടുണ്ടായിരുന്നു. തന്റെ ദൂതനായ ഗബ്രിയേലിനെ താൻ കണ്ടെത്തിയ മണവാളനുമായുള്ള വിവാഹക്കാര്യം മേരിയെ അറിയിക്കാൻ ദൈവപിതാവ് പറഞ്ഞയച്ചു. അവൾ പറഞ്ഞു പൂർണ്ണ സമ്മതം. ” ഇതാ, കർത്താവിന്റെ ദാസി. നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.” അപ്പോൾ തന്നെ മണവാളൻ ആയ പരിശുദ്ധാത്മാവ് അവളോട് ചേർന്നു. പിന്നീടൊരിക്കലും അവളിൽ നിന്ന് അവൻ വേർപെട്ടില്ല.

ഒരു മണവാട്ടി മണവാളനോടുള്ള സ്നേഹത്താൽ സ്വയം ദാസിയായി തീരുക; മണവാളൻ ആകട്ടെ മണവാട്ടിയോടുള്ള സ്നേഹത്താൽ അവളിൽ തന്നെ പൂർണമായി ലയിക്കുക ;ഹാ ! എത്ര ഉദാത്തമായ ഭാര്യാഭർതൃബന്ധം. ഇതുതന്നെയല്ലേ എല്ലാ ഭാര്യാ ഭർത്താക്കന്മാർക്കും വേണ്ടത്? എന്നാൽ ഇന്നത്തെ സ്ഥിതിയോ? !!

സമയത്തിന്റെ പൂർണ്ണതയിൽ ദൈവം നിശ്ചയിച്ച സ്ഥലത്ത് അവൾ ഒരു പുത്രനെ പ്രസവിച്ചു. സാധാരണ സ്ത്രീകൾ പ്രസവവേദന അനുഭവിച്ചു പ്രസവിക്കുന്നതു പോലെയല്ല മേരി പ്രസവിച്ചത്. തന്റെ മണവാളൻ ആയ പരിശുദ്ധാത്മാവ് ആനന്ദത്തിന്റെ പൂർണ്ണതയിലേക്ക് അവളെ നയിച്ചു. ആ പൂർണതയുടെ പാരമ്യത്തിൽ അവൾ പോലുമറിയാതെ ശിശുവിനെ പ്രസവിച്ചു. ആനന്ദത്തിൽ ലയിച്ചിരിക്കവെ കുഞ്ഞിന്റെ ശബ്ദം കേട്ട് താഴേക്ക് നോക്കിയപ്പോൾ അതാ, പരിശുദ്ധനായ തന്റെ കുഞ്ഞ്. യേശു! അവൾ കുഞ്ഞിനെ കോരിയെടുത്തു. അമ്മിഞ്ഞപ്പാൽ നൽകി. പിള്ളക്കച്ചകളാൽ പൊതിഞ്ഞു. (ആൻ കാതറിൻ എമിറിച്ചിന് ലഭിച്ച ദർശനത്തിൽ നിന്ന് )

യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു. (ലൂക്ക 2:52).  യേശു വളർന്നപ്പോൾ അവന് ഒരു മണവാട്ടി ഉണ്ടായി.ആ മണവാട്ടിയുടെ പേര് തിരുസഭ. അവൻ അവളെ അത്യധികം സ്നേഹിച്ചു. തന്റെ മണവാട്ടിക്കായി സ്വയം തന്നെ തന്നെ അവൻ അർപ്പിച്ചു. തന്റെ മാതാപിതാക്കളുടെ സ്നേഹത്തിൽ ഉള്ള പരസ്പരലയം കണ്ടുവളർന്ന മകനും അങ്ങനെ തന്നെ ചെയ്തു.

ഇന്നത്തെ കുടുംബങ്ങളിൽ മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കാൻ സാധിക്കുന്നുണ്ടോ മക്കൾക്ക് ഒരു മാതൃകാഭാര്യാഭർതൃ ജീവിതം? അതു സാധിച്ചിരുന്നെങ്കിൽ നമ്മുടെ മക്കളും വിവാഹ ജീവിതത്തിൽ പരാജയപ്പെടില്ലായിരുന്നു. ഈ മണവാളന്റെയും മണവാട്ടിയുടെയും സ്നേഹ ജീവിതം അവസാനിക്കുന്നില്ല. നിത്യകാലം ആ പ്രണയസമർപ്പണം തുടർന്നുകൊണ്ടേയിരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles