ഒരു അത്ഭുത സന്ന്യാസിനിയുടെ കഥ
ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)
സ്‌പെയിനിലെ ജന്മസ്ഥലത്തുനിന്നും ഒരിക്കലും പുറംലോകത്തേക്ക് ചുവടു വച്ചിട്ടില്ലാത്ത മരിയ ഫെര്‍ണാഡസ് കൊറോണല്‍ എന്ന സ്പാനിഷ് സന്ന്യാസിനി, ഗ്രോയിലര്‍ എന്‍സൈക്‌ളോപീഡിയയുടെ ഏറ്റവും ജനപ്രീതിനേടിയ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിയ ജീവചരിത്ര സീരീസിലെ ഭാഗമായി.
ചരിത്രകാരന്‍മാര്‍ മരിയയെ വിശേഷിപ്പിച്ചിരിക്കുന്നത് അമേരിക്കന്‍ സൗത്ത് വെസ്റ്റിലെ പ്രതിഭാസമെന്നാണ്. എങ്ങനെയാണ് ന്യൂ വേള്‍ഡില്‍ പോകാത്ത ഒരു സ്പാനിഷ് സന്ന്യാസിനി ഇത്രയും പ്രശസ്തിയാര്‍ജിച്ചത്? 1620- 1631 കാലഘട്ടങ്ങളില്‍ ന്യൂ വേള്‍ഡില്‍ (ന്യൂ മെക്‌സിക്കോ, ടെക്‌സാസ്, അരിസോണാ) സംഭവിച്ചു എന്ന് പറയപ്പെടുന്ന അവരുടെ ഐതിഹാസപരമായ പ്രത്യക്ഷപ്പെടലുകളാണ് മരിയയെ പ്രശസ്തയാക്കിയത്. അമേരിക്കയിലെ പരമ്പരാഗത ഗോത്രവര്‍ഗമായ ജുമാനൊ വിഭാഗങ്ങളില്‍ അവര്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതേസമയം കോണ്‍വെന്റിലെ സഹസന്ന്യാസിമാര്‍ പറയുന്നത് മരിയ ഒരിക്കലും കോണ്‍വെന്റ് വിട്ട് പുറത്തേക്ക് പോയിട്ടില്ല എന്നാണ്. അപൂര്‍വം ചില വിശുദ്ധന്‍മാര്‍ക്ക് സിദ്ധിച്ച ഒരേ സമയം രണ്ടിടത്തായിരിക്കാനുള്ള കഴിവ് ഈ സന്ന്യാസിനിക്കുണ്ടായിരുന്നു.
1602ല്‍ മരിയ സ്‌പെയിനിലെ ഇമ്മാക്യുലറ്റ് കണ്‍സെപ്ഷന്‍ സഭാംഗമായി. മരിയ ഡി ജസ്യുസ് എന്ന നാമം സ്വീകരിച്ചു. ഭക്തിനിരതമായിരുന്നു അവരുടെ ജീവിതം. പ്രസിദ്ധമായിരുന്നു അവരുടെ ആത്മീയജ്ഞാനം. ഏകദേശം ഇരുപത് വര്‍ഷത്തോളം സ്‌പെയിനിലെ രാജാവായിരുന്ന ഫിലിപ്പ് നാലാമന്റെ ആത്മീയ ഉപദേഷ്ടകയായിരുന്നു മരിയ. എങ്കിലും മരിയ പ്രശസ്തി നേടിക്കൊടുത്തത് ഒരേ സമയം രണ്ടു സ്ഥലങ്ങളിലായിരിക്കുവാനുള്ള ദൈവീക വരമാണ്.
1620-1631 കാലഘട്ടങ്ങളില്‍ ന്യൂ മെക്‌സിക്കോ, അരിസോണ, ടെക്‌സാസ് എന്നീ പ്രദേശങ്ങളില്‍ നീലവസ്ത്രധാരിണിയായി ഈ സന്ന്യാസിനി ഗോത്രവര്‍ഗ്ഗക്കാര്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ വിശ്വാസം ഗോത്രവംശജര്‍ക്കിടയില്‍ പരിചയപ്പെടുത്തിക്കൊടുത്തതിന് പിന്നില്‍ ഈ സന്ന്യാസിനിക്കുള്ള പങ്ക് സ്തുതര്‍ഹ്യമാണ്. സഭാവസ്ത്രമായ നീല കുപ്പായമിട്ട്, കരങ്ങളില്‍ ജപമാലയുമേന്തിയാണ് ആകാശത്തില്‍ നിന്നും പ്രത്യക്ഷപ്പെടുക എന്ന് ഗോത്രവര്‍ഗക്കാര്‍ പറയുന്നു. രോഗികളെ സൗഖ്യപ്പെടുത്തുകയും അനേകരുടെ ജ്ഞാനസ്‌നാനത്തിന് വഴിയൊരുക്കുകയും ചെയ്തു.
ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ അവിടെയുള്ള പ്രാദേശിക മിഷണറിമാരെ വിവരമറിയിക്കണമെന്ന് ഈ സന്ന്യാസിനി നിര്‍ദേശിച്ചിരുന്നു. ഗോത്രവാസികളുടെ ഇടയില്‍ സഞ്ചരിക്കുന്ന സന്ന്യാസിനിയെ കുറിച്ചുള്ള കഥകള്‍ വളരെ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചുപറ്റി. സിസ്റ്റര്‍ മരിയയുടെ നിഗൂഡമായ ഈ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ സഭ തീരുമാനിച്ചു. സന്ന്യാസിനിയെ ചോദ്യം ചെയ്തു. മിഷണറി മേഖലയിലുണ്ടായിരുന്ന എല്ലാ സംഭവങ്ങളും കൃത്യമായി പറയുവാന്‍ മരിയയ്ക്കു സാധിച്ചു. മാത്രമല്ല ഗോത്രവര്‍ഗക്കാര്‍ ജ്ഞാനസ്‌നാനപ്പെട്ടപ്പോള്‍ അവിടെ സന്നിഹിതനായിരുന്ന ഒരു പുരോഹിതനെ മരിയ കാണിച്ചുകൊടുത്തു. പിന്നീട് മരിയയ്ക്ക് പരിശുദ്ധ മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിക്കുന്നു. മിസ്റ്റിക്കല്‍ സിറ്റി ഓഫ് ഗോഡ് എന്ന പുസ്തകത്തില്‍ മരിയ അത് രേഖപ്പെടുത്തിയിട്ടുണ്ട്. 1665ല്‍ മരിയ മരണമടഞ്ഞു. തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് മിസ്റ്റിക്കല്‍ സിറ്റി ഓഫ് ഗോഡ് മാഡ്രിഡില്‍ പ്രകാശനം ചെയ്തത്. 1673ല്‍് സഭ മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.