സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കു വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നല്‍കിയ അമൂല്യ സമ്മാനം

മഹാനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്രഥമ ദിവ്യബലി അര്‍പ്പണ ദിനം സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തിലായിരുന്നു. മരിച്ചവര്‍ക്കു ഒരു പുരോഹിതനു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുര്‍ബാന ആണന്നു മനസ്സിലാക്കിയ കരോളച്ചന്‍ അന്നേ ദിനം തന്റെ അപ്പനും അമ്മയ്ക്കു ചേട്ടനു നല്‍കിയ അമൂല്യ സമ്മാനത്തിന്റെ കഥ

കരോള്‍ വോയ്റ്റിലക്കു കുഞ്ഞുനാളിലെ അമ്മയും ഏക സഹോദരനും നഷ്ടപ്പെട്ടിരുന്നു. ഇരുപതിന്റെ ആരംഭത്തില്‍ ഏക ആശ്രയമായിരുന്ന പിതാവും മരണത്തിനു കീഴടങ്ങി. ഈ ആഘാതങ്ങള്‍ മുന്നോട്ടുള്ള കരോളിന്റെ ജീവിതത്തെയും തീരുമാനങ്ങളെയും സ്വാധീനിച്ചു എന്നതില്‍ തര്‍ക്കമില്ല . കരോളിനു പൗരോഹിത്യത്തിലേക്കുള്ള വിളി ലഭിക്കുമ്പോള്‍ ഹിറ്റ്‌ലറിന്റെ നാസി പട്ടാളം പോളണ്ട് കീഴടക്കിയിരുന്നു. പുരോഹിതരും വൈദീക വിദ്യാര്‍ത്ഥികളും നാസികളുടെ പ്രത്യേക ടാര്‍ജെറ്റ് ഗ്രൂപ്പായിരുന്നതിനാല്‍ , കരോള്‍ പിടിക്കപ്പെട്ടിരുന്നെങ്കില്‍ മരണത്തിലേക്കു അവര്‍ തള്ളി വിട്ടേനേ. ജീവനു വന്ന ഭീഷണി വകവയ്ക്കാതെ രഹസ്യമായി വൈദിക പഠനം ആരംഭിച്ച കരോള്‍, കെമിക്കല്‍ ഫാക്ടറിയിലും പാറമടിയിലും ജോലി ചെയ്തു. മേലധികാരികളുടെ ഒരു ചെറു സംശയം പോലും മരണത്തിലേക്കു തള്ളിവിടുമായിരുന്ന സാഹചര്യത്തിലും റിസ്‌കെടുത്ത കരോള്‍ രഹസ്യമായി സെമിനാരി പഠനം പൂര്‍ത്തിയാക്കി. വൈദീകനാകണമെന്ന കരോളിന്റെ ആഗ്രഹത്തിനു സഹ ജോലിക്കാര്‍ എല്ലാ സഹായവും ചെയ്തു നല്‍കി.

1945 ജനുവരി പതിനെട്ടാം തീയതി നാസി പട്ടാളത്തിന്റെ ക്രാക്കോവിലെ അധിവാസം അവസാനിച്ചു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ നഗരത്തെ പുനര്‍നിര്‍മ്മിക്കാന്‍ ജനങ്ങള്‍ തുടക്കം കുറിച്ചപ്പോള്‍ മറ്റൊരു ദു:ഖവാര്‍ത്ത അവരെ തേടിയെത്തി. റഷ്യന്‍ കമ്യുണിസ്റ്റു പട്ടാളം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പോളണ്ടു വീണ്ടും അടുത്ത അടിമത്തത്തിലേക്കു കടന്നു പോയി.

ചരിത്രപ്രസിദ്ധമായ ജഗീലോണിന്‍ (Jagiellonian) യൂണിവേഴ്‌സിറ്റി പുനര്‍നിര്‍മ്മിച്ചതോടെ പോളണ്ടിലെ ബൗദ്ധിക ജീവിതം സാവധാനം ഉയിര്‍ത്തെഴുന്നേറ്റു, കരോള്‍ വോയ്റ്റില ദൈവശാസ്ത്ര പഠനം അവിടെ പൂര്‍ത്തിയാക്കുകയും പൗരോഹിത്യം സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കഠിനമായ ആത്മീയ നിഷ്ഠകളും പരീക്ഷകളും വിജയകരമായി പൂര്‍ത്തിയാക്കിയ കരോള്‍ ജോസഫ് വോയ്റ്റില 1946 ലെ സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ കാര്‍ഡിനല്‍ സാഫിയായുടെ (Cardinal Sapieha) സ്വകാര്യ ചാപ്പലില്‍ വച്ചു പൗരോഹിത്യപട്ടം സ്വീകരിച്ചു. സകല വിശുദ്ധരുടെയും ഗണത്തിലേക്കു ഒരു പില്‍ക്കാല വിശുദ്ധനും പിറവി കൊണ്ട ദിനം.
പിറ്റേന്നായിരുന്നു പ്രഥമ ദിവ്യബലി അര്‍പ്പണം, സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ . തനിക്കു പ്രിയപ്പെട്ടവരെല്ലാം മരണമടഞ്ഞിരുന്നതിനാല്‍ പൗരോഹിത്യ ജീവിതത്തിന്റെ ആദ്യ ദിനം (1945 നവംബര്‍ 2) കരോളച്ചന്‍ മൂന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അപ്പനും അമ്മയ്ക്കും സഹോദരനും വേണ്ടി. സന്തോഷവും സങ്കടവും ഒന്നു ചേര്‍ന്ന പുണ്യ ദിനം. പൗരോഹിത്യത്തിന്റെ മഹോന്നതയില്‍ ആനന്ദിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരില്ലാത്തതിന്റെ ഹൃദയം നൊമ്പരം.മരിച്ചവര്‍ക്കു ഒരു പുരോഹിതനു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുര്‍ബാന ആണന്നു അന്നേ കരോളച്ചന്‍ മനസ്സിലാക്കിയിരുന്നു.
പിന്നിടു കരോളച്ചന്‍ മെത്രാനും മാര്‍പാപ്പായും ആയപ്പോള്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ശീലം സഭയില്‍ അദ്ദേഹം പ്രോത്സാഹിച്ചു.

മരിച്ച വിശ്വസികളെ ദൈവത്തിനു ഭരമേല്പിക്കുമ്പോള്‍ നമുക്കു അവരോടുള്ള ഐക്യദാര്‍ഢ്യം നമ്മള്‍ അംഗീകരിക്കുകയും പുണ്യവാന്മാരുടെ ഐക്യം എന്ന വിസ്മയകരമായ രഹസ്യത്തിലൂടെ അവരുടെ രക്ഷയില്‍ നമ്മള്‍ പങ്കുചേരുകയും ചെയ്യുന്നു. ശുദ്ധികരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കാന്‍ വിശ്വസികളുടെ പ്രാര്‍ത്ഥനയ്ക്കും അള്‍ത്താരയിലെ ബലികള്‍ക്കും, ദാനധര്‍മ്മങ്ങള്‍ക്കും മറ്റു ഭക്ത കൃത്യങ്ങള്‍ക്കും കഴിയുമെന്നു സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. മരിച്ചവര്‍ക്കുവണ്ടി , തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുന്നു. മരണമടഞ്ഞ നമ്മുടെ സഹോദരി സഹോദരന്മാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു അവരുടെ പാപങ്ങളുടെ കടങ്ങളില്‍ നിന്നു വിടുതല്‍ ലഭിക്കുകയും . ‘ വരിക ഓ എന്റെ പ്രിയപ്പെട്ട ആത്മാവേ. എന്റെ നന്മയുടെ കരങ്ങളില്‍ നിന്നു നിനക്കു നിത്യ സന്തോഷം പ്രദാനം ചെയ്യുന്ന നിത്യവിശ്രാന്തി വരിക.” എന്ന ദൈവ സ്വരം കേള്‍ക്കുകയും ചെയ്യുമാറാകട്ടെ. മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സഭ പ്രത്യേകം മാറ്റി വച്ചിരിക്കുന്ന ഈ നവംബര്‍ മാസത്തില്‍ മരണം മൂലം നമ്മില്‍ നിന്നു വേര്‍പിരിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ടവരെ നമ്മുടെ വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും സ്മരിക്കാം.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles