മറിയം ത്രേസ്യാ: പുണ്യജീവിത വഴിയിലൂടെ

ക്രിസ്റ്റിയുടെ അത്ഭുത സൗഖ്യം
ക്രിസ്റ്റഫറിനു ജനിച്ച ദിവസം തന്നെ മാമ്മോദീസ നല്‍കുമ്പോള്‍ ഉള്ളിലെ സങ്കടക്കടല്‍ പുറത്തേക്കു ഒഴുകാതിരിക്കാന്‍ അവന്റെ അപ്പച്ചനും അമ്മച്ചിയും ബന്ധുക്കളും ശ്രമിച്ചു. ഒരു ദിവസം പോലും തികയ്ക്കില്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് മുന്നില്‍ അവര്‍ തളര്‍ന്നു വീഴാതെ നിന്നു. അവന് മാമ്മോദീസ നല്‍കിയതിന്റെ കാരണവും അതായിരുന്നു. പത്തു മാസം നെഞ്ചിലും ഉദരത്തിലും ചുമന്നു ജനിച്ച കുഞ്ഞാണ് ഒരു ദിവസത്തിനുള്ളില്‍ നിന്നും ഈ ഭൂമിയില്‍ നിന്നും യാത്ര പറയാന്‍ പോകുന്നതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. ജനിക്കുമ്പോള്‍ ക്രിസ്റ്റഫറിന്റെ ശ്വാസ കോശം വികസിച്ചിരുന്നില്ല. ഹൃദയത്തില്‍ മൂന്നു ദ്വാരങ്ങളും. ഏതു സമയത്തും മരണം അവനെ കൂട്ടി കൊണ്ട് പോകുമെന്ന വാക്കില്‍ അവര്‍ മരണത്തെ കണ്ടു. അക്യൂട്ട് റെസ്പിരേറ്ററി ഫെയിലര്‍ എന്നതായിരുന്നു ക്രിസ്റ്റഫറിന്റെ അസുഖം.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതിന്റെ അത്ഭുതത്തിലാണ് ക്രിസ്റ്റഫര്‍ എന്ന കൊച്ചുമിടുക്കന്‍. ക്രിസ്റ്റഫറിന്റെ പപ്പ ജോഷിയുടെ അമ്മയുടെ സഹോദരി ഹോളി ഫാമിലി സഭാംഗമാണ്. അവര്‍ നല്‍കിയ തിരുശേഷിപ്പാണ് ആശുപത്രിയില്‍ ഐ സി യുവില്‍ വച്ച് മാമ്മോദീസ നല്‍കിയ പ്പോള്‍ കുഞ്ഞിന്റെ കിടക്കയില്‍ വച്ച് കൊടുത്തത്. മൂന്നാഴ്ചയോളം കൂടെയുണ്ടായിരുന്ന ഈ തിരുശേഷിപ്പാണ് മരിക്കുമെന്ന് വിധിയെഴുതിയ ക്രിസ്റ്റഫറിനെ സുഖപ്പെടുത്തിയതെന്നു എല്ലാവരും വിശ്വസിക്കുന്നു. ഈ അതിജീവനമാണ് ഹോളി ഫാമിലി സഭയുടെ സ്ഥാപക ആയിരുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള അത്ഭുതമായി വത്തിക്കാനിലെ വിദഗ്ദ്ധ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്. കേരളക്കരയ്ക്ക് പുതിയൊരു വിശുദ്ധയെ കൂടി ലഭിക്കുകയാണ് ഈ അത്ഭുത രോഗ ശാന്തിയിലൂടെ.

മറിയം ത്രേസ്യ പുണ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ച
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ പുത്തന്‍ചിറ എന്ന ഗ്രാമത്തില്‍ 1876 ഏപ്രില്‍ 26ന് ചിറമ്മല്‍ മങ്കിടിയാന്‍ തോമന്‍ – താണ്ട ദമ്പതികളുടെ മകളായി ത്രേസ്യ ജനിച്ചു.
പനയോല കൊണ്ട് മേഞ്ഞ ജന്മഗൃഹം അതേ നിലയില്‍ തന്നെ ഇന്നും നമുക്കവിടെ കാണാവുന്നതാണ്. ദാരിദ്ര്യമായിരുന്നു വീട്ടില്‍ കൂട്ടെങ്കിലും കൊച്ചു ത്രേസ്യയുടെ വീട്ടിലെ ജീവിതം പൂര്‍ണ്ണ സമയവും പ്രാര്‍ഥനയിലൂടെ മാത്രമായിരുന്നു. പന്ത്രണ്ടാമത്തെ വയസില്‍ അമ്മച്ചി താണ്ടയുടെ ദേഹവിയോഗം കൊച്ചു ത്രേസ്യയെ ഏറെ വിഷമിപ്പിച്ചു എങ്കിലും അവള്‍ പ്രാര്‍ത്ഥനയില്‍ അഭയം കണ്ടെത്തി. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് മറിയക്കു ഉണ്ടായിരുന്നത്. പത്താമത്തെ വയസില്‍ ആദ്യ കുര്‍ബാന സ്വീകരണവും കുമ്പസാരവും സ്വീകരിച്ചു, കുര്‍ബാന സ്വീകരിക്കണമെന്ന അതിയായ ആഗ്രഹം കാരണം സാധരണയായി ആദ്യ കുര്‍ബാന സ്വീകരണം നടത്തുന്ന പ്രായത്തെക്കാള്‍ മൂന്നു വര്‍ഷം മുന്‍പേ ത്രേസ്യയുടെ ആദ്യ കുര്‍ബാന സ്വീകരണം നടന്നു. തിരുനാഥനുമായുള്ള അവളുടെ ആത്മബന്ധം അത്ര തീവ്രമായിരുന്നു എന്ന് മനസിലാക്കാം.
.
ദൈവവിളി
ജീവിതം ക്രിസ്തുനാഥന് വേണ്ടി മാത്രമെന്ന അറിവില്‍ എത്തിയപ്പോള്‍ അന്നത്തെ തൃശൂര്‍ രൂപതാ മെത്രാന്‍ ജോണ്‍ മേനാച്ചേരിയുടെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ ജില്ലയില്‍ തന്നെയുള്ള ഒല്ലൂര്‍ കര്‍മ്മലീത്ത മഠത്തില്‍ എവുപ്രാസ്യ അമ്മയോടൊപ്പം താമസം ആരംഭിച്ചു. പക്ഷെ തന്റെ ദൈവവിളി ആ മഠത്തിലേക്ക് അല്ലെന്ന തിരിച്ചറിവ് വന്ന ത്രേസ്യ തന്റെ ഗ്രാമമായ പുത്തന്‍ ചിറയിലേക്ക് തന്നെ തിരിച്ചു വന്നു. ആത്മീയ പിതാവായിരുന്ന ജോസഫ് വിതയത്തില്‍ പണി കഴിപ്പിച്ചു കൊടുത്ത ഏകാന്ത ഭവനത്തില്‍ തന്റെ മൂന്നു കൂട്ടുകാരികളുമൊത്ത് താമസം ആരംഭിച്ചു. ഈ കൂട്ടായ്മ ഒരു സന്ന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. അന്നത്തെ മെത്രാപ്പോലീത്ത ഡോ.ജോണ്‍ മേനാച്ചേരി 1914 മേയ് 13ന് അവിടം സന്ദര്‍ശിക്കുകയും അവരുടെ ജീവിത രീതികളില്‍ തൃപ്തനാവുകയും പിറ്റേന്ന് തന്നെ വിതയത്തില്‍ അച്ചന്റെയും മറ്റു ചില പുരോഹിതരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഏകാന്ത ഭവനത്തെ തിരുകുടുംബ സഭ അഥവാ ഹോളി ഫാമിലി കോണ്‍വെന്റ് എന്ന പുതിയൊരു സന്ന്യാസിനി സമൂഹമായി അംഗീകരിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂര്‍ത്തിയാക്കി. മദര്‍ സുപ്പീരിയര്‍ ആയി മറിയം ത്രേസ്യയെയും മഠത്തിന്റെ കപ്ലോനായി ഫാദര്‍ ജോസഫ് വിതയത്തിലിനെയും നിയമിച്ചു. വളര്‍ന്നു പന്തലിച്ച ഹോളി ഫാമിലി എന്ന സന്ന്യാസിനി സഭയ്ക്ക് ഇന്ന് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്. ആയിരത്തി അറുനൂറോളം സന്ന്യസിനികള്‍ ഇന്ന് പ്രസ്തുത കോണ്‍വെന്റില്‍ സേവനം അനുഷ്ഠിക്കുന്നു.

മരണവും നാമകരണ നടപടികളും
1926 ജൂണ്‍ 8ന് അമ്പതാമത്തെ വയസില്‍ കുഴിക്കാട്ട്ശ്ശേരി മഠത്തില്‍ വച്ചു അമ്മ മരണമടഞ്ഞു. തുമ്പൂര്‍ മഠത്തില്‍ വച്ച് ഒരു കാലില്‍ ഉണ്ടായ മുറിവാണ് മരണകാരണമായത്. മഠത്തിനോട് അനു ബന്ധിച്ചുള്ള പള്ളിയില്‍ മറിയം ത്രേസ്യയുടെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നു. ആയിടെ ഫാദര്‍ ജോസഫ് വിതയത്തില്‍ തന്റെ മരണ ശേഷമേ നാമകരണ നടപടികള്‍ ആരംഭിക്കാവൂ എന്ന നിര്‍ദേശത്തോടെ മദര്‍ മറിയം ത്രേസ്യയോട് ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ രേഖകളും 1957 നവംബര്‍ 20 ന് തൃശൂര്‍ രൂപതാ മെത്രാന്‍ ജോര്‍ജ്ജ് ആലപ്പാട്ടിനു കൈമാറി. തുടര്‍ന്ന് തിരുമേനിയുടെ അംഗീകാരത്തോടെ നാമകരണ പ്രാര്‍ത്ഥന ആരംഭിച്ചു. വിതയത്തില്‍ അച്ചന്റെ മരണത്തോടെ മറിയം ത്രേസ്യയുടെ നാമകരണ പരിപാടികള്‍ക്ക് സാധുത ഉണ്ടോയെന്ന പ്രാഥമിക അന്വേഷണം നടത്തുന്നതിനായി മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യനെ നിയമിച്ചു. തുടര്‍ന്ന്, 1973 ഒക്ടോബര്‍ 5ന് ദൈവദാസിയെന്നു മദറിനെ നാമകരണം ചെയ്തു. മദറിന്റെ കബറിടം തുറന്നു അവശിഷ്ടങ്ങള്‍ പരിശോധിക്കുകയും തിരു ശേഷിപ്പുകള്‍ ഒരു ചില്ല് പേടകത്തില്‍ സൂക്ഷിക്കുകയും ചെയ്തു. വിശുദ്ധയാക്കുന്നതിനുള്ള കാരണങ്ങള്‍ക്ക് കാനോനികമായി തടസ്സമില്ലയെന്നുള്ള രേഖ ലഭ്യമാവുകയും ചെയ്തു. ദൈവ ദാസിയുടെ ജീവിത വിശുദ്ധി പരിശോധിച്ചറിയുന്നതിനായി 1983 ഏപ്രില്‍ 24ന് അന്നത്തെ ഇരിങ്ങാലക്കുട മെത്രാന്‍ ജെയിംസ് പഴയാറ്റില്‍ ഒരു ട്രിബ്യുണല്‍ സ്ഥാപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നാമകരണ നടപടികള്‍ സാധുവാണെന്ന റോം പ്രഖ്യാപിച്ചു.
മാത്യു പെല്ലിശ്ശേരിയുടെ കാലിലെ ജന്മനായു ള്ള അസുഖം മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി ലഭിച്ചു. അതിനെ കുറിച്ച് അന്വേഷിക്കുവാന്‍ ഒരു ട്രിബ്യുണലിനെ നിയമിക്കുകയും ചെയ്തു. ആ വിധി പ്രകാരം നാമകരണത്തിനുള്ള അത്ഭുതമായി ആ രോഗശാന്തി അംഗീകരിക്കുകയും ചെയ്തു. 1999 ജൂണ്‍ 28 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ ധന്യ എന്ന് നാമകര ണം ചെയ്തു. 2000ത്തില്‍ വാഴ്ത്തപ്പെട്ടവള്‍ എന്നും നാമകരണം ചെയ്തു.

ക്രിസ്റ്റഫറിന്റെ അത്ഭുത രോഗശാന്തി മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്കുള്ള ചുവടു വയ്പ്പാണ്. എല്ലാ വര്‍ഷവും ജൂണ്‍ 8ന് മറിയം ത്രേസ്യയെ അടക്കിയിരിക്കുന്ന കുഴിക്കാട്ട്ശ്ശേരി മഠം പള്ളിയില്‍ വച്ച് വിപുലമായ പരിപാടികളോടെ തിരുനാള്‍ കൊണ്ടാടുന്നു. മറിയം ത്രേസ്യയുടെ ജീവിതവും പ്രസ്തുത മഠത്തില്‍ കബറിടത്തിനോട് ചേര്‍ന്ന് വരച്ചു വച്ചിട്ടുണ്ട്. മദര്‍ താമസിച്ചിരുന്ന മുറിയും ഉപയോഗിച്ചിരുന്ന വസ്തുക്കളും തീര്‍ത്ഥാടകര്‍ക്കായി തുറന്നു വച്ചിരിക്കുന്നു. മദറിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം ലഭിച്ചിരിക്കു ന്നവരുടെ സാക്ഷ്യങ്ങളും കാണാവുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles